Tuesday, December 25, 2012

അമ്മ


അമ്മ

സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയാകുന്നു.
മനുഷ്യപുത്രനെ നീ നൊന്തുപെറ്റുവല്ലോ.
ഭൂമിയിൽ ആദ്യം അവനറിയേണ്ടത്
തുറുങ്കറയും പുൽക്കൂടുമാണെന്ന് നന്മ നിറഞ്ഞ നീ നിരുപിച്ചുറച്ചുവല്ലോ.
നിന്ദിതർക്കും പീഡിതർക്കും നാവായി
ധർമ്മസംസ്ഥാപനാർഥം വന്നെത്തുന്ന
ഉണ്ണിക്കാണ്
വെള്ളിക്കരണ്ടിക്കും സ്വർണക്കിലുക്കങ്ങൾക്കും
കവചകുണ്ഡലങ്ങൾക്കുമല്ല
ജന്മം നൽകേണ്ടതെന്ന് നീയറിഞ്ഞുവല്ലോ.
വിശക്കുന്ന വയറിന് അപ്പം നൽകാൻ വന്ന്,
ഒരു ചീരയില കൊണ്ട്,
ഈയുലകിന്റെ പൈയാറ്റേണ്ട അവനെ
പരീശന്മാരിൽ നിന്നും,
പുളഞ്ഞെത്തുന്ന  സാമ്രാജ്യത്വത്തിന്റെ
നാവുകളിൽ നിന്നും
കംസ വിഷസ്തനങ്ങളിൽ നിന്നും
കാപട്യങ്ങളുടെ പൈദാഹശാന്തിയിൽ നിന്നും
രക്ഷിക്കുന്നതിനായി
താനേ ചുരക്കുന്ന ഹൃദയാഭിലാഷങ്ങളെ
നീ ഹോമിച്ചുവല്ലോ.
വാത്സല്യത്തിന്റെ തുറുങ്കറയെ
കർത്തവ്യബോധത്തിന്റെ ആമ്പാടിയാക്കി
മറ്റൊരമ്മയായിപ്പിറക്കാൻ
നിനക്ക് കഴിഞ്ഞുവല്ലോ;
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീ തന്നെ

വാഴ്ത്തപ്പെട്ടവൾ നീ തന്നെ.
അധ്വാനിക്കുന്നവനെയും
ഭാരം ചുമക്കുന്നവനെയും
അരികെ വിളിച്ചാശ്വാസം പകർന്നതിന്
കുരുടന് കാഴ്ച നൽകിയതിന്
മുടന്തനെ നടക്കാൻ പഠിപ്പിച്ചതിന്
നിന്റെ പുത്രനെ അവർ ക്രൂശിച്ചുവല്ലോ.
ധർമ്മത്തെ വിഷം തീണ്ടിച്ച് വരിഞ്ഞുകെട്ടി
ആറ്റിലൊഴുക്കാനെത്തിയ
അധർമ്മത്തിനെതിരെ ചക്രായുധമുയർത്തിയതിന്
പതിയിരുന്ന്
നിഷാദന്മാർ അവന്റെ കാലിൽ
വിഷബാണമേല്പിച്ചുവല്ലോ.
അപ്പോഴും
മരണത്തിലേക്കിറങ്ങിയ മകനെ
മടിയിൽക്കിടത്തി
അമ്മയുടെ എന്നത്തെയും കണ്ണീര്
മാറിലൊഴുക്കാൻ നിനക്കായല്ലോ.
ലോകരക്ഷയ്ക്കായി ജീവൻ വെടിയുന്ന
മകന്റെ രക്തവും
അവനുവേണ്ടിക്കരയുന്ന
അമ്മയുടെ കണ്ണീരും ഒന്നാണെന്ന്
എന്നേക്കുമായി നീ വെളിവാക്കിയല്ലോ.
രക്ഷകനായ പുത്രൻ
കുരിശേറ്റപ്പെടുന്ന കാലത്തോളം
അമ്മ കണ്ണീരാണെന്ന്,
ശിരസി താഡനമേറ്റി ശീലിപ്പിക്കപ്പെടുന്ന
ജീവിതക്രമം ത്യാഗമാണെന്ന്
നീ തീർപ്പുറപ്പിച്ചുവല്ലോ;
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയേ.

                            1995, പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിൽ നിന്ന്

.


Wednesday, December 5, 2012

പുരോഗമന കലാസാഹിത്യസംഘം പ്ലാറ്റിനം ജൂബിലി ദേശീയ സെമിനാർ തിരുവനന്തപുരം ഗാന്ധി പാർക്കിൽ പ്രൊഫ. ഐജാസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. നൈനാൻ കോശി, പ്രഭാത് പട്നായ്ക്ക്, എം എ. ബേബി, ഒ.എൻ.വി., സുഗതകുമാരി തുടങ്ങിയവർ വേദിയിൽ.

