Friday, December 5, 2014

സുനാമിത്തിരയിൽ - പഴയൊരോർമ്മ, മറീനാ ബീച്ചിൽ നിന്ന്.

                                                                   സുനാമിത്തിരയിൽ 

"പുലിപോല്‍ വരാതൊരു കിളിപോല്‍ വരുമെങ്കില്‍ മരണം" എന്ന് കവിതയില്‍ സ്വപ്നം കണ്ടത് ഡോ. കെ.എന്‍. എഴുത്തച്ഛനാണ്. അദ്ദേഹത്തിന്‍റെ അഭിലാഷം വൈകാതെ തന്നെ മരണം അതേപോലെ സാധിച്ചുകൊടുക്കുകയും ചെയ്തു.
മറീനാ ബീച്ചില്‍ മരണം വന്നെത്തിയത് പുലിയെപ്പോലെയല്ല. മന്ദം മന്ദം അടിവച്ചടിവച്ച് കിലോമീറ്ററുകള്‍ വീതിയുള്ള അതിവിസ്തൃതമായ തീരം കടന്ന് കരയ്ക്കെത്തി തലയടിച്ചുതകര്‍ത്ത് എല്ലാം വാരിക്കൊണ്ടുപോവുകയാണ് ചെയ്തത്.
ലാസ്യഭംഗിയിലാരംഭിച്ച് താണ്ഡവഭീകരതയിലവസാനിച്ച ഒരു രൗദ്രദുരന്തനാടകത്തിലെ കഥാപാത്രമാകേണ്ടി വന്ന അനുഭവം ഒരു ഭീകരസ്വപ്നം പോലെ ഇപ്പോഴും പിന്‍തുടരുന്നു.
2004 ഡിസംബര്‍ 26-ാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക്, തലേദിവസം നിശ്ചയിച്ചതനുസരിച്ചാണ് ഞങ്ങള്‍ മറീനാ ബീച്ചിലെത്തിയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന മകളുടെയടുത്ത് ഭാര്യ (സീതമ്മാള്‍) യോടൊപ്പം രണ്ടുദിവസം മുന്നേ ഞാന്‍ തിരുവനന്തപുരത്തുനിന്നെത്തിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മകനും മരുമകളും അന്നുതന്നെ അവിടെയെത്തി. അങ്ങനെ ഞങ്ങളുടെ ക്രിസ്തുമസ് കുടുംബസംഗമം ചെന്നൈയില്‍. മഹാബലിപുരം, ആരോവില്ല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പോയി മടങ്ങിവരുന്ന വഴി ചില ഉപ്പളങ്ങളും സന്ദര്‍ശിച്ച് ക്രിസ്തുമസ് ദിനം കഴിഞ്ഞു. വൈകിയെത്തിയതിനാല്‍ ബീച്ചിലേക്കുള്ള യാത്ര രാവിലെയാകാമെന്നുവച്ചു. ചെന്നൈയില്‍ ഉദ്യോഗസ്ഥനായ കുടുംബസുഹൃത്ത് അജയകുമാറെന്ന കുട്ടനും ഭാര്യയും നേരത്തെ പറഞ്ഞതനുസരിച്ച് കുട്ടികളുമായി രാവിലെ ബീച്ചിലെത്തിയിരുന്നു.
സമയം രാവിലെ ഒമ്പതുമണിയെങ്കിലും വെയില്‍ ശക്തമായിരുന്നു. തികച്ചും തെളിഞ്ഞ അന്തരീക്ഷം. കടല്‍ക്കരയിലെ സാധാരണരീതിയില്‍ കവിഞ്ഞ ചെറുകാറ്റു പോലുമില്ല. ഇനി ഒരു മൂന്നു മണിക്കൂര്‍ കൂടി ചെന്നൈയില്‍ ചെലവഴിക്കാമെന്നും അതിനുള്ളില്‍ എന്തുമാകാമെന്നും ഞാന്‍ പറഞ്ഞു. എങ്കില്‍ ടി. നഗറിലേക്കു പോകാമെന്ന് പൊതുതീരുമാനം. ഏതായാലും നമുക്ക് ബീച്ചിലേക്കിറങ്ങിയിട്ടുപോകാം, കുട്ടന്‍ പറഞ്ഞു.
