Tuesday, December 10, 2013

കറുപ്പ്

കറുപ്പ്
(നെൽസൺ മണ്ടേലയ്ക്ക്)

പുലരി വടക്കാണ് വിരിഞ്ഞത് 
പനിനീർപ്പൂ നിറമോടെ, 
മരം കോച്ചുന്ന ജാഡ്യത്തെയും
ഉരുകിത്തിളയ്ക്കുന്ന ക്രൌര്യത്തെയും
മന്ദോഷ്ണമാക്കി മാറ്റി,
കൽക്കരിയായി ഖനിയിൽ മുങ്ങുന്ന
മാലിന്യങ്ങളെ പൊന്നാക്കിയൂതിത്തെളിച്ച്,
പാടത്തെ പണിയാളരെയും
തെരുവിലെ പെണ്ണാളരെയും
സമ്രാട്ടില്ലാത്ത സാമ്രാജ്യത്തിന്റെ
അവകാശികളാക്കിയൊരുക്കി ……..
പുലരി വടക്കാണ് വിരിഞ്ഞത്.
ഉരുകിത്തുടങ്ങിയ പൊന്നിനെയും
കരിക്കട്ടയാക്കി
ഉരുകിത്തെളിഞ്ഞ മനസ്സുകളിലും
അവിശ്വാസത്തിന്റെ ചാമ്പൽ നിറച്ച്
വിരിപൌരുഷങ്ങളെയും
നിറഞ്ഞ പെണ്മകളെയും
പകയും ഭീതിയും കൊണ്ട് പുകയുന്ന
കൊള്ളികളാക്കി
മാനവത്വമഹാസാമ്രാജ്യത്തെ
ദുരയുടെ നീർപ്പോളകൾ പുളയുന്ന
എച്ചിൽക്കുളമാക്കി
സൌഭ്രാത്രത്തിനും സൌഹാർദ്ദത്തിനും
മാത്രം നീണ്ടിരുന്ന തുടുത്ത കൈകളെ
പിച്ചക്കൈകളായി നീട്ടിച്ചുകൊണ്ട്
എവിടെനിന്നോ
ഒളിഞ്ഞും പതുങ്ങിയും
വോഡ്കയിൽ നുരഞ്ഞും പെട്ടെന്നൊരിരുൾ വീണു
എല്ലാം അടങ്ങിയെന്ന
കുത്തിച്ചുടുവെട്ടിച്ചുടുകൾക്കിടയിലാണ്
പടിഞ്ഞാറ് സൂര്യനുദിച്ചത്.
കറുത്ത സൂര്യൻ.
കത്തിയെരിയുന്ന നട്ടുച്ചയുടെ തേജസ്സോടെ,
ഉരുകിത്തെളിച്ച കാരിരുമ്പിന്റെ കരുത്തോടെ,
വർണങ്ങളുടെ എല്ലാ കുടിയിരിപ്പുകളെയും
വിഴുങ്ങുന്ന ഗരിമയോടെ,
ചെറുതിലും ചെറുതും വലുതിലും വലുതുമായ
ഒരു കറുത്ത സൂര്യൻ.
പാതിരാകളിൽ വെളിച്ചമായി
ഇരവുകളെല്ലാം ഉണർവിന്റേതായിരിക്കണമെന്നോതുന്ന
കറുത്ത സൂര്യൻ
കറുപ്പിന്റെ സത്യത്തെയും സൌന്ദര്യത്തെയും
പുലർവെട്ടത്തിൽ കാട്ടുന്ന
ചിരിക്കുന്ന സൂര്യൻ.
ഏതിരുളിനും മറയ്ക്കാനരുതാത്തതിനുവേണ്ടി
കറുത്ത സൂര്യൻ
പകലുകളുടെ പഴുതുകൾക്കിടയിലൊളിക്കുന്ന
ഇരുളിന്റെ ലോകത്ത്
ഇനി സൂര്യന് നിറം മാറിയേ കഴിയൂ.
പകലുകൾക്ക് വർണമൌഢ്യങ്ങളുടെ തൊങ്ങലുകളഴിച്ച്
ഇനി പുതുതായേ പറ്റൂ.

(പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിലെ കവിത, 1994)

Monday, November 18, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4 പ്രകൃതിജീവിതം





ർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4
പ്രകൃതിജീവിതം

ഹരിതാഭ കലർന്ന പ്രകൃതിയെന്നത് ജർമ്മനിയുടെ മുഖമുദ്രയാണ്. (ശൈത്യകാലത്തൊ ഴിച്ച് എന്ന് ഒരു മേൽക്കുറിപ്പ് തന്നെ വേണം!) എങ്ങും കാണുന്ന മേപ്പിൾ മരങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.  വെഗ്(വഴി)കളിലും ആലി(തെരുവ്)കളിലും റിങ്ങു(സർക്കിൾ)കളിലും പ്ലാറ്റ്സു (സ്ക്വയർ)കളിലും സ്റ്റ്ട്രാസ്സെ(സ്ട്രീറ്റ്)കളിലുമായിക്കിടക്കുന്ന അതിദീർഘവും ശൃംഖലിതവു മായ പാതയോരങ്ങളിൽ തണൽമരങ്ങളായി ഏറെയും കാണുന്നത് മേപ്പിളുകൾ തന്നെഅതിനോടൊപ്പം വിവിധതരം മരങ്ങൾ തൊടികളിലും മറ്റുമായി നിറഞ്ഞു നിൽക്കുന്നുനമുക്ക് പരിചിതമല്ലാത്തതരം മരങ്ങളാണ് ഏറെയും. പ്രത്യേകം ശ്രദ്ധയാകർഷിച്ചത് ഇവിടത്തെ ബ്ലുട് ബുഹെ ആണ്. അടിമുടി വൈലറ്റ് വർണത്തിൽ, ‘ഞാനൊന്ന് വേറെ എന്ന് ഭാവിച്ച് നിൽക്കുന്ന മരം. വീട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം ചിലേടത്ത് ഈ മരങ്ങൾ കണ്ടു. എല്ലാംതന്നെ ചെറുമരങ്ങൾ. എന്നാൽ സ്റ്റാൺബെർഗിലെത്തിയപ്പോൾ അവിടെ കാട്ടിലെ വന്മരങ്ങൾക്കിടയിൽ അവയെപ്പോലെതന്നെ ചിലത് കാണാൻ കഴിഞ്ഞു. ചില എൻസൈമുകളുടെ അഭാവം നിമിത്തമാണ് വൃക്ഷങ്ങളുടെ സഹജമായ ഹരിതാഭ ഇവയ്ക്ക് നഷ്ടപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു. ഏതായാലും, കാഴ്ചയ്ക്ക് ഉത്സവം തരുന്നതാണ് ഈ മരങ്ങൾ. ക്യാമറ അവയുടെ പല ദൃശ്യങ്ങളും പകർത്തിയെടുത്തു.  അടിമുടി നന്നെ ചുവന്നുനിൽക്കുന്ന വേറെ ചില ചെടികൾകൂടി അവിടെ കണ്ടതും കൌതുകകരമായി.