Saturday, November 24, 2012

അറിവ്

അടുത്തുനിന്നിട്ടും അറിയാതിരുന്ന പിജിയുടെ വലിപ്പം ഇപ്പോഴറിയുന്നു. കേരളത്തിലെ അറുപിന്തിരിപ്പൻ മാധ്യമങ്ങളെയെല്ലാം ഒറ്റ ദിവസം കൊണ്ട് അദ്ദേഹം കമ്മ്യൂണിസത്തിന്റെ കാമുകരാക്കിക്കളഞ്ഞു

എന്റെ പിജി

പി.ജി. എനിക്കെല്ലാമായിരുന്നു. 39 വർഷത്തെ ബന്ധം.ദേശാഭിമാനി സ്റ്റഡി സർക്കിൾ പ്രവർത്തന ങ്ങളിലൂടെ തുടങ്ങിയ ആ ബന്ധത്തെക്കുറിച്ച് ഓർക്കാനും പറയാനും ഏറെ. പിന്നീട് കുടുംബത്തിലെ ഒരം.ഗത്തെപ്പോലെ; ഗുരുവും ആചാര്യനും സുഹൃത്തുമെല്ലാം. 1983-ൽ ഞാനും കുടുംബ
വും തിരുവനന്തപുരത്തെത്തുമ്പോൾ ഞങ്ങൾക്ക് താമസിക്കാൻ കാരക്കാമണ്ഡപത്ത് വീട് ഏർപ്പാടാക്കിയത് പിജിയായിരുന്നു.
പുരോഗമനകലാസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ദേശീയസെമിനാറിന്റെ കാര്യവുമായി ബന്ധപ്പെട്ടുകൂടിയാണ് കഴിഞ്ഞ രണ്ടുതവണ പിജിയെ കണ്ടത്. സീതയുമുണ്ടായിരുന്നു കൂടെ. എന്നെ കണ്ടിട്ട് ഏറെ നാളായെന്ന് എന്റെ മുൻസഹപ്രവർത്തക കൂടിയായ രാജമ്മടീച്ചർ. ദേശീയസെമിനാ റിന്റെ വിശദവിവരങ്ങൾ പറഞ്ഞപ്പോൾ പിജിക്ക് ആവേശമായി. പുരോഗമനസാഹിത്യപ്രസ്ഥാന ത്തിന്റെ ചരിത്രസ്മൃതികൾ പിജിയിൽനിന്ന് ഏറെയുണ്ടായി. അഖിലേന്ത്യാതലത്തിൽ സംഘടന യുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുവേണ്ടി നടന്ന ചില ശ്രമങ്ങളെക്കുറിച്ചും പിജി ഓർമ്മിച്ചു.സംസ്കൃത കോളെജിൽ വച്ചുനടന്ന ആ യോഗത്തെക്കുറിച്ച് ഞാനും പറഞ്ഞു. ഏറെ നേരം സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാർ അതത് സാംസ്ഥാനങ്ങളിലെ പുരോ ഗമനകലാസാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തെ ക്കുറിച്ച് പിജിയാണ് അവതരിപ്പിക്കേണ്ടതെന്ന ഞങ്ങളുടെ അഭ്യർഥന സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ച് കുറെ കാര്യങ്ങൾ എ.കെ.ജി.സെന്ററിലെ തന്റെ കമ്പ്യൂട്ടറിൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.. ദേശീയസെമിനാറിന്റെ വിശദാംശങ്ങൾ പി.ജി.യെ അവേശഭരിതനാക്കിയിരുന്നു
പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല നടന്നത്.
ഇന്നലെയാണ് ദേശീയസെമിനാർ നോട്ടീസ് പ്രസ്സിൽനിന്ന് കിട്ടിയത് അത് ഇന്നേക്ക് മാറിയിരുന്നെങ്കിൽ അതിന്റെ സ്വഭാവം തന്നെ മാറിപ്പോയേനെ!
പി.ജി.യുടെ അവസാനഗ്രന്ഥം,The Bhakthi Movement : Renaissance or Revaivalism?, ദേശീയസെമിനാറിന്റെ ഉദ്ഘാടനസമ്മേളനത്തിൽ പ്രകാശനം നിശ്ചയിച്ചിരിക്കുകയാണ്.
……………………………

