Tuesday, December 25, 2012

അമ്മ


അമ്മ

സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയാകുന്നു.
മനുഷ്യപുത്രനെ നീ നൊന്തുപെറ്റുവല്ലോ.
ഭൂമിയിൽ ആദ്യം അവനറിയേണ്ടത്
തുറുങ്കറയും പുൽക്കൂടുമാണെന്ന് നന്മ നിറഞ്ഞ നീ നിരുപിച്ചുറച്ചുവല്ലോ.
നിന്ദിതർക്കും പീഡിതർക്കും നാവായി
ധർമ്മസംസ്ഥാപനാർഥം വന്നെത്തുന്ന
ഉണ്ണിക്കാണ്
വെള്ളിക്കരണ്ടിക്കും സ്വർണക്കിലുക്കങ്ങൾക്കും
കവചകുണ്ഡലങ്ങൾക്കുമല്ല
ജന്മം നൽകേണ്ടതെന്ന് നീയറിഞ്ഞുവല്ലോ.
വിശക്കുന്ന വയറിന് അപ്പം നൽകാൻ വന്ന്,
ഒരു ചീരയില കൊണ്ട്,
ഈയുലകിന്റെ പൈയാറ്റേണ്ട അവനെ
പരീശന്മാരിൽ നിന്നും,
പുളഞ്ഞെത്തുന്ന  സാമ്രാജ്യത്വത്തിന്റെ
നാവുകളിൽ നിന്നും
കംസ വിഷസ്തനങ്ങളിൽ നിന്നും
കാപട്യങ്ങളുടെ പൈദാഹശാന്തിയിൽ നിന്നും
രക്ഷിക്കുന്നതിനായി
താനേ ചുരക്കുന്ന ഹൃദയാഭിലാഷങ്ങളെ
നീ ഹോമിച്ചുവല്ലോ.
വാത്സല്യത്തിന്റെ തുറുങ്കറയെ
കർത്തവ്യബോധത്തിന്റെ ആമ്പാടിയാക്കി
മറ്റൊരമ്മയായിപ്പിറക്കാൻ
നിനക്ക് കഴിഞ്ഞുവല്ലോ;
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീ തന്നെ

വാഴ്ത്തപ്പെട്ടവൾ നീ തന്നെ.
അധ്വാനിക്കുന്നവനെയും
ഭാരം ചുമക്കുന്നവനെയും
അരികെ വിളിച്ചാശ്വാസം പകർന്നതിന്
കുരുടന് കാഴ്ച നൽകിയതിന്
മുടന്തനെ നടക്കാൻ പഠിപ്പിച്ചതിന്
നിന്റെ പുത്രനെ അവർ ക്രൂശിച്ചുവല്ലോ.
ധർമ്മത്തെ വിഷം തീണ്ടിച്ച് വരിഞ്ഞുകെട്ടി
ആറ്റിലൊഴുക്കാനെത്തിയ
അധർമ്മത്തിനെതിരെ ചക്രായുധമുയർത്തിയതിന്
പതിയിരുന്ന്
നിഷാദന്മാർ അവന്റെ കാലിൽ
വിഷബാണമേല്പിച്ചുവല്ലോ.
അപ്പോഴും
മരണത്തിലേക്കിറങ്ങിയ മകനെ
മടിയിൽക്കിടത്തി
അമ്മയുടെ എന്നത്തെയും കണ്ണീര്
മാറിലൊഴുക്കാൻ നിനക്കായല്ലോ.
ലോകരക്ഷയ്ക്കായി ജീവൻ വെടിയുന്ന
മകന്റെ രക്തവും
അവനുവേണ്ടിക്കരയുന്ന
അമ്മയുടെ കണ്ണീരും ഒന്നാണെന്ന്
എന്നേക്കുമായി നീ വെളിവാക്കിയല്ലോ.
രക്ഷകനായ പുത്രൻ
കുരിശേറ്റപ്പെടുന്ന കാലത്തോളം
അമ്മ കണ്ണീരാണെന്ന്,
ശിരസി താഡനമേറ്റി ശീലിപ്പിക്കപ്പെടുന്ന
ജീവിതക്രമം ത്യാഗമാണെന്ന്
നീ തീർപ്പുറപ്പിച്ചുവല്ലോ;
സ്ത്രീകളിൽ വാഴ്ത്തപ്പെട്ടവൾ നീയേ.

                            1995, പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിൽ നിന്ന്

.


Wednesday, December 5, 2012

പുരോഗമന കലാസാഹിത്യസംഘം പ്ലാറ്റിനം ജൂബിലി ദേശീയ സെമിനാർ തിരുവനന്തപുരം ഗാന്ധി പാർക്കിൽ പ്രൊഫ. ഐജാസ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. നൈനാൻ കോശി, പ്രഭാത് പട്നായ്ക്ക്, എം എ. ബേബി, ഒ.എൻ.വി., സുഗതകുമാരി തുടങ്ങിയവർ വേദിയിൽ.