ബീച്ച് റോഡിനരികിലെ പടവുകളിറങ്ങി പതുക്കെ മണല്‍പ്പുറത്തേക്കു നടന്നു. മണല്‍പ്പുറത്തും അതിന്നിടയിലെ ചെറിയ റോഡിലുമെല്ലാം കുട്ടികളും മുതിര്‍ന്നവരും ക്രിക്കറ്റ് കളിക്കുന്നു. എണ്ണമറ്റ സംഘങ്ങള്‍. ഇത്രയും ജനങ്ങളുടെ സഞ്ചാരം വകവയ്ക്കാതെ അതിന്നിടയില്‍ മതിമറന്നു കളിക്കുന്ന അവരോട് തെല്ലൊരീര്‍ഷ്യ തോന്നി. മകനും മകളും മുന്നേ നീങ്ങിയിരുന്നു. അവരുടെ പിന്നിലായി ഞാന്‍. മറ്റുള്ളവര്‍ അതിനും പിന്നാലെ. നിറഞ്ഞ വെയിലുണ്ടെങ്കിലും സൗമ്യമധുരമായ അന്തരീക്ഷം.
കടല്‍ ഇനിയും ഏറെ അകലെയാണ്. ദൂരെ കടലില്‍ എന്തെല്ലാമോ കിടന്നിളകുന്നു. പ്ലാസ്റ്റിക് കസേരകളും മറ്റും കടലില്‍ വന്നതെങ്ങനെയെന്നോര്‍ത്തു. അതാ, തീരത്തിനടുത്തുള്ള തട്ടുകടകള്‍ ഒന്നൊന്നായി മറിയുന്നു. ആള്‍ക്കാര്‍ ഓടുന്നു. څവെള്ളം വരുന്നു ഓടിക്കോچ എന്ന് ചിലര്‍ വിളിച്ചു പറയുന്നു. ബീച്ചില്‍ ഇത്രയേറെ മലയാളികളുണ്ടെന്ന് അപ്പോഴാണറിയുന്നത്.
ഞങ്ങളും ഓടി. എങ്കിലും നമ്മളെത്ര കടല്‍ കണ്ടിരിക്കുന്നു എന്നായിരുന്നു ചിന്ത. അര്‍ത്തുങ്കലും ശംഖുമുഖത്തും കോവളത്തും കോഴിക്കോട്ടും തലശ്ശേരിയിലുമെല്ലാം ജീവിതത്തിന്‍റെ ഭാഗമായി തന്നെയുണ്ട് കടല്‍. തിര കയറിവരും, താനെ ഇറങ്ങിപ്പോകും. അതാണ് കണ്ടിട്ടുള്ളത്. കയറി വരുന്ന കടലിനെയും ഓടുന്ന ആളുകളെയുമെല്ലാം മകന്‍ വീഡിയോയിലെടുത്തു.
എന്നാല്‍ മറീന ബീച്ചില്‍ തിരകളായല്ല കടല്‍ കയറി വന്നത്. വെറുതെ നിസ്സംഗമായി കടല്‍ കരയിലേക്കു യാത്ര ചെയ്യുമ്പോലെ. നിന്നു പെരുകുന്ന വെള്ളം. നിന്നു ചിരിക്കുന്ന പ്രകൃതിയും.
ഓട്ടത്തിനിടയില്‍ മണല്‍പ്പരപ്പില്‍ സീത വീണു. അപ്പോള്‍ വെള്ളം കുറേയേറെ പിന്നിലാണ്. മക്കള്‍ ചെന്നു പിടിച്ചെണീപ്പിക്കുന്നതിനകം അവിടം വെള്ളപ്പരപ്പായി. എന്നിട്ടും ആവുന്നത്ര വേഗത്തില്‍ നടന്നു. കുറച്ചു നീങ്ങിയപ്പോഴേക്ക് ഏതാണ്ട് തോളറ്റം വെള്ളം. അരികിലുള്ള ഒരു തൂണില്‍ പിടിച്ചുകൊണ്ട് അവര്‍ നാലുപേരും പരസ്പരം കെട്ടിപ്പിടിച്ചുനിന്നു.
കുറേക്കൂടി കരയോടടുത്തു മുന്നിലായിരുന്ന എനിക്ക് പിടിവള്ളിയൊന്നും കിട്ടിയില്ല. പരമാവധി ശ്രമിച്ച് കാലുറപ്പിച്ചുനിന്നു. അതിനകം റോഡരികിലെ പടവുകളില്‍ തട്ടിനിറഞ്ഞു കഴിഞ്ഞ വെള്ളം തിരകളായി ശക്തിപ്പെട്ടിരുന്നു. തിരകള്‍ എന്നെയും തള്ളിയിട്ടു. അതുകണ്ട് മകളുടെയും മരുമകളുടെയും നിലയ്ക്കാത്ത നിലവിളി. വെള്ളത്തില്‍ മുങ്ങാതെ ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു.