Monday, November 12, 2012

ദൈവക്കച്ചവടം

മനുഷ്യർക്കിടയിലേക്ക് ദൈവം കടന്നുവന്നതോടെ ആ രംഗത്തുനിന്ന്  സത്യത്തിന് പടിയിറങ്ങേണ്ടിവന്നു.
എസ്.എൻ.ഡി.പി. സംഘടിതശക്തിയായതോടെ നാരായണഗുരുവിനും അതിൽനിന്നും പടിയിറങ്ങേണ്ടിവന്നു. ഗുരുവിന്റെ ചിന്തയ്ക്കും ആദർശങ്ങൾക്കും മറുപുറത്തുനിന്ന് പ്രവർത്തിക്കാനാണ് പിന്നീട് സംഘടന ശ്രമിച്ചത്. അങ്ങനെയാണ്  ‘മനസ്സിൽ നിന്നെന്നപോലെ, പ്രവൃത്തിയിൽനിന്നും’ കൈയൊഴിഞ്ഞതായി ഗുരുവിന് എസ്.എൻ.ഡി.പി.യെക്കുറിച്ചെഴുതേണ്ടിവന്നത്. മദ്യം വിഷമാണ് എന്ന് പറഞ്ഞ  ഗുരുവിന്റെ പേരിലുള്ള സംഘടന മദ്യക്കുത്തകകളുടെ കൈപ്പിടിയിലായി. ആദർശങ്ങൾ പാടേ കൈയൊഴിഞ്ഞ് ഗുരുവിനെ ദൈവവും കൽ പ്രതിമയുമാക്കി. ലോകത്ത് ഏറ്റവും വ്യാപകമായ കച്ചവടം നടക്കുന്നത് ദൈവത്തിന്റെ പേരിലാണ്.

Friday, November 9, 2012

സ്വയം അന്യന് തീറെഴുതുന്ന നാം

ഇന്നത്തെ മാതൃഭൂമിപ്പത്രത്തിൽ എന്റെ സ്നേഹിത സാറാ ജോസഫിന്റെ ഈ വാചകങ്ങൾ കണ്ട് ഏറെ സന്തോഷം തോന്നി : “ ‘എന്റെ പെണ്ണ് പെറ്റു’ എന്ന് തനി മലയാളം പറഞ്ഞിരുന്ന മലയാളി ‘ഭാര്യ പ്രസവിച്ചു’ എന്ന് സംസ്കൃതം പറയാൻ തുടങ്ങിയപ്പോൾ ‘പെണ്ണും’ പേറും‘ ഗ്രാമ്യപദങ്ങളായി ഇകഴ്ത്തപ്പെടുകയാണുണ്ടായത്. ഇപ്പോൾ മലയാളിയുടെ നിത്യവ്യവഹാരത്തിൽ കൂടുതൽ അന്തസ്സുള്ള പ്രയോഗം ‘വൈഫിന്റെ ഡെലിവറി കഴിഞ്ഞു‘ എന്നതായിരിക്കുന്നു“.

      ഇത് വർഷ്ങ്ങൾക്കുമുമ്പ് ഞാൻ തന്നെ പറഞ്ഞ കാര്യമാണ്.     “നമ്മുടെ പെണ്ണുങ്ങൾ പേറ് നിർത്തിയിട്ട് കാലമേറെയായി............” എന്നിങ്ങനെയാണ് തുടങ്ങിയിരുന്നതെന്നുമാത്രം.

               അധിനിവേശത്തിന് നാം അടിപ്പെടുന്നതിന്റെ വഴികൾ! വാക്കുകളിലൂടെയും നാം സ്വയം അന്യന് തീറെഴുതുന്നു.

Wednesday, October 31, 2012

ലോകവിസ്മയം


ഹൂഡിനിദിനം പ്രമാണിച്ച് ഈ സന്ധ്യയ്ക്ക് തിരുവനന്തപുരം പബ്ലിക്
ലൈബ്രറിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊപ്പല്ലർ എസ്ക്കേപ്പ്
അവതരിപ്പിച്ചു. അതിവിസ്മയകരവും അവിശ്വസനീയവുമായ ജാലവിദ്യ! നേരിട്ട്
കണ്ടിരുന്നില്ലെങ്കിൽ ഞാനത് വിശ്വസിക്കുമയിരുന്നില്ല. മജീഷ്യൻ ഗോപിനാഥ്
മുതുകാട് കേരളത്തിനെന്നല്ല, ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുതന്നെ
അഭിമാനമാണ്. മുതുകാടിനെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്ന് നിശ്ചയമില്ല.

