Sunday, December 4, 2011

ഹരിജൻ, സീഡിയൻ, ദളിതൻ.......


പാർശ്വവത്കൃത വിഭാഗങ്ങളുടെ സ്വയംസ്ഥാപനശ്രമങ്ങളുടെയും സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കേരളീയ നാൾവഴിയിൽ പതിഞ്ഞ ചില പേരുകളാണിത്. പാർശ്വവത്കൃതജനങ്ങളോടൊപ്പം ജീവിതത്തിന്റെ ആരംഭകാലം മുതൽ പ്രവർത്തിക്കകയും സീഡിയൻ വാരികയുടെ ആദ്യകാലത്ത് പത്രം നടത്തിപ്പിന്റെ എല്ലാ വിശദാംശങ്ങളിലും വാരികയുമായി സഹകരിക്കകയും ചെയ്ത ഒരാളെന്നനിലയിൽ ചില കാര്യങ്ങൾ ഇവിടെ പറയുന്നത് സംഗതമാണെന്നു തോന്നന്നു.(ഞങ്ങളുടെ താമസസ്ഥലമായ സാഹിതിയായിരുന്നു സീഡിയന്റെ ഓഫീസ്. എ.അയ്യപ്പൻ - അന്ന് അറിയപ്പെട്ടിരുന്നത് കവിയായല്ല, അക്ഷരം മാസികയുടെ പേരിലാണ്‌.-പ്രവൃത്തിയെടുത്തിരുന്ന നവയുഗം പ്രസ് അതിന്റെ അച്ചടിശാലയും).

പാർശ്വവത്കൃതജനവിഭാഗങ്ങളുടെ ഹരിജൻ എന്ന അംഗീകരിക്കപ്പെട്ട പേര്‌ അപര്യാപ്തവും അവഹേളനനപരവുമാണെന്ന ബോധത്തിൽ നിന്ന്, പുതിയൊരു പേര്‌ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ്‌ അന്ന് സീഡിയൻ എന്ന പേരിലെത്തിയത്. പട്ടികജാതി,പട്ടികവർഗത്തിൽപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പേരാണിതെന്നും കാർഷികോത്പാദനത്തിന്റെ മുഖ്യാംശമായ വിത്തിനെ ഉൾക്കൊള്ളുന്ന ഈ പേര്‌ സാർവത്രികമായ അംഗീകാരം നേടി സ്ഥിരപ്രതിഷ്ഠയാർജിക്കമെന്നും വാരികയുടെ പ്രവർത്തകർ അന്ന് സ്വപ്നം കണ്ടിരുന്നു .എന്നാൽ ഇതിനോട് എനിക്ക് യോജിക്കാനായില്ല. ആ പേരിന്‌ ഇങ്ങനെയൊരു ജനതയുടെ സ്വത്വത്തെയുൾക്കൊള്ളാനാവില്ലെന്ന അഭിപ്രായം അന്നു തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല,അധഃസ്ഥിതവിഭാഗത്തിന്റെ മാത്രമായ ഏകീകരണത്തിലൂടെ അവർക്ക് മോചനം സാധ്യമല്ലെന്നും എനിക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷെ കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ പാതയിൽനിന്ന് സ്വത്വരാഷ്ട്രീയത്തിലേക്കള്ള സഞ്ചാരത്തിലായിരന്ന സീഡിയൻ പ്രവർത്തകർക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മരാഷ്ട്രീയത്തിന്റെ വികാസഘട്ടമായിരന്നു അത്. സ്വത്വരാഷ്ട്രീയമെന്ന സങ്കല്പനമോ പ്രയോഗമോ കടന്നെത്തിയിരുന്നില്ല അന്ന്.