നിമിഷങ്ങള്‍ കൊണ്ടാണ് മറീനയിലെ മണല്‍പ്പരപ്പ് പെരുംകടലായിമാറിയത്. അടുത്ത ഏതാനും നിമിഷങ്ങളില്‍ ഞങ്ങളെല്ലാം വെള്ളത്തിനടിയിലാകും. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബം ഒന്നോടെ. കരയോടു കൂടുതലടുത്തു നിന്നിരുന്ന കുട്ടനെയും കുടുംബത്തെയും കണ്ടില്ല, അവര്‍ രക്ഷപ്പെട്ടിരിക്കും. എന്നാല്‍ മുന്നേതന്നെ കടലിനടുത്തെത്തിയിരുന്ന നൂറുകളോ ആയിരങ്ങളോ ആയ ആളുകള്‍. അവരില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞവരുണ്ടോ എന്നു സംശയം. കടലിനോടു ചേര്‍ന്ന തീരത്ത്തട്ടുകടകള്‍ നടത്തി ജീവിച്ചിരുന്ന നൂറുകണക്കിനാളുകള്‍. അവിടെ ചായയും പൊരികടലയും മുറുക്കും സിഗരറ്റും മുറുക്കാനും മറ്റും വാങ്ങാനിരുന്നവര്‍. കടല്‍ത്തിരകളില്‍ പാദം നനച്ച് ഉല്ലസിച്ചിരുന്നവര്‍. അങ്ങനെ ആയിരങ്ങള്‍. അവര്‍ക്ക് കണക്കില്ല. ആ കണക്ക് ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല.
അങ്ങനെ കണക്കില്‍ പെടാതെ പോകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളഞ്ചുപേര്‍ കൂടെ. മുകളില്‍ ചിരിച്ചുനില്ക്കുന്നതുമരണമാണ്. എങ്കിലും ധൈര്യം വിടാതെ നിന്നു. കുറേ നേരം. അതെത്രയെന്നറിയില്ല. വെള്ളം തെല്ലൊന്നിറങ്ങി. ആരോ വന്നു കൈപിടിച്ചു. ഒരു വിധത്തില്‍ കരയ്ക്കെത്തി. കുറച്ചുകഴിഞ്ഞ് ആള്‍ക്കാരുടെ സഹായത്താല്‍ സീതയും മക്കളും പടിക്കെട്ടിലെത്തി. തളര്‍ന്നുവീണ സീതയ്ക്കും മരുമകള്‍ക്കും ബോധമുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ.
ഏതാണ്ടൊരു തിരിച്ചറിവായപ്പോള്‍ മനസ്സിലായി, കൈയിലുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടിരിക്കുന്നു. മകളുടെ കൈയിലുണ്ടായിരുന്ന ബാഗ്. അതാരോ വാങ്ങിയതോര്‍മ്മയുണ്ട്. മൊബൈല്‍ ഫോണും പണവും ബാങ്ക് കാര്‍ഡുമടക്കം വിലപിടിച്ച പലതുമടങ്ങിയ ബാഗ്. അതു വാങ്ങിയ ആളെ കാണാനില്ല. രക്ഷണനാട്യത്തില്‍ നടന്ന കൊള്ള. ഇങ്ങനെ എത്രയെത്ര കൊള്ളകള്‍. മറ്റുള്ളവരുടെ ഫോണുകള്‍ വെള്ളം കയറി നിശ്ചലമായി. പലതും പൊയ്പ്പോയി. ഉടുപ്പിന്‍റെയും പാന്‍റിന്‍റെയും പോക്കറ്റുകള്‍ ചെളിയുടെ സംഭരണകേന്ദ്രങ്ങളായി.
കാല്‍ ഒന്നനങ്ങിനടക്കാവുന്ന നിലയിലെത്താന്‍ കുറെ സമയമെടുത്തു.
എല്ലാം നഷ്ടങ്ങള്‍. എന്നാല്‍ ജീവനാശം വന്നില്ലെന്ന നേട്ടത്തില്‍ നഷ്ടങ്ങള്‍ നിസ്സാരം. കൊച്ചുകുട്ടികളടങ്ങിയ കുട്ടനും കുടുംബവും നേരത്തെ തന്നെ റോഡില്‍ കയറിയിരുന്നു.
ആശ്വാസത്തിന്‍റെ നിശ്വാസം വിടാനൊരുങ്ങുമ്പോഴാണ് ചുറ്റും നിലവിളികള്‍. ആളുകളുടെ നെട്ടോട്ടം. തന്‍റെ കുഞ്ഞിനെക്കാണാനില്ലെന്ന് ഒരമ്മയുടെ മുറവിളി. ഒരു പിഞ്ചുകുഞ്ഞിന്‍റെ ജഡവും പേറി ചിലര്‍ കരയ്ക്കോട്ടോടുന്നു. ഒരു സ്ത്രീയുടെ ജഡം ഏതാനും പേര്‍ പൊക്കിയെടുക്കുന്നു. റോഡരികിലെ മതിലിനുമുകളിലേക്ക് പിന്‍ഭാഗമുയര്‍ത്തിക്കയറിയിരിക്കുന്ന കൊറോളാകാര്‍. റോഡിനുമപ്പുറത്തു കിടന്ന കാറിന്‍റെ മുകളില്‍ കയറി സ്വസ്ഥമായിരിക്കുന്ന വള്ളം. ഇതിനകം കടലിലൊടുങ്ങിയ ജീവിതങ്ങള്‍, ജീവിതസര്‍വസ്വങ്ങള്‍ എത്രയെത്ര!