Tuesday, October 30, 2012

കേരള മോഡൽ

കേരള മോഡലിന്റെ രണ്ടാം ഘട്ടം വികസിപ്പിച്ചെടുക്കണമെന്ന് രാഷ്ട്രപതി പ്രണാബ് മുക്കർജി. വളരെ സ്വീകാര്യവും ദർശനപരവുമായ അഭിപ്രായം. ഒരു രാഷ്ട്രപതി പറയേണ്ടത്. എന്നാൽ കേരള മോഡലിനെ തകർക്കുകയും സമൂഹത്തിന്റെയാകെ പിൻ നടത്തത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കോൺഗ്രസ്  1959 മുതലെങ്കിലുമുള്ള അതിന്റെ നടപടികൾ   തിരുത്തുകയും മാപ്പ് പറയുകയും ചെയ്യുമോ? കേരള മോഡലിന് അനുയോജ്യമായ പുതിയ നയം പ്രഖ്യാപിക്കുമോ? ചെയ്ത തെറ്റ് തിരുത്തണമെന്ന് രാഷ്ട്രപതി കേന്ദ്രസർക്കാരിനും കേരള സർക്കാരിനും നിർദ്ദേശം നൽകുമോ? കേരള മോഡലിനെ തകർക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയ യു.ഡി.എഫ്. പിരിച്ചുവിടാൻ നിർദ്ദേശിക്കുമോ? വളരെ ഉന്നതമായ സ്ഥാനത്തിരുന്ന് വലിയ കാര്യങ്ങൾ പറയുമ്പോൾ പറഞ്ഞതിനൊത്ത് പ്രവർത്തിക്കാനുള്ള ആർജ്ജവം കൂടി പുലർത്തേണ്ടതുണ്ട്.

Sunday, October 14, 2012

.ദേശീയസെമിനാർ



പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സന്ദർഭത്തിൽ പ്രസ്ഥാനത്തിന്റെ ഇന്നുവരെയുള്ള പ്രവർത്തനങ്ങളെ, നേട്ടങ്ങളെയും പരിമിതികളെയും സാധ്യതകളെയുമെന്നപോലെ ഏറ്റെടുക്കേണ്ട കടമകളെയും കുറിച്ച് സമഗ്രമായൊരു വിലയിരുത്തൽ നടത്തണമെന്ന് സംഘം ആഗ്രഹി ക്കുന്നു. ഇതിലേക്കായി രൂപം നൽകിയിട്ടുള്ള ദേശീയസെമിനാറിൽ ഇന്ത്യയിലാകെയും വിവിധ പ്രാദേശിക ഭാഷകളിലും സംസ്കൃതികളിലും പ്രത്യേകമായും, ഇപ്റ്റ (IPTA) യുടെ നേതൃത്വത്തിലും അല്ലാതെയും നടന്നിട്ടുള്ള കലാരംഗത്തെ പ്രവർത്തനങ്ങളും സെമിനാറിൽ വിശകലനത്തിന് വിധേയമാക്കുന്നു. സമീപകാലത്ത് സൂക്ഷ്മരാഷ്ട്രീയമായി വികസിച്ചുവേർപെട്ടിട്ടുള്ള സ്ത്രീപരിസ്ഥിതികീഴാള പഠനങ്ങളും ഇക്കര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും പരിശോധനാവിഷയമാക്കുന്നു. (ജീവിതത്തെ സംബന്ധിച്ച സമഗ്രശാസ്ത്ര മാണ് മാർക്സിസമെന്ന തിനാൽ, വേറിട്ട ഊന്നലുകൾ നൽകിയിരുന്നില്ലെന്നാൽപ്പോലും ഇവ മാർക്സിയൻ സമീപനങ്ങൾക്ക് അന്യമായിരുന്നില്ല. പരിസ്ഥിതിസ്ത്രീ പഠനങ്ങൾ മാത്രമല്ല, ദളിത് പഠനങ്ങൾപോലും മാർക്സിയൻ വിശകലനങ്ങളുടെ അടിത്തറയിലാണ് വികസിച്ചിട്ടുള്ളത്.)
            2012 നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാർ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു.ദേശീയസെമിനാർ ഡോ.ഐജാസ് അഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു. .എൻ.വി.കുറുപ്പിന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. കെ.എൻ.പണിക്കർ മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിൽ അഖിലേന്ത്യാ തലത്തിലുള്ള പ്രമുഖ സാംസ്ക്കാരികപ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കുന്നു.
            കലയെയും സാഹിത്യത്തെയും സ്നേഹിക്കുകയും ഗൌരവമായെടുക്കുകയും ചെയ്യുന്ന എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു.

