Tuesday, July 11, 2017

ലങ്കാദര്‍ശനം

                                                                            ലങ്കാദർശനം

‘അറബിക്കടലിൽ പറിച്ചു നട്ട കേരളമാണല്ലോ ശ്രീലങ്ക’ എന്ന്, എവിടെ ഏത് സന്ദർഭത്തിലാണെന്ന് ഓർമ്മയില്ല, ഒരിക്കൽ ഞാൻ തന്നെയെഴുതിയിരുന്നു. അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ പുണർന്നുചേരുന്ന നമ്മുടെ കന്യാകുമാരിക്ക് തൊട്ടങ്ങേപ്പുറത്ത് കടലിന്റെ പരിരംഭണങ്ങളേറ്റുവാങ്ങി നിതാന്തവിശ്രമം കൊള്ളുന്ന ആ കൊച്ചുദ്വീപ് പൌരാണിക ഇന്ത്യയുടെ തന്നെ അഭേദ്യഭാഗമായിക്കരുതുന്ന ഇതിഹാസപാരമ്പര്യവും നമുക്കുണ്ട്. അതുകൊണ്ടെല്ലാം, ശ്രീലങ്കയൊന്ന് കാണുകയെന്നത് ഏറെ നാളായി മനസ്സിലുറങ്ങിയ ഒരാഗ്രഹമായിരുന്നു. എങ്കിലും അവിടെയൊരു ചെറുസന്ദർശനത്തിന് പോയത് തികച്ചും യാദൃച്ഛികമായാണ്. ഒരു വിമാനയാത്രാ ക്രമീകരണത്തിൽ ഉൾക്കൊണ്ടിരുന്ന ഒരു കാലവിളംബം കൊണ്ട് മാത്രം.

പതിവിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ ഞങ്ങളുടെ ഓസ്ട്രേലിയായാത്ര ശ്രീലങ്കൻ എയർ ലൈൻസ് വഴിയായിരുന്നു. പല വഴി നോക്കിയിട്ടും, ടിക്കറ്റ് കിട്ടിയതങ്ങനെ എന്ന് മാത്രം. അതിന് ചില അസൌകര്യങ്ങളുണ്ടായിരുന്നു. സിംഗപ്പൂരോ മലേഷ്യയിലോ എവിടെയെങ്കിലും ഒരിടത്താവളമിറങ്ങി മെൽബണിലേക്ക് പോവുകയെന്ന പതിവിന് പകരം, കൊളംബോയിൽക്കൂടി ഇറങ്ങിക്കയറുക എന്ന ഒരധികച്ചുറ്റൽ. അങ്ങനെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര തിരുവനന്തപുരം- കൊളംബോ-സിംഗപ്പൂർ- മെൽബൺ എന്ന വിധത്തിലായി.
ഞാനും സീതയും ആദ്യമായി കൊളംബോ വിമാനത്താവളത്തിലെത്തിയപ്പോൾ ഒരു ഫോട്ടോയെടുത്ത്, ‘സീത ലങ്കയിൽ’ എന്ന പേരിൽ ഫേസ് ബുക്കിലും മറ്റുമായി ചില പോസ്റ്റുകളിട്ടിരുന്നു. വളരെ കൌതുകകരമായ പ്രതികരണങ്ങളും അതിനുണ്ടായി. കൊളംബോയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വൈകാതെതന്നെ അടുത്ത വിമാനം കിട്ടിയതുകൊണ്ട് വിഷമമുണ്ടായില്ല.

എന്നാൽ, തിരിച്ചുള്ള യാത്രയാണ് ഞങ്ങളെ ശരിക്കും ചുറ്റിച്ചത്. കൊലാലമ്പൂർ, കൊളംബോ, തിരുവനന്തപുരം എന്നതായിരുന്നു മെൽബണിൽ നിന്നുള്ള യാത്രാവഴി. കൊളംബോയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു മണിക്കൂറിൽത്താഴെയുള്ള യാത്രാദൂരം മാത്രം. എന്നാൽ അതിനുള്ള വിമാനത്തിനായി പത്തൊമ്പത് മണിക്കൂറിലധികം കൊളംബോയിൽ കാത്തിരിക്കണം. വിമാനക്കമ്പനിയെ കുറ്റം പറയരുതല്ലോ, ആ സമയം ചെലവഴിക്കുന്നതിന് സകര്യപ്രദമായ ഹോട്ടലും അവിടേക്കും തിരിച്ചുമുള്ള യാത്രാസൌകര്യ ങ്ങളുമെല്ലാം അവർ മുൻകൂട്ടിയേർപ്പെടുത്തിയിരുന്നു.  

അങ്ങനെ അഭിനവവിമാനരാക്ഷസൻ (പുഷ്പകവിമാനം, കുബേരനിൽനിന്ന് തട്ടിയെടുത്തതാണെങ്കിലും, ലങ്കയ്ക്ക് പണ്ടേ സ്വന്തമാണല്ലോ!) ഒരു പകലും രാത്രിയുടെ ഏറിയ ഭാഗവും സീതയെയും എന്നെയും ലങ്കയിൽ തടവിലിട്ടതിനെത്തുടർന്നുണ്ടായതാണ് ഈ ലങ്കാനുഭവങ്ങൾ. അങ്ങനെയാണെങ്കിലും, കിട്ടുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങൾ നേരത്തേതന്നെ നിശ്ചയിച്ചുറച്ചിരുന്നു.

അതുകൊണ്ട്, കൊളംബോയിലിറങ്ങി ഹോട്ടൽ സൌകര്യങ്ങളിലേക്ക് കടക്കുന്നതിനു മുന്നേ തന്നെ അന്വേഷിച്ചത് ഒരു നഗരദർശനസാധ്യതയാണ്. ഞങ്ങൾക്ക് താമസിക്കാനായി നിശ്ചയിച്ചിരുന്ന ഗോൾഡൻ ബീച്ച് ഹോട്ടലിലേക്ക് വിളിച്ച് സിറ്റി ടൂർ കാര്യം ഓസ്ട്രേലിയയിൽ വച്ച് തന്നെ അന്വേഷിച്ചിരുന്നു. ടൂർ ബസ്സുകളുണ്ടെന്നും സൌകര്യപ്രദമാണെന്നും അവർ പറയുകയും ചെയ്തു. എങ്കിലും, വിമാനത്താവളത്തിൽ ഇറങ്ങിവന്നപ്പോൾ  ശ്രീ ലങ്കൻ എയർ ലൈൻസിന്റെ കൌണ്ടറിൽത്തന്നെ ഒന്നന്വേഷിക്കാ മെന്നു വച്ചു. അവർ ഞങ്ങൾക്കായി ഒരു കാർ ഏർപ്പാട് ചെയ്തു. അതനുസരിച്ച് കാണാൻ കഴിയുന്ന കൊളംബോയിലെ പ്രധാന കാഴ്ചസ്ഥാനങ്ങളുടെ ഒരു ലിസ്റ്റും അവർ തന്നു. അമേരിക്കൻ ഡോളർ കണക്കിനാണ് അവർ നിരക്ക് പറയുക. ഞങ്ങളത് കൈയിലുള്ള ഓസ്ട്രേലിയൻ ഡോളർ അനുസരിച്ച് കൊടുക്കാമെന്ന് ധാരണയായി.