മറ്റെല്ലാറ്റിനെയും അന്യമായി കാണുകയും അന്യമായതെല്ലാം ശത്രുവണെന്ന് കരുതുകയും ചെയ്യുന്ന നിലയിലേക്ക് സ്വത്വരാഷ്ട്രീയം വളരകുയും ഓരോന്നം അതിന്റെ തനത് കോട്ടകൾ തീർത്ത് അപരങ്ങളെയെല്ലാം പുറംതള്ളുകയും ചെയ്യുന്ന സ്ഥിതിയാണ്‌ പിന്നീടുണ്ടായത്.‘സീഡിയൻ’ ലക്ഷ്യം വച്ചിരന്ന അധഃകൃതമോചനം സാധ്യമായില്ലെങ്കിലും അതിന്റെ പ്രവർത്തനശൈലി, പാർശ്വവത്കൃതവിഭാഗങ്ങളുടേതുമാത്രമായ ഏകീകരണശ്രമങ്ങൾ, പിന്നീട് കൂടുതൽ ദൃഢമാവുകയാണണ്ടായത്. ‘ദളിത്’നാമസ്വീകാരത്തോടെ അത് മുന്നേറാൻ ശ്രമിക്കകയും ചെയ്തു. ജനതയുടെ മോചനത്തിനല്ല, സാമുദായികതയുടെയും വൻശീയതയുടെയും താവളങ്ങൾ ബലപ്പെടുത്താൻ മാത്രമാണ്‌ അത് സഹായിച്ചത്. ഏതെങ്കിലും സാമുദായികസംഘടനയുടെയോ സാമുദായിക-വംശീയകൂട്ടായ്മയുടെയോ ശ്രമഭലമായല്ല, അവശതയനഭവിക്കന്ന ജനതയുടെയും അവരോട് അനുഭാവം കൊള്ളുന്നവരുടെയും കൂട്ടായ, കരുത്തുറ്റ സമരങ്ങളുടെ ഫലമായാണ്‌ കേരളം ഇന്നത്തെ പൊതുമണ്ഡലം തീർക്കുകയും അവശവിഭാഗങ്ങൾക്ക് (പരിമിതമെങ്കിലും) അവകാശങ്ങളും താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിയെടുക്കകയും ചെയ്തത്. ഈ ചരിത്രസത്യത്തെ ബോധപൂർവം മറയ്കാനാണ്‌ സ്വത്വരാഷ്ട്രീയം ശ്രമിച്ചുവരന്നത്.

‘സീഡിയൻ’ എന്ന പേര്‌ കണ്ടെത്തുന്നതിന്‌ പിന്നിൽ ആത്മബോധത്തിന്റെയും ആത്മാർഥതയുടെയും കരുത്തുണ്ടായിരന്നെങ്കിൽ അതൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു പിന്തിരിപ്പൻപദം മാത്രമാണ്‌ ‘ദളിത്’ എന്നം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈയിടെയായി ഏറെ മേനിയോടെയും അഭിമാനം ഭാവിച്ചും കൊണ്ടാടപ്പെടുന്ന ഈ പേര്‌ സൂക്ഷാർത്ഥത്തിൽ അധ:കൃതൻ, ഹരിജൻ തുടങ്ങിയ പേരുകളെക്കാളും അവഹേളനപരമാണ്‌. ‘തർക്കപ്പെട്ടവൻ’,‘പിളർക്കപ്പെട്ടവൻ’ തുടങ്ങിയ അർത്ഥവിശേഷങ്ങളാണ്‌ അതിനള്ളത്. സമൂഹത്തിന്റെ സമ്പത്തിനെയാകെ സൃഷ്ടിക്കകയും നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലൂടെ സകല ഭൂതികൾക്കം ആധാരമായി നിൽക്കകയും ചെയ്യുന്ന ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്വസിദ്ധികളെയും ആത്മാഭിമാനത്തെയും നിരാകരിക്കുകയാണ്‌ ദളിത് എന്ന പദം ചെയ്യുന്നത്. ആ ജനതയുടെ ആത്മബോധവും വീറും സൃഷ്ട്യുന്മുഖതയും ഉൾക്കൊള്ളാൻ കഴിയുന്ന പേരാണ്‌ അവരെ കുറിക്കേണ്ടത്. അതുകൊണ്ട് ദളിത് എന്ന പേര്‌ വലിച്ചെറിയുകയും പകരം സർഗാത്മമകവും ആത്മബോധപ്രഖ്യാപനപരവുമായ മറ്റൊരു പേര്‌ കണ്ടെത്തുകയുമാണ്‌ വേണ്ടത്.

