Monday, September 30, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 2 വേനലിന്റെ വിലാസങ്ങൾ



ർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 2
വേനലിന്റെ വിലാസങ്ങൾ
കാത്തുകാത്തിരുന്ന് വന്നെത്തിയ ജർമ്മനിയിലെ വേനലിന്  ക്രൂരഭാവങ്ങളൊന്നുമില്ല
നമുക്ക് വേനൽ വരൾച്ചയുടെയും പൊതുവെ ഊഷരതയുടെയും കാലമാണ്എല്ലാം വരണ്ടുണങ്ങുന്ന കാലംഎന്റെ കുട്ടിക്കാലത്ത് ആ വരൾച്ച ശരിക്കും അനുഭവിച്ചിട്ടുള്ളത് ഓർമ്മ വരുന്നുഞങ്ങളുടെ ചേർത്തലയിൽവേനലിന്റെ മകരംകുംഭംമീനം മാസങ്ങളിൽ ചെറിയൊരു പച്ചപ്പ് നിലനിൽക്കണമെങ്കിൽ എല്ലാറ്റിനും, തെങ്ങുകൾക്കുൾപ്പെടെ,  നനച്ചു കൊടുത്തേ പറ്റൂചെറുപ്പ കാലത്ത് എല്ലാ പുലർച്ചയിലും കുളങ്ങളിൽനിന്ന് ഇരുകൈകളിലും കുടങ്ങളിൽ വെള്ളം നിറച്ച് തെങ്ങു കൾക്ക് നനയ്ക്കാറുണ്ടായിരുന്നത് ഓർമ്മ വരുന്നുപിന്നീട് അത് മോട്ടോർ പമ്പുകൾ ഏറ്റെടുത്തു.നനച്ചാൽത്തന്നെയും ചെടികളും മറ്റും കൊടുംവേനലിൽ വരണ്ടുണങ്ങുംഇപ്പോൾ പഴയമട്ടിൽ നനയ്ക്കുന്ന വരാരെങ്കിലുമുണ്ടോ എന്നറിയില്ല.  ഏതാ യാലും ഇത്തവണത്തെ കൊടിയ വരൾച്ചയെ അതിജീവിക്കാൻ നാട് ഏറെ ബദ്ധപ്പെട്ടു.
ജർമ്മനിയിലെ ഈ വേനലിൽ ചില ദിവസങ്ങളീൽ നല്ല വെയിൽ കിട്ടാറുണ്ട്അത് ആഹ്ലാദത്തിന്റെ അവസരമാണ്.  ആ വെയിൽ പലരും സൂര്യസ്നാന(sun bath)ത്തിന് ഉപ യോഗിക്കുന്നുകഴിഞ്ഞ ദിവസം ഞങ്ങൾ ഇസാർ നദിക്കരയിൽ എത്തിയത് നട്ടുച്ചയ്ക്കാണ്.  ഒരു മണി സമയംനദിക്കകത്തെ മണൽപ്പരപ്പിൽ അന്നേരം പൊള്ളുന്ന വെയിലെന്ന് പറയാംപക്ഷേ നദിയിലെ വെള്ളത്തിലിറങ്ങിയാൽ കൊടുംതണുപ്പ്.  സൂര്യസ്നാനത്തി നെത്തിയ നൂറ് കണക്കിന് ആളുകൾ അപ്പോൾ അവിടെയുണ്ട്.  അവരെല്ലാംതന്നെ  നദീതീര മണൽപ്പരപ്പിൽ മലർന്നും കമിഴ്ന്നും കിടക്കുകയാണ്എല്ലാവരും തന്നെ അല്പമാത്രവസ്ത്രർ;  പൂർണനഗ്നരും കുറവല്ലഅതെല്ലാം ഈ സംസ്ക്കാരവിശേഷതയിലെ സ്വകാര്യതകൾ,  ആൾക്കൂട്ടത്തിന്നുള്ളിലെ തുറന്ന സ്വകാര്യത.  സ്വകാര്യതയെക്കുറിച്ച് ഇവിടെ ഏറെപ്പറയാ നുണ്ട്അത് പിന്നീടാകാംതങ്ങളുടെ സ്വകാര്യതയെ അവർ വെയിലിന്റെ ചൂടും നദിയുടെ കുളിരും ചേർത്ത് ശരിക്കും ആഘോഷിക്കുന്നുചിലരൊക്കെ അതിന്നിടയ്ക്ക് പിക്നിക്ക് മട്ടിൽ വയ്പ്പും കുടിയുമൊക്കെ നടത്തുന്നുണ്ട്.  അവിടവിടെയായി പുകയുയരുന്നത് കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്.
ഈ വേനലാഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെയേറെ നായ്ക്കളും എത്തിയിട്ടു ണ്ടെന്നതാണ് മറ്റൊരു കാര്യംതെരുവ് നായ്ക്കളല്ലപലരുടെയും ഓമന വളർത്തുനായ്ക്കൾ.  അവിടെയെത്തുന്ന നല്ലൊരു വിഭാഗം ആൾക്കാരോടൊപ്പവും അവരുടെ നായ്ക്കളുണ്ട്അതി ന്നിടെ അങ്ങനെ ഞാൻ ചെറിയൊരപകടസാധ്യതയിലെത്തുകയും ചെയ്തു.നദിക്കരയിൽ വച്ച് ചെറുമകളായ അഞ്ച് വയസ്സുകാരി തുമ്പിയുടെ നിർബന്ധപ്രകാരമാണ് അവളോടൊപ്പം അല്പദൂരം ഓടിയത്അത് കണ്ട് നായ്ക്കളിലൊന്ന് ഞങ്ങളെ പിന്തുടർന്നത് അറിഞ്ഞില്ല.  ഏതായലും എന്നെ വന്ന് പിടികൂടുന്നതിനുമുമ്പ് ഉടമസ്ഥൻ അതിനെ തിരിച്ച് വിളിച്ചുകൊണ്ടു പോയിഅല്ലെങ്കിൽ ജർമ്മൻപട്ടിയുടെ കടി കൊണ്ടെന്ന് വരുമായിരുന്നുപ്രൈമറി സ്ക്കൂളിൽ വച്ച് ഒരു നായ എന്റെ ഒരു വർഷം കളഞ്ഞതാണ്!