ഓസ്ട്രേലിയൻ ഡോളറായും സിംഗപ്പൂർ ഡോളറായും ഇന്ത്യൻ രൂപയായും കുറച്ച് പണം കൈയിലുണ്ട്. പല യാത്രകളിലായി ഉപയോഗത്തിനു കരുതി മിച്ചം വന്നവയാണ്. (ഈ യാത്രയിൽ ആവശ്യം വരില്ലെന്നതിനാൽ യൂറോപ്യൻ കറൻസി കൈയിലെടുത്തിരുന്നില്ല.) ശ്രീലങ്കയിലെത്തുമ്പോഴത്തെ ആവശ്യത്തിന് കുറച്ച് ശ്രീലങ്കൻ രൂപയാക്കിയെടുക്കാമെന്ന് കരുതി മെൽബണിൽ വച്ച്തന്നെ  മണി എക്സ്ചേഞ്ച് ബാങ്കിൽ അന്വേഷിച്ചിരുന്നു. ഓസ്ട്രേലിയൻ ഡോളറിന് 92.7 രൂപ വച്ച് തരാമെന്ന് പറഞ്ഞു. നൂറ് ഡോളറിന് പന്ത്രണ്ട് ഡോളർ വച്ച് സർവീസ് ചാർജ് കൊടുക്കുകയും വേണം. 112ഡോളര്‍ കൊടുത്താല്‍ 9270 ലങ്കന്‍ രൂപ കിട്ടുമെന്ന് സാരം.  അവിടെ അപ്പോൾ ശ്രീലങ്കൻ കറൻസിയുണ്ടായിരുന്നില്ല. അതേതായാലും നന്നായി; കൊളംബോ വിമാനത്താവളത്തിൽ നിന്ന് 110.48 നിരക്കിൽ പണം മാറിക്കിട്ടി, നൂറ് ഡോളറിന് തന്നെ 11048 ലങ്കന്‍ രൂപ.  വേറെ സർവീസ് ചാർജ് ഇല്ലാതെ തന്നെ.  അത് പുതിയൊരു പാഠമായിരുന്നു.


എയർ പോർട്ടിൽ നിന്ന് അര മണിക്കൂറിലേറെ യാത്ര ചെയ്താണ് നെഗംബോയിലെ ഗോൾഡൻ ബീച്ച് ഹോട്ടലിലെത്തിയത്. ബ്രിട്ടീഷ് കാലത്തോ മറ്റോ ഉള്ള ഹോട്ടലാണെന്ന് തോന്നി. സ്റ്റാർ ഹോട്ടൽ. എങ്കിലും പല ഭാഗങ്ങൾക്കും നല്ല പഴക്കം. ആധുനികമായ എടുപ്പുകളുമുണ്ട്. മുറ്റത്ത് പിൻഭാഗത്തുള്ള നീന്തൽക്കുളത്തിൽ ചില വിദേശവനിതകളും പുരുഷന്മാരും നീന്തിക്കളിക്കുന്നു. അതിനുമപ്പുറം പലരും സ്നാനവേഷത്തിൽത്തന്നെ, സൂര്യസ്നാനത്തിലാണ്. പലരും അങ്ങനെ കിടന്നുറങ്ങുന്നുമുണ്ട്. ചുട്ടുപൊള്ളുന്ന വെയിലത്തെ സൂര്യസ്നാനം എന്നോർത്ത് മനസ്സിൽ ചിരിച്ചു. കേരളം ചുട്ടു പഴുക്കുന്നതായി വാർത്തകളിൽ കണ്ടിരുന്നു. അതിലും വലിയ ചൂടാണ് ലങ്കയിലെന്ന് തോന്നി.



ഹോട്ടലിന് പിന്നിൽ, അതിനുമപ്പുറം  തൊട്ടടുത്തു തന്നെ കടലാണ്. വെയിൽ പൊറാഞ്ഞ്, കടൽത്തീരത്തേക്ക് ഞങ്ങൾ പോയില്ല.
നമ്മുടെ കന്യാകുമാരിക്ക് തെക്കുകിഴക്കായിക്കിടക്കുന്ന ഒരു ചെറു ദക്ഷിണേഷ്യൻ ദ്വീപ് രാജ്യമാണ് ശ്രീലങ്ക. 1972 വരെ ഇതിന് സിലോൺ എന്നായിരുന്നു പേര്. ഇപ്പോൾ അത് ശ്രീലങ്കൻ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (Demacratic Socialist Republic of Sree lanka) എന്ന്   ഔദ്യോഗികനാമം. ഏറ്റവും അടുത്ത രാജ്യം ഇന്ത്യയാണ്. തെല്ലകലെയായി മാലിദ്വീപുമുണ്ട്.



ഭൂരിപക്ഷം വരുന്ന സിംഹളരോടൊപ്പം നല്ലൊരു ഭാഗം തമിഴരും ആദിവാസികളായ വേടരും  മറ്റുചില ജനവിഭാഗങ്ങളുമടങ്ങുന്നതാണ് ശ്രീലങ്കൻ സമൂഹം. കൊളംബോയിൽ അൻപത്താറ് ശതമാനവും തമിഴരാണത്രേ. സിംഹളരും തമിഴരും തമ്മിൽ വളർന്നുവന്ന വംശവെറി രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെത്തിച്ചു.  ആയിരക്കണക്കിന് തമിഴരും സിംഹളരും ഈ കാലത്തിന്നിടയ്ക്ക് കൊല ചെയ്യപ്പെട്ടു. അതിന്നിടെ ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയെ, രാജീവ് ഗാന്ധിയെത്തന്നെ, അതിലേക്ക് ബലി കൊടുക്കേണ്ടതായും വന്നു. തമിഴർക്ക് വേണ്ടി പോരാടിയ എൽ.ടിടി.യെ, വീണ്ടും ഏറെക്കഴിഞ്ഞ് 2009-ൽ, ബലമായിത്തന്നെ അമർച്ച ചെയ്യുകയാണുണ്ടായത്. അങ്ങനെ ഒരു സമാധാനാന്തരീക്ഷത്തിലേക്ക് കടന്ന കാലമാണിതെന്ന് പറയാം.

എന്നാൽ സിംഹളരും തമിഴരും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും രാഷ്ട്രീയക്കാരാണ്  ഇടയ്ക്ക് കടന്ന് കുഴപ്പമുണ്ടാക്കുന്നതെന്നുമാണ് ഞങ്ങളോടൊപ്പം സഹായിയായി വന്ന സിംഹളന്‍ തന്നെയായ ചന്ദ്രയുടെ അഭിപ്രായം.