Sunday, November 20, 2011

ടി .എം. ജേക്കബ് ഹോസ്റ്റൽ ജീവിതത്തിലെ അയല്‍ക്കാരന്‍


സഭാതലത്തിലും ഭരണതലത്തിലും മികച്ചുനിന്ന ടി .എം. ജേക്കബ് ചേതനയറ്റ ശരീരമായി എറണാകുളം ടൌണ്‍ ഹാളില്‍ തിങ്ങിക്കൂടിയ ജനാവലിക്കുനടുവില്‍ കിടക്കുന്നത് കണ്ടപ്പോള്‍ നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഞങ്ങളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ദിനങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അന്ന് ഞങ്ങളോടൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന ഇന്നത്തെ സാംസ്കാരിക വകുപ്പുമന്ത്രി കെ. സി. ജോസഫിന്റെ സാന്നിധ്യം ആ നഷ്ടബോധത്തെ തീവ്രമാക്കി.

1968-70 കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ തിരുവനന്തപുരത്തെ നായര്‍ യൂണിയന്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. മഹാകവി ചങ്ങമ്പുഴ മലയാളം എം. എക്ക് പഠിക്കാൻ ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്നത് ഞങ്ങള്‍ മേനി പറയാറുണ്ടായിരുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന ജേക്കബും സഹോദരന്‍ ജോണും ഹോസ്റ്റലിലെ രണ്ടാം നിലയില്‍ എന്റെ അടുത്ത മുറികളിലായിരുന്നു. രണ്ടുപേരില്‍ മുന്നില്‍ നിന്നത് മൂത്തയാളായ ജോണായിരുന്നു. അവരുടെ രാഷ്ട്രീയമൊന്നും അന്ന് പൊന്തി വന്നിരുന്നില്ല. ഹോസ്റ്റലിലെ ചൂടുപിടിച്ച വിദ്യാർത്ഥിരാഷ്ട്രീയച്ചർ‌ച്ചകളിലേക്കും അവര്‍ കടന്നുവന്നിരുന്നില്ല. എന്നാല്‍ കെ. സി. ജോസഫ് അന്നുതന്നെ കെ.എസ്.യു.നേതാവായിരുന്നു. തലേക്കുന്നില്‍ ബഷീറടക്കമുള്ള യുവനേതാക്കള്‍ ജോസഫിനെക്കാണാന്‍ പതിവായി ഞങ്ങളുടെ ഹോസ്റ്റലിലെത്തിയിരുന്നു. താരതമ്യേന കൂടുതല്‍ സ്വാതന്ത്ര്യമനുഭവിച്ചിരുന്ന ഞങ്ങളുടെ ഹോസസ്റ്റലിൽ ഏറെയും ലോകൊളെജ് വിദ്യാർ‌ത്ഥികളായിരുന്നു.കുറുപ്പംതറയിലെ തലോടി പാപ്പന്റെ മകന്‍ അലക്സ് തലോടി ലോകൊളെജ് വിദ്യാർ‌ത്ഥിയായി ഒന്നാം വര്‍ഷത്തില്‍ എന്റെ മുറിയിലുണ്ടായിരുന്നു.

