Tuesday, July 11, 2017

ലങ്കാദര്‍ശനം

                                                                            ലങ്കാദർശനം

‘അറബിക്കടലിൽ പറിച്ചു നട്ട കേരളമാണല്ലോ ശ്രീലങ്ക’ എന്ന്, എവിടെ ഏത് സന്ദർഭത്തിലാണെന്ന് ഓർമ്മയില്ല, ഒരിക്കൽ ഞാൻ തന്നെയെഴുതിയിരുന്നു. അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ പുണർന്നുചേരുന്ന നമ്മുടെ കന്യാകുമാരിക്ക് തൊട്ടങ്ങേപ്പുറത്ത് കടലിന്റെ പരിരംഭണങ്ങളേറ്റുവാങ്ങി നിതാന്തവിശ്രമം കൊള്ളുന്ന ആ കൊച്ചുദ്വീപ് പൌരാണിക ഇന്ത്യയുടെ തന്നെ അഭേദ്യഭാഗമായിക്കരുതുന്ന ഇതിഹാസപാരമ്പര്യവും നമുക്കുണ്ട്. അതുകൊണ്ടെല്ലാം, ശ്രീലങ്കയൊന്ന് കാണുകയെന്നത് ഏറെ നാളായി മനസ്സിലുറങ്ങിയ ഒരാഗ്രഹമായിരുന്നു. എങ്കിലും അവിടെയൊരു ചെറുസന്ദർശനത്തിന് പോയത് തികച്ചും യാദൃച്ഛികമായാണ്. ഒരു വിമാനയാത്രാ ക്രമീകരണത്തിൽ ഉൾക്കൊണ്ടിരുന്ന ഒരു കാലവിളംബം കൊണ്ട് മാത്രം.

പതിവിൽനിന്ന് വ്യത്യസ്തമായി, ഇത്തവണ ഞങ്ങളുടെ ഓസ്ട്രേലിയായാത്ര ശ്രീലങ്കൻ എയർ ലൈൻസ് വഴിയായിരുന്നു. പല വഴി നോക്കിയിട്ടും, ടിക്കറ്റ് കിട്ടിയതങ്ങനെ എന്ന് മാത്രം. അതിന് ചില അസൌകര്യങ്ങളുണ്ടായിരുന്നു. സിംഗപ്പൂരോ മലേഷ്യയിലോ എവിടെയെങ്കിലും ഒരിടത്താവളമിറങ്ങി മെൽബണിലേക്ക് പോവുകയെന്ന പതിവിന് പകരം, കൊളംബോയിൽക്കൂടി ഇറങ്ങിക്കയറുക എന്ന ഒരധികച്ചുറ്റൽ. അങ്ങനെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര തിരുവനന്തപുരം- കൊളംബോ-സിംഗപ്പൂർ- മെൽബൺ എന്ന വിധത്തിലായി.
ഞാനും സീതയും ആദ്യമായി കൊളംബോ വിമാനത്താവളത്തിലെത്തിയപ്പോൾ ഒരു ഫോട്ടോയെടുത്ത്, ‘സീത ലങ്കയിൽ’ എന്ന പേരിൽ ഫേസ് ബുക്കിലും മറ്റുമായി ചില പോസ്റ്റുകളിട്ടിരുന്നു. വളരെ കൌതുകകരമായ പ്രതികരണങ്ങളും അതിനുണ്ടായി. കൊളംബോയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വൈകാതെതന്നെ അടുത്ത വിമാനം കിട്ടിയതുകൊണ്ട് വിഷമമുണ്ടായില്ല.

എന്നാൽ, തിരിച്ചുള്ള യാത്രയാണ് ഞങ്ങളെ ശരിക്കും ചുറ്റിച്ചത്. കൊലാലമ്പൂർ, കൊളംബോ, തിരുവനന്തപുരം എന്നതായിരുന്നു മെൽബണിൽ നിന്നുള്ള യാത്രാവഴി. കൊളംബോയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു മണിക്കൂറിൽത്താഴെയുള്ള യാത്രാദൂരം മാത്രം. എന്നാൽ അതിനുള്ള വിമാനത്തിനായി പത്തൊമ്പത് മണിക്കൂറിലധികം കൊളംബോയിൽ കാത്തിരിക്കണം. വിമാനക്കമ്പനിയെ കുറ്റം പറയരുതല്ലോ, ആ സമയം ചെലവഴിക്കുന്നതിന് സകര്യപ്രദമായ ഹോട്ടലും അവിടേക്കും തിരിച്ചുമുള്ള യാത്രാസൌകര്യ ങ്ങളുമെല്ലാം അവർ മുൻകൂട്ടിയേർപ്പെടുത്തിയിരുന്നു.  

അങ്ങനെ അഭിനവവിമാനരാക്ഷസൻ (പുഷ്പകവിമാനം, കുബേരനിൽനിന്ന് തട്ടിയെടുത്തതാണെങ്കിലും, ലങ്കയ്ക്ക് പണ്ടേ സ്വന്തമാണല്ലോ!) ഒരു പകലും രാത്രിയുടെ ഏറിയ ഭാഗവും സീതയെയും എന്നെയും ലങ്കയിൽ തടവിലിട്ടതിനെത്തുടർന്നുണ്ടായതാണ് ഈ ലങ്കാനുഭവങ്ങൾ. അങ്ങനെയാണെങ്കിലും, കിട്ടുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങൾ നേരത്തേതന്നെ നിശ്ചയിച്ചുറച്ചിരുന്നു.

അതുകൊണ്ട്, കൊളംബോയിലിറങ്ങി ഹോട്ടൽ സൌകര്യങ്ങളിലേക്ക് കടക്കുന്നതിനു മുന്നേ തന്നെ അന്വേഷിച്ചത് ഒരു നഗരദർശനസാധ്യതയാണ്. ഞങ്ങൾക്ക് താമസിക്കാനായി നിശ്ചയിച്ചിരുന്ന ഗോൾഡൻ ബീച്ച് ഹോട്ടലിലേക്ക് വിളിച്ച് സിറ്റി ടൂർ കാര്യം ഓസ്ട്രേലിയയിൽ വച്ച് തന്നെ അന്വേഷിച്ചിരുന്നു. ടൂർ ബസ്സുകളുണ്ടെന്നും സൌകര്യപ്രദമാണെന്നും അവർ പറയുകയും ചെയ്തു. എങ്കിലും, വിമാനത്താവളത്തിൽ ഇറങ്ങിവന്നപ്പോൾ  ശ്രീ ലങ്കൻ എയർ ലൈൻസിന്റെ കൌണ്ടറിൽത്തന്നെ ഒന്നന്വേഷിക്കാ മെന്നു വച്ചു. അവർ ഞങ്ങൾക്കായി ഒരു കാർ ഏർപ്പാട് ചെയ്തു. അതനുസരിച്ച് കാണാൻ കഴിയുന്ന കൊളംബോയിലെ പ്രധാന കാഴ്ചസ്ഥാനങ്ങളുടെ ഒരു ലിസ്റ്റും അവർ തന്നു. അമേരിക്കൻ ഡോളർ കണക്കിനാണ് അവർ നിരക്ക് പറയുക. ഞങ്ങളത് കൈയിലുള്ള ഓസ്ട്രേലിയൻ ഡോളർ അനുസരിച്ച് കൊടുക്കാമെന്ന് ധാരണയായി.

ഓസ്ട്രേലിയൻ ഡോളറായും സിംഗപ്പൂർ ഡോളറായും ഇന്ത്യൻ രൂപയായും കുറച്ച് പണം കൈയിലുണ്ട്. പല യാത്രകളിലായി ഉപയോഗത്തിനു കരുതി മിച്ചം വന്നവയാണ്. (ഈ യാത്രയിൽ ആവശ്യം വരില്ലെന്നതിനാൽ യൂറോപ്യൻ കറൻസി കൈയിലെടുത്തിരുന്നില്ല.) ശ്രീലങ്കയിലെത്തുമ്പോഴത്തെ ആവശ്യത്തിന് കുറച്ച് ശ്രീലങ്കൻ രൂപയാക്കിയെടുക്കാമെന്ന് കരുതി മെൽബണിൽ വച്ച്തന്നെ  മണി എക്സ്ചേഞ്ച് ബാങ്കിൽ അന്വേഷിച്ചിരുന്നു. ഓസ്ട്രേലിയൻ ഡോളറിന് 92.7 രൂപ വച്ച് തരാമെന്ന് പറഞ്ഞു. നൂറ് ഡോളറിന് പന്ത്രണ്ട് ഡോളർ വച്ച് സർവീസ് ചാർജ് കൊടുക്കുകയും വേണം. 112ഡോളര്‍ കൊടുത്താല്‍ 9270 ലങ്കന്‍ രൂപ കിട്ടുമെന്ന് സാരം.  അവിടെ അപ്പോൾ ശ്രീലങ്കൻ കറൻസിയുണ്ടായിരുന്നില്ല. അതേതായാലും നന്നായി; കൊളംബോ വിമാനത്താവളത്തിൽ നിന്ന് 110.48 നിരക്കിൽ പണം മാറിക്കിട്ടി, നൂറ് ഡോളറിന് തന്നെ 11048 ലങ്കന്‍ രൂപ.  വേറെ സർവീസ് ചാർജ് ഇല്ലാതെ തന്നെ.  അത് പുതിയൊരു പാഠമായിരുന്നു.


എയർ പോർട്ടിൽ നിന്ന് അര മണിക്കൂറിലേറെ യാത്ര ചെയ്താണ് നെഗംബോയിലെ ഗോൾഡൻ ബീച്ച് ഹോട്ടലിലെത്തിയത്. ബ്രിട്ടീഷ് കാലത്തോ മറ്റോ ഉള്ള ഹോട്ടലാണെന്ന് തോന്നി. സ്റ്റാർ ഹോട്ടൽ. എങ്കിലും പല ഭാഗങ്ങൾക്കും നല്ല പഴക്കം. ആധുനികമായ എടുപ്പുകളുമുണ്ട്. മുറ്റത്ത് പിൻഭാഗത്തുള്ള നീന്തൽക്കുളത്തിൽ ചില വിദേശവനിതകളും പുരുഷന്മാരും നീന്തിക്കളിക്കുന്നു. അതിനുമപ്പുറം പലരും സ്നാനവേഷത്തിൽത്തന്നെ, സൂര്യസ്നാനത്തിലാണ്. പലരും അങ്ങനെ കിടന്നുറങ്ങുന്നുമുണ്ട്. ചുട്ടുപൊള്ളുന്ന വെയിലത്തെ സൂര്യസ്നാനം എന്നോർത്ത് മനസ്സിൽ ചിരിച്ചു. കേരളം ചുട്ടു പഴുക്കുന്നതായി വാർത്തകളിൽ കണ്ടിരുന്നു. അതിലും വലിയ ചൂടാണ് ലങ്കയിലെന്ന് തോന്നി.



ഹോട്ടലിന് പിന്നിൽ, അതിനുമപ്പുറം  തൊട്ടടുത്തു തന്നെ കടലാണ്. വെയിൽ പൊറാഞ്ഞ്, കടൽത്തീരത്തേക്ക് ഞങ്ങൾ പോയില്ല.
നമ്മുടെ കന്യാകുമാരിക്ക് തെക്കുകിഴക്കായിക്കിടക്കുന്ന ഒരു ചെറു ദക്ഷിണേഷ്യൻ ദ്വീപ് രാജ്യമാണ് ശ്രീലങ്ക. 1972 വരെ ഇതിന് സിലോൺ എന്നായിരുന്നു പേര്. ഇപ്പോൾ അത് ശ്രീലങ്കൻ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് (Demacratic Socialist Republic of Sree lanka) എന്ന്   ഔദ്യോഗികനാമം. ഏറ്റവും അടുത്ത രാജ്യം ഇന്ത്യയാണ്. തെല്ലകലെയായി മാലിദ്വീപുമുണ്ട്.



ഭൂരിപക്ഷം വരുന്ന സിംഹളരോടൊപ്പം നല്ലൊരു ഭാഗം തമിഴരും ആദിവാസികളായ വേടരും  മറ്റുചില ജനവിഭാഗങ്ങളുമടങ്ങുന്നതാണ് ശ്രീലങ്കൻ സമൂഹം. കൊളംബോയിൽ അൻപത്താറ് ശതമാനവും തമിഴരാണത്രേ. സിംഹളരും തമിഴരും തമ്മിൽ വളർന്നുവന്ന വംശവെറി രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിലെത്തിച്ചു.  ആയിരക്കണക്കിന് തമിഴരും സിംഹളരും ഈ കാലത്തിന്നിടയ്ക്ക് കൊല ചെയ്യപ്പെട്ടു. അതിന്നിടെ ഇന്ത്യയ്ക്ക് ഒരു പ്രധാനമന്ത്രിയെ, രാജീവ് ഗാന്ധിയെത്തന്നെ, അതിലേക്ക് ബലി കൊടുക്കേണ്ടതായും വന്നു. തമിഴർക്ക് വേണ്ടി പോരാടിയ എൽ.ടിടി.യെ, വീണ്ടും ഏറെക്കഴിഞ്ഞ് 2009-ൽ, ബലമായിത്തന്നെ അമർച്ച ചെയ്യുകയാണുണ്ടായത്. അങ്ങനെ ഒരു സമാധാനാന്തരീക്ഷത്തിലേക്ക് കടന്ന കാലമാണിതെന്ന് പറയാം.

എന്നാൽ സിംഹളരും തമിഴരും തമ്മിൽ പ്രശ്നമൊന്നുമില്ലെന്നും രാഷ്ട്രീയക്കാരാണ്  ഇടയ്ക്ക് കടന്ന് കുഴപ്പമുണ്ടാക്കുന്നതെന്നുമാണ് ഞങ്ങളോടൊപ്പം സഹായിയായി വന്ന സിംഹളന്‍ തന്നെയായ ചന്ദ്രയുടെ അഭിപ്രായം.