ബുദ്ധമതാനുയായികളാണ് ഇവിടെ ഭൂരിപക്ഷവും. ഏതാണ്ട് എഴുപത് ശതമാനം വരും. പിന്നെ 22 ശതമാനം ക്രിസ്ത്യാനികൾ . ആറ് ശതമാനത്തോളം മുസ്ലീങ്ങളുണ്ട്. അത് കഴിഞ്ഞു മാത്രമേ ഹിന്ദുക്കളും മറ്റ് വിഭാഗങ്ങളും വരുന്നുള്ളു. ബുദ്ധമതത്തിന്റെ കാര്യത്തിൽ അതിപ്രാചീനമായൊരു പാരമ്പര്യം ലങ്കയ്ക്കുണ്ട്. ബി.സി.29-ലെ നാലാം ബുദ്ധസംഘത്തിന്റെ കാലത്തോളം പഴക്കമുള്ള പാലിരേഖകളടങ്ങുന്ന ബൌദ്ധസാഹിത്യസമ്പത്ത് ഇവിടെയുണ്ടത്രേ. ചരിത്രാതീതലാകത്തോളം നീളുന്ന മനുഷ്യവാസപാരമ്പര്യവും ശ്രീലങ്കയ്ക്ക് അവകാശപ്പെടാനുണ്ട്.
പുരാണമനുസരിച്ച്, ധനാധിദേവതയായ കുബേരനുവേണ്ടി വിശ്വകർമ്മാവ് തന്റെ സവിശേഷ സിദ്ധികളുപയോഗിച്ച് നിർമ്മിച്ച മനോഹരനഗരമാണ് ലങ്ക. ലങ്കയെ പ്രതിനായകകേന്ദ്രമായിപ്പറയുന്ന രാമായണങ്ങളിൽപ്പോലും ലങ്കയുടെ മനോഹാരിതയും നഗരസംവിധാനഭംഗിയും വാഴ്ത്തുന്നുണ്ട്. വിശ്രവസ്സിന്റെ മറ്റൊരു മകനായ രാവണൻ ലങ്കയുടെ സൌന്ദര്യവും ഐശ്വര്യമഹിമയും കണ്ട് അതിൽ മോഹിതനായി. രാവണനോട് എതിരിടാനാവില്ലെന്ന് കണ്ട്  കുബേരൻ ലങ്ക വെടിഞ്ഞ് ഹിമാലയത്തിലുള്ള അമരാവതിയിലേക്ക് തന്റെ പുഷ്പകവിമാനത്തിൽ പലായനം ചെയ്തു. (എന്നാൽ രാവണൻ പിന്നീട് അവിടെച്ചെന്ന് ആ പുഷ്പകവും കൈക്കലാക്കുന്നുണ്ട്.)  സമ്പത്സമൃദ്ധിയിലും നഗര സംവിധാനത്തിലുമെല്ലാം മികച്ച നാടാക്കി ലങ്കയെ മാറ്റി രാവണൻ അവിടം വാണു. സ്വാർഥമാത്ര പ്രേരിതരായ ദേവന്മാരിൽ ഭീതിയുണർത്തി എന്നതൊഴിച്ചാൽ എല്ലാ വിധത്തിലും മികച്ചതും മാതൃകാപരവുമായിരുന്നു രാവണന്റെ ഭരണം. അങ്ങനെയിരിക്കെയാണ് തന്റെ സഹോദരിയായ ശൂർപ്പണഖയെ രാമൻ അപമാനിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്തതിൽ  കുപിതനായി  രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നത്. ലങ്കയിലെ അശോകവനിയിൽ ശിംശിപാവൃക്ഷത്തിന്റെ ചുവട്ടിൽ സീതയെ കൊണ്ടിരുത്തി. ലോകത്തെമ്പാടും പ്രചാരത്തിലുള്ള വിവിധതരം രാമായണങ്ങളിൽ ചിലതിൽ, സീത രാവണപുത്രിയാണെന്നും ചിലതിൽ സഹോദരിയാണെന്നും ആ നിലയിലുള്ള സ്നേഹാധിക്യമാണ് സീതാപഹരണത്തിന് കാരണമായതെന്നും മറ്റും കാണുന്നു. ( വയലാറിന്റെ പ്രസിദ്ധമായ ‘രാവണപുത്രി’ എന്ന കവിത ഇവിടെ ഓർക്കേണ്ടതുണ്ട്.) തുടർന്ന് നടന്ന രാമരാവണയുദ്ധത്തിൽ രാമൻ രാവണനെ കൊല്ലുകയാണല്ലോ ഉണ്ടായത്.

പുരാണമനുസരിച്ച് രാവണനില്ലാതെ ഒരു ലങ്ക നമുക്ക് സങ്കല്പിക്കാനാവില്ല.  എന്നാൽ ലങ്കാവാസികൾക്ക് രാവണൻ ഒരു മുഖ്യപ്രമേയമായെത്തുന്നില്ല. അവരുടെ സങ്കല്പത്തിൽ, ധീരനും പരാക്രമിയുമായ നല്ലൊരു രാജാവായിരുന്നു രാവണൻ. എന്നിരുന്നാലും ലങ്കയിലെ മുഖ്യ രാജപൈതൃകപരമ്പര യിൽ രാവണനില്ലത്രേ.

2

ലങ്കയിൽ എനിക്ക് ഏറ്റവും ഷ്ടപ്പെട്ട ഒന്ന്, കേരളപ്രകൃതി കഴിഞ്ഞാൽ, അവിടത്തെ ഭക്ഷണമാണ്. സാധാരണയായി ഇന്ത്യയിലാണെങ്കിൽപ്പോലും, കേരളത്തിനു വെളിയിലെവിടെപ്പോയാലും, എനിക്കത് രുചിക്കാറില്ല. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായിത്തോന്നി. വിമാനമിറങ്ങിക്കഴിഞ്ഞ് ഞങ്ങൾക്കിവിടെ പ്രധാനമായും രണ്ട് നേരത്തെ ഭക്ഷണമാണുണ്ടായിരുന്നത്, ഉച്ചയ്ക്കും അത്താഴത്തിനും. രണ്ടും ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ, ബുഫെ രീതിയിൽ. വിഭവങ്ങളെല്ലാം ആധുനികമട്ടിൽ ത്തന്നെ. എന്നാൽ എല്ലാം തന്നെ നമ്മുടെ കേരളീയരീതിയിലെന്ന് തോന്നി.