കൂറ്റൻ പ്രൌഢമന്ദിരങ്ങൾ നിറഞ്ഞ നഗരമധ്യങ്ങളിൽപ്പോലും തെല്ലൊരിടം കിട്ടുന്നു ണ്ടെങ്കിൽ അവിടെയെല്ലാം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രദ്ധിച്ചിരിക്കുന്നതായിക്കാണാം. പട്ടണത്തെ വെറും കോൺക്രീറ്റ് കാടാക്കിമാറ്റാതിരിക്കുക എന്ന കാഴ്ചപ്പാടിലുറച്ചതാണ് ഇവിടത്തെ നഗരസംവിധാനം. നഗരമധ്യത്തിലും കാണാം പാർക്കുകളും ഉദ്യാനങ്ങളും വൃക്ഷത്തോട്ടങ്ങളും മറ്റും. ഒരു ‘കുട്ടിവനത്തെ ഉള്ളിലൊതുക്കിയാണ് നഗരങ്ങളുൾപ്പെടെ ഇവിടത്തെ ഒട്ടെല്ലാ പ്രദേശങ്ങളും നിലകൊള്ളുന്നതെന്ന് പറയാംഅവിടെ വിവിധതരം മരങ്ങളും ചെടികളും വള്ളികളും നിറഞ്ഞിരിക്കും. അവയിൽ മിക്കവയും തന്നെ പാർക്കുകളോടും തുറസ്സായ മൈതാനങ്ങളോടും കൂടിയവയുമായിരിക്കുംകുട്ടികളുടെ കളിപ്പാർക്കുകൾ ഇത്രയേറെയുള്ള സ്ഥലം വേറേ കാണുമോ എന്നറിയില്ല, അവയും വൃക്ഷങ്ങൾ നിറഞ്ഞവ തന്നെഞങ്ങൾ താമസിക്കുന്ന നിയൂ പെർലാഹ് സ്യൂദിലെ നീമ്യുള്ളർ ആലി എന്ന ചെറിയൊരു സ്ഥലത്ത് തന്നെയുണ്ട് തൊട്ടുതൊട്ടുപോകുന്ന അനേകം കളിപ്പാർക്കുകൾ.  വൈകുന്നേരങ്ങളിലും മറ്റ് ഇടവേളകളിലും കുട്ടികൾ അവിടെ വന്ന് കളിക്കുന്നതും മുതിർന്നവർ ശിശുക്കളെ കൊണ്ടുവന്ന് കളിപ്പിക്കുന്നതും കാണാം. ചിലപ്പോൾ അവിടം മുതിർന്നവരുടെവിശേഷിച്ചും പുരുഷന്മാരുടെ കൂടിച്ചേരൽ സ്ഥാനമായും മാറാറുണ്ട്ബിയറും മദ്യവിഭവങ്ങളും നിത്യഭക്ഷണത്തിന്റെതന്നെ ഭാഗമായി മാറുന്ന യൂറോപ്യൻ സാഹചര്യങ്ങളിൽ ആ കൂടിച്ചേരലുകൾക്ക് അങ്ങനെ ചില അകമ്പടികളും ഉണ്ടായിക്കൂടായ്കയില്ല.
ചെറുതെങ്കിലും ഒരു പൂന്തോട്ടം ഇവിടെ എല്ലാ വീടുകളോടും ചേർന്ന് നിർബന്ധമായും കാണാം. ഒരുപക്ഷേ മുറ്റമില്ലെങ്കിൽ, ബഹുനിലമന്ദിരങ്ങളിൽ, മട്ടുപ്പാവിലായാലും അങ്ങനെ യൊന്ന് ഉണ്ടാക്കിയിരിക്കും. ഞങ്ങളുടെ താമസം താഴത്തെ നിലയിലായതുകൊണ്ട് ചെറുതെ ങ്കിലും നല്ലൊരു മുറ്റമുണ്ട്. മുകൾനിലകളിലെ താമസക്കാരെല്ലാം അവരുടെ മട്ടുപ്പവുകളിൽ ചെടികൾ നട്ടുവളർത്തുന്നു. മിക്കവയും തന്നെ കടുംവർണങ്ങളിലുള്ള പൂക്കളോടുകൂടിയവ; ആ കടുംനിറം കണ്ട് പ്ലാസ്റ്റിക് പൂക്കളോ എന്ന് പലപ്പോഴും സംശയിച്ചുനോക്കിനിന്നു! അങ്ങനെ ഇവിടത്തെ ഫ്ലാറ്റുകൾ പലതും വെറും ബഹുനിലക്കെട്ടിടങ്ങളായല്ല, വിവിധവർണങ്ങളിലുള്ള പൂക്കളും ചെടികളും കൊണ്ട് ഓരോ നിലയും തിരിച്ച് അലങ്കരിച്ച് പോകുന്ന ശില്പങ്ങളായാണ് കാണപ്പെടുക! നിറഞ്ഞ വൃക്ഷങ്ങളും ഈ രീതിയിലുള്ള പാർപ്പിടസംവിധാനവുംകൊണ്ട് കാഴ്ചയ്ക്ക് ഉല്ലാസമെന്നതിനെക്കാളുമേറെയായി പരിസര-അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സാധിക്കുന്നു. അത് മറ്റൊരു വിഷയമാണ്.
എപ്പോഴും കൌതുകമുണർത്തുന്നവയാണ് ഇവിടത്തെ ചുറ്റുമതിലുകൾ. വീടുകളുടെ മതിലുകൾ സാധാരണയായി നമ്മുടേത്പോലെ കല്ലും മണ്ണുംകൊണ്ടല്ല, തിങ്ങിവളരുന്ന ചെടികളോ ചെറുമരങ്ങളോ ആണ് ഇവിടെ മതിലുകളുടെ ധർമ്മം നിർവഹിക്കുക. ഭംഗിയായി വെട്ടിയൊരുക്കി പരിപാലിക്കുന്ന ഈ മതിലുകൾകാഴ്ചയ്ക്കിമ്പം നൽകുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദപരവുമാണ്. ചിലേടത്ത് രണ്ടോ മൂന്നോ അടിയുയരത്തിൽ കന്മതിൽ കെട്ടി അതിന് മുകളിലേക്ക് ഇപ്പറഞ്ഞപോലെ ചെടികൾ വളർത്തിയതായും കണ്ടു; മതിലിന് മുകളിലേക്ക്, മതിലിന്റെ പുറംനിരപ്പിൽ വെട്ടിവളർത്തിയ ചെടികൾ. സൌന്ദര്യബോധ ത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും ജീവിതപ്രായോഗികതയുടെയും ഒത്ത്ചേരലാണ് ഞാൻ ഈ മതിലുകളിൽ കണ്ടത്.  നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങൾ നിർബന്ധമായും അനുവർത്തിക്കേണ്ട ഒരു രീതി. പക്ഷേ ആ വഴികളെക്കുറിച്ച് ചിന്തിക്കാനല്ല, പാർപ്പിടത്തെയും പരിസരങ്ങളെയും കല്ലും മണ്ണും സിമന്റും കൊണ്ടുള്ള ആഘോഷ/ കോലാഹലമാക്കി മാറ്റാനാണ് നമ്മുടെ ഉത്സാഹം!
വാസഗൃഹസമുച്ചയങ്ങളോ ഓഫീസ് സമുച്ചയങ്ങളോ വ്യവസായശാലകളോ കടന്ന് അല്പമൊന്ന് മാറിയാൽ വിസ്തൃതമായ പാടശേഖരങ്ങളാണ് കാണുക. ഗോതമ്പും ചോളവും പൂവിനങ്ങളും മറ്റും കൃഷി ചെയ്യുന്നവ. ഈ വേനലിൽ വിളഞ്ഞുപഴുത്തും വിളയാറായും കിട ക്കുന്നൂ ഗോതമ്പ് പാടങ്ങൾ. പലേടവും നമ്മുടെ പാലക്കാട്ടെയോ കുട്ടനാട്ടിലെയോ പാടശേഖര ങ്ങൾ പോലെ. അവയ്ക്കിടയിലൂടെയുള്ള ഉന്മേഷപ്രദമായ നടപ്പ് നമ്മെ ജർമ്മനിയുടെ കാർഷികലോകത്തേക്കെത്തിക്കുന്നു. ചോളപ്പാടങ്ങളിൽ ചെടികൾ വിളഞ്ഞുവരുന്നതേയുള്ളു. നിറഞ്ഞ് സമൃദ്ധമായവയാണ് പാടങ്ങളെല്ലാം. പാഴ്കൃഷിയുടെ സൂചനകൾ എങ്ങും കണ്ടില്ല. ജൂലൈ മധ്യത്തോടെ ഗോതമ്പ് പാടങ്ങളിൽ കൊയ്ത്തായി. വൻറോളുകളായിച്ചുറ്റി, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന വയ്ക്കോൽക്കൂട്ടമാണ് പല പാടങ്ങളിലും പിന്നീട് അവശേഷിക്കുന്നത്.