ബുദ്ധമതാനുയായികളാണ് ഇവിടെ ഭൂരിപക്ഷവും. ഏതാണ്ട് എഴുപത് ശതമാനം വരും. പിന്നെ 22 ശതമാനം ക്രിസ്ത്യാനികൾ . ആറ് ശതമാനത്തോളം മുസ്ലീങ്ങളുണ്ട്. അത് കഴിഞ്ഞു മാത്രമേ ഹിന്ദുക്കളും മറ്റ് വിഭാഗങ്ങളും വരുന്നുള്ളു. ബുദ്ധമതത്തിന്റെ കാര്യത്തിൽ അതിപ്രാചീനമായൊരു പാരമ്പര്യം ലങ്കയ്ക്കുണ്ട്. ബി.സി.29-ലെ നാലാം ബുദ്ധസംഘത്തിന്റെ കാലത്തോളം പഴക്കമുള്ള പാലിരേഖകളടങ്ങുന്ന ബൌദ്ധസാഹിത്യസമ്പത്ത് ഇവിടെയുണ്ടത്രേ. ചരിത്രാതീതലാകത്തോളം നീളുന്ന മനുഷ്യവാസപാരമ്പര്യവും ശ്രീലങ്കയ്ക്ക് അവകാശപ്പെടാനുണ്ട്.
പുരാണമനുസരിച്ച്, ധനാധിദേവതയായ കുബേരനുവേണ്ടി വിശ്വകർമ്മാവ് തന്റെ സവിശേഷ സിദ്ധികളുപയോഗിച്ച് നിർമ്മിച്ച മനോഹരനഗരമാണ് ലങ്ക. ലങ്കയെ പ്രതിനായകകേന്ദ്രമായിപ്പറയുന്ന രാമായണങ്ങളിൽപ്പോലും ലങ്കയുടെ മനോഹാരിതയും നഗരസംവിധാനഭംഗിയും വാഴ്ത്തുന്നുണ്ട്. വിശ്രവസ്സിന്റെ മറ്റൊരു മകനായ രാവണൻ ലങ്കയുടെ സൌന്ദര്യവും ഐശ്വര്യമഹിമയും കണ്ട് അതിൽ മോഹിതനായി. രാവണനോട് എതിരിടാനാവില്ലെന്ന് കണ്ട്  കുബേരൻ ലങ്ക വെടിഞ്ഞ് ഹിമാലയത്തിലുള്ള അമരാവതിയിലേക്ക് തന്റെ പുഷ്പകവിമാനത്തിൽ പലായനം ചെയ്തു. (എന്നാൽ രാവണൻ പിന്നീട് അവിടെച്ചെന്ന് ആ പുഷ്പകവും കൈക്കലാക്കുന്നുണ്ട്.)  സമ്പത്സമൃദ്ധിയിലും നഗര സംവിധാനത്തിലുമെല്ലാം മികച്ച നാടാക്കി ലങ്കയെ മാറ്റി രാവണൻ അവിടം വാണു. സ്വാർഥമാത്ര പ്രേരിതരായ ദേവന്മാരിൽ ഭീതിയുണർത്തി എന്നതൊഴിച്ചാൽ എല്ലാ വിധത്തിലും മികച്ചതും മാതൃകാപരവുമായിരുന്നു രാവണന്റെ ഭരണം. അങ്ങനെയിരിക്കെയാണ് തന്റെ സഹോദരിയായ ശൂർപ്പണഖയെ രാമൻ അപമാനിക്കുകയും അംഗഭംഗം വരുത്തുകയും ചെയ്തതിൽ  കുപിതനായി  രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നത്. ലങ്കയിലെ അശോകവനിയിൽ ശിംശിപാവൃക്ഷത്തിന്റെ ചുവട്ടിൽ സീതയെ കൊണ്ടിരുത്തി. ലോകത്തെമ്പാടും പ്രചാരത്തിലുള്ള വിവിധതരം രാമായണങ്ങളിൽ ചിലതിൽ, സീത രാവണപുത്രിയാണെന്നും ചിലതിൽ സഹോദരിയാണെന്നും ആ നിലയിലുള്ള സ്നേഹാധിക്യമാണ് സീതാപഹരണത്തിന് കാരണമായതെന്നും മറ്റും കാണുന്നു. ( വയലാറിന്റെ പ്രസിദ്ധമായ ‘രാവണപുത്രി’ എന്ന കവിത ഇവിടെ ഓർക്കേണ്ടതുണ്ട്.) തുടർന്ന് നടന്ന രാമരാവണയുദ്ധത്തിൽ രാമൻ രാവണനെ കൊല്ലുകയാണല്ലോ ഉണ്ടായത്.

പുരാണമനുസരിച്ച് രാവണനില്ലാതെ ഒരു ലങ്ക നമുക്ക് സങ്കല്പിക്കാനാവില്ല.  എന്നാൽ ലങ്കാവാസികൾക്ക് രാവണൻ ഒരു മുഖ്യപ്രമേയമായെത്തുന്നില്ല. അവരുടെ സങ്കല്പത്തിൽ, ധീരനും പരാക്രമിയുമായ നല്ലൊരു രാജാവായിരുന്നു രാവണൻ. എന്നിരുന്നാലും ലങ്കയിലെ മുഖ്യ രാജപൈതൃകപരമ്പര യിൽ രാവണനില്ലത്രേ.

2

ലങ്കയിൽ എനിക്ക് ഏറ്റവും ഷ്ടപ്പെട്ട ഒന്ന്, കേരളപ്രകൃതി കഴിഞ്ഞാൽ, അവിടത്തെ ഭക്ഷണമാണ്. സാധാരണയായി ഇന്ത്യയിലാണെങ്കിൽപ്പോലും, കേരളത്തിനു വെളിയിലെവിടെപ്പോയാലും, എനിക്കത് രുചിക്കാറില്ല. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായിത്തോന്നി. വിമാനമിറങ്ങിക്കഴിഞ്ഞ് ഞങ്ങൾക്കിവിടെ പ്രധാനമായും രണ്ട് നേരത്തെ ഭക്ഷണമാണുണ്ടായിരുന്നത്, ഉച്ചയ്ക്കും അത്താഴത്തിനും. രണ്ടും ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽത്തന്നെ, ബുഫെ രീതിയിൽ. വിഭവങ്ങളെല്ലാം ആധുനികമട്ടിൽ ത്തന്നെ. എന്നാൽ എല്ലാം തന്നെ നമ്മുടെ കേരളീയരീതിയിലെന്ന് തോന്നി.


കേരളത്തോടുള്ള സാദൃശ്യമാണല്ലോ സൂചിപ്പിച്ചു തുടങ്ങിയത്. ‘കേരം തിങ്ങും കേരളനാട്’ എന്നൊക്കെ നാം വെറുതെ പറയുന്നതാണെന്ന് ശ്രീലങ്കയിലെത്തിയാൽ ആര്‍ക്കും ബോധ്യപ്പെടും.  ആ വിശേഷണം കേരളത്തെക്കാളെത്രയോ ഏറെ യോജിക്കുക അവിടത്തിനാണെന്ന് തോന്നി. തെങ്ങുകൾ മാത്രമല്ല, കേരളത്തിൽ പൊതുവെ കാണുന്ന കൃക്ഷലതാദികളും അവയുടെ നിബിഡതയും തന്നെയാണ് അവിടെ കാണുന്നത്. ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും റോഡുകളും കെട്ടിടങ്ങളും മറ്റ് സംവിധാനങ്ങളുമെല്ലാം ഏതാണ്ട് ഒന്നുതന്നെ. അവിടെ നടക്കുമ്പോൾ, കാഴ്ചകൾ കാണുമ്പോൾ, മറ്റ് സന്ദർഭങ്ങളിൽ, ഒക്കെ നാം കേരളത്തിലല്ല എന്ന് തോന്നാൻ വിഷമമാണ്.  ആധുനികീകരിച്ച ഗോൾഡൻ ബീച്ച് ഹോട്ടൽ പരിസരത്തെ കടൽത്തീരം കണ്ടപ്പോൾപ്പോലും എന്റെ മനസ്സിൽ പ്രതിബിംബമായെത്തിയത് കുട്ടിക്കാലത്ത് ഞാൻ കണ്ട് പരിചയിച്ച അർത്തുങ്കൽ കടൽ‌പ്പുറമാണ്. ലങ്ക കാണാതെ, വെറും കേട്ടറിവ് വച്ചുകൊണ്ടാണ് ആ രാജ്യത്തെപ്പറ്റി അന്നങ്ങനെ കുറിച്ചതെങ്കിലും, കണ്ടനുഭവിച്ചപ്പോൾ അതിൽ അഭിമാനം തോന്നി.


യാത്രാക്ഷീണം നന്നെയുണ്ടായിരുന്നു. അതിലും വലുതായി, തലേ ദിവസം ഒരു പോളക്കണ്ണടയ്ക്കാനിട കിട്ടാതിരുന്നതിന്റെ വിഷമവും. എങ്കിലും ലങ്കയിൽ അനുവദിച്ചു കിട്ടിയ സമയം പരമാവധി വിനിയോഗിക്കണമെന്ന നിശ്ചയത്തിന് മാറ്റമുണ്ടായില്ല. നഗരദർശനത്തിന് ഏർപ്പാട് ചെയ്തിരുന്ന കാർ ഞങ്ങൾ ഭക്ഷണം കഴിച്ചു വന്നപ്പോഴേക്ക് എത്തി. ഒരു ചന്ദ്രയാണ് സാരഥി, ഏതാണ്ട് എഴുപതിലേറെ പ്രായം തോന്നിക്കുന്ന ഒരാൾ. അയാൾ ഞങ്ങളെ അവിടത്തെ കാഴ്ചകളിലേക്കെത്തിക്കുക മാത്രമല്ല, അവിടങ്ങളെയും അവിടങ്ങളിലെ കാഴ്ചകളെയും കുറിച്ചുള്ള കാര്യങ്ങൾ വിവരിച്ചുതരുകയും ചെയ്തു. അങ്ങനെ നല്ലൊരു ഗൈഡിന്റെ സാമീപ്യം കൂടി ചന്ദ്രയിലൂടെ ഞങ്ങൾക്കുണ്ടായി.

നെഗംബോയിലെ കാഴ്ചകളും അനുഭവങ്ങളും മാത്രമല്ല, അവിടെനിന്ന് കൊളംബോയിലേക്കുള്ള യാത്രയിലെ കാഴ്ചകളും തീകച്ചും കേരളിയാന്തരീക്ഷമുറപ്പിക്കുന്നത് തന്നെയായിരുന്നു. ഇന്നത്തെ കേരളത്തിന് വെളിയിൽ, കന്യാകുമാരി ജില്ലയിലൊഴികെ, വേറെങ്ങുനിന്നും ഇങ്ങനെ യൊരനുഭവം സാധ്യമാവില്ലെന്ന് തോന്നി. (യഥാർഥത്തിൽ കേരളത്തിന്റെ ഭാഗം തന്നെയാണല്ലോ കന്യാകുമാരി; സംസ്ഥാനാതിർത്തിനിർണയത്തിലെ ചില അപാകതകൾ കൊണ്ട് നമുക്ക് നഷ്ട പ്പെട്ടത്. ഇപ്പോൾ അവിടെ നിന്ന് മലയാളത്തെത്തന്നെ ഒഴിച്ചകറ്റാനും ശ്രമങ്ങൾ തുടരുന്നു.)

യാത്രയ്ക്കിടെയൊരിടത്ത് പതിനെട്ടാം നൂറ്റാണ്ടിലെ ഒരു മൂന്നുനില ബംഗളാവ് ചന്ദ്ര ഞങ്ങളെ കാണിച്ചുതന്നു. ബ്രിട്ടീഷ് കാലത്തേതാണത്. കാഴ്ചയിൽ ഒരു കേരളീയഗൃഹം പോലെ തന്നെ. ഭംഗിക്കും കരുത്തിനും പ്രൌഢിക്കും ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്ന് തോന്നി.



കേരളത്തെപ്പോലെ തന്നെ കാർഷികപ്രധാനമാണ് ശ്രീലങ്ക. തെങ്ങും നെല്ലും തന്നെ പ്രധാന കൃഷിയിനങ്ങൾ; കവി പാടിയതുപോലെ, ‘തെങ്ങുനെല്ലുകൾ കൂട്ടുപിരയാതൈശ്വര്യത്തിൽ മത്സരിക്കുന്നുണ്ടിന്നും’. നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെനിന്ന് അരി കയറ്റിയയച്ചിരുന്നത്രേ. എന്നാൽ വിവേചനമില്ലാത്ത വ്യവസായവത്ക്കരണശ്രമങ്ങൾ രാജ്യത്തെ ഇപ്പോൾ അരിക്ഷാമത്തിലെത്തിച്ചിരിക്കുന്നു. വ്യവസായവത്ക്കരണമാകട്ടെ, എങ്ങുമെത്തിയതുമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻപിൻവിചാരമില്ലാതെ നടന്ന വ്യവസായവത്ക്കരണ – കുംഭകോണ അത്യാർത്തിയുടെ പൂർത്തീകരിക്കപ്പെടാത്ത നിർമ്മിതികൾ പ്രേതകുടീരങ്ങൾ പോലെ പലേടത്തും ഉയർന്നു നിൽക്കുന്നതും കണ്ടു. അങ്ങനെയുള്ള പല പണികളും പുതിയ സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണത്രേ. പ്രേമദാസെ സർക്കാരിന്റെ അഴിമതികളുടെ കടുത്തൊരു വിമർശകൻ കൂടിയാണ് ചന്ദ്ര.