ഇവിടെ പലർക്കും ജീവിതത്തിന്റെയും സഞ്ചാരത്തിന്റെയും അവശ്യഭാഗമാണ് നായ്ക്കൾ.നായ്ക്കളെയും കൊണ്ടാണ് അവർ നടക്കാനിറങ്ങുന്നത്തങ്ങളോടൊപ്പം നായ്ക്കളെയും ഓടിച്ച് സൈക്കിളിൽ പോകുന്നവരെയും കാണാംസൈക്കിളിന്റെ മുൻഭാഗത്ത് പ്രത്യേകം തയാറാക്കിയുറപ്പിച്ച ബാസ്കറ്റിൽ പട്ടിയെയും ഇരുത്തി ഒരു സുന്ദരി കടയിൽ ഷോപ്പിങ്ങിന് വരുന്നത് കണ്ടുബസ്സിലെയും ട്രാമിലെയും ട്രെയിനിലെയും യാത്രയ്ക്കിടയിൽ നയ്ക്കളുണ്ടാവുന്നത് സധാരണം മാത്രംമുമ്പ് സൂചിപ്പിച്ചതുപോലെ, (യൂറോപ്പിൽ മഞ്ഞു കാലത്ത്) ആർക്കും യാത്രയ്ക്കിടയിൽ ഒരു പട്ടിയെ കൊണ്ടുപോകാംഒന്നിലധികമായാൽ ടിക്കറ്റെടുക്കണമെന്നേയുള്ളുഒരനുഭവം പറഞ്ഞുകേട്ടുഇവിടെ ഒരു കമ്പനിയിലേക്കുള്ള ഇന്റർവ്യൂ നടക്കുകയായിരുന്നുഇന്റർവ്യൂവിന് ഒരു മലയാളി യുവതിയെത്തിയപ്പോൾ   സ്ഥാപനമേധാവിയുടെ വളർത്തുനായ അവളുടെ മടിയിലേക്ക് ചാടിക്കയറിഅതോടെ ആ യുവതിയുടെ നിയമനം ഉറപ്പായികഴിഞ്ഞ ദിവസം ഞങ്ങൾ ട്രെയിനിൽ പോയപ്പോൾ തൊട്ടുമുന്നിലെ സീറ്റിൽ രണ്ട് തല കണ്ടുഒന്നൊരു യുവതിയാണ്മറ്റേത് അവൾ തോളിൽ കിടത്തിയിരിക്കുന്ന നായയുംശരീരമാകെ ചെമ്പൻ - തവിട്ട് രോമങ്ങൾ നിറഞ്ഞുവളർന്ന നായമുഖം മുഴുവനും മറയ്ക്കുന്ന വിധത്തിൽ രോമങ്ങൾപിന്നിൽ നിന്നുള്ള കാഴ്ചയിൽ യുവതിയുടെ മുടിക്കെട്ടും രോമങ്ങൾനിറഞ്ഞ നായയുടെ തലയും തമ്മിൽ  ഒട്ടും ഭേദം തോന്നിയില്ലവിശേഷപ്പെട്ട വളർത്തുനായ്ക്കളിൽ ഇത്രയേറെ ഇനങ്ങളുണ്ടെന്ന്   ഇപ്പോൾ വിടെ വന്നതിനുശേഷമാണ് ഞാനറിയുന്നത്!
വേനലിന്റെ കാര്യമാണ് പറഞ്ഞുവന്നത്.  നമ്മുടെ നാട്ടിലേതിൽനിന്ന് വ്യത്യസ്ത മായി,പ്രകൃതി വേനലിൽ ഇവിടെ പച്ചവിരിച്ച് ഉലർന്നുനിൽക്കുന്നുവസന്തം കഴിഞ്ഞാണ് ഇവിടെയെത്തിയ തെങ്കിലും ഈ വേനലിൽ എങ്ങും കാണാം നിറയെ പൂക്കൾവീടുകൾക്ക് മുന്നിലെല്ലാമുള്ള പൂന്തോട്ടങ്ങളിൽ മാത്രമല്ലകാട്ടുപൊന്തകൾ പോലും പൂക്കളുടെ ഉദ്യാനം പോലെ വർണശബളവും കാഴ്ചയ്ക്ക് ഉല്ലാസപ്രദവുമാണ്ചിലപ്പോൾ ഉദ്യാനങ്ങളിലെ ക്കാളേറെ പുഷ്പവൈവിധ്യവും ഭംഗിയും പ്രകൃതിയുടെ ഈ കാട്ടുപൊന്തകളിൽ കണ്ടെന്നിരിക്കും. ‘ഉദ്യാനലതയെ വനലത തോല്പിച്ചു’ എന്ന ശാകുന്തളത്തിലെ ദുഷ്ഷന്തവാക്യം  എങ്ങനെ അക്ഷരാർഥത്തിൽ അന്വർഥമാകാമെന്നും ഇവിടെ കണ്ടറിഞ്ഞു.
ഇവിടത്തെ പ്രധാന വൃക്ഷസാന്നിധ്യമായ മേപ്പിളുകൾ  നിറയെ പൂത്തുലഞ്ഞ്   ഉടലാകെ കുണുക്കുകളിട്ട് നിൽക്കുന്നുഹരിതം വിരിയിച്ച് നിൽക്കുന്ന ഈ മരങ്ങൾ ശരത്കാലത്ത് ഊതനിറവും ശിശിരത്തിൽ ചെമ്പിൻനിറവും പുതച്ച് ഋതുഭേദങ്ങളെ യഥാവസരം സ്വീകരിക്കുന്നവയാണ്.ഇവിടത്തെ സംബന്ധിച്ചിടത്തോളം സർവവിജയിയായ ശൈത്യത്തിനുമുന്നിൽ മാത്രമാണ് അവ അടിയറവ് പറയുന്നത്ഏതായാലും, ‘പച്ച വിരിച്ചു സമസ്തപദാർഥമെടുത്തുവിലക്കീയവനിയെന്ന താണ്  വേനൽ ഇവിടെ പ്രകൃതിയോട് ചെയ്തതായിക്കാണുന്നത്.
