Thursday, July 19, 2012

കവിത  


            ഇടങ്ങൾ.

ഇടത്ത് നിന്നവൻ
വലംതിരിയുമ്പോഴും
വലത്ത് നിന്നവൻ
ഇടം തിരിയുമ്പോഴും
ഇടംതിരിവിന്റെ കൂട്ടിയിടി
ഒഴിവാക്കാനാവില്ല.
അതിൽനിന്ന് ചിതറിത്തെറിക്കുന്ന തരികൾ
മിന്നിക്കൊണ്ടേയിരിക്കും;
ഉടനെ ചാരമാകുംവരെ.

ഇടത്തുനിന്നവന്റെ ഇടത്തിലും
വലത്തുനിന്നവന്റെ വലത്തിലും
ഇടങ്ങളിടിയുന്നത്
അവരറിയാതെയല്ല.
ഇടച്ചിലിന്റെ ചെന്നിനായകങ്ങളിൽ
മുട്ടയിട്ടുപെരുകുന്ന ആവിലതകൾ
ചൂടേറ്റുവിരിഞ്ഞ്
പറക്കമുറ്റുമ്പോൾ
ഇടംവലംതിരിക്കാൻ
അവസരങ്ങളുടെ ശബളവാദങ്ങൾ
കൂടുകൾ നിരത്തിയിരിക്കും.
കൂട്ടിൽ,
ഇടംവലങ്ങൾ മറന്ന്
ഇടയാതെ
ഇണങ്ങിയിണങ്ങിത്തന്നെ കിടക്കും;
അവനെന്നപോലെ
അവളും.

Wednesday, July 18, 2012

                                                മനുഷ്യബോധത്തിന്റെ കാളിമ

ഇന്ന് കർക്കിട്കവാവ്. കേരളത്തിൽ ലക്ഷങ്ങൾ വാവുബലിയിട്ടു. മാധ്യമങ്ങൾ അവ ആഘോഷമാക്കി ജനങ്ങളുടെ ‘ദർശനപുണ്യം’ നേടി. മാധ്യമങ്ങൾക്കും ജനത്തിനും അന്ധവിശാസങ്ങൾക്കും കുശാൽ!
വളർന്നുവരുന്ന വിവേകരാഹിത്യത്തിനും.
മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാനസ്വഭാവമാണ് യുക്തിബോധം. ഓരോന്ന് ചെയ്യുമ്പോഴും അതെന്തിന് അതിന്റെ അർഥമെന്ത്, പ്രയോജനമെന്ത് എന്നിങ്ങനെ ചിന്തിക്കുക മനുഷ്യസ്വഭാവമാണ്. എന്നാൽ മതവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവൻ/അവൾ അതെല്ലാം കൈയൊഴിയുന്നു. എന്നുവച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതാകുന്നു.

കർക്കിടകവാവ് മനുഷ്യബോധത്തിന്റെ കാളിമയുടെ പ്രതിനിധാനമാണ്.

Tuesday, July 17, 2012


                                                    എന്നാണാവോ നമ്മുടെ കണ്ണ്തെളിയുക

സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ.
ഇന്ത്യയ്ക്ക്, ലോകത്തിനുതന്നെ അഭിമാനം.
 സ്ത്രീ എന്തിനും പോന്നവളാണെന്നും അവളെ പിന്നിലാക്കാൻ ആവില്ലെന്നും വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്.ശാസ്ത്രം മനുഷ്യന്റെ ചൊല്പടിയിലാണെന്നും ഇത് ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. സുനിത വില്യംസും സംഘവും എല്ലാം നേടിയത് മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും അജയ്യതയിലൂടെയാണ്.

എന്നാൽ നമ്മുടെ മധ്യമങ്ങൾക്ക് ഈ സത്യം കാണാൻ കണ്ണില്ല. സുനിതയ്ക്കുവേണ്ടി ഉന്ത്യ മുഴുവനും പ്രർഥിക്കുകയാണത്രേ. ഇന്ത്യക്കാരുടെയെല്ലം ആഗ്രഹമാണത് എന്നുപറയുന്നതിനുപകരം പ്രാർഥന എന്ന് പറയുന്നതിലൂടെ ഇന്ത്യക്കാരെയാകെ ശാസ്ത്രബോധത്തിന്റെ സീമയിൽനിന്ന് അകറ്റിക്കളയുകയും അവഹേളിക്കുകയുമാണ് നമ്മുടെ മാധ്യമങ്ങൾ ചെയതത്.
എന്നാണാവോ നമ്മുടെ കണ്ണ്തെളിയുക!!!!!!!!!!!!!

Sunday, July 15, 2012

                                                          പ്രണയം, മതം, സംസ്ക്കാരം

സ്ത്രീക്ക് പ്രണയം പാടില്ലെന്ന് തീർപ്പ് വന്നിരിക്കുന്നു! യു.പി.യിലെ അസര ജാതിപ്പഞ്ചായത്തിന്റെ വിധിയാണിതെന്ന് പത്രങ്ങൾ ഘോഷിക്കുന്നു.