തീരദേശസമൃദ്ധമാണ്  ദ്വീപരാജ്യമായ ശ്രീലങ്ക. 1585 കിലോമീറ്റർ നീളമുള്ള തീരം. എന്നാൽ കൃഷിയെ സംബന്ധിച്ച് ഈ തീരസമൃദ്ധിയും പലപ്പോഴും വിഘാതമാവുന്നുണ്ട്. തീരപ്രദേശങ്ങളിലെ നിറഞ്ഞ ഉപ്പുവെള്ളമാണ് കൃഷിക്ക് തടസ്സമാകുന്നത്. എങ്കിലും കടലിന്റെ അനുഗ്രഹവും വേണ്ടുവോള മുണ്ട്. അന്താരാഷ്ട്രവ്യാപാരബന്ധങ്ങളുടെയും സഞ്ചാരബന്ധങ്ങളുടെയും ഒരു മുഖ്യ വഴിക്കടവാക്കി ഈ കുഞ്ഞുരാജ്യത്തെ ചരിത്രാതീതകാലം മുതൽതന്നെ നിലനിർത്തിപ്പോന്നത് ഈ കടലാണല്ലോ. നിറഞ്ഞ മത്സ്യസമ്പത്ത് കൊണ്ടും ശ്രീലങ്കയെ കടൽ കനിയുന്നു. തൂണയാണ് പ്രധാന മത്സ്യം. കിലോക്ക് 600 രൂപയുണ്ടത്രേ; ഇന്ത്യയുടെ 300 രൂപ. അത് ഒട്ടും കൂടുതലാണെന്ന് തോന്നിയില്ല.

യാത്രയ്ക്കിടെ കൊളംബോയ്ക്കടുത്തായി ഞങ്ങളൊരു ഇന്ത്യൻ സിമെന്റ് ഫാക്ടറി കണ്ടു, അൾട്രാ ടെക്ക് (Ultra Tech). ശ്രീലങ്കയിലെ പ്രധാന പെട്രോളിയം കമ്പനിയും ഇന്ത്യയുടേത് തന്നെ.

കലനി (Kelani) നദി കടന്നാണ് ഞങ്ങൾ കൊളംബോയിലെത്തിയത്. ഇവിടത്തെ നദികളെക്കുറിച്ചറിയാൻ അപ്പോൾ താത്പര്യം തോന്നി. ഇവിടെ 103 നദികളുണ്ടത്രേ. മഹാവെലി (Mahaweli) നദിയാണ് അവയിൽ പ്രധാനപ്പെട്ടത്. അത് കേട്ടപ്പോൾ എനിക്ക് നമ്മുടെ മഹാബലിയെ ഓർക്കാതിരിക്കാനായില്ല. ഒട്ടേറെ വെള്ളച്ചാട്ടങ്ങളുമുണ്ടിവിടെ.


സ്ക്കൂൾ വിട്ട് കുട്ടികൾ പോകുന്നതു കണ്ടാണ് സ്ക്കൂൾ സമയത്തെക്കുറിച്ചും മറ്റും  അന്വേഷിച്ചത്. രാവിലെ ഏഴരയ്ക്ക് ഇവിടെ സ്ക്കൂൾ തുടങ്ങുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ സ്ക്കൂൾ സമയം കഴിയും. പ്രൈമറി സ്ക്കൂളിന് പന്ത്രണ്ടര വരെയേ ക്ലാസ്സുള്ളു. ഓഫീസുകളുടെ സമയം എട്ടര മുതൽ നാലര വരെയാണ്. ദിവസത്തിന്റെ ഏറ്റവും ഊർജ്ജസ്വലമായ ഭാഗത്തെത്തന്നെ പ്രവൃത്തിസമയമാക്കി മാറ്റുന്ന ഈ സമയക്രമം കൂടുതൽ മെച്ചപ്പെട്ടതാണെന്ന് തോന്നി. സിരിമാവോ ബന്ദാരനായകെയുടെ മുൻകൈയിലാണ് വിദ്യാഭ്യാസപരിഷ്ക്കാരങ്ങൾ കാര്യക്ഷമമായി നടന്നത്.
സ്ക്കൂളുകളിൽ യൂണിഫോം സമ്പ്രദായമുണ്ട്. സർക്കാർ - അർധസർക്കാർ സ്ക്കൂളുകളിൽ വെള്ളയ്ക്ക് പ്രാമുഖ്യമുള്ള ഒരേ യൂണിഫോം തന്നെ ഉപയോഗിക്കുന്നു.  സ്വകാര്യസ്ക്കൂളുകൾക്ക് യൂണി ഫോം വ്യത്യസ്തമാണ്. പോകുന്ന വഴി ഒരു ബൌദ്ധസ്ക്കൂളും കണ്ടു. ബുദ്ധമതതത്ത്വങ്ങൾക്ക് പ്രാമുഖ്യമുള്ള വിദ്യാഭ്യാസമാണത്രേ അവിടെ.


 പ്രേംദാസെ ക്രിക്കറ്റ് സ്റ്റേഡിയം, പതിനെട്ടാം നൂറ്റാണ്ടിലെ മരദമ (Maradama) റെയിൽവെ സ്റ്റേഷൻ, കൊളംബോ മെഡിക്കൽ കോളെജ്, ഭരണാധികാരികളുടെയും രാഷ്ട്രീയനേതാക്കളുടെയും മുഖ്യ വാസകേന്ദ്രങ്ങളടങ്ങിയ സിനമൻ ഗാർഡൻ, ചരിത്രപ്രധാനമായ ബന്ദാരനയകെ ഹൌസ്, യുനെസ്ക്കോ സെന്റർ, അമേരിക്കൻ ഹൌസ്, പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ആംഗ്ലിക്കൻ ചർച്ച്, ചൈനീസ് എംബസി, ബുദ്ധിസ്റ്റ് സ്ക്കൂൾ, ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ തുടങ്ങിയവയൊക്കെ ഞങ്ങളുടെ ഈ ലഘുസന്ദർശനത്തിലെ ലക്ഷ്യസ്ഥാനങ്ങളായുണ്ടായിരുന്നു.



3

ബന്ദാരനായകെ മെമ്മോറിയൽ ഇന്റർ നാഷണൽ കോൺഫറൻസ് ഹാളായിരുന്നു മറ്റൊരു പ്രധാന സന്ദർശനസ്ഥാനം. ഒരു വിപുലമായ കോൺഫറൻസ് ഹാളെന്ന നിലയിൽ ബഹുവിധ സൌകര്യങ്ങളോടും സന്നാഹങ്ങളോടും കൂടി ഏഷ്യയിൽത്തന്നെ ആദ്യമായി നിർമ്മിച്ച മന്ദിരമത്രേ ഇത്. ബാഹ്യവും ആഭ്യന്തരവുമായ ദൃശ്യഭംഗിയിലും ഇത് ആരുടെയും മനസ്സിൽ പിടിച്ചുനിൽക്കുക തന്നെ ചെയ്യും. ഔദ്യോഗികമോ അനൌദ്യോഗികമോ ആർഭാട പൂർണമോ എങ്ങനെയുമാകട്ടെ, പരിപാടികളേതും നടത്താൻ ലോകനിലവാരത്തിൽത്തന്നെ സൌകര്യങ്ങളൊരുക്കിയിട്ടുള്ള ഈ ഹാൾ ശ്രീലങ്ക അതിന്റെ അഭിമാനമായിക്കരുതുന്നു. ബൌദ്ധലോകാമവതയിൽ 37 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടവും പരിസരവും ശ്രീലങ്കയിലെ പ്രധാനപ്പെട്ട സന്ദർശകസ്ഥാനങ്ങളിലൊന്ന് കൂടിയാണ്.


ബന്ദാരനായകെ മെമ്മോറിയൽ ഇന്റർ നാഷണൽ കോൺഫറൻസ് ഹാള്‍
കൊളംബോ ടൌൺ ഹാളായിരുന്നു ഞങ്ങളുടെ യാത്രാ പാക്കേജിലെ മറ്റൊരു സന്ദർശക സ്ഥാനം.  കൊളംബോ മുനിസിപ്പൽ കൌൺസിലിന്റെയും മേയറുടെയും ഓഫീസ് ആസ്ഥാനമാണത്.  പ്രശസ്തമായ വിഹാരമഹാദേവി പാർക്കിനുമുന്നിലുള്ള ഈ മന്ദിരം അതിന്റെ സ്ഥാനം കൊണ്ടും ദൃശ്യസവിശേഷതകൾ കൊണ്ടും നിർമ്മാണരീതികൊണ്ടും വളരെ പ്രധാനമാണ്, ആകർഷകവും. കൊളംബോ അതിന്റെ അഭിമാനമായിക്കരുതുന്ന രമ്യഹർമ്മ്യങ്ങളിലൊന്ന്.


1921-ൽ, കൊളംബോ മുനിസിപ്പൽ കൌൺസിലിന് പുതിയൊരാസ്ഥാനം നിർമ്മിക്കാൻ തീരുമാനമെടുത്തതിനെത്തുടർന്ന് ലോകതലത്തിൽത്തന്നെ നടത്തിയ ഒരു വാസ്തുശില്പമാതൃകാ മത്സരത്തിൽനിന്ന് തെരഞ്ഞെടുത്ത രൂപമാതൃകയാണ് ടൌൺ ഹാളിന്റേത്. തുടർന്ന് 1924-ൽ പണിയാരംഭിച്ച് 1928-ൽ പൂർത്തീകരിച്ചു. എല്ലാ ദിശകളിൽനിന്നും വളരെ ആകർഷകമായ കാഴ്ച ലഭിക്കുന്നതും എല്ലായിടത്തുനിന്നും സുഗമമായി എത്തിച്ചേരാവുന്നതും എന്ന് ഇത് നിരീക്ഷിക്കപ്പെട്ടി ട്ടുണ്ട്. ഭരണകാര്യങ്ങൾ വളരെ സൌകര്യപ്രദമായി നിർവഹിക്കാനുതകുംവിധമുള്ള മുറികൾ, മുനിസി പ്പൽ കൌൺസിൽ യോഗങ്ങൾ നടത്താനുള്ള ഹാൾ അത് പൊതുജനങ്ങൾക്ക് ഇരുന്നുകാണാൻ സൌകര്യപ്രദമായ ഗാലറി എന്നിങ്ങനെ എല്ലാവിധ സൌകര്യങ്ങളോടും കൂടിയ ഈ ടൌൺഹാൾ നൂറ് വർഷത്തിന്റെ പഴക്കത്തോടടുക്കുമ്പോഴും കാഴ്ചയിൽ പുതിയതും ആകർഷകവും പ്രയോഗത്തിൽ ആധുനികവുമായിത്തന്നെയിരിക്കുന്നു. മുൻവരാന്തയ്ക്കു മുന്നിലായി സവിശേഷക്രമത്തിൽ ഉയർന്നു നിൽക്കുന്ന തൂണുകളും അവയുടെ ആകാരഭംഗിയും  ചുവട്ടിലെ കൈവരികളും മുകളിൽ മധ്യഭാഗത്തായി തലയെടുത്തുനിൽക്കുന്ന താഴികക്കുടവും മധ്യഭാ‍ഗത്തായിത്തന്നെ മുന്നിലേക്കുള്ള എടുപ്പുകളും എല്ലാം കൂടി കാഴ്ചയിൽ ഏറെ മതിപ്പും ആകർഷണവും തോന്നിക്കുന്ന ഒരു മന്ദിരമാണിത്.
പല കാലങ്ങളിലായി ചില മിനുക്കുപണികളും ചില പരിഷ്ക്കരണങ്ങളും മറ്റും ഇതിൽ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം തന്നെ ആദ്യത്തെ രൂപകല്പനയിൽ മാറ്റം വരാത്ത വിധത്തിലായിരുന്നു. ശ്രീലങ്കയിലെ അധിനിവേശസംഭാവനകളെക്കുറിച്ച് പറയുമ്പോഴും പഠിക്കുമ്പോഴും,  അതിൽ ടൌൺഹാളിന് പ്രത്യേകമൊരു സ്ഥാനമുണ്ട്.


ശ്രീലങ്ക നാഷണൽ മ്യൂസിയവും അവിടത്തെ അധിനിവേശനിർമ്മിതികളിൽ ഒന്ന് തന്നെ യാണ്. 1877-ലെ വർഷപ്പുലരിയിൽ ( ജനുവരി ഒന്നിന് തന്നെ) കൊളംബോയിൽ സ്ഥാപിച്ച ഈ മ്യൂസിയം തന്നെയാണ് രാജ്യത്ത് ഏറ്റവും വലുതും പ്രധാനവും. സിംഹാസനം, കിരീടം തുടങ്ങിയ പരമാധികാരചിഹ്നങ്ങളും രാജ്യത്തിന്റെ ഏറെ വിലപ്പെട്ട മുദ്രകളും വസ്തുവകകളും മറ്റും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ലങ്കയുടെ പഴയ കാലവും കഥയും വിവരിക്കുന്ന മറ്റനേകം കാഴ്ചവസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നു.


കൊളംബോ മ്യൂസിയം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ ദേശീയമ്യൂസിയം സിലോണിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ ഹെൻറി ഗ്രിഗറിയാണ് ആരംഭിച്ചത്. പിന്നീടുള്ള ഒരു നൂറ്റാണ്ടിലേറെ ക്കാലം കൊണ്ടാണ് ലങ്കയുടെ സാംസ്ക്കാരികവും പ്രകൃതിപരവുമായ ചരിത്രവസ്തുക്കളുടെ സംഭരണവും വിന്യാസവും വഴി ഈ മ്യൂസിയത്തെ വികസിപ്പിച്ച് സമ്പന്നമാക്കിയത്. അതോടൊപ്പം തന്നെ പല ഉപവിഭാഗങ്ങളും ഓഡിറ്റോറിയവും മറ്റുമുണ്ടായി. മ്യൂസിയത്തിന്റെ വികസനവും വിപുലനവും തുടർ പ്രക്രിയയായിത്തന്നെ നടന്നു. പൂർണരൂപത്തിലുള്ള ദേശീയമ്യൂസിയം എന്ന നിലയിൽ  ഇത് സ്ഥാപിതമായത് 1942-ലാണ്.