ആളുകളുടെ വേഷത്തിൽ വേനൽ വരുത്തുന്ന വ്യതിയാനങ്ങളെക്കുറിച്ചും സ്വാതന്ത്ര്യബോധ ത്തെക്കുറിച്ചും മുമ്പ് സൂചിപ്പിച്ചുഅതോടൊപ്പം വേനൽ അവർക്ക് നൽകുന്ന നവോന്മേഷവും അതിലൂടെ കൈവരുന്ന വ്യവഹാരവൈവിധ്യങ്ങളും കണ്ടറിഞ്ഞേ നമുക്ക്  മനസ്സിലാവൂഅത് ആളുകളെ അവരുടെ എല്ലാവിധ പ്രവർത്തനസാധ്യതകളിലേക്കും തുറവുകളിലേക്കും പൂർണമായി ആനയിക്കുന്നുഅതോടെ പ്രവർത്തനമേഖലകളെല്ലാം സജീവമാകുന്നുഅതിന്റെ പ്രതിഫലനം കടകമ്പോളങ്ങളിലും കാണാംറസ്റ്റോറന്റുകളുടെ കാര്യത്തിലാണ്  ഇത് ഏറ്റവും പ്രകടമാകുന്നത്.വഴിയോരങ്ങളിലെ തുറസ്സുകളും കൂടി ചേർന്ന് പ്രവർത്തിക്കുന്നവയാണ് റസ്റ്റോറന്റുകൾ മിക്കവയുംനല്ല വെയിലുള്ള ദിവസങ്ങളിൽ അവയിലെല്ലാം ആൾക്കാർ നിറഞ്ഞ് വിഹരിക്കുന്നത് കാണാം.ശൈത്യകാലത്ത് അങ്ങനെയൊന്ന് സങ്കല്പിക്കുകയേ വേണ്ടവേനൽക്കാലത്താണെങ്കിലും ചെറിയൊരു മഴ പെയ്താൽതണുത്ത കാറ്റ് വന്നാൽ  കാര്യമാകെ മാറുംറസ്റ്റോറന്റുകൾ മാത്രമല്ല,വലിയ ഷോപ്പിങ് മാളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഈ അനുഭവത്തിന് വിധേയമാണ്ഫ്രാങ്ക് ഫർട്ടിൽനിന്ന് മലയാളി സുഹൃത്ത് സിറിയക്ക് വിളിക്കുമ്പോഴെല്ലാം എടുത്തുപറയുന്ന സന്തോഷം ഇപ്പോൾ കിട്ടുന്ന വെയിലിന്റെ കാര്യമാണ്.  
പുറത്ത് വേനൽ കത്തിയെരിഞ്ഞെന്നിരുന്നാലും അകങ്ങളിലേക്ക് കടന്നാൽ തണുപ്പ് തന്നെ. ഇവിടെ കത്തിയെരിയുന്ന വെയിൽ എന്ന് പറയുന്നത് പലപ്പോഴും ഇരുപത്തിമൂന്ന് ഇരുപത്തിനാല് ഡിഗ്രി ചൂടാണ്അപ്പോൾ ഏറ്റവും കുറഞ്ഞ താപനില പന്ത്രണ്ടോ പതിന്നാലോ ഡിഗ്രിയായിരിക്കും.സാധാരണഗതിയിൽ നമ്മുടെ ഏറ്റവും തണുത്ത അവസ്ഥയെക്കാൾ താഴെയാണ് ഇവിടത്തെ വേനലിന്റെ ചൂടെന്ന് സാരംവളരെ വളരെ ചുരുക്കം ദിവസങ്ങളിൽ അത് മുപ്പത് ഡിഗ്രിക്ക് മുകളിലെത്തിയെന്ന് വരാംശൈത്യകാലത്ത് ഏറ്റവും ഉയർന്നത് ആറും ഏറ്റവും  കുറഞ്ഞത് മൈനസ് ഇരുപതും ആയെന്നും വരാംനമുക്ക് സങ്കല്പിക്കാനാവാത്തതാണത്.  താപനിലയുടെ ഈ സവിശേഷത നിമിത്തംനമ്മുടെ വീടുകളിൽ ഇപ്പോൾ അവശ്യവസ്തുവായി മാറിയിട്ടുള്ള ഫാനുകൾ ഇവിടത്തെ വീടുകൾക് തീരെ അപരിചിതമാണ്എന്നാൽ നാം ഫാനുകൾക്ക് നൽകുന്നതിനെക്കാൾ അനിവാര്യ മായ സ്ഥാനം റൂം ഹീറ്ററുകൾക്കുണ്ട്കുളിമുറിയിലും കക്കൂസിലുംപോലും അവയ്ക്ക് സ്ഥാനം നൽകിയത് ഈ ശീതോഷ്ണാവസ്ഥയാണ്.

ശൈത്യരാജ്യങ്ങൾക്ക് എല്ലാംകൊണ്ടും ഏറ്റവും ആദരണീയനായ സുഹൃത്ത് വേനൽക്കാലം തന്നെ.

Thursday, September 26, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് - 1

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത്
കാലം, വേഷം, ഭാഷ, അതിജീവനം
എസ്. രാജശേഖരൻ
രു മഞ്ഞ്കാലത്ത് വന്നുപോയതിനുശേഷം ഇപ്പോഴിത് ജർമ്മനിയിലേക്കുള്ള രണ്ടാം വരവാണ്മഞ്ഞും തണുപ്പും പ്രകൃതിയെ കാർന്നുതിന്നതിന്റെ അവശിഷ്ടങ്ങളായിരുന്നു അന്ന് കാണാൻ കഴിഞ്ഞിരുന്നത്മഞ്ഞിന്റെ വെൺപട്ട് പുതച്ചുറങ്ങുന്ന ചെടികളും മരങ്ങളും വീടുകളും കാറുകളും മറ്റും അകലക്കാഴ്ചയ്ക്കിമ്പമേകുമെന്നിരുന്നാലും അനുഭവത്തിൽ അത് കോച്ചിവലിക്കുന്നത് തന്നെയായിരുന്നുഉൾക്കുളിര് എന്നും മറ്റുമുള്ള പ്രയോഗങ്ങൾ എത്രമാത്രം പ്രാദേശീയമാപരിമിതിയുൾക്കൊള്ളുന്നതാണെന്നും അപ്പോഴാണറിയുന്നത്.  ഉൾക്കുളിരെന്നല്ലഏത് കുളിരും പുളക മേകുക ഉഷ്ണമേഖലാരാജ്യങ്ങൾക്ക് മാത്രമാണ്യൂറോപ്യൻ നാടുകൾ പോലുള്ള ശൈത്യരാജ്യങ്ങൾക്ക് പുളകമേകാൻ കുളിരല്ലചൂട് തന്നെ വേണ്ടിവരും.  അതു കൊണ്ട് ഊഷ്മളതയിലാണ് അവർ ആഹ്ലാദം കണ്ടെത്തുകഅങ്ങനെ Warm welcome -ഉം  Warm regards -ഉം ഒക്കെ ശൈത്യരാജ്യങ്ങളുടെ പ്രത്യാശയാണ് മുന്നിൽക്കൊണ്ടു വരുന്നത്.  കഥയറിയാതെ പാശ്ചാത്യരെ പിൻതുടർന്ന് നമ്മുടേതു പോലുള്ള ഉഷ്ണരാജ്യങ്ങളിൽ  ‘ഊഷ്മള മായ  സ്വാഗതം’ പറയുന്നവരെ പത്തൽ വെട്ടി അടി ക്കേണ്ടിവരും!