കേരളത്തോടുള്ള സാദൃശ്യമാണല്ലോ സൂചിപ്പിച്ചു തുടങ്ങിയത്. ‘കേരം തിങ്ങും കേരളനാട്’ എന്നൊക്കെ നാം വെറുതെ പറയുന്നതാണെന്ന് ശ്രീലങ്കയിലെത്തിയാൽ ആര്‍ക്കും ബോധ്യപ്പെടും.  ആ വിശേഷണം കേരളത്തെക്കാളെത്രയോ ഏറെ യോജിക്കുക അവിടത്തിനാണെന്ന് തോന്നി. തെങ്ങുകൾ മാത്രമല്ല, കേരളത്തിൽ പൊതുവെ കാണുന്ന കൃക്ഷലതാദികളും അവയുടെ നിബിഡതയും തന്നെയാണ് അവിടെ കാണുന്നത്. ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും റോഡുകളും കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളുമെല്ലാം ഏതാണ്ട് ഒന്നുതന്നെ. അവിടെ നടക്കുമ്പോൾ, കാഴ്ചകൾ കാണുമ്പോൾ, മറ്റ് സന്ദർഭങ്ങളിൽ, ഒക്കെ നാം കേരളത്തിലല്ല എന്ന് തോന്നാൻ വിഷമമാണ്.  ആധുനികീകരിച്ച ഗോൾഡൻ ബീച്ച് ഹോട്ടൽ പരിസരത്തെ കടൽത്തീരം കണ്ടപ്പോൾപ്പോലും എന്റെ മനസ്സിൽ പ്രതിബിംബമായെത്തിയത് കുട്ടിക്കാലത്ത് ഞാൻ കണ്ട് പരിചയിച്ച അർത്തുങ്കൽ കടൽ‌പ്പുറമാണ്. ലങ്ക കാണാതെ, വെറും കേട്ടറിവ് വച്ചുകൊണ്ടാണ് ആ രാജ്യത്തെപ്പറ്റി അന്നങ്ങനെ കുറിച്ചതെങ്കിലും, കണ്ടനുഭവിച്ചപ്പോൾ അതിൽ അഭിമാനം തോന്നി.


യാത്രാക്ഷീണം നന്നെയുണ്ടായിരുന്നു. അതിലും വലുതായി, തലേ ദിവസം ഒരു പോളക്കണ്ണടയ്ക്കാനിട കിട്ടാതിരുന്നതിന്റെ വിഷമവും. എങ്കിലും ലങ്കയിൽ അനുവദിച്ചു കിട്ടിയ സമയം പരമാവധി വിനിയോഗിക്കണമെന്ന നിശ്ചയത്തിന് മാറ്റമുണ്ടായില്ല. നഗരദർശനത്തിന് ഏർപ്പാട് ചെയ്തിരുന്ന കാർ ഞങ്ങൾ ഭക്ഷണം കഴിച്ചു വന്നപ്പോഴേക്ക് എത്തി. ഒരു ചന്ദ്രയാണ് സാരഥി, ഏതാണ്ട് എഴുപതിലേറെ പ്രായം തോന്നിക്കുന്ന ഒരാൾ. അയാൾ ഞങ്ങളെ അവിടത്തെ കാഴ്ചകളിലേക്കെത്തിക്കുക മാത്രമല്ല, അവിടങ്ങളെയും അവിടങ്ങളിലെ കാഴ്ചകളെയും കുറിച്ചുള്ള കാര്യങ്ങൾ വിവരിച്ചുതരുകയും ചെയ്തു. അങ്ങനെ നല്ലൊരു ഗൈഡിന്റെ സാമീപ്യം കൂടി ചന്ദ്രയിലൂടെ ഞങ്ങൾക്കുണ്ടായി.

നെഗംബോയിലെ കാഴ്ചകളും അനുഭവങ്ങളും മാത്രമല്ല, അവിടെനിന്ന് കൊളംബോയിലേക്കുള്ള യാത്രയിലെ കാഴ്ചകളും തീകച്ചും കേരളിയാന്തരീക്ഷമുറപ്പിക്കുന്നത് തന്നെയായിരുന്നു. ഇന്നത്തെ കേരളത്തിന് വെളിയിൽ, കന്യാകുമാരി ജില്ലയിലൊഴികെ, വേറെങ്ങുനിന്നും ഇങ്ങനെ യൊരനുഭവം സാധ്യമാവില്ലെന്ന് തോന്നി. (യഥാർഥത്തിൽ കേരളത്തിന്റെ ഭാഗം തന്നെയാണല്ലോ കന്യാകുമാരി; സംസ്ഥാനാതിർത്തിനിർണയത്തിലെ ചില അപാകതകൾ കൊണ്ട് നമുക്ക് നഷ്ട പ്പെട്ടത്. ഇപ്പോൾ അവിടെ നിന്ന് മലയാളത്തെത്തന്നെ ഒഴിച്ചകറ്റാനും ശ്രമങ്ങൾ തുടരുന്നു.)

യാത്രയ്ക്കിടെയൊരിടത്ത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു മൂന്നുനില ബംഗളാവ് ചന്ദ്ര ഞങ്ങളെ കാണിച്ചുതന്നു. ബ്രിട്ടീഷ് കാലത്തേതാണത്. കാഴ്ചയിൽ ഒരു കേരളീയഗൃഹം പോലെ തന്നെ. ഭംഗിക്കും കരുത്തിനും പ്രൌഢിക്കും ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് തോന്നി.



കേരളത്തെപ്പോലെ തന്നെ കാർഷികപ്രധാനമാണ് ശ്രീലങ്ക. തെങ്ങും നെല്ലും തന്നെ പ്രധാന കൃഷിയിനങ്ങൾ; കവി പാടിയതുപോലെ, ‘തെങ്ങുനെല്ലുകൾ കൂട്ടുപിരയാതൈശ്വര്യത്തിൽ മത്സരിക്കുന്നുണ്ടിന്നും’. നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെനിന്ന് അരി കയറ്റിയയച്ചിരുന്നത്രേ. എന്നാൽ വിവേചനമില്ലാത്ത വ്യവസായവത്ക്കരണശ്രമങ്ങൾ രാജ്യത്തെ ഇപ്പോൾ അരിക്ഷാമത്തിലെത്തിച്ചിരിക്കുന്നു. വ്യവസായവത്ക്കരണമാകട്ടെ, എങ്ങുമെത്തിയതുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻപിൻവിചാരമില്ലാതെ നടന്ന വ്യവസായവത്ക്കരണ – കുംഭകോണ അത്യാർത്തിയുടെ പൂർത്തീകരിക്കപ്പെടാത്ത നിർമ്മിതികൾ പ്രേതകുടീരങ്ങൾ പോലെ പലേടത്തും ഉയർന്നു നിൽക്കുന്നതും കണ്ടു. അങ്ങനെയുള്ള പല പണികളും പുതിയ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണത്രേ. പ്രേമദാസെ സർക്കാരിന്റെ അഴിമതികളുടെ കടുത്തൊരു വിമർശകൻ കൂടിയാണ് ചന്ദ്ര.

തീരദേശസമൃദ്ധമാണ്  ദ്വീപരാജ്യമായ ശ്രീലങ്ക. 1585 കിലോമീറ്റർ നീളമുള്ള തീരം. എന്നാൽ കൃഷിയെ സംബന്ധിച്ച് ഈ തീരസമൃദ്ധിയും പലപ്പോഴും വിഘാതമാവുന്നുണ്ട്. തീരപ്രദേശങ്ങളിലെ നിറഞ്ഞ ഉപ്പുവെള്ളമാണ് കൃഷിക്ക് തടസ്സമാകുന്നത്. എങ്കിലും കടലിന്റെ അനുഗ്രഹവും വേണ്ടുവോള മുണ്ട്. അന്താരാഷ്ട്രവ്യാപാരബന്ധങ്ങളുടെയും സഞ്ചാരബന്ധങ്ങളുടെയും ഒരു മുഖ്യ വഴിക്കടവാക്കി ഈ കുഞ്ഞുരാജ്യത്തെ ചരിത്രാതീതകാലം മുതൽതന്നെ നിലനിർത്തിപ്പോന്നത് ഈ കടലാണല്ലോ. നിറഞ്ഞ മത്സ്യസമ്പത്ത് കൊണ്ടും ശ്രീലങ്കയെ കടൽ കനിയുന്നു. തൂണയാണ് പ്രധാന മത്സ്യം. കിലോക്ക് 600 രൂപയുണ്ടത്രേ; ഇന്ത്യയുടെ 300 രൂപ. അത് ഒട്ടും കൂടുതലാണെന്ന് തോന്നിയില്ല.