മ്യൂസിയത്തോടൊപ്പം 1877 ജനുവരി ഒന്നിന് തന്നെ സ്ഥാപിച്ചതാണ് ഇവിടത്തെ ലൈബ്രറിയും. 1870-ൽ ആരംഭിച്ച് അവിടെ മുന്നേയുണ്ടായിരുന്ന ഓറിയന്റൽ ലൈബ്രറിയാണ് നാഷണൽ മ്യൂസിയം ലൈബ്രറിയായി വികസിപ്പിച്ചത്. ഈ മ്യൂസിയവും ലൈബ്രറിയും കൂടി ശ്രീലങ്കയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ അതീതകാലക്കാഴ്ച കളിലേക്കും അത് സംബന്ധിച്ച് വിജ്ഞാനമേഖലകളിലേക്കും നമ്മെ നയിക്കുന്നു.
സിന്നമൺ ഗ്രാൻഡ് ഹൌസിങ് കോമ്പ്ലക്സ്, പഴയ പാർലമെന്റ് മന്ദിരം, ഫോർട്ട് റെയിൽവെ സ്റ്റേഷൻ, കൊളംബോ മെഡിക്കൽ കോളെജ് തുടങ്ങിയ പല സ്ഥലങ്ങളിലും ഞങ്ങൾ പോയി. സാമാന്യം വിസ്തൃതമായൊരു പ്രദേശമാണ് സിന്നമൺ ഹൌസിങ് കോമ്പ്ലക്സ് .ശ്രീലങ്കയിലെ ഭരണാധികാരികളും പ്രമുഖ രാഷ്ട്രീയനേതാക്കളുമൊക്കെ ഇവിടെയാണ് താമസിക്കുന്നത്. അതു കൊണ്ട് രാജ്യത്തിന്റെ വർത്തമാനവും ഭാവിയും നിർണയിക്കുന്ന ഒരധികാരകേന്ദ്രമെന്ന് കറുവ മരത്തിന്റെ പേരിൽ(Cinnamon) ഇല വിരിഞ്ഞുനിൽക്കുന്ന ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.

4

കൊളംബോയിലെ ഏറ്റവും പഴയതും ഏറ്റവും വിസ്തൃതവുമായ പാർക്കാണ് വിഹാരമഹാദേവി പാർക്ക്. ദുതുഗമുനു (Dutugamunu) രാജാവിന്റെ അമ്മയായ വിഹാരമഹാദേവി രാജ്ഞിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. എന്നിരുന്നാലും ‘വിക്ടോറിയാ പാർക്ക്’ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. അധിനിവേശവും ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ സ്ഥാപനവും നിമിത്തം ലോകത്താകമാനം തന്നെ കുടിയേറി ഭരിച്ചുപോരുന്ന ഒരു പേരാണല്ലോ വിക്ടോറിയ. (ഓസ്ട്രേലിയയിൽ അത് ഒരു സംസ്ഥാനത്തിന്റെ പേര് മാത്രമല്ല,  യൂണിവേഴ്സിറ്റിയുള്‍പ്പെടെ അവിടെയുള്ള പല പ്രമുഖസ്ഥാപനങ്ങളുടേതും കൂടിയാണ്.) രണ്ടാം ലോകയുദ്ധകാലത്ത് ഓസ്ട്രേലിയയുടെ പതിനേഴാം ബ്രിഗേഡിനോടൊപ്പം ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഈ പാർക്ക് 1951-ലാണ് പുന:സ്ഥാപിച്ച് പൊതുജനപ്രവേശനത്തിന് തുറന്നുകൊടു ത്തത്. പ്രസിദ്ധമായ സിലോൺ ക്രിക്കറ്റ് ടീമിന്റെ ക്രിക്കറ്റ് ഗ്രൌണ്ടായും ഈ പാർക്കിന്റെ ഭാഗം ഉപയോഗീച്ചിരുന്നു. കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലസൌകര്യങ്ങൾ, അനേകം ജലധാരാ യന്ത്രങ്ങൾ, കലാപരിപാടികൾക്കും പൊതുപരിപാടികൾക്കും മറ്റും ഉപയോഗിക്കുന്ന ഓപ്പൺ എയർ സ്റ്റേഡിയം തുടങ്ങിയവയും ഈ പാർക്കിന് സവിശേഷമായുണ്ട്. ഭീമാകാരമായൊരു ബുദ്ധപ്രതിമ ഇവിടെയുണ്ട്. ശ്രീലങ്കയുടെ വ്യക്തിമുദ്രകളിലൊന്നായിത്തന്നെ ഈ പാർക്ക്  കരുതപ്പെടുന്നു. ഒരു പകലിലെ തുടർച്ചയായ യാത്രയിൽ ഈ പാർക്ക് ഒരു വിശ്രമസ്ഥാനമായി ഞങ്ങളും കണ്ടെത്തി.


പിന്നീട് ഞങ്ങൾ പോയത് ഗംഗാരാമ ബുദ്ധക്ഷേത്രത്തിലേക്കാണ്.  സന്ദർശനത്തിന് ഒരാൾക്ക് മുന്നൂറ് രൂപ വീതം അടച്ച് രസീത് വങ്ങി. മുഖ്യക്ഷേത്രവും ഒട്ടനേകം ഉപക്ഷേത്രങ്ങളുമടങ്ങുന്ന ആ ക്ഷേത്രസമുച്ചയം അകമെന്നപോലെ പുറം കൊണ്ടും ദർശനീയതയുടെ ആഘോഷമായാണ് അനുഭവ പ്പെട്ടത്. സ്വർണവർണത്തിൽ മിന്നിത്തിളങ്ങുന്നതും ആകർഷകവുമായ രൂപവിധാനമാണ് ക്ഷേത്ര ത്തിന്റേത്. ഉൾഭാഗം നിറയെ പലയടുക്കുകളായി വളരെ മനോഹരമായ ദർശനീയ വസ്തുക്കൾ. ഏറെയും ബുദ്ധപ്രതിമകളാണ്. വലുതും ചെറുതുമായി, പല മാതൃകകളിലുള്ള എണ്ണമറ്റ പ്രതിമകൾ.


കാഴ്ചയ്ക്കിമ്പം നൽകുന്ന ഒട്ടനേകം മറ്റ് ശില്പരൂപങ്ങളെക്കൊണ്ടും അവിടം നിറഞ്ഞിരിക്കുന്നു. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള വളരെയേറെ ആനക്കൊമ്പുകൾ അവിടെ പലയിടങ്ങളി ലായിക്കണ്ടു. ഇത്രയേറെ ആനക്കൊമ്പുകൾ ഒരുമിച്ച് എവിടെയെങ്കിലും കാണാനാവുമെന്ന് സങ്കല്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ദു:ഖിതർക്കും അശരണർക്കും വേണ്ടി രൂപംകൊണ്ട ബുദ്ധമതം ക്രമേണ സമ്പത്തിന്റെയും ആർഭാടങ്ങളുടെയും വേദിയായി മാറിയതിന്റെ ചിത്രങ്ങൾ കൂടിയാണ് ഇന്നത്തെ ബുദ്ധക്ഷേത്രങ്ങൾ നൽകുന്നത്. അവ ഇന്ന് ആരാധനാലയങ്ങളെന്നതിനെക്കാൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാണെന്ന് തോന്നി.


ഉൾനാട്ടിലെവിടെയോനിന്ന് വന്നവരെന്ന് തോന്നിക്കുന്ന, ശുഭ്രവസ്ത്രധാരികളായ ഒരു സംഘം ഭക്തജനങ്ങളും അപ്പോൾ അവിടെയുണ്ടായിരുന്നു.


ഇന്ത്യൻ ഹൈക്കമ്മീഷൻ, ജപ്പാന്റെ മേൽനോട്ടത്തിലുള്ള വേൾഡ് ട്രൈഡ്സെന്റെർ, (അത് കണ്ടപ്പോൾ, ജർമ്മനിയിൽ ഫ്രാങ്ക് ഫർട്ടിലെ വേൾഡ് ട്രെയ്ഡ് സെന്റെറും അതിന്റെ മുന്നിലുള്ള കറുത്ത കാളക്കൂറ്റന്റെ പ്രതിമയും ഓർമ്മവന്നു.) പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ച ഡച്ച് ആശുപത്രിയും യാത്രയ്ക്കിടെ കണ്ടു. ബ്രിട്ടീഷ് ബിൽഡിങ്ങുകൾ, കൊളംബോ ഫോർട്ട് റെയിൽവെ സ്റ്റേഷൻ, കൊളംബോ പേട്ട, കൊളംബോ കോട്ട, ചൈനയുടെ മേൽനോട്ടത്തിൽ നിർമ്മിച്ച ലോട്ടസ് ടവർ തുടങ്ങിയവയൊക്കെ കണ്ടാണ് ഞങ്ങൾ കടൽത്തീരത്തേക്കെത്തിയത്.
കൊളംബോ ബീച്ചിലെത്തിയപ്പോൾ എനിക്ക് മറീനാ ബീച്ചിന്റെ പ്രതീതിയാണനുഭവപ്പെട്ടത്. എന്നാൽ മറീനാ ബീച്ചിനോളം തന്നെ വിസ്തൃതി (തീരത്തിന്റെ വീതി) ഇവിടെയില്ല. റോഡിൽ നിന്ന് ഏറെയകലെയല്ല ഇവിടത്തെ കടലലകൾ. അതിനിടെ, തീരത്തോട് ചേർന്ന് തന്നെ നിരനിരയായി ധാരാളം തട്ടുകടകൾ. (അങ്ങനെയുള്ള തട്ടുകടകളെയും തകർത്തൊഴുക്കിക്കൊണ്ടായിരുന്നു 2004 ഡിസംബർ 26-ന് രാവിലെ മറീനാ ബീച്ചിൽ സുനാമിത്തിരകൾ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തത്.) ആ തീരത്തുകൂടി ഞങ്ങൾ കുറെ ദൂരം നടന്നു. കടലിന്റെ പ്രശാന്തവിസ്മയങ്ങൾ കണ്ടു. അവിടെ മുനമ്പിനടുത്ത് ചൈനിസ് സഹായത്തോടെ കടലിന്റെ ഒരു ഭാഗം നികത്താനുളള പണികൾ കുറെ മുന്നേറി യിട്ടുണ്ട്. പ്രേംദാസെ സർക്കാരിന്റെ കടുംചെയ്തികളിലൊന്നുതന്നെ ഇതും.

തട്ടുകടകളിൽ വലിയ തിരക്കൊന്നുമില്ലെങ്കിലും എല്ലാം സജീവമാണ്. അവിടത്തെ ഭക്ഷണം ഒന്ന് രുചിച്ചു നോക്കണമെന്ന് തോന്നി. ഒരു കടയിൽ കയറി ഞങ്ങൾ ചില ചൂട് പലഹാരങ്ങൾ വാങ്ങിക്കഴിച്ചു. അതും നല്ലൊരനുഭവമായാണ് തോന്നിയത്.


സന്ധ്യയോടെ ഞങ്ങൾ കൊളംബോ ദർശനം മതിയാക്കി ബീച്ചിൽനിന്ന് മടക്കയാത്ര യാരംഭിച്ചു. അപ്പോഴാണ് കൊളംബോ നഗരത്തിന്റെ വാഹനത്തിരക്ക് ശരിക്കും അനുഭവിച്ചത്. വാഹനങ്ങൾ കിലോമീറ്ററുകളോളം നീങ്ങിയത് അക്ഷരാർഥത്തിൽത്തന്നെ ഇഴഞ്ഞിഴ ഞ്ഞാണ്. ബസ്സുകളും കാറുകളും മറ്റു വാഹനങ്ങളുമെല്ലാം ഒന്നു ചലിക്കാനുള്ള അവസരം പാർത്തു കിടക്കുന്നു. ചലിക്കാനായാൽത്തന്നെ അതിന് കാലാൾനടപ്പിന്റെ വേഗം പോലും കിട്ടുന്നില്ല. കളിപ്പാട്ടങ്ങൾ, ലഘുഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിൽക്കുന്നവർ ഇത് അവസരമാക്കുന്നുണ്ട്. ഓടുന്ന ബസ്സുകളിൽ ചാടിക്കയറിയും ഇറങ്ങിയും അവർ വില്പന നടത്തുന്നു. ട്രാഫിക് തടസ്സം കൊണ്ട് മനം മടുത്ത് ഞാൻ ചന്ദ്രയോട് ചോദിച്ചു, എന്നും ഇത് തന്നെയാണോ സ്ഥിതിയെന്ന്. ദിവസവും അഞ്ച് മണി മുതൽ എട്ട് മണി വരെ ഇതാണത്രേ പതിവ്.

ഏതായാലും ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. (ആറ് മണിക്ക് തിരിച്ചെത്തുമെന്നായിരുന്നു പുറപ്പെടുമ്പോഴുണ്ടായിരുന്ന ധാരണ.) കാലതാമസം ഇരുകൂട്ടർക്കും ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആരും അത് കാര്യമാക്കിയില്ല. യാത്രയിലുടനീളം ചന്ദ്രയുടെ ഇടപെടലുകളും നൽകിയ വിശദീകരണങ്ങളും വളരെ സഹായകമായിരുന്നു. അതിലെ സന്തോഷം കൊണ്ട് നിശ്ചിത തുകയ്ക്ക് പുറമേ കുറച്ച് പണവും ചില പാരിതോഷികങ്ങളും കൊടുത്ത് അയാളെ യാത്രയാക്കി. അല്പമൊന്ന് വിശ്രമിക്കാനിട കിട്ടുമെന്ന ധാരണ തകർന്നതുകൊണ്ട്, അതിനൊന്നും നോക്കാതെ അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പുകളിലേക്ക് ഞങ്ങൾ കടന്നു.

വെളുപ്പിന് മൂന്നു മണിക്കാണ്  തിരുവനന്തപുരത്തേക്കുള്ള വിമാനം. ഹോട്ടലിൽ വന്ന് കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞ്, രാത്രി പതിനൊന്ന് മണിക്ക് തന്നെ വിമാനത്താവളത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള വാഹനമെത്തി. രാത്രിയത്രയുമായതുകൊണ്ടാവാം, അരമണിക്കൂർ കൊണ്ട് തന്നെ ഞങ്ങൾ അവിടെയെത്തി.

പിന്നീട് വിമാനസമയത്തിനായുള്ള നീണ്ട കാത്തിരിപ്പ്. രണ്ട് ദിവസമായി തെല്ലൊന്നുറങ്ങാൻ ഇട കിട്ടാത്തതിലെ ക്ഷീണവും വൈവശ്യവും. ഏതായാലും വിമാനം നിശ്ചിതസമയത്ത് തന്നെ പുറപ്പെട്ടു. വെളുപ്പിന് നാലു മണിക്ക് മുമ്പ് ഞങ്ങൾ തിരുവനന്തപുരത്തിറങ്ങി. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് അഞ്ച് മണിയോടെ വീട്ടിൽ തിരിച്ചെത്തി.
രണ്ട് മാസത്തോളം കാലം അടഞ്ഞുകിടന്ന വീട് ഞങ്ങൾക്ക് പുതിയ  കർമ്മപരിപാടികൾ ഏറെയൊരുക്കി കാത്തിരിക്കയായിരുന്നു!
               