ഒരിക്കൽ ഞങ്ങൾ പെർലാഹ് വനത്തോട് ചേർന്ന ചില ഭാഗങ്ങളിൽ പോയി. ഒരു വശത്ത് വനം. അതിനോട് ചേർന്ന് ഗതാഗതത്തിരക്കേറിയ ഗുസ്താവ് വോൺ മില്ലർ ദേശീയപാത, പാതയുടെ മറുഭാഗത്ത് കളിസ്ഥലങ്ങളും കൃഷിയിടങ്ങളുമെല്ലാം. ഞങ്ങൾ വനത്തിലേക്കല്ല, മറുഭാഗത്തേക്കാണ് നടന്നത്; ഞങ്ങളുടെ ചെറുമകളായ ആർദ്രയെന്ന തുമ്പിക്കുട്ടിക്ക് കളിക്കാനിടം തേടി. കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമെത്തിയവർക്ക് വരെ കളിക്കാൻ പാകത്തിൽ വ്യത്യസ്തമായ ഒട്ടേറെ കളിയിടങ്ങൾ, പാർക്കുകൾ അവിടെയുണ്ട്. മണ്ണ് വാരിക്കളിക്കാൻ മുതൽ സൈക്കിൾ, സ്ക്കേറ്റിങ്, ബാസ്ക്കറ്റ് ബോൾ, വോളി ബോൾ എന്നിവയ്ക്ക് വരെ വിവിധതരത്തിൽ ആധുനികമായ കളിസ്ഥലങ്ങൾ. കോൺക്രീറ്റ് കൊണ്ട് കുളത്തിന്റെ ആകൃതിയിൽ നിർമ്മിച്ച് അതിൽ അനേകം കുന്നുകളും കുഴികളും തീർത്ത ഒരു കളിയിടം; കായികവിനോദങ്ങളിൽ അത്ര തത്പരനല്ലാത്തത് കൊണ്ടാവാം, ഞാനാദ്യമായാണ് അങ്ങനെയൊന്ന് കാണുന്നത്. കുട്ടികൾ അതിൽ സൈക്കിൾ സവാരിയും റോളർ സ്ക്കേറ്റിങ്ങും മറ്റും സാഹസികമായി നടത്തുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും റോളർ സ്ക്കേറ്റിങ്ങും തറയിൽ ഒരു കാൽ ചവിട്ടിയൂന്നി തെന്നിയോടിക്കുന്ന ചെറുവീൽ സൈക്കിളും ഇവിടെ നിരത്തുകളിലെ പതിവ് കാഴ്ച്ചയാണ്; കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്നത് കാണാം.
ഈ കളിസ്ഥലത്ത് നിന്ന് തെല്ലകലത്തായി മെർസിഡസ് ബെൻസിന്റെയും സീമെൻ
സിന്റെയും വമ്പൻ വ്യവസായശാലകൾ തലയുയർത്തിനിൽക്കുന്നു. അവയ്ക്ക് പറയാനുള്ളത് ജർമ്മനിയുടെ മറ്റൊരു ജീവിതമാണ്.
പറഞ്ഞുവന്നത് കൃഷിയിടങ്ങളുടെ കാര്യമാണ്. കളിസ്ഥലത്തിന്റെ ഒരു വശത്തെ വിസ്തൃതമായ ഭാഗങ്ങളിൽ അനേകം ഫാം ഹൌസുകൾ. അതിനുമപ്പുറത്തായി, നിറയെ കൃഷിസ്ഥലങ്ങളാണ്. ഗോതമ്പ്പാടങ്ങൾ. അവിടെ നിന്നപ്പോൾ കണ്ടു, ദൂരെയൊരിടത്ത് കുറെപ്പേർ നിന്ന് കൃഷികാര്യങ്ങൾ നോക്കുന്നു. ഞങ്ങൾ അങ്ങോട്ട് നടന്നു. അവിടെ പാടങ്ങ ളിൽ വിവിധതരം പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നാലഞ്ച് സംഘങ്ങൾ അതിൽ അവിടവിടെയായി നിൽക്കുന്നു. അവരിൽനിന്ന് കായ്കറിക ളെന്തെങ്കിലും വാങ്ങിനോക്കാമെന്ന് കരുതി ഞങ്ങൾ സമീപിച്ചു. അന്വേഷണത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങൾ സ്ഥലമുടമയെക്കണ്ട് കുറച്ച് സ്ഥലം വാങ്ങി കൃഷിയെടുക്കൂഎന്ന്. അവർ അങ്ങനെ വാങ്ങിയ പല കണ്ടങ്ങളിലായി കൃഷി ചെയ്യുന്നവരാണ്. (വീട്ടിൽ ടെറസ് തന്നെ കൃഷിയിടമാക്കിയ സീതയ്ക്ക്, ഇവിടെ അതുകൂടി ഒന്ന് പരീക്ഷിച്ചാലോ എന്ന് തോന്നിക്കൂടായ്കയില്ല!)
 അവിടെയെല്ലാം നടന്ന് നോക്കിയപ്പോൾ, പല കണ്ടങ്ങളും വേർതിരിച്ച് ‘90 ചതുരശ്ര മീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടു. നമ്മുടെ നാട്ടിലെ പഴയ പാട്ട,’‘വാരക്കൃഷികളുടെ കാര്യം അപ്പോഴോർത്തു. നാട്ടിനാവശ്യമായ ഒട്ടെല്ലാ പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. വെള്ളം നനയ്ക്കുന്നതിനും വളമിടുന്നതിനും മറ്റുമുള്ള ആധുനിക സംവിധാനങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയോട് അവർ കാണിക്കുന്ന താത്പര്യത്തിലും അർപ്പണഭാവത്തിലും ഏറെ മതിപ്പ് തോന്നി.
ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ എല്ലാ നേട്ടങ്ങളെയും പ്രയോജന പ്പെടുത്താൻ ത്വരിക്കുമ്പോഴും ഇവിടത്തെ ജനങ്ങൾ മണ്ണിലും കൃഷിയിലുംനിന്ന് തെല്ലും അകലുന്നില്ല! ഏതായാലും, പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ഏറെ മുന്നേ തോറ്റിവളർത്തിയ എന്റെയൊരു സങ്കല്പം ഇവിടെയെത്തിയശേഷം മനസ്സിൽ എപ്പോഴും തേട്ടി നിൽക്കുന്നു. പലേടത്തും അത് നേരിട്ട് അനുഭവിക്കാനും കഴിയുന്നു.