യാത്രയ്ക്കിടെ കൊളംബോയ്ക്കടുത്തായി ഞങ്ങളൊരു ഇന്ത്യൻ സിമെന്റ് ഫാക്ടറി കണ്ടു, അൾട്രാ ടെക്ക് (Ultra Tech). ശ്രീലങ്കയിലെ പ്രധാന പെട്രോളിയം കമ്പനിയും ഇന്ത്യയുടേത് തന്നെ.

കലനി (Kelani) നദി കടന്നാണ് ഞങ്ങൾ കൊളംബോയിലെത്തിയത്. ഇവിടത്തെ നദികളെക്കുറിച്ചറിയാൻ അപ്പോൾ താത്പര്യം തോന്നി. ഇവിടെ 103 നദികളുണ്ടത്രേ. മഹാവെലി (Mahaweli) നദിയാണ് അവയിൽ പ്രധാനപ്പെട്ടത്. അത് കേട്ടപ്പോൾ എനിക്ക് നമ്മുടെ മഹാബലിയെ ഓർക്കാതിരിക്കാനായില്ല. ഒട്ടേറെ വെള്ളച്ചാട്ടങ്ങളുമുണ്ടിവിടെ.


സ്ക്കൂൾ വിട്ട് കുട്ടികൾ പോകുന്നതു കണ്ടാണ് സ്ക്കൂൾ സമയത്തെക്കുറിച്ചും മറ്റും  അന്വേഷിച്ചത്. രാവിലെ ഏഴരയ്ക്ക് ഇവിടെ സ്ക്കൂൾ തുടങ്ങുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ സ്ക്കൂൾ സമയം കഴിയും. പ്രൈമറി സ്ക്കൂളിന് പന്ത്രണ്ടര വരെയേ ക്ലാസ്സുള്ളു. ഓഫീസുകളുടെ സമയം എട്ടര മുതൽ നാലര വരെയാണ്. ദിവസത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ ഭാഗത്തെത്തന്നെ പ്രവൃത്തിസമയമാക്കി മാറ്റുന്ന ഈ സമയക്രമം കൂടുതൽ മെച്ചപ്പെട്ടതാണെന്ന് തോന്നി. സിരിമാവോ ബന്ദാരനായകെയുടെ മുൻകൈയിലാണ് വിദ്യാഭ്യാസപരിഷ്ക്കാരങ്ങൾ കാര്യക്ഷമമായി നടന്നത്.
സ്ക്കൂളുകളിൽ യൂണിഫോം സമ്പ്രദായമുണ്ട്. സർക്കാർ - അർധസർക്കാർ സ്ക്കൂളുകളിൽ വെള്ളയ്ക്ക് പ്രാമുഖ്യമുള്ള ഒരേ യൂണിഫോം തന്നെ ഉപയോഗിക്കുന്നു.  സ്വകാര്യസ്ക്കൂളുകൾക്ക് യൂണി ഫോം വ്യത്യസ്തമാണ്. പോകുന്ന വഴി ഒരു ബൌദ്ധസ്ക്കൂളും കണ്ടു. ബുദ്ധമതതത്ത്വങ്ങൾക്ക് പ്രാമുഖ്യമുള്ള വിദ്യാഭ്യാസമാണത്രേ അവിടെ.


 പ്രേംദാസെ ക്രിക്കറ്റ് സ്റ്റേഡിയം, പതിനെട്ടാം നൂറ്റാണ്ടിലെ മരദമ (Maradama) റെയിൽവെ സ്റ്റേഷൻ, കൊളംബോ മെഡിക്കൽ കോളെജ്, ഭരണാധികാരികളുടെയും രാഷ്ട്രീയനേതാക്കളുടെയും മുഖ്യ വാസകേന്ദ്രങ്ങളടങ്ങിയ സിനമൻ ഗാർഡൻ, ചരിത്രപ്രധാനമായ ബന്ദാരനയകെ ഹൌസ്, യുനെസ്ക്കോ സെന്റർ, അമേരിക്കൻ ഹൌസ്, പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ആംഗ്ലിക്കൻ ചർച്ച്, ചൈനീസ് എംബസി, ബുദ്ധിസ്റ്റ് സ്ക്കൂൾ, ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ തുടങ്ങിയവയൊക്കെ ഞങ്ങളുടെ ഈ ലഘുസന്ദർശനത്തിലെ ലക്ഷ്യസ്ഥാനങ്ങളായുണ്ടായിരുന്നു.



3

ബന്ദാരനായകെ മെമ്മോറിയൽ ഇന്റർ നാഷണൽ കോൺഫറൻസ് ഹാളായിരുന്നു മറ്റൊരു പ്രധാന സന്ദർശനസ്ഥാനം. ഒരു വിപുലമായ കോൺഫറൻസ് ഹാളെന്ന നിലയിൽ ബഹുവിധ സൌകര്യങ്ങളോടും സന്നാഹങ്ങളോടും കൂടി ഏഷ്യയിൽത്തന്നെ ആദ്യമായി നിർമ്മിച്ച മന്ദിരമത്രേ ഇത്. ബാഹ്യവും ആഭ്യന്തരവുമായ ദൃശ്യഭംഗിയിലും ഇത് ആരുടെയും മനസ്സിൽ പിടിച്ചുനിൽക്കുക തന്നെ ചെയ്യും. ഔദ്യോഗികമോ അനൌദ്യോഗികമോ ആർഭാട പൂർണമോ എങ്ങനെയുമാകട്ടെ, പരിപാടികളേതും നടത്താൻ ലോകനിലവാരത്തിൽത്തന്നെ സൌകര്യങ്ങളൊരുക്കിയിട്ടുള്ള ഈ ഹാൾ ശ്രീലങ്ക അതിന്റെ അഭിമാനമായിക്കരുതുന്നു. ബൌദ്ധലോകാമവതയിൽ 37 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടവും പരിസരവും ശ്രീലങ്കയിലെ പ്രധാനപ്പെട്ട സന്ദർശകസ്ഥാനങ്ങളിലൊന്ന് കൂടിയാണ്.