Wednesday, February 11, 2015

ആം ആദ്മി!

ആം ആദ്മിയുടെ അസൂയാർഹമായ വിജയം പ്രത്യാശാപരം തന്നെയാണ്. വിശേഷിച്ചും എല്ലാറ്റിനും മീതെ തേരോട്ടം നടത്താൻ മോദിയും അവരെ നയിക്കുന്ന ശക്തികളും തയാറെടുത്ത് നിൽക്കുമ്പോൾ. ജനങ്ങളീൽ ഭൂരിപക്ഷത്തോടും നേരിട്ടിടപെടാനും അവരെ മനസ്സിലാക്കാനും മനസ്സിലാക്കിക്കാനും നടത്തിയ താത്പര്യവും ശ്രമങ്ങളും ശ്ലാഘനീയം തന്നെ. ദില്ലി ഇമാമിന്റെ സഹായവാഗ്ദാനം നിരസിക്കാൻ കാണിച്ച ധീരതയും എടുത്തുപറയേണ്ടതാണെന്ന് തോന്നി.                                                                                                       എന്നാൽ എല്ലാം ശങ്കയോടെ മാത്രം കാണേണ്ടതാണെന്നതാണ് ഇപ്പോഴേ കിട്ടുന്ന സൂചനകൾ.ഇമാമിനെ നിരസിച്ച കെജരിവാളിന് ഒരു ഹിന്ദുസ്വാമിയുടെ മുന്നിൽ കുമ്പിട്ട് നിൽക്കാൻ യാതൊരു വിമുഖതയുമില്ലെന്ന് ഇന്ന് കണ്ട ഒരു ചിത്രം വ്യക്തമാക്കുന്നു. അവിടെയെങ്ങനെയാണ് മതേതര സങ്കല്പങ്ങൾക്ക് കടന്ന് ചെല്ലാൻ കഴിയുക? മുന്നേ സൂചിപ്പിച്ചതുപോലെ, സ്വന്തമായൊരു കാഴ്ചപ്പാടോ നിലപാടോ ഇല്ലാത്ത, അതേസമയം ഉദാരീകരണപ്രവണതകളോട് ആഭിമുഖ്യം പുലർത്തുന്ന, ഹിന്ദുപ്രീണനപരമായ ഒരു ഭരണകക്ഷിയിൽനിന്ന് നാമെന്താണ് പ്രതീക്ഷിക്കേണ്ടത്?                                                                     എന്നിരുന്നാലം നമൂക്ക് പ്രത്യാശ വിടാതെ നോക്കാം!

Tuesday, February 10, 2015

ദില്ലിയിലെ ഫലസൂചനകൾ

മോദിയുടെയും ബി.ജെ.പി.യുടെയും വംശീയ കോർപ്പറേറ്റ് അധിനിവേശത്വരയ്ക്കും ആ വഴി പിന്തുടർന്ന് നിഷ്ക്രിയമായിത്തീർന്ന കോൺഗ്രസ്സിനും ഇന്ത്യ നൽകുന്ന
മറുപടിയുടെ തുടക്കമാവട്ടെ ദില്ലിയിലെ ഫലസൂചനകൾ..
ദില്ലിയിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ.

Wednesday, January 14, 2015

എഴുത്തും വര്ഗീയതയും

എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തിനും മൌലികാവകാശങ്ങള്‍ക്കും മിതെ വര്‍ഗിയ - വലതുപക്ഷ ശക്തികള്‍ തുടരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന്‍ കേള്‍ക്കുന്നത്. ഈ സന്ദര്‍ഭത്തില്‍  പെരുമാള്‍ മുരുഗനോട് ഇന്ത്യയുടെ വലതുപക്ഷ  രാഷ്ട്രീ യ ലോകമെന്നപോലെ സംസ്കരികലോകവും
മാപ്പ് പറയുകയാണ് വേണ്ടത് .        

 വിവാദത്തിന് ഇടയായ  നോവല്‍ പൂ ര്‍ണര്രുപത്തില്‍ പുന:പ്രസിദ്ധികരിക്കണം. മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് അത് പരിഭാഷപ്പെടുത്തുകയും വേണം.
എല്ലാറ്റിനും മുന്നേ വേണ്ടത് പെരുമാള്‍ മുരുഗനോട്
നമുക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിക്കുകയും എല്ലാവിധ സംരക്ഷണവും നല്‍കുകയുമാണ്.


"ഹിന്ദുത്വ ഭീഷണി: തമിഴ് സാഹിത്യകാരന്‍ െപരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു
ചെന്നൈ: ഹിന്ദുത്വശക്തികളുടെയും ജാതി സംഘടനകളുടെയും ഭീഷണിയില്‍ മനംനൊന്ത് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തുന്നു.
പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല. ഒരു സാധാരണ അധ്യാപകനായതിനാല്‍ അയാള്‍ ഇനിമുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക - ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.
പെരുമാള്‍ മുരുകന്റെ 'മാതൊരുഭഗന്‍' ( അര്‍ധനാരീശ്വരന്‍ ) എന്ന നോവലിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാമക്കലിലെ തിരുച്ചെങ്കോട്ട് ഹിന്ദുസംഘടനകള്‍ വന്‍ പ്രതിഷേധത്തിലായിരുന്നു. തിങ്കളാഴ്ച നാമക്കല്‍ ജില്ലാ റവന്യു ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും പെരുമാള്‍ മുരുകനും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. നോവലിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പു പറയാമെന്നും മുരുകന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം പിന്‍വലിക്കാന്‍ തയ്യാറായത്. എന്നാല്‍ ഈ ഒത്തുതീര്‍പ്പില്‍ മുരുകന്‍ അത്യധികം ദുഃഖിതനായിരുന്നെന്ന് ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സാഹിത്യലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ പ്രഖ്യാപിച്ചത്.
തന്റെ പുസ്തകങ്ങളുടെ പ്രസാധകരായ കാലച്ചുവട് , അടയാളം, മലൈകള്‍, കയല്‍കവിന്‍ തുടങ്ങിയ പ്രസിദ്ധീകരണശാലകളോട് തന്റെ കഥകളും നോവലുകളും മറ്റ് ക്രിയാത്മക രചനകളും മേലില്‍ വില്‍ക്കരുതെന്നും പെരുമാള്‍ മുരുകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിറ്റുപോയിട്ടില്ലാത്ത പുസ്തകങ്ങളുടെ തുക ഞാന്‍ കൊടുക്കും. പ്രസാധകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തയ്യാറാണ്. എന്റെ പുസ്തകങ്ങള്‍ വാങ്ങിയവര്‍ക്ക് അവ കത്തിച്ചു കളയാം. അവര്‍ക്കും ഞാന്‍ നഷ്ടപരിഹാരം നല്‍കും- മുരുകന്‍ പറഞ്ഞു.
തന്നെ ഇനി സാഹിത്യ സംബന്ധിയായ ഒരു ചടങ്ങിനും ആരും വിളിക്കരുതെന്നും എല്ലാ പുസ്തകങ്ങളും പിന്‍വലിക്കുകയാണെന്നും മുരുകന്‍ പറഞ്ഞു. ജാതിമത സംഘടനകള്‍ തനിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുരുകന്‍ അഭ്യര്‍ഥിച്ചു.
വിവാദമായത് ആചാരത്തിന്റെ ആഖ്യാനം
ചെന്നെ: തമിഴകത്ത് കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കലിലെ തിരുച്ചെങ്കോടുള്ള അര്‍ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ മുരുകന്‍ എഴുതിയ നോവലാണ് 'മാതൊരുഭഗന്‍'. നൂറു കൊല്ലങ്ങള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ നടക്കുന്നത്.
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്ടപ്പെട്ട ഒരു പുരുഷന്റെകൂടെ ശയിക്കുകയും അങ്ങനെ കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന ആചാരം പഴയകാലത്ത് ഇവിടെയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ സാമി കൊടുത്ത പിള്ളെ എന്ന പേരിലാണറിയപ്പെടുക. മുരുകന്റെ നോവലിലെ നായിക 'പൊന്ന'യ്ക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താത്പര്യമില്ലെങ്കിലും ഒടുവില്‍ വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോവുന്നതാണ് മുരുകന്റെ നോവലിലെ പ്രമേയം.
വിശ്വാസികളെ വ്രണപ്പെടുത്തുന്ന നോവലാണെന്നുപറഞ്ഞാണ് ഹിന്ദു സംഘടനകള്‍ പ്രതിഷേധം അഴിച്ചുവിട്ടത്. 2010-ലാണ് തമിഴിലെ പ്രമുഖ പ്രസാധകരായ കാലച്ചുവട് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. 2013-ല്‍ പെന്‍ഗ്വിന്‍ 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന പേരില്‍ ഇതിന്റെ ഇംഗ്ലൂഷ് പരിഭാഷ പുറത്തിറക്കി. ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് നോവലിനെതിരെ നാമക്കല്‍ ജില്ലയില്‍ ഹിന്ദുസംഘടനകള്‍ രംഗത്തിറങ്ങിയത്. നോവലുകളും ചെറുകഥകളും ലേഖനസമാഹാരങ്ങളും അടക്കം നിരവധി കൃതികള്‍ പെരുമാള്‍ മുരുകന്റേതായുണ്ട്. നിലവില്‍ നാമക്കലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറാണ് പെരുമാള്‍ മുരുകന്‍".

Wednesday, January 7, 2015

ബാലാവകാശ നിയമം






മതപരിവർത്തന നിരോധന നിയമത്തെക്കുറിച്ചാണ് ഇന്ന് കൊണ്ടുപിടിച്ച ചർച്ച.
എന്നാൽ, മതം തിരഞ്ഞെടുക്കാൻ/ഉപേക്ഷിക്കാൻ വ്യക്തിക്കുള്ള സ്വാതന്ത്ര്യം
സർവപ്രധാനമാകണം.

 വ്യക്തിയുടെ  ഇതിനുള്ള അവകാശം നിഷേധിക്കുന്നതായാണ് ഇന്ന് കാണുന്നത്.
കുട്ടികൾ പിറവിക്ക് മുന്നേതന്നെ മതാനുഷ്ഠാനങ്ങളിലേക്കും
ആ(അനാ)ചാരങ്ങളിലേക്കും ആട്ടിത്തെളിക്കപ്പെടുന്നു. ഓരോ മതവും അത് മാത്രം
ശരി, മറ്റുള്ളതെല്ലാം തെറ്റ് എന്ന് ഉറച്ചുവിശ്വസിക്കുന്നതിനാൽ മറ്റ്
മതങ്ങളെ / മതാനുയായികളെ അകറ്റിനിർത്താനും വെറുക്കാനും കൂടിയാണ് ശൈശവാരംഭം
മുതലേ ല്ലാവരും പരിശീലിപ്പിക്കപ്പെടുന്നത്. ഇത് തികച്ചും ദേശവിരുദ്ധവും
പൌരാവകാശനിഷേധപരവുമായ നടപടിയാണ്. ഈ അവകാശനിഷേധത്തിൽ നിന്ന് കുട്ടികളെ
രക്ഷിക്കേണ്ടത് ഒരു ക്ഷേമരാഷ്ട്രസങ്കല്പത്തിലെ അടിയന്തിരാവശ്യം തന്നെ.

കുട്ടികളെ മതനിർമ്മുക്തരായി വളർത്തുകയെന്നതാണ് അതിലേക്ക് വേണ്ടത്.
മാതാപിതാക്കളുടെ മതബോധങ്ങൾ കുട്ടികളിലേക്ക്
അടിച്ചേല്പിക്കപ്പെടാനിടവരരുത്. മറ്റ് അറിവുകൾ പോലെ, എല്ലാ
മതങ്ങളെക്കുറിച്ചും സമഭാവനയോടെ പഠിക്കാനും അവർക്ക് അവസരമുണ്ടാവണം.
വോട്ടവകാശത്തിനെന്നപോലെ, മതാവകാശത്തിനും പ്രായപൂർത്തി
വ്യവസ്ഥയുണ്ടാവുകയും വേണം.

ലോകത്തെ ഇന്ന് കീഴടക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾക്കും
മതവൈരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പരിഹാരമുണ്ടാക്കാൻ
ഇതിന് കഴിയും

ഇതെല്ലാം സാധ്യമാക്കുന്ന വിധത്തിലുള്ള ഒരു ബാലാവകാശനിയമത്തെക്കുറിച്ചാണ്
നാമിന്ന് ഗൌരവപൂർവം ചിന്തിക്കേണ്ടത്.