ജോണ്‍-ജേക്കബ് സഹോദരന്മാര്‍ ബിരുദതലത്തിലും ഞാന്‍ ബിരുദാനന്തരതലത്തിലും പരീക്ഷയെഴുതി 1970-ല്‍ പിരിഞ്ഞു. പിന്നീടാണ് ജേക്കബ് രാഷ്ട്രീയത്തിലും വാര്‍ത്തകളിലും നിറയുന്നത്. വിസ്മയകരമായ ആ വളര്‍ച്ച എന്നെ ഒട്ടല്ല ആഹ്ലാദിപ്പിച്ചത്. ഞാന്‍ പട്ടാമ്പി കോളേജില്‍ പ്രവർത്തിയെടുക്കുന്ന കാലത്ത് ജേക്കബ് ആദ്യമായി എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ ആഹ്ലാദം അറിയിക്കാന്‍ ഞാന്‍ ഒരു കത്തെഴുതി. ഉടനെ വന്നു ഹൃദ്യമായൊരു മറുപടി. അന്ന് മന്ത്രിയായിരുന്ന പി. ജെ. ജോസഫിന്‍റെ ലെറ്റർ‌പാഡിലായിരുന്നു മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന അത്. പിന്നിട് ജേക്കബ് പലതവണ എം എല്‍ എയും മന്ത്രിയും ആയി. അദ്ധ്യാപികവൃത്തിയുടെയും സാംസ്കാരികപ്രവര്‍ത്തനത്തിന്റെയും മേഖലയില്‍ മറ്റൊരു വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രം കണ്ടു. ജോണിനെ പിന്നീട്ട് ഒരിക്കല്‍ പോലും കാണാന്‍ കഴിഞ്ഞതുമില്ല. ടൌണ്‍ ഹാളില്‍ മന്ത്രി കെ. സി. ജോസഫിന്‍റെ സാന്നിധ്യത്തില്‍ ജേക്കബിന്റെ ഭൌതികസരീരം കണ്ടപ്പോള്‍ ഹോസ്റ്റലിലെ കോമ്പൌണ്ടും മെസ് ഹാളും കുളിമുറിയുമെല്ലാം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളെ തേടി എത്തുന്നതായി തോന്നി.

എന്നെ സംബന്ധിച്ചിടത്തോളം ജേക്കബിന്‍റെ വേർ‌പാട് തികച്ചും ആകസ്മികമായിരുന്നു. കാലടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ അദ്ദേഹം ചികൽ‌സയിലായിരുന്ന വിവരം തന്നെ മരണദിവസം മാത്രമാണ് അറിഞ്ഞത്.ഒന്ന് കാണാനുള്ള അവസരവും അത് നഷ്ടപ്പെടുത്തി.

Saturday, August 20, 2011

പേര്‌ ?

യന്ത്രക്കൈകളാൽ കറന്നൊഴിച്ച്
നെയ്യെടുത്തുമാറ്റി
തണുതണെത്തണുപ്പിച്ച്
തുള്ളി പിഴക്കാതെ
അളന്നു പ്ലാസ്റ്റിക് കൂടയിലാക്കി
ഇരുമ്പുഗേറ്റിന്റെ പൂട്ടിയ നിദ്രയെ
തട്ടിയുണർത്താൻ
പാൽക്കാരിക്കെന്തിനാണ്‌ പേര്‌ ?

പാൽക്കാരിക്കും പഴക്കാരിക്കും
മീൻകാരിക്കും ചീരക്കാരിക്കും
പത്രക്കാരനും അറവുകാരനും
പേര്‌ ഒരാഡംബരവസ്തുവാണ്‌
പാൽക്കാരിയുടെ പൂട്ടില്ലാത്ത വീട്ടിലെ
വിശന്നു കരയുന്ന കുഞ്ഞിനു പാലെന്ന പോലെ

പിന്നെ,
ഒരു സമ്മതിദാനം
ഒരു ദാനാധാരക്കുറി,
ഒരാശുപത്രിപ്രവേശം,
മതി, എന്നോടൊത്തു പോരൂ
എന്നാർദ്രമായി വിളിച്ചോതുന്ന മരണം
മെല്ലെ അവരുടെ പേര്‌ സ്ഥിരപ്പെടുത്തി തുല്യം ചാർത്തുന്നു.