                                 (മാതൃകാന്വേഷി, നവംബർ,2013)

Monday, November 4, 2013

പ്രണയത്തിന്റെ നവോത്ഥാനപാഠം (മാധ്യമം വാരിക)

അഷ്ടപദി: പ്രണയത്തിന്റെ നവോത്ഥാനപാഠം
എസ്.രാജശേഖരൻ
            ജീവിതകഥയുടെ ബൃഹത്തായ ആഖ്യാനമേഖലയെന്ന നിലയിൽ, കേരളീയജീവിതത്തിന്റെ സ്ഥിതിയും സാംഗത്യവും പരിശോധിച്ചും അനാവരണം ചെയ്തും കൊണ്ടാണ് മലയാളത്തിൽ നോവൽ രൂപം കൊണ്ടത്. സമൂഹ(കുടുംബ)ചരിത്രത്തെയോ രാജ്യചരിത്രത്തെയോ കേന്ദ്രീകരിച്ച് ചന്തുമേനോനോ സി.വി.രാമൻ പിള്ളയോ നോവലുകളെഴുതുമ്പോഴും, ബോധപൂർവമല്ലെന്നിരുന്നാലും അവർ നിർവഹിച്ചത് അവരുടെതായ കാഴ്ചപ്പാടിലും സമീപനത്തിലും പരിശോധനയും അനാവരണം ചെയ്യലും തന്നെ. ജാതിവ്യവസ്ഥയിലും ജാത്യധിഷ്ടിതമായ തൊഴിലുകളിലും ജീവിതക്രമങ്ങളിലും ആചാരങ്ങളിലും ബദ്ധമായ പഴയ സമൂഹത്തിലേക്ക് പുതിയ ലോകബോധവും ജീവിതസങ്കല്പങ്ങളും അരിച്ചിറങ്ങുന്നതും, ഉറച്ചതും ശിലാബദ്ധവുമെന്ന് കരുതപ്പെട്ടിരുന്ന സ്ഥിതവ്യവസ്ഥയിൽ തികച്ചും വ്യത്യസ്ഥമായ പുതിയ പൊടിപ്പുകളും പൊട്ടിച്ചിതറലുകളും കടന്നുവന്നതും അങ്ങനെ നോവൽവികാസത്തിലെ പ്രധാന ഏടുകളായി. ഇങ്ങനെ നോക്കുമ്പോൾ ചന്തുമേനോൻ മുതലിങ്ങോട്ട് രചനാപരമായും ഉള്ളടക്കസംബന്ധമായും ഒരനുക്രമവികാസവും കാണാൻ കഴിയുന്നുണ്ട്; ഓരോന്നും തമ്മിൽ ഊന്നലുകളിൽ സങ്കല്പാതീതമായ വ്യത്യാസം വരാമെന്നിരിക്കെ ത്തന്നെ. 1974- പ്രസിദ്ധീകരിച്ച പെരുമ്പടവം ശ്രീധരന്റെഅഷ്ടപദിനവോത്ഥനന്തര സാമൂഹിക വികാസത്തിന്റെ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമായിത്തീരുന്നു
            ബ്രാഹ്മണകേന്ദ്രിതമായ ജീവിതവ്യസ്ഥയിൽ ക്ഷേത്രങ്ങൾക്കായിരുന്നു മുഖ്യസ്ഥാനം. ‘പരശുരാമ ക്ഷേത്രമെന്ന് വ്യവഹരിക്കപ്പെട്ട കേരളത്തിലെമ്പാടും പരശുരാമന്റെ പിന്മുറക്കാരായ ബ്രാഹ്മണർ ക്ഷേത്രങ്ങൾ സ്ഥാപിച്ചു. അവയിലോരോന്നിനെയും കേന്ദ്രീകരിച്ച്  അവർ ഭൂസ്വത്തുക്കളുടെയും ആത്മീയവും ഭൌതികവുമായ അധികാരാവകാശങ്ങളുടെയും അധിപരായി. ഭൂമിയുടെയും ക്ഷേത്ര ത്തിന്റെയും കൈകാര്യ കർത്തൃത്വത്തിനാവശ്യമായ തൊഴിൽ വിഭജനവും, പാരമ്പര്യമായി  അങ്ങനെ തൊഴിലുകൾ നിർവഹിച്ചു വന്നതിലൂടെ ദൃഢമായിത്തീർന്ന ജാതിവ്യവസ്ഥയും സമൂഹക്രമത്തിലെ നിർണായകശക്തികളായി. ക്ഷേത്രങ്ങൾ നാടിന്റെ ഐശ്വര്യത്തിന്റെയും ഉത്കർഷസങ്കല്പങ്ങളുടെയും ആസ്ഥാനമായിമാറി. ശ്രേണീബദ്ധവും പരസ്പരശൃംഖലിതവുമായ വ്യവസ്ഥാക്രമ ത്തിലൂടെ ക്ഷേത്രകേന്ദ്രിതവും താരതമ്യേന സ്വയംപര്യാപ്തവുമായ ഗ്രാമജീവിതം അങ്ങനെ സ്വച്ഛന്ദമായൊഴുകി. ക്ഷേത്രത്തിന്റെയും സമ്പത്തിന്റെയുമെന്നപോലെ ഗ്രാമസമൂഹത്തിന്റെയും അധിപനായി നമ്പൂതിരി, കഴകത്തിന് അമ്പലവാസികളാകെ, പൂജയ്ക്കും ആറാട്ടിനും മറ്റും മേളമൊരുക്കാൻ മാരാർ, പൂജയ്ക്കുള്ള പൂക്കളും അനുസാരികളുമൊരുക്കാൻ വാരിയർ, ക്ഷേത്രത്തിലെ അടിച്ചുതളിക്കും മറ്റും വാരസ്യാരും മാരാത്തികളും നായർപെണ്ണുങ്ങളും, കാര്യസ്ഥതയ്ക്ക് നായർ എന്നിങ്ങനെ പരസ്പരമിണങ്ങിയ ഒരു സാമുദായികബന്ധത്തിലൂടെയാണ് ഒഴുക്ക് സ്വച്ഛമായി തുടർന്നത്. ഇവയ്ക്കെല്ലാമാധാരമായ സാമ്പത്തികവിഭവങ്ങൾ ഉത്പാദിപ്പിക്കാൻ പണിയെടുക്കുന്ന വിവിധജാതികളിൽപ്പെട്ട അവർണവിഭാഗ ങ്ങളും ഇതിനുപിന്നിലുണ്ടായിരുന്നു. എന്നിരുന്നാലും, ‘തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോരുമായ അവരാരുംതന്നെ സമൂഹചിത്രനിർമ്മിതിയിൽ പരിഗണനയിലേക്കെത്തിയിരുന്നില്ല!
ക്ഷേത്രാനുബദ്ധസമൂഹത്തിന്റെ അധികാര-അവകാശ-മുൻഗണനാക്രമത്തിൽ ഏതാണ്ട് മധ്യ സ്ഥാനത്ത് കരുതാവുന്ന മാരാർ സമുദായത്തിന്റെ ജീവിതസാഹചര്യങ്ങളെ മുൻനിർത്തിയാണ്അഷ്ടപദിയുടെ കഥാഘടനയും രചനാപരിസരങ്ങളും  വാർന്നുവീഴുന്നത്. തികച്ചും ക്ഷേത്രോപജീവിക ളെന്ന് പറയാവുന്ന വിധത്തിൽ, ക്ഷേത്രമാത്രകേന്ദ്രിതമായ ജീവിതമാണ് മാരാന്മാരുടേത്. ചെണ്ടയിലും മദ്ദളത്തിലും ഇടയ്ക്കയിലും ഇലത്താളത്തിലും മറ്റുമായി കൊട്ടിവീഴുന്ന അവരുടെ ജീവിതചലനങ്ങൾ ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പടച്ചോറും ഉണക്കലരിയും മറ്റുമായുള്ള ജീവസന്ധാരണമാർഗങ്ങളിലും അമ്പലമതിൽക്കെട്ടിലും വീട്ടുചുമരിലുമടങ്ങുന്ന സ്വപ്നങ്ങളിലുമൊതുങ്ങുന്നു. കാലത്തിന്റെ തിരത്തള്ളലേറ്റ് മാറിവരുന്ന സാമൂഹികക്രമങ്ങളിൽ മാരാന്മാരുടെ ജീവിതവും അതിലെ ഒരു സ്വാഭാവിക പ്രസൂനമെന്ന നിലയിൽ വിരിഞ്ഞുവന്ന ഒരു തീക്ഷ്ണപ്രണയവും ചെന്നുപെടുന്ന പ്രതിസന്ധിയും നോവലിന് സാമൂഹികവും വൈയക്തികവുമായ വ്യത്യസ്ത മാനങ്ങൾ നൽകുന്നു.