Monday, January 5, 2015

ചുംബനസമരം

നിയമപാലകരാവേണ്ട അധികാരികൾ ആലപ്പുഴയിലെ ചുംബനസമരത്തോട്  കാണിച്ചപ്രാഥമികമായ നിയമ- നീതി നിഷേധത്തെ ശ്രദ്ധയിൽക്കൊണ്ടുവരുകയും പ്രതിഷേധിക്കുകയും ചെയ്യുകയെന്നതാണ്  കുറിപ്പ് കൊണ്ട് ഉദ്ദേശിച്ചത്. സദാചാരഗുണ്ടകൾ കോഴിക്കോട്ട്  ഹോട്ടലിൽ കാണിച്ച അതിക്രമങ്ങളോടുള്ള പ്രതിഷേധം അപ്പോൾത്തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു,‘സദാചാരത്തിന്റെ ഒളിഞ്ഞുനോട്ടങ്ങൾ’ എന്ന കലാകൌമുദി ലേഖനത്തിലൂടെ. യാഥാസ്ഥിതിക സാമുദായികതയും അതിന്റെ രാഷ്ട്രീയവും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന മിഥ്യയായ സദാചാര സമീപനങ്ങളെ തകർത്ത് പുതിയൊരു മാനവികതയ്ക്കും അതിനനുയോജ്യമായ വ്യക്തി-സാമൂഹികബന്ധങ്ങൾക്കും തുടക്കം വ്യക്തിയുടെ സ്വകാര്യതയ്ക്കും സാമൂഹികാസ്തിത്വത്തിനും ഒന്നുപോലെ പ്രാധാന്യം നൽകുന്ന, പ്രാദേശികവും ദേശീയവും അന്താരാഷ്ട്രവുമായ ബന്ധങ്ങൾക്കും സൌഹൃദങ്ങൾക്കുമെല്ലാം അതതിന്റെ സ്ഥാനം നൽകുന്ന, ഒരു പുതിയബന്ധവ്യവസ്ഥയിലേക്ക് അനിവാര്യമായും മനുഷ്യന് കടന്നേ പറ്റൂ. അതുകൊണ്ട് ഇതുപോലുള്ള സമരങ്ങളുടെ പ്രവർത്തനപരിധി വികസിക്കേണ്ടതുണ്ടെന്ന് ഞാൻ
കരുതുന്നു. ‘ചുംബനസമര’ത്തിന്റെ സംഘാടകരോട് അതിന്റെ പേര്മാറ്റണമെന്ന് ആജ്ഞാപിക്കുകയായിരുന്നില്ല, ഇതുപോലുള്ള സമരങ്ങളിൽ ഒരുമിക്കേണ്ടവരെയെല്ലാം ഒത്തിണക്കുന്നതിന് ആ പേര് സഹായകമാവില്ല എന്ന ആശങ്ക സൂചിപ്പിക്കുക മാത്രമാണ് ഞാൻ ചെയ്തത്.  ഫാസിസത്തിനെതിരായ ഏത് സമരവും അനിവാര്യമായും
രാഷ്ട്രിയമായിരിക്കുമെന്നിരിക്കെ ഫാസിസത്തിനെതിരായ ചുംബനസമരം ഒരു രാഷ്ട്രീയപ്രയോഗം തന്നെയാണ്.അതിലേക്ക് വളർന്ന സമരസംഘാടകരെ പ്രത്യേകം അനുമോദിക്കുന്നു. വളരാൻ ഇനിയും ഇടം ഏറെയുണ്ടെന്നു മാത്രമാണ് ഞാൻ സൂചിപ്പിച്ചത്. അധികാരരാഷ്ട്രീയത്തനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധവും ജാഗ്രതയും ആവശ്യമുണ്ടെന്നും. (മറ്റൊരു വേദിയിലെ ചർച്ചയിൽ നിന്ന്.)

Sunday, January 4, 2015

ചുംബനസമരം

ആലപ്പുഴയിൽ ഇന്ന് നടത്താനിരുന്ന ‘ചുംബനസമര’ത്തോട് സർക്കാർ സ്വീകരിച്ച നിലപാട് തികച്ചും പ്രതിഷേധാർഹമാണ്. 
നിയമപാലനത്തോടല്ല, സ്ഥാപിതതാത്പര്യങ്ങളോടും മത;വംശീയതകളുടെ പ്രീണനത്തോടുമാണ് തങ്ങൾക്ക് വിധേയത്വമെന്ന് ആ നടപടികൾ വ്യക്തമാക്കുന്നു. നിയമാനുസൃതം നടക്കുന്ന പ്രതിഷേധങ്ങളെയല്ല, അതിന്നെതിരെയുള്ള അക്രമങ്ങളെയാണ് പോലീസ് തടയേണ്ടിയിരുന്നത്. 

എന്നാൽ, ചുബനസമരമെന്ന ഇക്കിളിപ്പേര് ഇങ്ങനെയുള്ള സമരങ്ങളുടെ പ്രസക്തിയെ തീരെ ലഘൂകരിക്കുന്നുണ്ട്. അതിന് സ്നേഹസമരമെന്നോ, മാനവസമരമെന്നോ പോലുള്ള മറ്റൊരു പേര് നൽകേണ്ടതുണ്ട്.. മാനവികമായ മൂല്യങ്ങളെയും പാരസ്പര്യത്തെയും ഉയർത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നതുമാവണം ഈ സമരം.

Friday, December 5, 2014

സുനാമിത്തിരയിൽ - പഴയൊരോർമ്മ, മറീനാ ബീച്ചിൽ നിന്ന്.

                                                                   സുനാമിത്തിരയിൽ 

"പുലിപോല്‍ വരാതൊരു കിളിപോല്‍ വരുമെങ്കില്‍ മരണം" എന്ന് കവിതയില്‍ സ്വപ്നം കണ്ടത് ഡോ. കെ.എന്‍. എഴുത്തച്ഛനാണ്. അദ്ദേഹത്തിന്‍റെ അഭിലാഷം വൈകാതെ തന്നെ മരണം അതേപോലെ സാധിച്ചുകൊടുക്കുകയും ചെയ്തു.
മറീനാ ബീച്ചില്‍ മരണം വന്നെത്തിയത് പുലിയെപ്പോലെയല്ല. മന്ദം മന്ദം അടിവച്ചടിവച്ച് കിലോമീറ്ററുകള്‍ വീതിയുള്ള അതിവിസ്തൃതമായ തീരം കടന്ന് കരയ്ക്കെത്തി തലയടിച്ചുതകര്‍ത്ത് എല്ലാം വാരിക്കൊണ്ടുപോവുകയാണ് ചെയ്തത്.
ലാസ്യഭംഗിയിലാരംഭിച്ച് താണ്ഡവഭീകരതയിലവസാനിച്ച ഒരു രൗദ്രദുരന്തനാടകത്തിലെ കഥാപാത്രമാകേണ്ടി വന്ന അനുഭവം ഒരു ഭീകരസ്വപ്നം പോലെ ഇപ്പോഴും പിന്‍തുടരുന്നു.
2004 ഡിസംബര്‍ 26-ാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക്, തലേദിവസം നിശ്ചയിച്ചതനുസരിച്ചാണ് ഞങ്ങള്‍ മറീനാ ബീച്ചിലെത്തിയത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന മകളുടെയടുത്ത് ഭാര്യ (സീതമ്മാള്‍) യോടൊപ്പം രണ്ടുദിവസം മുന്നേ ഞാന്‍ തിരുവനന്തപുരത്തുനിന്നെത്തിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മകനും മരുമകളും അന്നുതന്നെ അവിടെയെത്തി. അങ്ങനെ ഞങ്ങളുടെ ക്രിസ്തുമസ് കുടുംബസംഗമം ചെന്നൈയില്‍. മഹാബലിപുരം, ആരോവില്ല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പോയി മടങ്ങിവരുന്ന വഴി ചില ഉപ്പളങ്ങളും സന്ദര്‍ശിച്ച് ക്രിസ്തുമസ് ദിനം കഴിഞ്ഞു. വൈകിയെത്തിയതിനാല്‍ ബീച്ചിലേക്കുള്ള യാത്ര രാവിലെയാകാമെന്നുവച്ചു. ചെന്നൈയില്‍ ഉദ്യോഗസ്ഥനായ കുടുംബസുഹൃത്ത് അജയകുമാറെന്ന കുട്ടനും ഭാര്യയും നേരത്തെ പറഞ്ഞതനുസരിച്ച് കുട്ടികളുമായി രാവിലെ ബീച്ചിലെത്തിയിരുന്നു.
സമയം രാവിലെ ഒമ്പതുമണിയെങ്കിലും വെയില്‍ ശക്തമായിരുന്നു. തികച്ചും തെളിഞ്ഞ അന്തരീക്ഷം. കടല്‍ക്കരയിലെ സാധാരണരീതിയില്‍ കവിഞ്ഞ ചെറുകാറ്റു പോലുമില്ല. ഇനി ഒരു മൂന്നു മണിക്കൂര്‍ കൂടി ചെന്നൈയില്‍ ചെലവഴിക്കാമെന്നും അതിനുള്ളില്‍ എന്തുമാകാമെന്നും ഞാന്‍ പറഞ്ഞു. എങ്കില്‍ ടി. നഗറിലേക്കു പോകാമെന്ന് പൊതുതീരുമാനം. ഏതായാലും നമുക്ക് ബീച്ചിലേക്കിറങ്ങിയിട്ടുപോകാം, കുട്ടന്‍ പറഞ്ഞു.
ബീച്ച് റോഡിനരികിലെ പടവുകളിറങ്ങി പതുക്കെ മണല്‍പ്പുറത്തേക്കു നടന്നു. മണല്‍പ്പുറത്തും അതിന്നിടയിലെ ചെറിയ റോഡിലുമെല്ലാം കുട്ടികളും മുതിര്‍ന്നവരും ക്രിക്കറ്റ് കളിക്കുന്നു. എണ്ണമറ്റ സംഘങ്ങള്‍. ഇത്രയും ജനങ്ങളുടെ സഞ്ചാരം വകവയ്ക്കാതെ അതിന്നിടയില്‍ മതിമറന്നു കളിക്കുന്ന അവരോട് തെല്ലൊരീര്‍ഷ്യ തോന്നി. മകനും മകളും മുന്നേ നീങ്ങിയിരുന്നു. അവരുടെ പിന്നിലായി ഞാന്‍. മറ്റുള്ളവര്‍ അതിനും പിന്നാലെ. നിറഞ്ഞ വെയിലുണ്ടെങ്കിലും സൗമ്യമധുരമായ അന്തരീക്ഷം.
കടല്‍ ഇനിയും ഏറെ അകലെയാണ്. ദൂരെ കടലില്‍ എന്തെല്ലാമോ കിടന്നിളകുന്നു. പ്ലാസ്റ്റിക് കസേരകളും മറ്റും കടലില്‍ വന്നതെങ്ങനെയെന്നോര്‍ത്തു. അതാ, തീരത്തിനടുത്തുള്ള തട്ടുകടകള്‍ ഒന്നൊന്നായി മറിയുന്നു. ആള്‍ക്കാര്‍ ഓടുന്നു. څവെള്ളം വരുന്നു ഓടിക്കോچ എന്ന് ചിലര്‍ വിളിച്ചു പറയുന്നു. ബീച്ചില്‍ ഇത്രയേറെ മലയാളികളുണ്ടെന്ന് അപ്പോഴാണറിയുന്നത്.
ഞങ്ങളും ഓടി. എങ്കിലും നമ്മളെത്ര കടല്‍ കണ്ടിരിക്കുന്നു എന്നായിരുന്നു ചിന്ത. അര്‍ത്തുങ്കലും ശംഖുമുഖത്തും കോവളത്തും കോഴിക്കോട്ടും തലശ്ശേരിയിലുമെല്ലാം ജീവിതത്തിന്‍റെ ഭാഗമായി തന്നെയുണ്ട് കടല്‍. തിര കയറിവരും, താനെ ഇറങ്ങിപ്പോകും. അതാണ് കണ്ടിട്ടുള്ളത്. കയറി വരുന്ന കടലിനെയും ഓടുന്ന ആളുകളെയുമെല്ലാം മകന്‍ വീഡിയോയിലെടുത്തു.
എന്നാല്‍ മറീന ബീച്ചില്‍ തിരകളായല്ല കടല്‍ കയറി വന്നത്. വെറുതെ നിസ്സംഗമായി കടല്‍ കരയിലേക്കു യാത്ര ചെയ്യുമ്പോലെ. നിന്നു പെരുകുന്ന വെള്ളം. നിന്നു ചിരിക്കുന്ന പ്രകൃതിയും.
ഓട്ടത്തിനിടയില്‍ മണല്‍പ്പരപ്പില്‍ സീത വീണു. അപ്പോള്‍ വെള്ളം കുറേയേറെ പിന്നിലാണ്. മക്കള്‍ ചെന്നു പിടിച്ചെണീപ്പിക്കുന്നതിനകം അവിടം വെള്ളപ്പരപ്പായി. എന്നിട്ടും ആവുന്നത്ര വേഗത്തില്‍ നടന്നു. കുറച്ചു നീങ്ങിയപ്പോഴേക്ക് ഏതാണ്ട് തോളറ്റം വെള്ളം. അരികിലുള്ള ഒരു തൂണില്‍ പിടിച്ചുകൊണ്ട് അവര്‍ നാലുപേരും പരസ്പരം കെട്ടിപ്പിടിച്ചുനിന്നു.
കുറേക്കൂടി കരയോടടുത്തു മുന്നിലായിരുന്ന എനിക്ക് പിടിവള്ളിയൊന്നും കിട്ടിയില്ല. പരമാവധി ശ്രമിച്ച് കാലുറപ്പിച്ചുനിന്നു. അതിനകം റോഡരികിലെ പടവുകളില്‍ തട്ടിനിറഞ്ഞു കഴിഞ്ഞ വെള്ളം തിരകളായി ശക്തിപ്പെട്ടിരുന്നു. തിരകള്‍ എന്നെയും തള്ളിയിട്ടു. അതുകണ്ട് മകളുടെയും മരുമകളുടെയും നിലയ്ക്കാത്ത നിലവിളി. വെള്ളത്തില്‍ മുങ്ങാതെ ഞാന്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു.
നിമിഷങ്ങള്‍ കൊണ്ടാണ് മറീനയിലെ മണല്‍പ്പരപ്പ് പെരുംകടലായിമാറിയത്. അടുത്ത ഏതാനും നിമിഷങ്ങളില്‍ ഞങ്ങളെല്ലാം വെള്ളത്തിനടിയിലാകും. അഞ്ചുപേരടങ്ങുന്ന ഒരു കുടുംബം ഒന്നോടെ. കരയോടു കൂടുതലടുത്തു നിന്നിരുന്ന കുട്ടനെയും കുടുംബത്തെയും കണ്ടില്ല, അവര്‍ രക്ഷപ്പെട്ടിരിക്കും. എന്നാല്‍ മുന്നേതന്നെ കടലിനടുത്തെത്തിയിരുന്ന നൂറുകളോ ആയിരങ്ങളോ ആയ ആളുകള്‍. അവരില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞവരുണ്ടോ എന്നു സംശയം. കടലിനോടു ചേര്‍ന്ന തീരത്ത്തട്ടുകടകള്‍ നടത്തി ജീവിച്ചിരുന്ന നൂറുകണക്കിനാളുകള്‍. അവിടെ ചായയും പൊരികടലയും മുറുക്കും സിഗരറ്റും മുറുക്കാനും മറ്റും വാങ്ങാനിരുന്നവര്‍. കടല്‍ത്തിരകളില്‍ പാദം നനച്ച് ഉല്ലസിച്ചിരുന്നവര്‍. അങ്ങനെ ആയിരങ്ങള്‍. അവര്‍ക്ക് കണക്കില്ല. ആ കണക്ക് ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല.
അങ്ങനെ കണക്കില്‍ പെടാതെ പോകുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളഞ്ചുപേര്‍ കൂടെ. മുകളില്‍ ചിരിച്ചുനില്ക്കുന്നതുമരണമാണ്. എങ്കിലും ധൈര്യം വിടാതെ നിന്നു. കുറേ നേരം. അതെത്രയെന്നറിയില്ല. വെള്ളം തെല്ലൊന്നിറങ്ങി. ആരോ വന്നു കൈപിടിച്ചു. ഒരു വിധത്തില്‍ കരയ്ക്കെത്തി. കുറച്ചുകഴിഞ്ഞ് ആള്‍ക്കാരുടെ സഹായത്താല്‍ സീതയും മക്കളും പടിക്കെട്ടിലെത്തി. തളര്‍ന്നുവീണ സീതയ്ക്കും മരുമകള്‍ക്കും ബോധമുണ്ടായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ.
ഏതാണ്ടൊരു തിരിച്ചറിവായപ്പോള്‍ മനസ്സിലായി, കൈയിലുണ്ടായിരുന്ന പലതും നഷ്ടപ്പെട്ടിരിക്കുന്നു. മകളുടെ കൈയിലുണ്ടായിരുന്ന ബാഗ്. അതാരോ വാങ്ങിയതോര്‍മ്മയുണ്ട്. മൊബൈല്‍ ഫോണും പണവും ബാങ്ക് കാര്‍ഡുമടക്കം വിലപിടിച്ച പലതുമടങ്ങിയ ബാഗ്. അതു വാങ്ങിയ ആളെ കാണാനില്ല. രക്ഷണനാട്യത്തില്‍ നടന്ന കൊള്ള. ഇങ്ങനെ എത്രയെത്ര കൊള്ളകള്‍. മറ്റുള്ളവരുടെ ഫോണുകള്‍ വെള്ളം കയറി നിശ്ചലമായി. പലതും പൊയ്പ്പോയി. ഉടുപ്പിന്‍റെയും പാന്‍റിന്‍റെയും പോക്കറ്റുകള്‍ ചെളിയുടെ സംഭരണകേന്ദ്രങ്ങളായി.
കാല്‍ ഒന്നനങ്ങിനടക്കാവുന്ന നിലയിലെത്താന്‍ കുറെ സമയമെടുത്തു.
എല്ലാം നഷ്ടങ്ങള്‍. എന്നാല്‍ ജീവനാശം വന്നില്ലെന്ന നേട്ടത്തില്‍ നഷ്ടങ്ങള്‍ നിസ്സാരം. കൊച്ചുകുട്ടികളടങ്ങിയ കുട്ടനും കുടുംബവും നേരത്തെ തന്നെ റോഡില്‍ കയറിയിരുന്നു.
ആശ്വാസത്തിന്‍റെ നിശ്വാസം വിടാനൊരുങ്ങുമ്പോഴാണ് ചുറ്റും നിലവിളികള്‍. ആളുകളുടെ നെട്ടോട്ടം. തന്‍റെ കുഞ്ഞിനെക്കാണാനില്ലെന്ന് ഒരമ്മയുടെ മുറവിളി. ഒരു പിഞ്ചുകുഞ്ഞിന്‍റെ ജഡവും പേറി ചിലര്‍ കരയ്ക്കോട്ടോടുന്നു. ഒരു സ്ത്രീയുടെ ജഡം ഏതാനും പേര്‍ പൊക്കിയെടുക്കുന്നു. റോഡരികിലെ മതിലിനുമുകളിലേക്ക് പിന്‍ഭാഗമുയര്‍ത്തിക്കയറിയിരിക്കുന്ന കൊറോളാകാര്‍. റോഡിനുമപ്പുറത്തു കിടന്ന കാറിന്‍റെ മുകളില്‍ കയറി സ്വസ്ഥമായിരിക്കുന്ന വള്ളം. ഇതിനകം കടലിലൊടുങ്ങിയ ജീവിതങ്ങള്‍, ജീവിതസര്‍വസ്വങ്ങള്‍ എത്രയെത്ര!
അതിന്നിടയില്‍ നഷ്ടപ്പെടാതെ കിട്ടിയ ജീവനെയും ജീവിതത്തെയും കുറിച്ച് അഭിമാനിക്കുന്നതില്‍ എന്തുകാര്യം. ഇത് ഞങ്ങള്‍ നിന്ന, മദിരാശി സര്‍വകലാശാലയ്ക്കു തൊട്ടുള്ള ആ ഒരു ഭാഗത്തെ കഥ. മറീനക്കടല്‍പ്പുറത്ത് നോക്കി നില്ക്കെ പെരുകിയ വെള്ളം പോലെയാണ് പിന്നീട് നഷ്ടങ്ങളുടെ കണക്ക് പെരുകിയത്. നൂറുകളിലും ആയിരങ്ങളിലും നിന്ന് ലക്ഷത്തിനും മുകളിലേക്ക് ജീവിതനഷ്ടങ്ങളുടെ സംഖ്യ പെരുകുന്നു. എന്നിട്ടും മതിയാകാതെ, സുനാമി ഇനിയും ആവര്‍ത്തിക്കാന്‍ പോകുന്നെന്ന ഭീഷണി.
പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തിയ പ്രകൃത്യാരാധകര്‍ക്ക് പ്രകൃതി തന്നെ അന്തകനാകുക. ദൈവാനുഗ്രഹം തേടിയെത്തിയവര്‍ ആരാധനാലയങ്ങളില്‍ തന്നെ കൂട്ടമായി മരിച്ചൊടുങ്ങുക. ദേവാലയങ്ങള്‍ തന്നെ ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷമാവുക. സര്‍വശക്തനായ ദൈവം തന്നെത്തന്നെ രക്ഷിക്കാന്‍ ശക്തിയില്ലാത്തവനാവുക.
ഈ പ്രകൃതിക്ഷോഭത്തിന് ശാസ്ത്രീയമായ വിശദീകരണങ്ങളും കാരണങ്ങളുടെ വിശകലനവുമൊക്കെയുണ്ടാകാം. എന്നാല്‍ യുഗങ്ങളിലൂടെ സര്‍വശക്തനായി വളര്‍ന്ന മനുഷ്യന്‍ ആ വളര്‍ച്ച തന്‍റെ വംശത്തിന്‍റെ രക്ഷയ്ക്കും സ്വാസ്ഥ്യത്തിനുമുതകും വിധം വിനിയോഗിക്കാന്‍ തയാറാകാത്തതാണ് ഒരു ഭൂഖണ്ഡത്തെയാകെ ഗ്രസിച്ച നാശനഷ്ടങ്ങളെ പെരുപ്പിച്ച മുഖ്യകാരണം. സുനാമിയെ സംബന്ധിച്ച മുന്നറിവ് അമേരിക്കയുടെ ശാസ്ത്രഗവേഷകര്‍ക്ക് കാലേക്കൂട്ടി ലഭിച്ചിരുന്നതായി അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കാല്‍മണിക്കൂറിന്‍റെ മുന്‍കരുതലുണ്ടെങ്കില്‍ ഒന്നോടെയൊഴിവാക്കാവുന്നതായിരുന്നു മറീനാ ബീച്ചിലെ നാശനഷ്ടങ്ങള്‍. അവിടെ നിന്ന് ആള്‍ക്കാരെയും വസ്തുവകകളെയും പൂര്‍ണമായും പെട്ടെന്നു മാറ്റാവുന്നതേയുള്ളു. പക്ഷേ സംഭവം നടന്നുകഴിഞ്ഞിട്ടുപോലും അവിടെ തിരിഞ്ഞുനോക്കാനാരുമുണ്ടായില്ല. ഏതാണ്ടിതുതന്നെയായിരുന്നു മറ്റ് സ്ഥലങ്ങളിലെയും സ്ഥിതി. ഇപ്പോള്‍ ലക്ഷത്തിലുമധികം കടക്കുന്നതിലെ ഓരോ മരണവും. ശാസ്ത്രഗവേഷകരെയും ഭരണാധികാരികളെയും നോക്കി പല്ലിളിക്കുകയാണ്. ഈ മരണങ്ങള്‍ക്കിടയില്‍ നിന്ന് ജീവനും കൊണ്ടെത്തിയ എന്നെയും.