ശൈത്യരാജ്യങ്ങളെ സംബന്ധിച്ച് വേനൽക്കാലമാണ് ഹൃദ്യംഇവിടത്തെ ഓരോ മഞ്ഞുകാലവും മറുവശത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന വേനലിനെ സ്വപ്നം കാണുന്നു.
എന്നാൽ ഈ വർഷത്തെ മഴക്കാലം വേനലിന്റെ കാലപരിധിയിലേക്കും കുതിച്ചുകയറുകയാണ് ചെയ്തത്മെയ് പകുതിയോടെ എത്തേണ്ട വേനൽ ജൂണവസാനമായിട്ടും വന്നെന്ന് പറഞ്ഞുകൂടാവേനലിന്റെ നല്ലൊരു ഭാഗം മഴക്കാലം കവർന്നെടുത്തുവേനലിന്റെ മധ്യത്തിലെത്തേണ്ട സമയ മായിട്ടും മഴയ്ക്ക് ഇതുവരെ അറുതിയായിട്ടുമില്ലനട്ടുച്ചയ്ക്കും കുളിർന്ന് വിറയ്ക്കുന്ന അവസ്ഥതന്നെ പലപ്പോഴും തുടരുന്നു.
എന്നാൽമറുപക്ഷത്ത് പകലിന്റെ കടന്നേറ്റം  ഇവിടെ ഈ കാലത്ത് വർധിക്കുകയാണ് ചെയ്യുന്നത്ജൂൺ 14-ന് വൈകിട്ട് ഏഴുമണിയോടെ മ്യൂണിക്ക് വിമാനത്താവളത്തിലിറങ്ങി അവിടത്തെ നടപടികളെല്ലാം കഴിഞ്ഞ് ഞാനും സീതമ്മാളും എട്ടേമുക്കാലോടെ വീട്ടിലെത്തുമ്പോഴും ഇവിടെ പകലാണ്അടുത്ത ദിവസങ്ങളിൽ പകൽ പിന്നെയും നീണ്ടുഇപ്പോൾ സന്ധ്യയാകാൻ പത്തുമണിയാകുമെന്നതാണ് സ്ഥിതിഅതായത് നമ്മുടെ രാത്രി ഒന്നര മണിവെളുപ്പിന് അഞ്ച് മണിക്ക്മുമ്പുതന്നെ വെള്ളവിരിച്ച് പകലെത്തുകയും ചെയ്യുംപകലേറിയും സൂര്യൻ കുറഞ്ഞുമുള്ള സമയത്തിന്റെ ഈ കളി നമുക്ക് അപരിചിതമെങ്കിലും ഇവിടത്തുകാർക്ക് ഒട്ടും അസ്വാഭാവികമല്ല.ഓരോ വർഷവും അവരതിനെ സ്വീകരിക്കുന്നതാണല്ലോ.
പ്രകൃതിയെയും അത് നൽകുന്ന പ്രാതികൂല്യങ്ങളെയും അവയുടെ മുഖവിലയിൽത്തന്നെ ഉൾക്കൊള്ളാനും എതിരേൽക്കാനുമാണ് ഇവിടത്തുകാർ ശ്രമിക്കുകഅവരുടെ വേഷവും പെരുമാറ്റവും ജീവിതവുമെല്ലാം പ്രകൃതിയോടുള്ള സ്വാഭാവികപ്രതികരണങ്ങളാണ്.  ഞങ്ങളിവിടെ വന്നതിനുശേഷം ചുരുക്കം ചില ദിവസങ്ങളിൽ സാമാന്യം നല്ല വെയിലും അതിന്റെ പരിമിതമായ ചൂടും അനുഭവപ്പെട്ടു. ആ മാറ്റം പെട്ടെന്നുതന്നെ ആളുകളുടെ വേഷവിധാനത്തിലും പ്രകടമായിരുന്നുവസ്ത്രങ്ങളുടെ എടുത്തുകെട്ടില്ലാതെ  പുറത്തിറങ്ങാൻ കിട്ടിയ അസുലഭാവസരം അവരാഘോഷിക്കുകയായിരുന്നു.അല്പമാത്രവസ്ത്രരായി സഞ്ചരിക്കുന്ന ആളുകളെവിശേഷിച്ചും സ്ത്രീകളെ ,എവിടെയും കാണാമായി രുന്നുനിരത്തുകളിലും മാളുകളിലും ബസ്സുകളിലും ട്രാമുകളിലും ട്രെയിനുകളിലുമെല്ലാംഎന്നാൽ അത് മാറി ഒരു ദിവസം കൊണ്ട് മഴയും തണുപ്പുമായപ്പോൾ  പെട്ടെന്നെല്ലാവരും മഴക്കാലവേഷങ്ങളിലേക്ക് ചേക്കേറിഷൂസും പാന്റും കോട്ടുമെല്ലാം അവരുടെ രീതിയായിമഴയായാലും മഞ്ഞായാലും തണുപ്പാ യാലും അവയ്ക്കനുസൃതമായ വസ്ത്രങ്ങൾ സ്വീകരിച്ച് പ്രതിരോധിക്കുകയും അവയെയൊന്നും    കൂസാതെ സ്വന്തം ജീവിതവഴികളിലൂടെ  ചരിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിപ്രാതികൂല്യങ്ങൾക്കും അതീതമായി നിൽക്കാൻ കഴിയുന്ന മനുഷ്യനെ അവർ കാണിച്ചുതരുന്നുവസ്ത്രധാരണം അവരെ സംബന്ധിച്ചിടത്തോളം എന്തിന്റെയെങ്കിലും പ്രകടനമെന്നതിനെക്കാൾ നിലനില്പിന്റെ പ്രതികരണ മാണ്അതുകൊണ്ട് യൂറോപ്യന്മാരുടെ വേഷവിധാനമായി നാം കരുതുന്ന ‘കോട്ടും സ്യൂട്ടും’ അവരുടെ ആർഭാടത്തിന്റെയോ വെറും പ്രകടനത്തിന്റെയോ ഭാഗമല്ലഅത് നിലനില്പിന്റെ ഭാഗം തന്നെയാണ്.