പൂഴിവാരിയിട്ടാൽ നിലത്തുവീഴാത്ത മട്ടിൽ അമ്പലമതിൽക്കെട്ടിനുള്ളിൽ  തിങ്ങിനിറഞ്ഞ സമുദ്രം പോലുള്ള പുരുഷാരത്തിനു മുന്നിൽ, സ്ഥിരം മേളക്കാരനായ കുഞ്ഞുണ്ണി മാരാരും  ഊരാണ്മക്കാരൻ നമ്പൂതിരി ക്ഷണിച്ചുവരുത്തിയ വടക്കൻ മാരാരും ചേർന്ന് മത്സരിച്ചുള്ള ചെണ്ടമേളം നടക്കുകയാണ്. നാടൻ തനിമയും വരവ് പ്രൌഢിയും തമ്മിൽ നേരിട്ടുള്ള മത്സരം. വടക്കൻ മാരാരുടെ വൈഭവത്തിന് എള്ളിടയ്ക്ക് വിട്ടുകൊടുക്കാതെ, പഞ്ചാരിയുടെയും അടന്തയുടെയും ചെമ്പടയുടെയും താളവട്ടങ്ങൾ പൊടിപൊടിച്ച കുഞ്ഞുണ്ണി മാരാർ നടത്തിയ പ്രകടനം ചെണ്ടപ്പുറത്തൊരു മല്ലയുദ്ധമായിരുന്നു. ‘ചെണ്ട പ്പുറത്ത് മലര് പൊരിയുകയാണെന്ന് തോന്നും‘. എന്നാൽ മേളം കഴിഞ്ഞ് നമ്പൂതിരി പട്ട് കൊടുത്തത് കുഞ്ഞുണ്ണി മാരാർക്കല്ല, വടക്കൻ മാരാർക്കാണ്. പിന്നീട്, ‘പട്ട് തരേണ്ടത് എനിക്കല്ല, അങ്ങേയ്ക്കായിരുന്നുഎന്ന് പറഞ്ഞ് വടക്കൻ മാരാർ ആ പട്ട് കുഞ്ഞുണ്ണി മാരാർക്ക് സ്വകാര്യമായി നൽകുന്നേടത്ത് സമൂഹത്തിലെ ആഭ്യന്തര സംഘർഷങ്ങളെ ലളിതസമവാക്യത്തിലൂടെ പരിഹരിക്കാ നുള്ള പതിവ് ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമൂഹം ആഭ്യന്തരമായും ബാഹ്യമായും നേരിടുന്ന പ്രശ്നങ്ങൾ പരിഹാരശ്രമങ്ങൾക്ക് അത്ര വേഗം വഴിപ്പെടുന്നതായിരുന്നില്ല. എങ്കിലും, ‘പട്ടും വളയും മോഹിച്ചല്ലല്ലോ, ഭഗവാന്റെ അനുഗ്രഹം മാത്രം മതിഎന്ന് സ്വാസ്ഥ്യം കൊള്ളാൻ പറയുന്ന മനസ്സ് പ്രശ്നങ്ങളുടെ കുരുക്ക് മുറുകിവരുമ്പോൾ അവിടെ പ്രശ്നങ്ങളേയില്ല എന്ന് ഭാവിച്ചാശ്വസിക്കാൻ ശ്രമിക്കുകയാണ്. സാമൂഹികമെന്നോ വൈയക്തികമെന്നോ ഇരിക്കട്ടെ, യാഥാർഥ്യങ്ങളെ അവയുടെ ശരിയായ ഗൌരവത്തോടെ നേരിടാൻ തയാറാകാതെവരുമ്പോൾ പിന്നീട് അവ ഭീഷണരൂപം കൈവരിച്ച് ആക്രമണസ്വഭാവത്തോടെ വന്നടുക്കുകയാവും ചെയ്യുക. കേരളത്തെ ആധുനികീകരിക്കുന്നതിലും നവീകരിക്കുന്നതിലും സമീപനപ്പകർച്ചയിലെ വീഴ്ച്ചകൾ ഏറെ വെല്ലുവിളികളുയർത്തിയിട്ടുണ്ടെന്ന് കാണാം.
ഫ്യൂഡൽ-ക്ഷേത്രാധിഷ്ഠിത ജന്മിത്തവ്യവസ്ഥയുടെ സങ്കീർണമായ അകംപുറം അടരുകളാണ് നോവലിലെ ചിഹ്നവ്യവസ്ഥയിലൂടെ മുഖ്യമായും വിരിഞ്ഞുവരുന്നത്. ക്ഷേത്രങ്ങളും ആഭിജാത്യവും കുടുംബപ്പഴമയും മറ്റുമായി ബന്ധപ്പെട്ട കഥകളും ഐതിഹ്യങ്ങളും, ജാതിവ്യവസ്ഥയുടെ കർക്കശമായ സ്ഥാനപ്പെടുത്തലുകളും അവ ജീവിതത്തിലേല്പിക്കുന്ന ഞെരുക്കങ്ങളും, ക്ഷേത്രാചാരങ്ങളുടെയും ആഘോഷങ്ങളുടെയും സൂക്ഷ്മവും യഥാതഥവുമായ സൂചനകൾ, ചെണ്ടയുടെയും മേളക്കൊഴുപ്പിന്റെയും നിരന്തരമായ സാന്നിദ്ധ്യവും ജീവിതസന്ദർഭങ്ങളിലും പ്രശ്നങ്ങളിലും കടന്നെത്തുന്ന അവയുടെ അനുരണനങ്ങളുംകുലത്തൊഴിലിനെ ആദരിക്കാനും അതിൽ അഭിമാനിക്കാനുമുള്ള പാരമ്പര്യ സംരക്ഷണത്വര, ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെന്നല്ല, തൊഴിലിനുപയോഗിക്കുന്ന  വാദ്യോപകരണങ്ങളെപ്പോലും ഐതിഹ്യങ്ങളിലൂടെയും കഥകളിലൂടെയും ദൈവങ്ങളുമായി ബന്ധിപ്പി ക്കാനുള്ള തൃഷ്ണ (പരമശിവന്റെ കടുന്തുടിയാണ് മാരാന്റെ തിമില, നടരാജന്റെ കടുന്തുടിയിലെ ആദിതാളം; അതിൽ നിന്നുളവായ നാല് മേളങ്ങൾ), പഴയ ജീവിതരീതികളുടെയും ആചാരവിശ്വാസങ്ങളുടെയും ശേഷിപ്പുകളായി നമ്മുടെ ഗ്രാമജീവിതത്തിന്റെ ഓരങ്ങളിൽ  കിടക്കുന്ന ഐതിഹ്യങ്ങളുടെയും നുണുങ്ങു കഥകളുടെയും സമൃദ്ധവും സന്ദർഭാനുസൃതവുമായ അനുരണനങ്ങൾ എന്നിങ്ങനെ കേരളീയമായ ഫ്യൂഡൽ ജീവിതബന്ധങ്ങളുടെ കണ്ണികൾ ഇവിടെ തുടർന്നുപോകുന്നു. അവയിലോരോന്നിലും ആധുനികതയുടെ സന്നിവേശം വരുത്തിവയ്ക്കുന്ന വിഹ്വലതകളാണ് നോവലിന്റെ മുഖ്യമായ പ്രശ്നമേഖല.
കുഞ്ഞുണ്ണി മാരാരുടെ മകൾ രാധയും കേശവൻ നായരുടെ മകൻ ഉണ്ണിക്കൃഷ്ണനും തമ്മിലുള്ള തീക്ഷ്ണമായ പ്രണയഭാവങ്ങളും അവയ്ക്ക് ക്ഷേത്രാന്തരീക്ഷവും വാദ്യമേളങ്ങളും പൌരാണികവും ആധുനികവുമായ സാഹചര്യഭേദങ്ങളും ചേർന്നൊരുക്കുന്ന പശ്ചാത്തലവുമാണ് നോവലിനെഅഷ്ടപദിയാക്കുന്നത്. രാധയുടെയും ഉണ്ണിക്കൃഷ്ണന്റെയും പ്രണയതീക്ഷ്ണത പൂവിതൾ വിരിയുന്നതു പോലെ സ്വാഭാവികമായും ആകർഷകമായും അനാവരണം ചെയ്യുമ്പോൾ, നോവലിന്റെ കഥാവിഷയമായി നിൽക്കുന്ന പൌരാണികാന്തരീക്ഷം അതിന് ഒരു ക്ലാസിക് മാനം തന്നെ നൽകുന്നുണ്ട്. എന്നാൽ രാധാ-കൃഷ്ണ മിത്തിന്റെ അന്തരീക്ഷത്തിലോ വെറും ക്ഷേത്രമാത്ര കേന്ദ്രിതമായ സാഹചര്യങ്ങളിലോ അല്ല പ്രണയവിരഹങ്ങളെന്നതുകൊണ്ട്, പ്രണയമെന്നപോലെ വിരഹവും മിത്തിക്കൽ വേരുകളോടുകൂടി സമകാലാന്തരീക്ഷത്തിൽ പൂത്തുലയുന്നു. പൌരാണികത മുതൽ ആധുനികത വരെ, ശ്രീകൃഷ്ണൻ മുതൽ ഉണ്ണിക്കൃഷ്ണൻ വരെ, ഉള്ള  കാലദൈർഘ്യം നോവലിന്റെ വിഷയമേഖലയായെത്തുന്നു.