ബന്ദാരനായകെ മെമ്മോറിയൽ ഇന്റർ നാഷണൽ കോൺഫറൻസ് ഹാള്‍
കൊളംബോ ടൌൺ ഹാളായിരുന്നു ഞങ്ങളുടെ യാത്രാ പാക്കേജിലെ മറ്റൊരു സന്ദർശക സ്ഥാനം.  കൊളംബോ മുനിസിപ്പൽ കൌൺസിലിന്റെയും മേയറുടെയും ഓഫീസ് ആസ്ഥാനമാണത്.  പ്രശസ്തമായ വിഹാരമഹാദേവി പാർക്കിനുമുന്നിലുള്ള ഈ മന്ദിരം അതിന്റെ സ്ഥാനം കൊണ്ടും ദൃശ്യസവിശേഷതകൾ കൊണ്ടും നിർമ്മാണരീതികൊണ്ടും വളരെ പ്രധാനമാണ്, ആകർഷകവും. കൊളംബോ അതിന്റെ അഭിമാനമായിക്കരുതുന്ന രമ്യഹർമ്മ്യങ്ങളിലൊന്ന്.


1921-ൽ, കൊളംബോ മുനിസിപ്പൽ കൌൺസിലിന് പുതിയൊരാസ്ഥാനം നിർമ്മിക്കാൻ തീരുമാനമെടുത്തതിനെത്തുടർന്ന് ലോകതലത്തിൽത്തന്നെ നടത്തിയ ഒരു വാസ്തുശില്പമാതൃകാ മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത രൂപമാതൃകയാണ് ടൌൺ ഹാളിന്റേത്. തുടർന്ന് 1924-ൽ പണിയാരംഭിച്ച് 1928-ൽ പൂർത്തീകരിച്ചു. എല്ലാ ദിശകളിൽനിന്നും വളരെ ആകർഷകമായ കാഴ്ച ലഭിക്കുന്നതും എല്ലായിടത്തുനിന്നും സുഗമമായി എത്തിച്ചേരാവുന്നതും എന്ന് ഇത് നിരീക്ഷിക്കപ്പെട്ടി ട്ടുണ്ട്. ഭരണകാര്യങ്ങൾ വളരെ സൌകര്യപ്രദമായി നിർവഹിക്കാനുതകുംവിധമുള്ള മുറികൾ, മുനിസി പ്പൽ കൌൺസിൽ യോഗങ്ങൾ നടത്താനുള്ള ഹാൾ അത് പൊതുജനങ്ങൾക്ക് ഇരുന്നുകാണാൻ സൌകര്യപ്രദമായ ഗാലറി എന്നിങ്ങനെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഈ ടൌൺഹാൾ നൂറ് വർഷത്തിന്റെ പഴക്കത്തോടടുക്കുമ്പോഴും കാഴ്ചയിൽ പുതിയതും ആകർഷകവും പ്രയോഗത്തിൽ ആധുനികവുമായിത്തന്നെയിരിക്കുന്നു. മുൻവരാന്തയ്ക്കു മുന്നിലായി സവിശേഷക്രമത്തിൽ ഉയർന്നു നിൽക്കുന്ന തൂണുകളും അവയുടെ ആകാരഭംഗിയും  ചുവട്ടിലെ കൈവരികളും മുകളിൽ മധ്യഭാഗത്തായി തലയെടുത്തുനിൽക്കുന്ന താഴികക്കുടവും മധ്യഭാ‍ഗത്തായിത്തന്നെ മുന്നിലേക്കുള്ള എടുപ്പുകളും എല്ലാം കൂടി കാഴ്ചയിൽ ഏറെ മതിപ്പും ആകർഷണവും തോന്നിക്കുന്ന ഒരു മന്ദിരമാണിത്.
പല കാലങ്ങളിലായി ചില മിനുക്കുപണികളും ചില പരിഷ്ക്കരണങ്ങളും മറ്റും ഇതിൽ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ ആദ്യത്തെ രൂപകല്പനയിൽ മാറ്റം വരാത്ത വിധത്തിലായിരുന്നു. ശ്രീലങ്കയിലെ അധിനിവേശസംഭാവനകളെക്കുറിച്ച് പറയുമ്പോഴും പഠിക്കുമ്പോഴും,  അതിൽ ടൌൺഹാളിന് പ്രത്യേകമൊരു സ്ഥാനമുണ്ട്.


ശ്രീലങ്ക നാഷണൽ മ്യൂസിയവും അവിടത്തെ അധിനിവേശനിർമ്മിതികളിൽ ഒന്ന് തന്നെ യാണ്. 1877-ലെ വർഷപ്പുലരിയിൽ ( ജനുവരി ഒന്നിന് തന്നെ) കൊളംബോയിൽ സ്ഥാപിച്ച ഈ മ്യൂസിയം തന്നെയാണ് രാജ്യത്ത് ഏറ്റവും വലുതും പ്രധാനവും. സിംഹാസനം, കിരീടം തുടങ്ങിയ പരമാധികാരചിഹ്നങ്ങളും രാജ്യത്തിന്റെ ഏറെ വിലപ്പെട്ട മുദ്രകളും വസ്തുവകകളും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ലങ്കയുടെ പഴയ കാലവും കഥയും വിവരിക്കുന്ന മറ്റനേകം കാഴ്ചവസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.


കൊളംബോ മ്യൂസിയം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ദേശീയമ്യൂസിയം സിലോണിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ ഹെൻറി ഗ്രിഗറിയാണ് ആരംഭിച്ചത്. പിന്നീടുള്ള ഒരു നൂറ്റാണ്ടിലേറെ ക്കാലം കൊണ്ടാണ് ലങ്കയുടെ സാംസ്ക്കാരികവും പ്രകൃതിപരവുമായ ചരിത്രവസ്തുക്കളുടെ സംഭരണവും വിന്യാസവും വഴി ഈ മ്യൂസിയത്തെ വികസിപ്പിച്ച് സമ്പന്നമാക്കിയത്. അതോടൊപ്പം തന്നെ പല ഉപവിഭാഗങ്ങളും ഓഡിറ്റോറിയവും മറ്റുമുണ്ടായി. മ്യൂസിയത്തിന്റെ വികസനവും വിപുലനവും തുടർ പ്രക്രിയയായിത്തന്നെ നടന്നു. പൂർണരൂപത്തിലുള്ള ദേശീയമ്യൂസിയം എന്ന നിലയിൽ  ഇത് സ്ഥാപിതമായത് 1942-ലാണ്.


മ്യൂസിയത്തോടൊപ്പം 1877 ജനുവരി ഒന്നിന് തന്നെ സ്ഥാപിച്ചതാണ് ഇവിടത്തെ ലൈബ്രറിയും. 1870-ൽ ആരംഭിച്ച് അവിടെ മുന്നേയുണ്ടായിരുന്ന ഓറിയന്റൽ ലൈബ്രറിയാണ് നാഷണൽ മ്യൂസിയം ലൈബ്രറിയായി വികസിപ്പിച്ചത്. ഈ മ്യൂസിയവും ലൈബ്രറിയും കൂടി ശ്രീലങ്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ അതീതകാലക്കാഴ്ച കളിലേക്കും അത് സംബന്ധിച്ച് വിജ്ഞാനമേഖലകളിലേക്കും നമ്മെ നയിക്കുന്നു.
സിന്നമൺ ഗ്രാൻഡ് ഹൌസിങ് കോമ്പ്ലക്സ്, പഴയ പാർലമെന്റ് മന്ദിരം, ഫോർട്ട് റെയിൽവെ സ്റ്റേഷൻ, കൊളംബോ മെഡിക്കൽ കോളെജ് തുടങ്ങിയ പല സ്ഥലങ്ങളിലും ഞങ്ങൾ പോയി. സാമാന്യം വിസ്തൃതമായൊരു പ്രദേശമാണ് സിന്നമൺ ഹൌസിങ് കോമ്പ്ലക്സ് .ശ്രീലങ്കയിലെ ഭരണാധികാരികളും പ്രമുഖ രാഷ്ട്രീയനേതാക്കളുമൊക്കെ ഇവിടെയാണ് താമസിക്കുന്നത്. അതു കൊണ്ട് രാജ്യത്തിന്റെ വർത്തമാനവും ഭാവിയും നിർണയിക്കുന്ന ഒരധികാരകേന്ദ്രമെന്ന് കറുവ മരത്തിന്റെ പേരിൽ(Cinnamon) ഇല വിരിഞ്ഞുനിൽക്കുന്ന ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.