Wednesday, November 12, 2014

നമ്മുടെ ചലച്ചിത്രമേളകൾ.

ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതി കേരളത്തിലെ ചലച്ചിത്രമേളയെന്ന തീരുമാനം ധാർഷ്ട്യത്തിന്റെയും വിവരക്കേടിന്റെയും സാംസ്ക്കാരികാടിമത്തത്തിന്റെയും പാരമ്യം കുറിക്കുന്നു. നമ്മുടെ സാംസ്ക്കാരികരംഗങ്ങളെ നിയന്ത്രിക്കുന്നവർക്ക് ലക്ഷ്യബോധമോ കാര്യബോധം പോലുമോ ഇല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.
മലയാള സിനിമയ്ക്ക് മലയാളം പേരുകള്‍ നിര്‍ബന്ധമാക്കണമെന്നും മലയാളം പേരുകളില്ലാത്ത ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നുമുള്ള നിർദ്ദേശങ്ങൾ മുമ്പുണ്ടായി. അത് മറ്റൊരസംബന്ധം. ഇംഗ്ലീഷ് പേരുകൾക്കും ഇംഗ്ലീഷ് രീതികൾക്കും പിന്നാലെ അന്ധമായി പായുന്നതിന്റെ മറുവശം മാത്രമാണത്. ആയിടെ ഞാൻ സൂചിപ്പിച്ചിരുന്നതുപോലെ, അവയ്ക്ക് സബ്സിഡി തടയുകയല്ല, മലയാളത്തനിമയുള്ള പേരുകൾക്കും സംസ്ക്കാരപോഷകമായ സിനിമകൾക്കും പ്രോത്സാഹനം നൽകുന്ന നടപടിയാണ് ഉണ്ടാവേണ്ടത്.
സിനിമയെ സ്നേഹിക്കുകയും അതാസ്വദിക്കുകയും ചെയ്യുന്നവർക്കെല്ലാം പ്രവേശനം സാധ്യമാവുന്നതാവണം നമ്മുടെ ചലച്ചിത്രമേളകൾ.

അന്ധവിശ്വാസങ്ങൾ വിചാരണ ചെയ്യപ്പെടണം

‘കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനല്ലൂരിലും വാഴും’ ഉഗ്രമൂർത്തിയായ ജനനിയുടെ കുമാരനല്ലൂരിലെ ക്ഷേത്രത്തിന് തീ പിടിച്ചതായാണ് കേരളപ്പിറവിദിനത്തിലെ പുലർവാർത്ത. സർവരക്ഷകരായി വാഴ്ത്തപ്പെടുന്ന ദൈവങ്ങൾ സ്വന്തം ഇരിപ്പിടം പോലും സംരക്ഷിക്കാനാവതെ കത്തിയെരിയുന്നതും വെള്ളത്തിൽ മുങ്ങിത്താഴുന്നതുമായുള്ള വാർത്തകൾ പുത്തരിയല്ല. എന്നാൽ ഈ സന്ദർഭങ്ങളിൽപ്പോലും ഭക്തന്മാരെന്നുമാത്രമല്ല, പുരോഗമന സ്വഭാവം പ്രതീക്ഷിക്കുന്ന പ്രവർത്തകരും മാധ്യമങ്ങളും പോലും വിവേകം വിട്ട് മൌനം പാലിക്കുന്നു. മതത്തെയോ ആചാരങ്ങളെയോ കുത്തിനോവിക്കാൻ പാടില്ല. എന്നൽ അവയുടെ അയുക്തികനിലപാടുകളെ അവസരം കിട്ടുമ്പോൾ വിമർശിക്കുകതന്നെ വേണം. ഈ നിലപാടാണ് പതിറ്റാണ്ടുകൾ മുമ്പുവരെ നാം സ്വീകരിച്ചിരുന്നത്. പക്ഷേ പിന്നീട് അത് കൈവെടിഞ്ഞു. അനാചാരങ്ങളുടെയും ആഭിചാരങ്ങളുടെയും തിരിച്ചുവരവിനും ആധിപത്യത്തിനും ഇത് ഏറെ വഴിവച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ അവസരം കിട്ടുമ്പോൾ വിചാരണ ചെയ്യപ്പെടുക തന്നെ വേണം.

ചുംബനം

ചുംബനവും ആശ്ലേഷവുമെല്ലാം മനുഷ്യബന്ധദാർഢ്യത്തിന്റെ ആവിഷ്ക്കാരപ്രകാരങ്ങളാണ്. മനസ്സും മനസ്സും തമ്മിൽ, വ്യക്തിയും വ്യക്തിയും തമ്മിൽ, സമൂഹവും സമൂഹവും തമ്മിൽ ഒന്നുചേരാൻ കഴിയുന്ന ഇടങ്ങൾക്ക് പ്രാമുഖ്യം നൽകേണ്ട അവസരമാണിത്. സങ്കുചിതതയുടെയും വിദ്വേഷത്തി ന്റെയും ഉപാസനാശക്തികളെ ആട്ടിയൊഴിക്കേണ്ടതുമുണ്ട്. പൊതു സ്ഥലത്തു് വെച്ചു് സുഹൃത്തുക്കള്‍ തമ്മിലും ബന്ധുക്കള്‍ തമ്മിലും വിവാഹ പങ്കാളികള്‍ തമ്മിലും ഉമ്മ വെയ്ക്കുന്നതും പരസ്പരം ആലിംഗനം ചെയ്യുന്നതുമെല്ലാം വ്യക്തിബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും കൂടുതൽ ദൃഢപ്പെടുത്തുന്നതാണ്. അതിനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ഇന്ന് യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമെന്ന് വരുന്നില്ല. കോഴിക്കോട്സംഭവം ഇങ്ങനെയൊരു കൂട്ടായ്മ്മയെ ഏറെ പ്രസക്തമാക്കുന്നുണ്ട്. കൂടുതൽ ഗൌരവമേറിയ പ്രശ്നങ്ങളെ മുൻനിർത്തി, മറ്റു വിധത്തിൽ കാര്യക്ഷമവും ഫലപ്രദവുമായ സമരങ്ങളിലേക്ക് തിരിയേണ്ട യുവശക്തിയെ ഇത് വഴി തിരിച്ചുവിടാതെയും ശിഥിലമാക്കാതെയും നോക്കേണ്ടതുമുണ്ട്. അവയെ സംബന്ധിച്ച ധാരണയുറപ്പിക്കുന്നതിന് ഇത് ചെറുതായെങ്കിലും ഉതകിയെങ്കിലെന്നും ആശിക്കുന്നു.