സ്ഥിതസ്വഭാവമുള്ള ഫ്യൂഡൽ നടപടിക്രമങ്ങളുടെയും ആദർശപ്രണയത്തിന്റെയും മേൽ ആധുനിക മുതലാളിത്തക്രമങ്ങളുടെയും ധനസമ്പാദനഅധികാരസമ്പാദന താത്പര്യങ്ങളുടെയും കടന്നേറ്റം പ്രണയാനുഭവത്തെയെന്നപോലെ ജീവിതസാഹചര്യങ്ങളെയും മാറ്റിമറിക്കുന്നത് കാണാം. നിൽക്കനൊരിടമോ കഴിക്കാൻ ഭക്ഷണമോ കിട്ടാനിടയില്ലാതെ വന്നുകയറിയ കേശവൻ നായർ കുഞ്ഞുണ്ണിമാരാരുടെ പ്രത്യേക സംരക്ഷണയിലും മേൽനോട്ടത്തിലും പിന്നീട് സുസ്ഥിതനും കുടുംബ സ്ഥനും സമ്പന്നനുമൊക്കെയായപ്പോൾ തന്റെ സ്ഥാനത്തിലും സമ്പത്തിലും മാത്രം ശ്രദ്ധാലുവാകുകയും മാനുഷികബന്ധങ്ങൾക്കും മുന്നേചെയ്ത സൌഹൃദപ്രതിജ്ഞകൾക്കും വില കല്പിക്കാതാകുകയും ചെയ്തു. തടസ്സം നിന്ന സാമ്പ്രദായിക ചട്ടങ്ങളോടെതിരിട്ടാണ് കുഞ്ഞുണ്ണി മാരാർ നാരായണിയമ്മ യുമായി അയാളുടെ വിവാഹം നടത്തിക്കൊടുത്തത്. എന്നാൽ ആ വിവാഹത്തിലൂടെ വിജാതീയരായ തനിക്കും നാരായണിയമ്മയ്ക്കും പിറന്ന ഉണ്ണിക്കൃഷ്ണന് ആര് പെണ്ണ് കൊടുക്കും എന്ന കേശവൻ നായർക്ക് ഉത്ക്കണ്ഠയായിരുന്നു. അപ്പോൾ ആശ്വാസം നൽകാനുള്ള മറുപടിയായാണ് അവന് തന്റെ മകളെത്തന്നെ നൽകുമെന്ന് കുഞ്ഞുണ്ണി മാരാർ ഉറപ്പ് കൊടുത്തത്. പിന്നീട് സമ്പന്നനും കാര്യശേഷിയുള്ളവനും ഉന്നതബിരുദധാരിയുടെ പിതാവുമായിമാറിയ കേശവൻ നായർ പക്ഷേ, ചെറിയൊരവസരം വച്ച് പിണങ്ങിമാറി. ‘മുമ്പ് അങ്ങേ വീട്ടിലൊരു നല്ല കറി വച്ചാൽ അതിലൊരു പങ്ക് ഇങ്ങേ വീട്ടിലും എത്തു മായിരുന്നെങ്കിൽ, അതിന്നിടയിലിപ്പോൾ മുരിക്കിൻ പത്തലും ഇല്ലിമുള്ളും കൊണ്ടുള്ള വേലിയുയർന്നു. നേടിയ സമ്പത്തിന്റെയും പദവിയുടെയും ബലത്തിൽ, സമ്പന്നനും സ്വാധീനശക്തിയുള്ളയാളുമായ മാരാർ സാറിന്റെ മകൾ ശ്രീദേവിയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ സാഹചര്യമൊരുക്കുകയായിരുന്നു അയാൾ. കോളെജിൽ ഉദ്യോഗവും സുന്ദരിയായ ശ്രീദേവിയും സ്വന്തമാകുമെന്നും അച്ഛന്റെ നിരന്തര ശകാരത്തിൽനിന്ന് അതിലൂടെ മോചനം കിട്ടുമെന്നും വന്നപ്പോൾ, ഒരു ദുർബലനിമിഷത്തിൽ ഉണ്ണിക്കൃഷ്ണനും നിർബന്ധത്തിന് വഴങ്ങിക്കൊടുത്തു. അതാകട്ടെ പിന്നീട് അയാളുടെ ജീവിതത്തെ അഴിയാക്കുരുക്കുകളുടെ അറുത്തുമാറ്റാനാവാത്ത ചങ്ങലയിൽ കെട്ടിയിടുകയാണുണ്ടായത്. മനസ്സിൽനിന്ന് വിട്ടൊഴിയാൻ കൂട്ടാക്കത്ത രാധയെക്കുറിച്ചുള്ള ചിന്തയും കുറ്റബോധവും, ഭർത്താവിനെ എപ്പോഴും സംശയത്തോടെ മാത്രം കാണുകയും രാധയുടെ പേര് പറഞ്ഞ് എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ശ്രീദേവിയുടെ പെരുമാറ്റങ്ങൾ കൊണ്ടുള്ള പൊറുതികേടും, സമ്പത്തും ഉദ്യോഗവും സാമൂഹികാംഗീകാരവുമുള്ളപ്പോൾ ത്തന്നെ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തെ ദു:ഖക്കടലാക്കി.
ഇതിന്റെ നേർ മറുപുറമായിത്തുടർന്ന രാധയുടെ ജീവിതം കൂടുതൽ പൊറുതികേടിലായിരുന്നു. പ്രണയനൈരാശ്യത്തെത്തുടർന്ന് ക്ഷേത്രനടയിൽ തലയറഞ്ഞ് മരിക്കാനൊരുങ്ങിയ അവളെ ജീവിത ത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഭർത്താവായി സംരക്ഷിച്ചത് അവളെ എന്നും സ്നേഹിച്ചിരുന്ന മുറച്ചെറുക്കൻ അച്ചുവാണ്. എല്ലാമറിയുന്ന അച്ചു പക്ഷേ അവളെ കിട്ടിയതിൽ അതിരറ്റ് സന്തോഷി ക്കുകയും വീടും കുടുംബവും അല്ലലില്ലാതെ നോക്കുകയും ചെയ്തു. ജീവിതാഭിലാഷം തന്നെ നേടിയ അയാൾക്ക് കുലത്തൊഴിലായ ചെണ്ടവാദനത്തിൽ മികവ് തെളിയിച്ച് കുഞ്ഞുണ്ണി മാരാരുടെ ശരിയായ പിൻഗാമിയായി മാറാനും കഴിഞ്ഞു. പക്ഷേ, പ്രണയനഷ്ടബോധം എപ്പോഴും നീറ്റിക്കൊണ്ടിരുന്ന രാധയുടെ ജീവിതം ഉണ്ണിക്കൃഷ്ണനെന്ന വിഗ്രഹത്തിൽത്തന്നെ ചുറ്റിത്തിരിഞ്ഞ് ബിംബവുമായി ഒന്നുചേരാനും വേർപിരിയാനുമാവാതെ അവസാനംഉണ്യേട്ടാഎന്ന വിളിയോടെ ക്ഷേത്രത്തിന്നരികിലെ പുഴയുടെ കയത്തിൽ വിലയം പ്രാപിക്കുകയാണ് ചെയ്തത്.
മണ്ണിലുറച്ച് നടക്കാനാശിക്കുകയും എപ്പോഴും കീഴോട്ടും അടിയിലേക്കും നോക്കുകയും ഉയരാൻ കൊതിച്ചാലും അതിന് കഴിയാതെപോവുകയും ചെയ്യുന്നവരാണ് ഇതിലെ സ്ത്രീകഥാപാത്രങ്ങൾ. പുഴയിൽ ചാടിയുള്ള രാധയുടെ ജീവിതാന്ത്യം നിലയിലുള്ള സ്ത്രീസൃഷ്ടിയുടെ പ്രപൂർത്തിയാണെന്ന് പറയാം. എന്നാൽ ഉത്ക്കർഷേച്ഛുക്കളായ പുരുഷകഥാപാത്രങ്ങളെല്ലാം തന്നെ ഉന്മുഖരാണ്. ഉയരാനും ഉയർന്നുപറക്കാനും കൊതിക്കുന്നവർ. പക്ഷേ, കാലവിപര്യയത്തിൽ നിന്ന് മോചനം നേടാൻ അവർക്കുമാവുന്നില്ല.