4

കൊളംബോയിലെ ഏറ്റവും പഴയതും ഏറ്റവും വിസ്തൃതവുമായ പാർക്കാണ് വിഹാരമഹാദേവി പാർക്ക്. ദുതുഗമുനു (Dutugamunu) രാജാവിന്റെ അമ്മയായ വിഹാരമഹാദേവി രാജ്ഞിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. എന്നിരുന്നാലും ‘വിക്ടോറിയാ പാർക്ക്’ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. അധിനിവേശവും ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സ്ഥാപനവും നിമിത്തം ലോകത്താകമാനം തന്നെ കുടിയേറി ഭരിച്ചുപോരുന്ന ഒരു പേരാണല്ലോ വിക്ടോറിയ. (ഓസ്ട്രേലിയയിൽ അത് ഒരു സംസ്ഥാനത്തിന്റെ പേര് മാത്രമല്ല,  യൂണിവേഴ്സിറ്റിയുള്‍പ്പെടെ അവിടെയുള്ള പല പ്രമുഖസ്ഥാപനങ്ങളുടേതും കൂടിയാണ്.) രണ്ടാം ലോകയുദ്ധകാലത്ത് ഓസ്ട്രേലിയയുടെ പതിനേഴാം ബ്രിഗേഡിനോടൊപ്പം ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഈ പാർക്ക് 1951-ലാണ് പുന:സ്ഥാപിച്ച് പൊതുജനപ്രവേശനത്തിന് തുറന്നുകൊടു ത്തത്. പ്രസിദ്ധമായ സിലോൺ ക്രിക്കറ്റ് ടീമിന്റെ ക്രിക്കറ്റ് ഗ്രൌണ്ടായും ഈ പാർക്കിന്റെ ഭാഗം ഉപയോഗീച്ചിരുന്നു. കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലസൌകര്യങ്ങൾ, അനേകം ജലധാരാ യന്ത്രങ്ങൾ, കലാപരിപാടികൾക്കും പൊതുപരിപാടികൾക്കും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ എയർ സ്റ്റേഡിയം തുടങ്ങിയവയും ഈ പാർക്കിന് സവിശേഷമായുണ്ട്. ഭീമാകാരമായൊരു ബുദ്ധപ്രതിമ ഇവിടെയുണ്ട്. ശ്രീലങ്കയുടെ വ്യക്തിമുദ്രകളിലൊന്നായിത്തന്നെ ഈ പാർക്ക്  കരുതപ്പെടുന്നു. ഒരു പകലിലെ തുടർച്ചയായ യാത്രയിൽ ഈ പാർക്ക് ഒരു വിശ്രമസ്ഥാനമായി ഞങ്ങളും കണ്ടെത്തി.


പിന്നീട് ഞങ്ങൾ പോയത് ഗംഗാരാമ ബുദ്ധക്ഷേത്രത്തിലേക്കാണ്.  സന്ദർശനത്തിന് ഒരാൾക്ക് മുന്നൂറ് രൂപ വീതം അടച്ച് രസീത് വങ്ങി. മുഖ്യക്ഷേത്രവും ഒട്ടനേകം ഉപക്ഷേത്രങ്ങളുമടങ്ങുന്ന ആ ക്ഷേത്രസമുച്ചയം അകമെന്നപോലെ പുറം കൊണ്ടും ദർശനീയതയുടെ ആഘോഷമായാണ് അനുഭവ പ്പെട്ടത്. സ്വർണവർണത്തിൽ മിന്നിത്തിളങ്ങുന്നതും ആകർഷകവുമായ രൂപവിധാനമാണ് ക്ഷേത്ര ത്തിന്റേത്. ഉൾഭാഗം നിറയെ പലയടുക്കുകളായി വളരെ മനോഹരമായ ദർശനീയ വസ്തുക്കൾ. ഏറെയും ബുദ്ധപ്രതിമകളാണ്. വലുതും ചെറുതുമായി, പല മാതൃകകളിലുള്ള എണ്ണമറ്റ പ്രതിമകൾ.


കാഴ്ചയ്ക്കിമ്പം നൽകുന്ന ഒട്ടനേകം മറ്റ് ശില്പരൂപങ്ങളെക്കൊണ്ടും അവിടം നിറഞ്ഞിരിക്കുന്നു. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള വളരെയേറെ ആനക്കൊമ്പുകൾ അവിടെ പലയിടങ്ങളി ലായിക്കണ്ടു. ഇത്രയേറെ ആനക്കൊമ്പുകൾ ഒരുമിച്ച് എവിടെയെങ്കിലും കാണാനാവുമെന്ന് സങ്കല്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ദു:ഖിതർക്കും അശരണർക്കും വേണ്ടി രൂപംകൊണ്ട ബുദ്ധമതം ക്രമേണ സമ്പത്തിന്റെയും ആർഭാടങ്ങളുടെയും വേദിയായി മാറിയതിന്റെ ചിത്രങ്ങൾ കൂടിയാണ് ഇന്നത്തെ ബുദ്ധക്ഷേത്രങ്ങൾ നൽകുന്നത്. അവ ഇന്ന് ആരാധനാലയങ്ങളെന്നതിനെക്കാൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാണെന്ന് തോന്നി.


ഉൾനാട്ടിലെവിടെയോനിന്ന് വന്നവരെന്ന് തോന്നിക്കുന്ന, ശുഭ്രവസ്ത്രധാരികളായ ഒരു സംഘം ഭക്തജനങ്ങളും അപ്പോൾ അവിടെയുണ്ടായിരുന്നു.