ഇതൊന്നും മനസ്സിലാക്കാനാവാതെയാണ് നമ്മളിൽ പലരും വെറും യൂറോപ്യൻ അടിമത്തബോധ ത്തിൽ വീണ് മാന്യതയുടെ ലക്ഷണമായി കോട്ടും സ്യൂട്ടും മറ്റും പേറുന്നത്കോടതികളിലും സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക ചടങ്ങുകളിലും മറ്റും ഔദ്യോഗികവേഷമായി അവയെ ഇന്നും പേറുന്നത്പല വിദ്യാഭ്യാസസ്ഥാപനങ്ങളും അവരുടെ യൂണിഫോമായി ഇത് അടിച്ചേല്പിക്കുന്നത്അധിനിവേശഭാരംകൊണ്ട് മനസ്സ് മരവിച്ച മലയാളിമലയാളിയോട് ആശയ വിനിമയം നടത്തുന്നതിന് ഇംഗ്ലീഷിനെ മാധ്യമമാക്കുന്നതു പോലെതന്നെ അശ്ലീലമാണ്, കഥയറി യാതെ പൊയ്ക്കോലം കെട്ടുന്ന ഈ നടപടിഅടിമത്തത്തിന്റെ ആനന്ദലഹരിയിലാറാടാൻ നമുക്ക് തെല്ലും ജാള്യമില്ല!.
ഇവിടെ നാം ഇതിന്റെ ഒരു മറുതലയും  കാണുന്നുഎവിടെപ്പോയാലും ജർമ്മൻഭാഷയി ലല്ലാതെ ഒരു ബോർഡോ അറിയിപ്പോ കുറിപ്പോ എങ്ങും കാണാനാവില്ല (ആ സമീപനത്തെ പൂർണമായും അനുകൂലിക്കാനാവില്ലെന്നിരുന്നാലും). അവർ അവരുടെ പ്രകൃതിക്കൊത്ത് അവരുടെ ഭാഷയിലൂടെ തലയുയർത്തിനിന്ന്  അവരുടെ ജീവിതം നയിക്കുന്നുരണ്ട് യുദ്ധങ്ങൾ ഏല്പിച്ച സമഗ്രമായ തകർച്ചയും ലോകത്തിൽനിന്ന് ഏറ്റുവാങ്ങേണ്ടിവന്ന മുഴുശത്രുതയും നേരിടേണ്ടിവരു മ്പോഴും അജയ്യമായ ശക്തിയായി നില കൊള്ളാൻ അവരെ പ്രാപ്തരാക്കുന്നത്  മറ്റൊന്നുമല്ലഉന്നതമായ ആത്മബോധം നേട്ടങ്ങളുടെയെന്നപോലെ വിനാശങ്ങളുടെയു പാരംയത്തിലേക്ക് മനുഷ്യനെ എങ്ങനെ നയിക്കാമെന്നും അവർ സ്വയം ഉദാഹരിച്ചുതന്നുശാസ്ത്രനേട്ടങ്ങൾക്കുപുറമേപലതുമുണ്ട് ജർമ്മനിക്ക് നമ്മെ അറിയിക്കാനായി.








Tuesday, September 24, 2013

ചേരുംപടി!


‘വിവാഹം വിദ്യാഭ്യാസത്തിന് തടസ്സമല്ല’ - കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി. ‘വിദ്യാർഥിനികൾക്ക് പ്രസവാവധി നൽകും‘ - കാലിക്കറ്റ് യൂണിവേഴ്സിറ്റി.

Friday, September 20, 2013

ഭാഷ, പരിഭാഷ

ഭാഷയെന്നത് സംസ്ക്കാരവിശേഷമാണ്, ജീവിതവിശേഷമാണ്. അതിനെ പൂർണമായി മറ്റൊരു ഭാഷയിലേക്കും വിവർത്തനം ചെയ്യാനാവില്ല.                                                                 വിവർത്തനത്തിൽ കവിത മാത്രമല്ല, ഭാഷാസത്തയും ചോർന്നുപോകുന്നു. എന്നല്ല, ബ്രിട്ടണിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ഇംഗ്ലീഷുകളും നമ്മുടെ വിവിധ സംസ്ഥാനങ്ങളിലെയും ഹിന്ദിയുമൊക്കെ പരസ്പരം വ്യത്യസ്തമായിരിക്കുന്നത് അതുകൊണ്ടാണ്.                                           അങ്ങനെ പറഞ്ഞുവരുമ്പോൾ മലയാളത്തിന്റെ കാര്യം പോലും പരുങ്ങലിലാവും; ‘ആറ് മലയാളിക്ക് നൂറ് മലയാളം’ എന്ന ചൊല്ല് വെറുതെയല്ല.                                        
സൂക്ഷ്മമാലോചിച്ചാൽ, ഓരോ ആളിനും ഓരോ ഭാഷയെന്ന് പറയേണ്ടിവരും!