തീവ്രമായ ഒരു കാല്പനികപ്രണയത്തെ അതിന്റെ ഭാവർദ്രതയോടെ കേരളത്തിന്റെ സാമൂഹികപരിണാമത്തിന്റെ ഒരു സവിശേഷദശാസന്ധിയുടെ യഥാതഥമാ സാഹചര്യങ്ങളിൽ തൊടുത്ത്, പൌരാണികമായ ഒരു മിത്തിനെയും യുവാക്കളുടെ സമകാലിക പ്രണയഭാവങ്ങളെയും കേരളനവോത്ഥാനം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെയും പ്രശ്നങ്ങളെയും സംവാദമേഖലയാക്കുകയാണ് അഷ്ടപദി ചെയ്യുന്നത്. തേവാരവും പൂജയും ഉത്സവവും ആറാട്ടും കഴകവും പ്രോർത്തിയുമൊക്കെയായി നടപ്പുരീതിയിൽനിന്ന് തെല്ലും വ്യതിചലനം പാടില്ലെന്ന് ശഠിക്കുന്ന ക്ഷേത്രാന്തരീക്ഷത്തിലാണ് ഇതിലെ കഥ നടക്കുന്നത്. നാരായണിയമ്മയുമായി കേശവൻ നായർക്കുള്ള പ്രേമത്തെക്കുറിച്ച് കുഞ്ഞുണ്ണി മാരാർ ചോദിക്കുമ്പോൾ കേശവൻ നായർക്കുണ്ടാകുന്ന വെപ്രാളം കണ്ട്, “.ചുറ്റമ്പലത്തൂണിന്മേൽ കരിങ്കല്ലിൽ കൊത്തിയ കണ്ണാടി നോക്കുന്ന സുന്ദരി നടുങ്ങി. ചുറ്റമ്പലത്തിന്റെ കരിങ്കൽത്തൂണിൽ കൊത്തിയ കൈയിൽ വിളക്കെടുത്ത യക്ഷി നടുങ്ങിഎന്നിങ്ങനെ ക്ഷേത്രശില്പങ്ങളിലേക്ക് സമകാലിക സാഹചര്യങ്ങളെ പ്രക്ഷേപിക്കുമ്പോൾ, ‘കരിങ്കൽത്തൂണുകൾക്കരികിൽ മറ്റൊരു കരിങ്കൽത്തൂണുപോലെ മിഴിച്ചുനിന്ന കേശവൻ നായരെയും ചേർത്തുവച്ച് പൌരാണിക-സമകാലികതകളുടെ പാരസ്പര്യവും വിച്ഛേദവും എടുത്തുകാട്ടാൻ കഥാകാരൻ ശ്രദ്ധിക്കുന്നുണ്ട്. തേവാരത്തിനുള്ള കറുകയും പൂവും വിളക്ക് കത്തിക്കാൻ തിരി തെറുക്കലും കട്ടിയുരുളിയും പൂപ്പാലികയും വാൽക്കിണ്ടിയും നിലവിളക്കും പൂജ ചെയ്യുന്ന നമ്പൂതിരിയും ഇല്ലത്തെ ആത്തോലമ്മയുടെ നെറ്റിയിലെ ചന്ദനക്കുറിയും കാതിൽത്തൂങ്ങുന്ന തക്കയും കൈകളിലെ ഓട്ടുവളയുമെല്ലാം സമകാലികതയിൽ പൌരാണികത നടത്തുന്ന കുടിവയ്പുകളാണ്. എന്നാൽ നായരും മാരത്തിയും രണ്ട് ജാതിയാണെന്നും അവർ തമ്മിലുള്ള വിവാഹം നിഷിദ്ധമാണെന്നു മുള്ള യാഥാസ്ഥികസമീപനങ്ങളെ, ‘ജാതിയല്ല, സ്നേഹാഎന്ന് പറഞ്ഞ് നിശ്ചയദാർഢ്യത്തോടെ നേരിടുകയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുന്ന കുഞ്ഞുണ്ണിമാരാർ യാഥാസ്ഥികതയ്ക്ക് തന്നെ മാനുഷികസമീപനം കൈവരുമ്പോൾ അതിന് സമകാലികതയ്ക്കൊപ്പം എങ്ങനെ വികസിക്കാ നാവുമെന്ന് കാട്ടിത്തരുന്നുണ്ട്. കാലപരിണാമത്തിൽ ഭൂതവർത്തമാനങ്ങളുടെ പരസ്പരവിന്യാസം സൂക്ഷ്മതയോടെ ആവിഷ്ക്കരിക്കുന്നതിലൂടെയാണ് അഷ്ടപദി അതിന്റെ ചരിത്രപരതയും കഥനത്തിലെ ജൈവചൈതന്യവും കൈവരിക്കുന്നത്. വെറുമൊരു കാല്പനികപ്രേമം സമൂഹജീവിതക്രമങ്ങളുടെ അവിച്ഛിന്നഭാവമായിത്തീരുന്നതെങ്ങനെയെന്ന് തികച്ചും യഥാതഥമായി അനുഭവപ്പെടുത്താൻ ഇതിലൂടെ കഥാകാരന് കഴിയുന്നുണ്ട്.
വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും ഇങ്ങനെയെല്ലാം നിർണയിക്കുന്ന കാലമെന്നത് ദേശത്തിൽനിന്നും ഭിന്നമല്ലെന്നും രണ്ടും കഥയിലെന്നപോലെ ജീവിതത്തിലും പരസ്പരം സൃഷ്ടി യുടെയും സ്രഷ്ടാവിന്റെയും സ്ഥാനം വഹിക്കുന്നവയാണെന്നുമുള്ള സമീപനം നോവലിന്റെ ചരിത്ര പരതയുടെയെന്നപോലെ യഥാതഥമായ ആവിഷ്ക്കാരത്തിന്റെയും നിദർശനമാണ്. നവോത്ഥാന പ്രവർത്തനങ്ങൾ കൊണ്ട്  കേരളമാകെ ഇളകിമറിയുന്നൊരു കാലത്താണ് ക്ഷേത്രജീവിതവും ക്ഷേത്രകലയുമായി ബന്ധപ്പെട്ട അഷ്ടപദിയിലെ കഥാസംഭവങ്ങൾ രൂപം കൊള്ളുന്നത്. മുറകളും ആചാരങ്ങളും പലതും മാറാൻ നിർബന്ധിക്കപ്പെട്ടു. “അകത്തുള്ളാളുടെ മറക്കുടകൾ തല്ലിപ്പൊളിച്ചു. വിധവകളെ വീണ്ടും മന്ത്രകോടിയുടുപ്പിച്ച് കൈയിൽ ശരക്കോലും കണ്ണാടിയും കൊടുത്തു. നമ്പൂരാർക്ക് സംബന്ധത്തിനിഷ്ടം പോലെ കേറിയിറങ്ങാൻ തുറന്നിട്ടിരുന്നപടിവാതിലുകൾ അടപ്പിച്ചു.” ഇല്ലത്ത് കഴിഞ്ഞുകൂടണമെങ്കിൽ ഉള്ള വസ്തുവകകൾ വിറ്റാലേ പറ്റൂ എന്ന നില വന്നപ്പോഴാണ് മേപ്രത്തെ പറമ്പ് വിൽക്കാനൊരുങ്ങുന്നതും, “അടിയനെഴുതിത്തന്നേർന്നെങ്കി അടിയനതൊരു ഉപകാര മായേനെഎന്ന് കേശവൻ നായർ പറയുന്നതും. കേശവൻ നായരെന്ന ഇടനിലക്കാരനെ സാമ്പത്തികമായും സാമൂഹികമായുമുള്ള പുതിയ അധികാരകേന്ദ്രമാക്കുന്നതായിരുന്നു പിന്നീടുണ്ടായ സമൂഹഗതിയുടെ കീഴ്മേൽ മറിച്ചിൽ. സമ്പത്തും പ്രൌഢിയും തികഞ്ഞിരുന്ന ക്ഷേത്രങ്ങൾ ദിവസപ്പൂജ നടത്തിക്കൊണ്ടുപോകാൻ പോലുമാവാത്ത നിലയിലേക്ക് മാറുന്നതും ക്ഷേത്രാശ്രിത സമൂഹങ്ങൾ നിത്യവൃത്തിക്കായി വലയുമ്പോൾ, പുതിയ മുതലാളിത്തപരമായ ധനാഗമമാർഗങ്ങളിലേക്ക് തിരിയുന്നവർ അധീശത്വത്തിലേക്കെത്തുന്നതും നവോത്ഥാനകേരളം തന്ന നിത്യക്കാഴ്ചകളിൽ ചിലതാണ്. സമൂഹ പരിണാമത്തിലെ സവിശേഷഘട്ടത്തെ പൌരാണിക-മിത്തിക്കൽ പ്രണയത്തിന്റെ സമകാലിക