ഇന്ത്യൻ ഹൈക്കമ്മീഷൻ, ജപ്പാന്റെ മേൽനോട്ടത്തിലുള്ള വേൾഡ് ട്രൈഡ്സെന്റെർ, (അത് കണ്ടപ്പോൾ, ജർമ്മനിയിൽ ഫ്രാങ്ക് ഫർട്ടിലെ വേൾഡ് ട്രെയ്ഡ് സെന്റെറും അതിന്റെ മുന്നിലുള്ള കറുത്ത കാളക്കൂറ്റന്റെ പ്രതിമയും ഓർമ്മവന്നു.) പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ച ഡച്ച് ആശുപത്രിയും യാത്രയ്ക്കിടെ കണ്ടു. ബ്രിട്ടീഷ് ബിൽഡിങ്ങുകൾ, കൊളംബോ ഫോർട്ട് റെയിൽവെ സ്റ്റേഷൻ, കൊളംബോ പേട്ട, കൊളംബോ കോട്ട, ചൈനയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ലോട്ടസ് ടവർ തുടങ്ങിയവയൊക്കെ കണ്ടാണ് ഞങ്ങൾ കടൽത്തീരത്തേക്കെത്തിയത്.
കൊളംബോ ബീച്ചിലെത്തിയപ്പോൾ എനിക്ക് മറീനാ ബീച്ചിന്റെ പ്രതീതിയാണനുഭവപ്പെട്ടത്. എന്നാൽ മറീനാ ബീച്ചിനോളം തന്നെ വിസ്തൃതി (തീരത്തിന്റെ വീതി) ഇവിടെയില്ല. റോഡിൽ നിന്ന് ഏറെയകലെയല്ല ഇവിടത്തെ കടലലകൾ. അതിനിടെ, തീരത്തോട് ചേർന്ന് തന്നെ നിരനിരയായി ധാരാളം തട്ടുകടകൾ. (അങ്ങനെയുള്ള തട്ടുകടകളെയും തകർത്തൊഴുക്കിക്കൊണ്ടായിരുന്നു 2004 ഡിസംബർ 26-ന് രാവിലെ മറീനാ ബീച്ചിൽ സുനാമിത്തിരകൾ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തത്.) ആ തീരത്തുകൂടി ഞങ്ങൾ കുറെ ദൂരം നടന്നു. കടലിന്റെ പ്രശാന്തവിസ്മയങ്ങൾ കണ്ടു. അവിടെ മുനമ്പിനടുത്ത് ചൈനിസ് സഹായത്തോടെ കടലിന്റെ ഒരു ഭാഗം നികത്താനുളള പണികൾ കുറെ മുന്നേറി യിട്ടുണ്ട്. പ്രേംദാസെ സർക്കാരിന്റെ കടുംചെയ്തികളിലൊന്നുതന്നെ ഇതും.

തട്ടുകടകളിൽ വലിയ തിരക്കൊന്നുമില്ലെങ്കിലും എല്ലാം സജീവമാണ്. അവിടത്തെ ഭക്ഷണം ഒന്ന് രുചിച്ചു നോക്കണമെന്ന് തോന്നി. ഒരു കടയിൽ കയറി ഞങ്ങൾ ചില ചൂട് പലഹാരങ്ങൾ വാങ്ങിക്കഴിച്ചു. അതും നല്ലൊരനുഭവമായാണ് തോന്നിയത്.


സന്ധ്യയോടെ ഞങ്ങൾ കൊളംബോ ദർശനം മതിയാക്കി ബീച്ചിൽനിന്ന് മടക്കയാത്ര യാരംഭിച്ചു. അപ്പോഴാണ് കൊളംബോ നഗരത്തിന്റെ വാഹനത്തിരക്ക് ശരിക്കും അനുഭവിച്ചത്. വാഹനങ്ങൾ കിലോമീറ്ററുകളോളം നീങ്ങിയത് അക്ഷരാർഥത്തിൽത്തന്നെ ഇഴഞ്ഞിഴ ഞ്ഞാണ്. ബസ്സുകളും കാറുകളും മറ്റു വാഹനങ്ങളുമെല്ലാം ഒന്നു ചലിക്കാനുള്ള അവസരം പാർത്തു കിടക്കുന്നു. ചലിക്കാനായാൽത്തന്നെ അതിന് കാലാൾനടപ്പിന്റെ വേഗം പോലും കിട്ടുന്നില്ല. കളിപ്പാട്ടങ്ങൾ, ലഘുഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിൽക്കുന്നവർ ഇത് അവസരമാക്കുന്നുണ്ട്. ഓടുന്ന ബസ്സുകളിൽ ചാടിക്കയറിയും ഇറങ്ങിയും അവർ വില്പന നടത്തുന്നു. ട്രാഫിക് തടസ്സം കൊണ്ട് മനം മടുത്ത് ഞാൻ ചന്ദ്രയോട് ചോദിച്ചു, എന്നും ഇത് തന്നെയാണോ സ്ഥിതിയെന്ന്. ദിവസവും അഞ്ച് മണി മുതൽ എട്ട് മണി വരെ ഇതാണത്രേ പതിവ്.

ഏതായാലും ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. (ആറ് മണിക്ക് തിരിച്ചെത്തുമെന്നായിരുന്നു പുറപ്പെടുമ്പോഴുണ്ടായിരുന്ന ധാരണ.) കാലതാമസം ഇരുകൂട്ടർക്കും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആരും അത് കാര്യമാക്കിയില്ല. യാത്രയിലുടനീളം ചന്ദ്രയുടെ ഇടപെടലുകളും നൽകിയ വിശദീകരണങ്ങളും വളരെ സഹായകമായിരുന്നു. അതിലെ സന്തോഷം കൊണ്ട് നിശ്ചിത തുകയ്ക്ക് പുറമേ കുറച്ച് പണവും ചില പാരിതോഷികങ്ങളും കൊടുത്ത് അയാളെ യാത്രയാക്കി. അല്പമൊന്ന് വിശ്രമിക്കാനിട കിട്ടുമെന്ന ധാരണ തകർന്നതുകൊണ്ട്, അതിനൊന്നും നോക്കാതെ അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പുകളിലേക്ക് ഞങ്ങൾ കടന്നു.

വെളുപ്പിന് മൂന്നു മണിക്കാണ്  തിരുവനന്തപുരത്തേക്കുള്ള വിമാനം. ഹോട്ടലിൽ വന്ന് കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ്, രാത്രി പതിനൊന്ന് മണിക്ക് തന്നെ വിമാനത്താവളത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള വാഹനമെത്തി. രാത്രിയത്രയുമായതുകൊണ്ടാവാം, അരമണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ അവിടെയെത്തി.

പിന്നീട് വിമാനസമയത്തിനായുള്ള നീണ്ട കാത്തിരിപ്പ്. രണ്ട് ദിവസമായി തെല്ലൊന്നുറങ്ങാൻ ഇട കിട്ടാത്തതിലെ ക്ഷീണവും വൈവശ്യവും. ഏതായാലും വിമാനം നിശ്ചിതസമയത്ത് തന്നെ പുറപ്പെട്ടു. വെളുപ്പിന് നാലു മണിക്ക് മുമ്പ് ഞങ്ങൾ തിരുവനന്തപുരത്തിറങ്ങി. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് അഞ്ച് മണിയോടെ വീട്ടിൽ തിരിച്ചെത്തി.
രണ്ട് മാസത്തോളം കാലം അടഞ്ഞുകിടന്ന വീട് ഞങ്ങൾക്ക് പുതിയ  കർമ്മപരിപാടികൾ ഏറെയൊരുക്കി കാത്തിരിക്കയായിരുന്നു!