Wednesday, September 11, 2013

വിദ്യാർഥിനികൾക്ക് പ്രസവാവധി

വിദ്യാർഥിനികൾക്ക് പ്രസവാവധി- തേൻ പുരട്ടിയ കൂരമ്പ്
\
പെൺകുട്ടികളെ അമിതമായി സ്നേഹിച്ചും ലാളിച്ചുംവളർത്തുന്നതിലൂടെ അവരെ സമൂഹ ത്തിനും നാടിനും കൊള്ളാത്തവരാക്കി വീട്ടിനുള്ളിലൊതുക്കിക്കെട്ടിയിടുന്ന ഒരു പുരുഷതന്ത്രമുണ്ട്. കുട്ടികൾക്കുവേണ്ടി അവർക്കാവശ്യമുള്ളതെല്ലാം കൃത്യമായി അവരുടെ മുന്നിലെത്തിച്ചുകൊടുക്കും. അവർക്ക് ഒന്നിനും തേടിപ്പോകേണ്ട, പുറത്തേക്കെങ്ങും ഇറങ്ങേണ്ട, ആരെയും കാണേണ്ട, ജീവിതവും ലോകവും എന്തെന്ന് അറിയേണ്ട. അവൾ വീട്ടിലെ കാര്യങ്ങളും സുഖസൌകര്യങ്ങളും നോക്കി അടങ്ങി യൊതുങ്ങി കഴിയുകയേ വേണ്ടൂ. സ്ത്രീയെ അബലയെന്നും ദേവിയെന്നും ഒരേ സമയം വിശേഷിപ്പിച്ച് ചുരുട്ടിക്കൂട്ടി മൂലയ്ക്കിരുത്തുന്ന ഈ പുരുഷകേന്ദ്രിത രാഷ്ട്രീയത്തിന്റെ പ്രയോഗമാണ് നൂറ്റാണ്ടുകളായി നാം തുടർന്നുപോരുന്നത്. നീ ചൊല്പടിക്ക് അടിമയായിത്തുടർന്നോളൂ എന്നാണ് ഈ അമിത സ്നേഹ ലാളനകളുടെ അന്തർഹിത സന്ദേശം.
വിദ്യാർഥിനികളോടുള്ള സ്നേഹ പരിലാളനകൾ മൂത്ത് അവർക്ക് പ്രസവാവധി അനുവദിച്ചു കൊണ്ടുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിചിത്രമായ തീരുമാനം ഇതിന്റെ മറ്റൊരു പതിപ്പാണ്. സ്ത്രീകളെ സഹായിക്കാനെന്ന് കൊട്ടിഗ്ഘോഷിച്ചുകൊണ്ട് കൈക്കൊള്ളുന്ന സ്ത്രീവിരുദ്ധനടപടി കളുടെ ഏറ്റവും പുതിയ ഉദാഹരണം.
പെൺകുട്ടികളെ ഒമ്പതും പത്തും വസ്സാകുമ്പോഴേക്ക് തന്നെ വിവാഹം കഴിപ്പിക്കുന്ന പതിവാണ് കേരളത്തിലുണ്ടായിരുന്നത്. അവർക്ക് അക്ഷരാഭ്യാസം ആവശ്യമായിരുന്നില്ല. എഴുതാനും വായിക്കാനും അവസരം ലഭിച്ച നന്നെ ചുരുക്കം പേർ തന്നെ അത് വീട്ടിൽ വച്ച് നേടുകയാണ് ചെയ്തിരുന്നത്. പെൺകുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന ബോധം സമൂഹത്തിൽ പടർന്നു വന്നതിനെത്തുടർന്ന്, ശക്തമായിവന്ന ആവശ്യങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും സമരങ്ങളി ലൂടെയും പിന്നീട് ആ നില മാറ്റി, അവർക്കും സ്ക്കൂൾ പ്രവേശനം സാധ്യമാക്കി.. അടുക്കളയുടെ പുകയിലും കരിയിലും നിന്ന് ഇങ്ങനെ പെൺകുട്ടികളെ പുറംവെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരെ സാമൂഹികപ്രതിനിധാനങ്ങളാക്കുന്നതിനുവേണ്ടി ശ്രീനാരായണഗുരുവും അയ്യങ്കാളിയും പിന്നീട് ദേശീയ-പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ സുഘടിതമായ പ്രവർത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയു മാണ് കേരളം പഴമയുടെ സ്ത്രീവിരുദ്ധമാറാലകൾ ഒട്ടേറെ തൂത്തെറിഞ്ഞത്. ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യാപകരിലും വിദ്യാർഥികളിലും മാത്രമല്ല, പൊതുവെ ജീവനക്കാരിൽത്തന്നെ ഭൂരിപക്ഷ വും സ്ത്രീകളായി മാറിയെങ്കിൽ അത് സ്ത്രീകൾക്ക് മറ്റുള്ളവർ നൽകിയ ആനുകൂല്യങ്ങളിലൂടെയല്ല, അവർ നേടിയെടുത്ത അവകാശങ്ങളിലൂടെയും അതുവഴി കൈവരിച്ച അവസരങ്ങളിലൂടെയുമാണ്. ഇക്കാര്യങ്ങ ളൊന്നും മനസ്സിലാക്കാൻ കഴിയായ്കയെന്നതിനെക്കാൾ അങ്ങനെ തുടർന്നുവന്ന സ്വച്ഛന്ദമായ ഗതിക്ക് തടയിടാനുള്ള ആസൂത്രിതശ്രമമാണ് സർവകലാശാലയുടെ ഈ പുതിയ പ്രസവാവധിനിയമത്തിലൂടെ വെളിവാകുന്നത്.
പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനെ വരിക്കാനും പ്രസവിക്കാനും അവകാശ മുണ്ട്. പ്രസവകാലത്ത് സ്ത്രീയുടെ ശാരീരികമായ അവശതകൾ പരിഹരിക്കുന്നതിനും നവജാത ശിശുവിന് അത്യാവശ്യമായ പരിചരണവും പരിപാലനവും നൽകുന്നതിനും അവൾക്ക് അവളുടെ പ്രവൃത്തിമേഖലയിൽ അവധി ലഭിക്കേണ്ടത് അനിവാര്യവുമാണ്. വിദ്യാർഥിനിയായാലും, ഉദ്യോഗസ്ഥ യായാലും തൊഴിലാളിയായാലും ഐ.ടി.മേഖലയിലുൾപ്പെടെ മറ്റ് ഏതൊരു രംഗത്തുള്ളവരായാലും അവരെല്ലാം ഇങ്ങനെയുള്ള അവധിക്ക് അർഹരായിരിക്കണമെന്നതിലും സംശയമില്ല. പ്രസവിച്ച സ്ത്രീക്ക് വികസിതസമൂഹത്തിൽ അതിലേക്ക് ഒരു വർഷത്തെ അവധി ലഭിക്കേണ്ടതാണ് എന്ന് ഈ ലേഖകൻ മുന്നേ ഉന്നയിച്ച അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ. അത് ഇന്നല്ലെങ്കിൽ നാളെ നടപ്പാകുകതന്നെ ചെയ്യും.
