Wednesday, November 12, 2014

നമ്മുടെ ചലച്ചിത്രമേളകൾ.

ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതി കേരളത്തിലെ ചലച്ചിത്രമേളയെന്ന തീരുമാനം ധാർഷ്ട്യത്തിന്റെയും വിവരക്കേടിന്റെയും സാംസ്ക്കാരികാടിമത്തത്തിന്റെയും പാരമ്യം കുറിക്കുന്നു. നമ്മുടെ സാംസ്ക്കാരികരംഗങ്ങളെ നിയന്ത്രിക്കുന്നവർക്ക് ലക്ഷ്യബോധമോ കാര്യബോധം പോലുമോ ഇല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
മലയാള സിനിമയ്ക്ക് മലയാളം പേരുകള്‍ നിര്‍ബന്ധമാക്കണമെന്നും മലയാളം പേരുകളില്ലാത്ത ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നുമുള്ള നിർദ്ദേശങ്ങൾ മുമ്പുണ്ടായി. അത് മറ്റൊരസംബന്ധം. ഇംഗ്ലീഷ് പേരുകൾക്കും ഇംഗ്ലീഷ് രീതികൾക്കും പിന്നാലെ അന്ധമായി പായുന്നതിന്റെ മറുവശം മാത്രമാണത്. ആയിടെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, അവയ്ക്ക് സബ്സിഡി തടയുകയല്ല, മലയാളത്തനിമയുള്ള പേരുകൾക്കും സംസ്ക്കാരപോഷകമായ സിനിമകൾക്കും പ്രോത്സാഹനം നൽകുന്ന നടപടിയാണ് ഉണ്ടാവേണ്ടത്.
സിനിമയെ സ്നേഹിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നവർക്കെല്ലാം പ്രവേശനം സാധ്യമാവുന്നതാവണം നമ്മുടെ ചലച്ചിത്രമേളകൾ.

അന്ധവിശ്വാസങ്ങൾ വിചാരണ ചെയ്യപ്പെടണം

‘കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനല്ലൂരിലും വാഴും’ ഉഗ്രമൂർത്തിയായ ജനനിയുടെ കുമാരനല്ലൂരിലെ ക്ഷേത്രത്തിന് തീ പിടിച്ചതായാണ് കേരളപ്പിറവിദിനത്തിലെ പുലർവാർത്ത. സർവരക്ഷകരായി വാഴ്ത്തപ്പെടുന്ന ദൈവങ്ങൾ സ്വന്തം ഇരിപ്പിടം പോലും സംരക്ഷിക്കാനാവതെ കത്തിയെരിയുന്നതും വെള്ളത്തിൽ മുങ്ങിത്താഴുന്നതുമായുള്ള വാർത്തകൾ പുത്തരിയല്ല. എന്നാൽ ഈ സന്ദർഭങ്ങളിൽപ്പോലും ഭക്തന്മാരെന്നുമാത്രമല്ല, പുരോഗമന സ്വഭാവം പ്രതീക്ഷിക്കുന്ന പ്രവർത്തകരും മാധ്യമങ്ങളും പോലും വിവേകം വിട്ട് മൌനം പാലിക്കുന്നു. മതത്തെയോ ആചാരങ്ങളെയോ കുത്തിനോവിക്കാൻ പാടില്ല. എന്നൽ അവയുടെ അയുക്തികനിലപാടുകളെ അവസരം കിട്ടുമ്പോൾ വിമർശിക്കുകതന്നെ വേണം. ഈ നിലപാടാണ് പതിറ്റാണ്ടുകൾ മുമ്പുവരെ നാം സ്വീകരിച്ചിരുന്നത്. പക്ഷേ പിന്നീട് അത് കൈവെടിഞ്ഞു. അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും തിരിച്ചുവരവിനും ആധിപത്യത്തിനും ഇത് ഏറെ വഴിവച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ അവസരം കിട്ടുമ്പോൾ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.

ചുംബനം

ചുംബനവും ആശ്ലേഷവുമെല്ലാം മനുഷ്യബന്ധദാർഢ്യത്തിന്റെ ആവിഷ്ക്കാരപ്രകാരങ്ങളാണ്. മനസ്സും മനസ്സും തമ്മിൽ, വ്യക്തിയും വ്യക്തിയും തമ്മിൽ, സമൂഹവും സമൂഹവും തമ്മിൽ ഒന്നുചേരാൻ കഴിയുന്ന ഇടങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട അവസരമാണിത്. സങ്കുചിതതയുടെയും വിദ്വേഷത്തി ന്റെയും ഉപാസനാശക്തികളെ ആട്ടിയൊഴിക്കേണ്ടതുമുണ്ട്. പൊതു സ്ഥലത്തു് വെച്ചു് സുഹൃത്തുക്കള്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും വിവാഹ പങ്കാളികള്‍ തമ്മിലും ഉമ്മ വെയ്ക്കുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതുമെല്ലാം വ്യക്തിബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും കൂടുതൽ ദൃഢപ്പെടുത്തുന്നതാണ്. അതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ഇന്ന് യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വരുന്നില്ല. കോഴിക്കോട്സംഭവം ഇങ്ങനെയൊരു കൂട്ടായ്മ്മയെ ഏറെ പ്രസക്തമാക്കുന്നുണ്ട്. കൂടുതൽ ഗൌരവമേറിയ പ്രശ്നങ്ങളെ മുൻനിർത്തി, മറ്റു വിധത്തിൽ കാര്യക്ഷമവും ഫലപ്രദവുമായ സമരങ്ങളിലേക്ക് തിരിയേണ്ട യുവശക്തിയെ ഇത് വഴി തിരിച്ചുവിടാതെയും ശിഥിലമാക്കാതെയും നോക്കേണ്ടതുമുണ്ട്. അവയെ സംബന്ധിച്ച ധാരണയുറപ്പിക്കുന്നതിന് ഇത് ചെറുതായെങ്കിലും ഉതകിയെങ്കിലെന്നും ആശിക്കുന്നു.