പുനരാഖ്യാനത്തിലെ ഒരു നിർണായകസന്ധിയായി നിബന്ധിക്കുന്നതിലൂടെ സാംസ്ക്കാരിക പൈതൃകമെന്നപോലെ സമകാല ഭൌതികയാഥാർഥ്യങ്ങളും എങ്ങനെയെല്ലാം ജീവിതസമസ്യകളെ ബാധിക്കുന്നുവെന്ന അന്വേഷണം കൂടിയായി നോവൽ മാറുന്നു. കാലം, ദേശം, അവയെ നിർമ്മിക്കുന്ന മിത്തുകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കലാപാരമ്പര്യങ്ങൾ എന്നിങ്ങനെയുള്ളവയെയെല്ലാം കഥാലോകത്തിന്റെ ഉള്ളിലടക്കുകയും അവയിലോരോന്നിന്റെയും സ്ഥാനസ്ഥമായ സ്ഫുരണങ്ങളായി ആഖ്യാനത്തെ മാറ്റുകയും ചെയ്യുന്നതിലൂടെ പ്രമേയവും ആവിഷ്ക്കാരവും തമ്മിൽ സൂക്ഷ്മവും ദൃഢവുമായ ഒരാന്തരബന്ധം ശക്തമായി നിലനിർത്താനും അഷ്ടപദിക്ക്  സാധിച്ചിട്ടുണ്ട്. കലാസൃഷ്ടിയെന്ന നിലയിൽ നോവലിന്റെ വിജയത്തിന് മുഖ്യനിദാനം ഇതാണ്. പൂജാരിയായെത്തിയ ഉണ്ണിനമ്പൂതിരി ശ്രീകോവിലിനു മുന്നിൽ വച്ച് രാധയെ കയറിപ്പിടിച്ചതിനെക്കുറിച്ച്, ‘യജ്ഞോപവീതം കുടുക്കാക്കി ഇല്ലത്തിന്റെ വിശുദ്ധി ആത്മഹത്യ ചെയ്തതോർത്ത് വല്യമ്പൂരി വ്യസനിച്ചുഎന്ന മട്ടിൽ ആഖ്യാനത്തെ സാന്ദ്രമാക്കുന്നതിന് ഇത് വഴിയൊരുക്കുന്നു. ‘ഇടിഞ്ഞുപൊളിഞ്ഞുവീണ ശ്രീകോവിലിന്നകത്ത് കുത്തനെ നാട്ടിയ ത്രിശൂലത്തിന്മേൽ കോർത്തുകിടന്നു പിടയുന്ന ശിവൻഎന്ന് കഥാന്ത്യത്തോടടുക്കുമ്പോൾ വല്യമ്പൂരിക്കുണ്ടായ ഉദ്ഭ്രാന്തമായ പേടിസ്വപ്നവും കഥയെ കവിതയാക്കുന്ന ആന്തര സർഗാത്മക ബന്ധത്തിന്റെ പ്രതിഫലനമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ തൊട്ടുള്ള കാലം കേരളത്തിന്റെ രാഷ്ട്രീയ-സാംസ്ക്കാ രിക അങ്കനത്തിൽ സർവപ്രധാനമായ ചടുലപരിണാമങ്ങളുടേതാണ്. ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും പൊയ്കയിൽ യോഹന്നാനും വക്കം അബ്ദുൾ ഖാദറും മറ്റും ഉയർത്തിവിട്ട സമൂഹനവീകരണസന്ദേശങ്ങൾ ജനജീവിതത്തെയാകെ ഇളക്കിമറിച്ചു. സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാന ങ്ങൾ മുപ്പതുകളോടെ സംഘടനാരൂപം കൈക്കൊള്ളുകയും ജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങളുടെയെന്ന പോലെ അവരുടെ സ്വാതന്ത്ര്യേച്ഛയുടെയും പതാകാവാഹകരായെത്തുകയും ചെയ്തു. വ്യക്തിയും വ്യക്തി സ്വാതന്ത്ര്യവും പ്രധാനപ്പെട്ടൊരജന്റയായുയർന്നുവന്നു. പഴയ മിത്തിക്കൽ പ്രണയസങ്കല്പത്തിൽനിന്നും രാധയുടെയും ഉണ്ണിക്കൃഷ്ണന്റെയും  പ്രണയം വ്യതിരിക്തമാവുന്നത് പുതിയ ഇടത്തരക്കാരന്റെ ആവിർഭാവ ത്തിന്റെയും സ്വത്വരൂപീകരണത്തിന്റെയുമെന്നപോലെ പുതുതായി രൂപം കൊണ്ട വ്യക്തിസ്വാതന്ത്ര്യ ബോധത്തിന്റെയും സാഹചര്യത്തിലാണ്. മാറിത്തീരുന്ന ആചാരങ്ങൾ, പുതിയ സാമൂഹികാവബോധ രൂപീകരണത്തോടെ ക്ഷയോന്മുഖമായിത്തീരുന്ന പഴയ അധികാരസ്ഥാനങ്ങൾ, ആരാധകർ തിരിഞ്ഞുനോക്കാതായതിനെത്തുടർന്ന് നിത്യവൃത്തി നടത്തിക്കൊണ്ടുപോകാനാവാതെ വലയുന്ന ക്ഷേത്രങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ പ്രണയവിച്ഛേദത്തിന്റെയും ആത്യന്തിക ദുരന്തത്തിന്റെയും നിയാമകങ്ങളാണ്. സ്ഥിതവ്യവസ്ഥയുടെ സ്വച്ഛത രൂപംകൊടുത്തുവളർത്തിയെടുത്ത പ്രണയം സാമൂഹികവികാസം വരുത്തിവച്ച ചില പ്രതിസന്ധികളിൽ തട്ടിത്തകരുന്നു. സമൂഹപരിണാമത്തിന്റെ ഗതിക്രമങ്ങളെ സൂക്ഷ്മമായി ചിത്രണം ചെയ്യാനും അതിലെ നേർത്തതെങ്കിലും ശക്തമായ അന്തർധാരയായി പ്രണയത്തെ നിലനിർത്തി വളർത്തിയൊരുക്കി പൊട്ടിച്ചിതറിക്കാനും കഴിയുന്നതിലൂടെ യാഥാതഥ്യത്തിന്റെയും കാല്പനികതയുടെയും സമവായം നോവൽശില്പത്തിന് നൽകാൻ കഴിയുന്ന കരുത്തും മിഴിവും എത്രയെന്നും അഷ്ടപദി കാട്ടിത്തരുന്നു.
യാഥാതഥ്യവും കാല്പനികതയും തമ്മിലുള്ള വേഴ്ചയാണ് മലയാളനോവലിന്റെ ആവിർഭാവ വികാസങ്ങളിൽ നിർണായകമായിനിന്നത്. വഴിയിലെ ഏറ്റവും മികച്ച ഒരു മാതൃകതന്നെ സൃഷ്ടിച്ചുകൊണ്ട് ഇന്ദുലേഖ മലയാളത്തിലെ നോവൽ പ്രസ്ഥാനത്തിന് വഴികാട്ടിയായെത്തുകയും ചെയ്തു. ചുരുക്കം ചില അപവാദങ്ങളൊഴിച്ചാൽ, നമ്മുടെ നോവൽ സാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളെല്ലാം തന്നെ സമീപനത്തിന്റെ വിവിധ അനുപാതങ്ങളിലുള്ള ചായക്കൂട്ടുകളിലൂടെ വാർന്നുവീണവയാണെന്നും കാണാം. അഭിലഷിക്കുന്ന സ്വപ്നലോകവും നിലവിലുള്ള യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യ-വൈരുദ്ധ്യങ്ങൾ അതിൽ ഭാവമേഖലയായിത്തീരുന്നു; സാമൂഹികവികാസം വൈയക്തികതയിലേല്പിക്കുന്ന ദുരന്തങ്ങളുടെ തീവ്രമായൊരാവിഷ്ക്കാരമായി അവിടെ അഷ്ടപദി സ്ഥാനം പിടിക്കുന്നു.


(നവോത്ഥാനാനന്തര നോവൽ എന്ന അപ്രകാശിത കൃതിയിൽ നിന്ന്)