സ്ത്രീക്ക് മാത്രമല്ല, ശിശുവിന്റെ പിതാവിനും അത് സംബന്ധിച്ച് അവധി ലഭിക്കേണ്ടതാണ്. മാതാവിന്റെയും ശിശുവിന്റെയും പരിചരണത്തിനും പരിപാലനത്തിനും അത് സംബന്ധമായ സൌകര്യങ്ങളൊരുക്കുന്നതിനും ഇത് അനിവാര്യമാണെന്നതിനാൽ വികസിത പാശ്ചാത്യ രാജ്യങ്ങൾ ഈ ആവശ്യം അംഗീകരിച്ച് പിതാവിന് രണ്ട് മാസത്തെ അവധി നൽകുന്നുണ്ട്. ഇത് നമ്മുടെ നാട്ടിലും നടപ്പാക്കേണ്ടതാണ്. അയാൾ പ്രവൃത്തിയെടുക്കുന്ന മേഖലയേത് എന്ന വിവേചനമില്ലാതെതന്നെ നടപ്പാക്കേണ്ടതാണ് ഇതെന്ന കാര്യത്തിലും തർക്കമില്ല.
എന്നാൽ വിദ്യാർഥിനികളുടെ പ്രസവാവധിക്ക് നിയമപരമായ പ്രാബല്യം നൽകുന്നതിൽ മറ്റുചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസകാര്യങ്ങളിൽ സ്ത്രീകൾ വളരെ മുന്നിലെത്തിയ കേരളത്തിൽ, ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസപ്രായം ഏതാണ്ട് ഇരുപത്തഞ്ച് വയസ്സുവരെയാണ്. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തഞ്ചും ആൺകുട്ടികളുടേത് ഇരുപത്തെട്ടും ആക്കിയുയർത്തണമെന്ന് കേരള വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനുമുമ്പ് നടക്കുന്ന വിവാഹം ഈ വിദ്യാർഥികളെ വിദ്യാഭ്യാസ ത്തിൽനിന്നും തുടർന്നുള്ള പൊതുജീവിതത്തിൽനിന്നും പിൻതിരിയാനും ഭർത്താവിലും കുടുംബത്തിലും കുട്ടികളിലുമായി അവരെ കെട്ടിയിടനുമുള്ള ചരടായിത്തീരുന്നതാണ് അനുഭവത്തിൽ കാണുന്നത്. വളരെ കാര്യക്ഷമമായി വിദ്യാഭ്യാസവും ഗവേഷണവും നടത്തിവന്നിരുന്നവർ പോലും വിവാഹ ത്തോടെ അതിൽനിന്നെല്ലാം പിൻതിരിയാൻ നിർബന്ധിതരാവുകയും പിന്നീട് എത്രതന്നെ ആഗ്രഹി ച്ചിട്ടും പലതവണ ശ്രമിച്ചിട്ടും പോലും അത് പൂർത്തിയാക്കാൻ കഴിയാതെ, ജീവിതം തുലഞ്ഞുപോയ തിൽ പരിതപിച്ച് കഴിയേണ്ടിവരുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ കണ്മുന്നിൽത്തന്നെ ഒട്ടേറെയുണ്ട്. അതാകട്ടെ അവർക്ക് പ്രസവാവധി അനുവദിക്കാതെപോയതുകൊണ്ടല്ല, അകാലത്ത് വിവാഹത്തിലേക്കും പ്രസവത്തിലേക്കും എടുത്തെറിയപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട്, സ്ത്രീ സംരക്ഷണപരവും സ്ത്രീവിമോചനപരവുമായ പ്രവർത്തനമെന്നത് വിദ്യാർഥിനികൾക്ക് പ്രസവാവധി യനുവദിക്കലല്ല, വിവാഹവും പ്രസവവുമെല്ലാം വിദ്യാഭ്യാസാനന്തരം എന്ന കാഴ്ചപ്പാട് അവരിലേക്കും സമൂഹത്തിലേക്കാകെത്തന്നെയും പകർന്നെത്തിക്കലാണ്. അതിന് സമർഥമായി തടയിടുന്നു എന്നിടത്താണ് ഈ പ്രസവാവധിനിയമത്തിന്റെ ദൂരവ്യാപകമായ അപകടം പതിയിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സാഹചര്യം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കിക്കൊണ്ട് കേരളസർക്കാർ കഴിഞ്ഞയിടെ ഒരു വിവാദ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സാമാന്യബോധമുള്ള എല്ലാവരിൽനിന്നും കക്ഷിഭേദമില്ലാതെ ഇതിന്നെതിരെ ശബ്ദമുയർന്നപ്പോൾ സർക്കാർ ഒരു വിശദീകരണം നൽകി, മുന്നേ നടന്ന വിവാഹങ്ങൾ നേരിടുന്ന നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമാണ് ആ ഉത്തരവെന്ന്. എന്നാൽ അങ്ങനെയുള്ള വിവാഹങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നും അത് ചെയ്തവർ ശിക്ഷാർഹരാണെന്നും, അവയുടെ കുരുക്കിൽപ്പെട്ട മുസ്ലീം പെൺകുട്ടികൾ മാത്രമല്ല പരിഹാരത്തിന് അർഹരായതെന്നുമുള്ള വസ്തുതകൾ അവിടെ മറച്ചുവയ്ക്ക പ്പെടുകയാണുണ്ടായത്. പെൺകുട്ടികൾ പതിനാറ് വയസ്സിലേ വിവാഹിതരാകണമെന്നും എങ്കിലേ അവർക്ക് ജീവിതസുഖവും കുടുംബസുഖവും വേണ്ടവണ്ണം അനുഭവിക്കാൻ കഴിയൂ എന്നും മറ്റുമുള്ള വിചിത്ര വാദങ്ങളുയർത്താൻ ഇത് ചില സമുദായസംഘടനകൾക്ക് അവസരം നൽകുകയും ചെയ്തു.