Thursday, October 11, 2012

ഫെലോഷിപ്പ്

പാലാ സെന്റ് തോമസ് കോളെജിലെ മലയാളം പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഡോ.എസ്. രാജശേഖരൻ ഫെലോഷിപ്പ്, പ്രൊഫ. ആർ.എസ്.വർമ്മജി എൻഡോവ്മെന്റ്,  പ്രൊഫ. ഡി.ജോസഫ് എൻഡോവ്മെന്റ് എന്നിവ വിവിധ വിദ്യാർഥികൾക്കായി എസ്. രാജശേഖരൻ വിതരണം ചെയ്തു.    ഡോ.എസ്. രാജശേഖരൻ ഫെലോഷിപ്പിന് അർഹയായ കെ.ആർ.ആതിരയെയും മറ്റുവിജയികളെയും എസ്. രാജശേഖരൻ അഭിനന്ദിച്ചു. യോഗത്തിൽ പ്രൊഫ. ആർ.എസ്.വർമ്മജി, കോളെജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ, മലയാളവിഭാഗം അധ്യക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.

Sunday, September 30, 2012

മക്കൾ



മക്ക
          നരകത്തിൽനിന്ന് കരകേറ്റണേ ശിവശംഭോ
                                         എന്നു കേണപ്പോൾ
                                         തിരുവൈക്കത്തപ്പൻ പറഞ്ഞു:
                                         നിന്നെ കരകേറ്റേണ്ടത്
                                         നിന്റെ മക്കളാണ്,
                                         പുന്നരകത്തിൽനിന്ന് രക്ഷിക്കുന്നവൻ പുത്രൻ.

                                         കാലം മറിഞ്ഞുപോയാറെ
                                         സ്വർഗം നരകവും
                                         നരകം സ്വർഗവുമായി ഇടം തിരുത്തപ്പെട്ടു.
                                         പിതാക്കളെ രക്ഷിക്കേണ്ടത് പിതൃച്ഛേദനം കൊണ്ടാണെന്ന്
                                        തിരിച്ചറിവുണ്ടായി.
                                        പള്ളിമതത്തിന്റെ അന്ത്യം കാത്തുകിടന്നവനെ
                                        പള്ളിക്ക് കൂട്ടിക്കൊടുത്തും
                                        തൊഴിലിന്റെ വിയർപ്പ് തീർത്ഥത്തിലും പവിത്രമെന്ന് കരുതിയവനെ
                                        തീർത്ഥങ്ങളുടെ മാലിന്യത്തിളാറാടിച്ചും
                                        ഇങ്ക്വിലാബിന്റെ ചുടലച്ചാമ്പലിന്
                                        വേദമോതിക്കൊടുത്തും
                                        അവർ പിതാക്കളോട് പകരം വീട്ടി.
                                        മക്കൾ
                                        ശത്രുക്കളുടെ പുനരവതാരമത്രേ.
                                                                      ജൂൺ, 2004
                            (‘കുട്ടികൾ ഉറങ്ങുന്നില്ല’ എന്ന സമാഹാരത്തിൽ നിന്ന്)

മക്കൾ തിലകം

മലയാളത്തിന്റെ മഹാനടൻ തിലകൻ വിശ്വാസിയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് എന്ന് അഭിമാനിച്ചിരുന്നു.
ജീവിച്ചിരുന്നപ്പോൾ അവശതയിലും മക്കളാരും തിരിഞ്ഞുനോക്കിയതായി അറിവില്ല(അറിവുകേടെങ്കിൽ ക്ഷമിക്കുക).
ഇപ്പോൾ മരിച്ചുകഴിഞ്ഞ്  മരണാനന്തര പിതൃപിണ്ഡത്തിനും തർപ്പണത്തിനും ഷമ്മിയും മറ്റും
മത്സരിക്കുന്നു.
(ശത്രുക്കൾ മക്കളായി ജനിക്കുന്നു എന്ന ചൊല്ല് സത്യമാക്കാൻ)
ഇവർ മത്സരിക്കുന്നു.!

Thursday, September 13, 2012

മാധ്യമമര്യാദ

മാധ്യമങ്ങൾ സെൻസേഷണലിസത്തിലേക്ക് താഴരുത് - മന്മോഹൻ സിങ്.
ഇന്നത്തെ മലയാളമാധ്യമപ്രവർത്തകരോട്  ഇത് പറയാൻ മാത്രം സിങ്എന്നാണ് വളരുക? കേരളത്തിന് എന്നും അഭിമാനമായ മാധ്യമങ്ങൾ ഇന്ന് എവിടെയാണ് വീണുകിടക്കുന്നത്!