അതിന്നിടയില്‍ നഷ്ടപ്പെടാതെ കിട്ടിയ ജീവനെയും ജീവിതത്തെയും കുറിച്ച് അഭിമാനിക്കുന്നതില്‍ എന്തുകാര്യം. ഇത് ഞങ്ങള്‍ നിന്ന, മദിരാശി സര്‍വകലാശാലയ്ക്കു തൊട്ടുള്ള ആ ഒരു ഭാഗത്തെ കഥ. മറീനക്കടല്‍പ്പുറത്ത് നോക്കി നില്ക്കെ പെരുകിയ വെള്ളം പോലെയാണ് പിന്നീട് നഷ്ടങ്ങളുടെ കണക്ക് പെരുകിയത്. നൂറുകളിലും ആയിരങ്ങളിലും നിന്ന് ലക്ഷത്തിനും മുകളിലേക്ക് ജീവിതനഷ്ടങ്ങളുടെ സംഖ്യ പെരുകുന്നു. എന്നിട്ടും മതിയാകാതെ, സുനാമി ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നെന്ന ഭീഷണി.
പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തിയ പ്രകൃത്യാരാധകര്‍ക്ക് പ്രകൃതി തന്നെ അന്തകനാകുക. ദൈവാനുഗ്രഹം തേടിയെത്തിയവര്‍ ആരാധനാലയങ്ങളില്‍ തന്നെ കൂട്ടമായി മരിച്ചൊടുങ്ങുക. ദേവാലയങ്ങള്‍ തന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാവുക. സര്‍വശക്തനായ ദൈവം തന്നെത്തന്നെ രക്ഷിക്കാന്‍ ശക്തിയില്ലാത്തവനാവുക.
ഈ പ്രകൃതിക്ഷോഭത്തിന് ശാസ്ത്രീയമായ വിശദീകരണങ്ങളും കാരണങ്ങളുടെ വിശകലനവുമൊക്കെയുണ്ടാകാം. എന്നാല്‍ യുഗങ്ങളിലൂടെ സര്‍വശക്തനായി വളര്‍ന്ന മനുഷ്യന്‍ ആ വളര്‍ച്ച തന്‍റെ വംശത്തിന്‍റെ രക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുതകും വിധം വിനിയോഗിക്കാന്‍ തയാറാകാത്തതാണ് ഒരു ഭൂഖണ്ഡത്തെയാകെ ഗ്രസിച്ച നാശനഷ്ടങ്ങളെ പെരുപ്പിച്ച മുഖ്യകാരണം. സുനാമിയെ സംബന്ധിച്ച മുന്നറിവ് അമേരിക്കയുടെ ശാസ്ത്രഗവേഷകര്‍ക്ക് കാലേക്കൂട്ടി ലഭിച്ചിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കാല്‍മണിക്കൂറിന്‍റെ മുന്‍കരുതലുണ്ടെങ്കില്‍ ഒന്നോടെയൊഴിവാക്കാവുന്നതായിരുന്നു മറീനാ ബീച്ചിലെ നാശനഷ്ടങ്ങള്‍. അവിടെ നിന്ന് ആള്‍ക്കാരെയും വസ്തുവകകളെയും പൂര്‍ണമായും പെട്ടെന്നു മാറ്റാവുന്നതേയുള്ളു. പക്ഷേ സംഭവം നടന്നുകഴിഞ്ഞിട്ടുപോലും അവിടെ തിരിഞ്ഞുനോക്കാനാരുമുണ്ടായില്ല. ഏതാണ്ടിതുതന്നെയായിരുന്നു മറ്റ് സ്ഥലങ്ങളിലെയും സ്ഥിതി. ഇപ്പോള്‍ ലക്ഷത്തിലുമധികം കടക്കുന്നതിലെ ഓരോ മരണവും. ശാസ്ത്രഗവേഷകരെയും ഭരണാധികാരികളെയും നോക്കി പല്ലിളിക്കുകയാണ്. ഈ മരണങ്ങള്‍ക്കിടയില്‍ നിന്ന് ജീവനും കൊണ്ടെത്തിയ എന്നെയും.