ഈ സർക്കാരുത്തരവിന്റെ ഒരു തുടർനടപടിയെന്ന നിലയിൽ മാത്രമേ കാലിക്കറ്റ് യൂണി വേഴ്സിറ്റിയുടെ വിചിത്രമായ വിദ്യാർഥിനീപ്രസവാവധിത്തീരുമാനത്തെ കാണാൻ കഴിയൂ. വിദ്യാർഥിനി കൾക്ക് പ്രസവാവധി ആവശ്യാനുസരണം എല്ലാ സർവകലാശാലകളും കാലാകാലമായി നൽകിവരു ന്നതാണ്. ഒരപേക്ഷയുടെയും സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ വൈസ് ചാൻസിലർക്ക് തീരുമാനമെടുക്കാവുന്ന കാര്യം മാത്രം. എന്തെങ്കിലും സങ്കീർണത വന്നാൽത്തന്നെ അതിന് സിൻഡി ക്കേറ്റിന്റെ അംഗീകാരം വരെ പോകേണ്ടിവരാമെന്നേയുള്ളൂ. പ്രസവമായാലും പരീക്ഷയായാലും എടുപിടീന്ന് പൊട്ടിവീഴുന്നതല്ലെന്നതിനാൽ ഇതിലേക്ക് യഥാസമയം അപേക്ഷിക്കാനും തീരുമാന മെടുക്കാനും സമയം കിട്ടുകയും ചെയ്യും.
ഇതെല്ലാം ‘ഏത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും‘ നടക്കുന്നതാണെന്നിരിക്കെ ഇവിടെമാത്രം ഒരു നിയമനിർമ്മാണം ആവശ്യമായിവന്നതിലെ സാഹചര്യം തീർച്ചയായും വിവാദാസ്പദമാണ്. പതിനേഴോ അതിനുമുകളിലോ പ്രായം വരുന്നവരാണ് ഇന്ന് സർവകലാശാലാവിദ്യാർഥികൾ. അവർക്ക് കൈമൈയനങ്ങാതെ പ്രസവാവധി കിട്ടുമെന്ന് വരുന്നത് വിദ്യാർഥിനികളുടെ അകാലവിവാഹത്തിനുള്ള വ്യക്തമായ പ്രേരണയാണ് നൽകുന്നത്. ‘പതിനാറുവയസ്സുകാരികളേ, നിങ്ങൾ വിവാഹിതരായിക്കൊള്ളൂ, നിങ്ങൾക്കുള്ള അവസരങ്ങളുടെ വാതിൽ ഇതാ തുറന്നിട്ടിരിക്കുന്നു‘ എന്ന് തന്നെയാണ് അതിലൂടെ നൽകുന്ന സന്ദേശം.
വിദ്യാഭ്യാസം ജീവിതത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള പടവുകൾ താണ്ടാനായിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ പെൺകുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ പഠനകാലത്തെ വിവാഹം, പ്രസവം എന്നിവ നിയമപരമായി തടയേണ്ടതാണ്. കാരണം വിവാഹിതരാകുന്നതോടെ ഒട്ടേറെപ്പേർ പഠനം മതിയാക്കുന്നു. പഠന കാലത്ത് ഗർഭിണികളാകുന്നവർ പഠനം തീർച്ചയായും മുടക്കുന്നു. പിന്നെ തുടർന്നാലും രണ്ടുവർഷ മെങ്കിലും കഴിഞ്ഞിട്ടേയുള്ളൂ. അങ്ങനെ പഠനം കൊണ്ടുണ്ടാകേണ്ട അവസരങ്ങൾ അവർക്ക് പരിമിതപ്പെടുന്നു. മാത്രമല്ല, പഠനം മുടക്കുകയോ മതിയാക്കുകയോ ചെയ്യുന്നവർ വാസ്തവത്തിൽ, അവർക്ക് പിന്നിൽ പഠനാവസരം കാത്തുനിന്നവരെ പരിഹസിക്കുകയാണ്. ഇടയ്ക്കുവച്ചു തരംകിട്ടിയാൽ പഠനം മുടക്കാമെന്ന് കരുതി വരുന്നവർ കിട്ടിയ അവസരം പ്രയോജനപ്പെടു ത്താതെ പോകുന്നതോടെ പഠനപ്രവേശനം കാത്തുനിന്നവരുടെ അവസരം നഷ്ടപ്പെടുത്തുന്നു. പഠിക്കുന്നവർക്കായി സർക്കാർ ചെയ്യുന്ന സൌകര്യങ്ങളും മറ്റും ചുരുങ്ങിയ കാലമെങ്കിലും വ്യർഥമായിപ്പോകുന്നു. വിവാഹം, പ്രസവം എന്നിവ കൊണ്ട് ഇടയ്ക്കുവച്ചു പഠനം നിർത്തുന്നവരിൽ നിന്ന് അക്കാരണങ്ങളാൽ നല്ലൊരു പിഴ ഈടാക്കേണ്ടതാണ്.” ഒരു ഓൺലൈൻ സംവാദത്തിൽ കേട്ട ഈ അഭിപ്രായം അല്പം കടന്നതാണെന്ന് തോന്നാമെങ്കിലും നമ്മുടേതുപോലൊരു രാജ്യം ഗൌരവപൂർവം പരിഗണിക്കേണ്ട ഒട്ടേറേ യാഥാർഥ്യങ്ങൾ അത് ഉൾക്കൊള്ളുന്നുണ്ട്.

അമ്പ് എത്രതന്നെ തേൻ പുരട്ടി മധുരിപ്പിച്ചാലും അത് കൊള്ളുന്നവർക്ക് മുറിവേൽക്കുക തന്നെ ചെയ്യും. അതുകൊണ്ട് ഈ തേൻഭരണികൾ ശരിക്കും ഭീതിസംഭരണികൾ തന്നെ.