Wednesday, October 29, 2014

ധാർമ്മികത നീതി നിയമo

    എം.ജി.കോളെജ് ബോംബാക്രമണക്കേസ് പുനരന്വേഷിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി ഉത്തരവിട്ടിരിക്കുന്നു. ഇത് നിയമപരവും ധാർമ്മികവുമായ ഒട്ടേറെ പ്രശ്നങ്ങളുൾക്കൊള്ളുന്നുണ്ട്.
    സ്വന്തം ജീവനും ജീവിതവും പണയം വച്ചും ക്രമസമാധാനം പാലിക്കാൻ മുന്നിട്ടിറങ്ങുന്ന പോലീസുകാർക്കല്ല, അവരെ കടന്നാക്രമിക്കുന്ന ക്രിമിനലുകൾക്കാണ് മനുഷ്യത്വപരമായ സമീപനത്തിന് അർഹതയുള്ളതെന്ന് അധികാരത്തിന്റെ കുത്തകാവകാശിയായ മുഖ്യമന്ത്രി സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ കോടതിയുടെ അംഗീകാരത്തോടെ തീർപ്പ് കല്പിച്ചുകഴിഞ്ഞ കേസാണിത്. അതിനുമേൽ ഏത് മന്ത്രിക്ക്, ഏത് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്താൻ കഴിയുക?
    അന്വേഷണത്തിന്റെ പേരിൽ എന്തെങ്കിലുമൊന്ന് ഇവിടെ നടക്കണമെങ്കിൽ അനിവാര്യമായും വേണ്ട ഒന്നുണ്ട്: കേസിൽ തീർപ്പ് കല്പിച്ച ഉമ്മൻ ചാണ്ടി അധികാരസ്ഥാനത്തുനിന്ന് മാറി നിൽക്കുക.
    പക്ഷേ, ധാർമ്മികതയും നീതിയും നിയമവുമൊക്കെ ആരോട് പറയാൻ???

Tuesday, October 7, 2014

ആചാരങ്ങളും വിശ്വാസങ്ങളും

തുടർന്നുപോരുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം നാം അതുപോലെ എന്നും പിൻതുടരേണ്ടവയാണോ? മനുഷ്യസമൂഹത്തിന്റെ വികാസചരിത്രത്തിൽ, സവിശേഷ സാംസ്ക്കാരികസന്ധികളിൽ, അപ്പോൾ വന്നുപെടുന്ന പ്രതിസന്ധികളെ മറികടക്കാൻ കണ്ടെത്തിയ വഴികളാണ് ഒട്ടുമിക്ക ആചാരങ്ങളും. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയുണ്ടാവുന്ന ആഹ്ലാദങ്ങളുടെ പൊട്ടിപ്പുറപ്പെടലായി ഒട്ടേറെ ആഘോഷങ്ങളും അന്നത്തെ സമ്പത്തെന്ന നിലയിൽ വന്നുചേർന്നിട്ടുണ്ട്. സ്വാഭാവികമായും ആ സാഹചര്യങ്ങളിൽ, മതവിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇതെല്ലാം നിലവിൽ വരുകയും തുടരുകയും വികസിക്കുകയും ചെയ്തത്. 
 എന്നാൽ, ഏതൊരു വികാസത്തിന്റെയും അനിവാര്യമായ ഭാഗമാണ് ഉറയൂരലും പുതിയവ കൈവരിക്കലും. അറിവിന്റെയും അവബോധത്തിന്റെയും വികാസത്തിലൂടെ പഴയ സങ്കല്പങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതങ്ങളും തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ശാസ്ത്രം നൽകുന്ന പുതിയ അറിവുകളും ഉൾക്കാഴ്ചകളും നമ്മെ നിരന്തരം നവീകരിക്കുമ്പോൾ ഒരു മതവിശ്വാസത്തിനും അതിൽ പിടിച്ചുനിൽക്കാനാവാതെ വരുന്നു. 
എന്നിട്ടും നാം ഈ ആചാരങ്ങളെയും വിശ്വാസങ്ങളെയും കൈവിടാൻ തയാറാവുന്നില്ലെന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്. വിദ്യാരംഭത്തിന്റെ പേരുപറഞ്ഞ് കുട്ടികളെ എഴുത്തിനിരുത്തി അവരിൽ അക്ഷരത്തോട് ഭും വിദ്വേഷവുമുണർത്തലും മതാചാരങ്ങളെ സമ്പന്നർക്ക് മാത്രമുള്ള ആഘോഷമാക്കിത്തീർക്കുന്ന ഹജ്ജും സാത്താനെ ഓടിക്കാൻ എന്ന പേരിലുള്ള പ്രാകൃതമായ കല്ലെറിയലുമെല്ലാം ഇവിടെ ഒത്തുവന്നപ്പോൾ, നമ്മിൽ അവശേഷിച്ച ചിന്താശേഷിയെക്കുറിച്ച് ശങ്കയേറുകയാണ്. 
 ആചാരങ്ങളെയും വിശ്വാസങ്ങളെയും നവീകരിക്കാനുള്ള ശ്രമങ്ങൾ അതത് മതത്തിനുള്ളിൽ നിന്ന് തന്നെയാണ് ഉയർന്നു വരേണ്ടത്. ഏതായാലും ഇന്നത്തെ സാഹചര്യത്തിൽ അവിടെനിന്ന് തെല്ലും വെളിച്ചം പ്രതീക്ഷിക്കാനില്ലെന്ന് തോന്നുന്നു!

Friday, September 5, 2014

ഗുരുക്കന്മാർ കുട്ടികൾക്കുമുന്നിൽ

ഗുരുക്കന്മാരുടെ വാക്കുകൾ അന്തിമമായി കണക്കാക്കണമെന്ന് മോദി.                                     വസ്തുതകളും ആശയങ്ങളും കുട്ടികൾക്കുമുന്നിൽ തുറന്നുവയ്ക്കുക, സ്വതന്ത്രമായി പരിശോധിച്ചും ചിന്തിച്ചും സ്വന്തമായ നിഗമനങ്ങളിലെത്താൻ അവരെ പ്രാപ്തരാക്കുക ഇതാണ് അധ്യാപകൻ ചെയ്യേണ്ടത്. അവസാനവാക്ക് അടിച്ചേല്പിച്ച് അവരുടെ കൂമ്പടയ്ക്കുകയല്ല.
എന്നാൽ ‘മതപാഠശാലകൾ’ക്ക് ഇത് സഹിക്കാനാവില്ല.
മോദിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്യുന്നവർ അതിൽ നിറഞ്ഞുനിൽക്കുന്ന വന്ധ്യംകരണരാഷ്ട്രീയം കാണുന്നതേയില്ല!

ഓണം

ഓണം നമ്മെ സമത്വ സ്വപ്നങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കട്ടെ.

Wednesday, June 18, 2014

പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി
പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം


പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യചരിത്രകാരനും പുരോഗമനപ്രസ്ഥാന നേതാവും സംഘാടകനും സാംസ്ക്കാരികസഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ളയെക്കുറിച്ച് ഒരു സ്മാരകഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. പ്രൊഫ. എരുമേലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള സാംസ്ക്കാരിക പ്രവർത്തകർക്ക് ഇതിലേക്ക് സഹായകമായ ലേഖനങ്ങൾ, കുറിപ്പുകൾ, നിർദ്ദേശങ്ങൾ തുടങ്ങിയവ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.  താത്പര്യമുള്ള സാംസ്ക്കാരികപ്രവർത്തകർ സംരംഭവുമായി സഹകരിക്കണമെന്നും ലേഖനങ്ങളോ കുറിപ്പുകളോ നിർദ്ദേശങ്ങളോ കഴിയുന്നത്ര വേഗത്തിൽ വിലാസത്തിൽ അയച്ചുതരണമെന്നും അഭ്യർഥിക്കുന്നു. ഡോ.എസ്.രാജശേഖരൻ, എഡിറ്റർ, പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം, സാഹിതി, തൈക്കാട്, തിരുവനന്തപുരം - 695014.  ഫോ 9447246652 -മെയി  drrajanonline@gmail.com

Friday, June 6, 2014

പിൻവിചാരങ്ങൾ പ്രകാശനം

ഡോ. എസ്.രാജശേഖരൻ രചിച്ച പിൻവിചാരങ്ങൾ എന്ന പുസ്തകം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രകാശനം ചെയ്തു. ആദ്യപ്രതി ആർ.പാർവതീദേവി ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. വി.എൻ.മുരളി അധ്യക്ഷത വഹിച്ചു.വി.എസ്.ബിന്ദു പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന സാംസ്ക്കാരിക സംവാദത്തിൽ പിരപ്പൻകോട് മുരളി, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ.കെ.എൻ. ഗംഗാധരൻ, ഡോ.പി.സോമൻ എന്നിവർ പങ്കെടുത്തു. വിനോദ് വൈശാഖി സ്വാഗതവും പി.എൻ.സരസമ്മ നന്ദിയും പറഞ്ഞു.

Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

‘ജനാ‘ധിപത്യം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിജയമെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നുമൊക്കെ പറയുമ്പോൾ, അതിലെത്രമാത്രം അർഥമുണ്ട് എന്ന ചോദ്യം ശക്തമായുയർത്തുന്നതാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതവും അവരുടെ ഒരുമിപ്പും അവരുടെയെല്ലാം ശ്രേയസ്സുമായിരിക്കണം പ്രധാനം. ജനങ്ങളെയാകെ വംശീയതയുടെയും മതപരതയുടെയും ജാതീയതയുടെയും പേരിൽ തമ്മിലകറ്റിയും പോരടിപ്പിച്ചും അഴിമതിക്കാരെയും ക്രിമിനലുകളെയും മുന്നിൽ നിരത്തിയും നേടുന്ന വിജയവും ജനാധിപത്യവും തമ്മിൽ എന്ത് ഹൃദയബന്ധമാണുള്ളത്? വംശീയതയുടെ പേരിൽ വലിയൊരു ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തുകയും അതിൽ തെല്ലൊരു പശ്ചാത്തപം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നൊരാൾക്ക് / കക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാനെങ്ങനെയാണ് അവകാശമുണ്ടാവുക? അങ്ങനെയുള്ളവരെ നിശ്ശങ്കം അധികാരത്തിലേറ്റുന്നവരുടെ രാഷ്ട്രീയബോധത്തെ നാം എങ്ങനെയാണ് മതിക്കേണ്ടത്? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭീതിദമായ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനവും.

Wednesday, May 14, 2014

സ്ഥാനമാനങ്ങൾ ചൊല്ലി....

നല്ലനിലയിൽ പ്രവർത്തിച്ച് മികവിലേക്ക് വന്ന മഹത്മാ ഗാന്ധി സർവകലാശാലയ്ക്ക് വലിയൊരു മാനക്കേടുണ്ടാക്കുന്നതിന് എ.വി,ജോർജിന്റെ വൈസ് ചാൻസിലർ നിയമനവും തുടർന്നുണ്ടായ സംഭവങ്ങളും വഴിവച്ചു.  നമ്മുടെ അക്കാദമിക രംഗത്തോട് ചാൻസിലർ അടക്കമുള്ള അധികാരികളും രാഷ്ട്രീയമേലാളന്മാരും പുലർത്തിവരുന്ന അവഗണനയ്ക്കും, വളർന്നുവരുന്ന സ്ഥാനമോഹങ്ങൾക്കും ഉപജാപങ്ങൾക്കുമുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇത്.                                                            എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. അർഹതയില്ലാത്തൊരാൾ എന്ന് ഉന്നത കോടതിമുതൽ ചാൻസിലറും സർക്കാരും വരെ സമർഥിച്ചുറപ്പിച്ച ഒരു വ്യക്തിയെ വൈസ് ചാൻസിലറായി നിയമിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിയമനം നൽകിയ ചാൻസിലറും അതിന് ശുപാർശനൽകിയ കമ്മിറ്റിയും അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള മന്ത്രിസഭയും ഇതിൽ കുറ്റക്കാരല്ലേ? അവർക്കെതിരെയും നടപടി വരേണ്ടതില്ലേ? എ.വി.ജോർജ് അനർഹനായെന്നിരുന്നാലും കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് നിലനിൽക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അനർഹനായ ഒരാൾക്കായി ശുപാർശ ചെയ്ത കമ്മിറ്റിയുടെ ലിസ്റ്റ് എങ്ങനെയാണ് സാധുവാകുക? കമ്മിറ്റിയുടെ നടപടിക്രമങ്ങളും അന്വേഷണവിധേയമാകേണ്ടതല്ലേ? ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ചൊന്നും ആരുംതന്നെ ആശങ്കപ്പെട്ടുകാണുന്നില്ല!                                                                      ഇതിനെക്കാളും പ്രധാനമായ മറ്റൊന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയവിദ്വേഷത്തിന്, വ്യക്തിവിദ്വേഷത്തിന് ഇരയാക്കി പന്താടനുള്ളതാണോ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകേണ്ട  സർവകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനം?                                                                                               ഇങ്ങനെ പോയാൽ നമ്മുടെ അക്കാദമികരംഗത്തിന്റെ ഗതി??????