സ്ത്രീക്കും പുരുഷനും കിട്ടിയഏറ്റവും അമൂല്യവും ശക്തവും സുന്ദരവുമായ സിദ്ധിയാണ് പ്രണയം. പ്രപഞ്ചത്തിൽ മറ്റൊരു ജീവിക്കും കിട്ടാത്ത ഈ അസുലഭസിദ്ധിക്ക് മനുഷ്യവംശത്തിന്റെതന്നെ പഴക്കവും മനുഷ്യസംസ്ക്കാരം കൈവരിച്ച കരുത്തും സൌന്ദര്യവുമുണ്ട്. ഒരാളുടെ ഏറ്റവും മാനുഷികവും ഏറ്റവും വൈയക്തികവുമായ ശക്തിവിശേഷം. പ്രണയത്തെ നിഷേധിക്കാൻ ഒരു പഞ്ചായത്തിനെന്നല്ല, രാഷ്ട്രപരമാധികാരിക്കുപോലും അധികാരമില്ല.

പക്ഷേ തങ്ങൾക്ക് അവകാശമില്ലാത്തിടത്ത് അധികാരം സ്ഥാപിക്കുകയാണ് മതത്തിന്റെയും ജാതിയുടെയും എന്നത്തെയും രീതി. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും വിവേകത്തിനും മേൽ നടത്തിയ കുതിരകയറ്റത്തിന്റെ കഥയാണ് മതത്തിനും ജാതിക്കും ഇന്നുവരെ പറയാനുള്ളത്. അത് ഏറിയേറി വരുന്നത് സമകാലയാഥാർഥ്യം. മതത്തിലും ജാതിയിലുംനിന്ന് മോചനം നേടുമ്പോഴേ സ്ത്രീയും പുരുഷനുമടങ്ങിയ സമൂഹത്തിന് സ്വാതന്ത്ര്യവും ശക്തിയും നിരുപാധികസൌന്ദര്യവും കൈവരിക്കാൻ കഴിയൂ.

പ്രണയമല്ല, സ്ത്രീ തന്നെയാണ് ഇവിടത്തെ ഇരയെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.അവൾ കടയിൽ പോയിക്കൂടാ, പുറത്തിറങ്ങിക്കൂടാ, മറ്റുള്ളവരെ കണ്ടുക്കൂടാ,......അവൾ വീട്ടുപകരണമായും പേറ്റുപകരണമായും കഴിയേണ്ടവളാണ്.

പുരുഷാധിഷ്ഠിത മത സമൂഹത്തിന്റെ ഇച്ഛകളെ മറികടക്കാൻ അവൾ ശ്രമിച്ചിട്ടുള്ളപ്പോഴെല്ലാം അവളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും മേൽ കത്തി കയറിയിട്ടുണ്ട്.
ആധുനികസമൂഹം ഒരു നൂറ്റാണ്ടൂമുമ്പെങ്കിലും കുടഞ്ഞെറിഞ്ഞുകളഞ്ഞ സങ്കല്പങ്ങളാ ണിത്. അവ വീണ്ടും കെട്ടിക്കയറ്റാൻ ശ്രമങ്ങളുണ്ടാവുമ്പോൾ പുരുഷനും സ്ത്രീയുമടങ്ങുന്ന മുഴുവൻ സമൂഹവും ഒന്നായി അതിനെ ചെറുക്കേണ്ടതുണ്ട്.

Wednesday, July 11, 2012

അങ്ങനെ അവസാനം പ്രോ-വൈസ്-ചാൻസിലറുടെ മേലങ്കി അഴിഞ്ഞുവീണ് ഞാൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. എല്ലാം അഴിച്ചുവച്ച് മടങ്ങാൻ ഒരു മൂന്നുവർഷം മുന്നേ ഞാനാഗ്രഹിച്ചതാണ്. പക്ഷേ ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യം അവന്റെ നിയ ന്ത്രണത്തിലല്ലോ. ഞാൻ ഒരു നിയോഗത്തിന്റെ കൈകാര്യക്കാരൻ മാത്രം.
ഇനി, പഴയതുപോലെ, വായന, എഴുത്ത്, സാംസ്ക്കാരികപ്രവർത്തനം.......

Thursday, July 5, 2012

                                       പഠിക്കുന്ന മനുഷ്യൻ, പ്പഠിക്കാത്ത മനുഷ്യൻ
പ്രപഞ്ചത്തിന് ആധാരമയി ഒരു ദൈവമില്ലെന്ന് സമർഥിക്കാൻ പോന്ന ‘ദൈവകണ’ത്തിനടുത്ത് എത്തിയ കണ്ടുപിടുത്തത്തിന്റെ ദിവസമായിരുന്നു ഇന്നലെ .പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അന്യമല്ലെന്നും എല്ലാത്തിനെയും അപഗ്രഥിക്കാനും ഉൾക്കൊള്ളാനും പോന്ന കഴിവും സാമർഥ്യവും അവനുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. കല്ലൂപ്പാറ ഭഗ്ഗവതിക്ഷേത്രത്തിലെ അന്തേവാസിയെ കൊന്ന് സ്വർണം പൊതിഞ്ഞ താഴികക്കുടം മോഷ്ടിച്ചതിന്റെയും മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവാന്റെ സ്വർണക്കിരീടവും മറ്റൂ‍ൂം കവർന്നതിന്റെയും വാർത്ത ഇതിനോട് ചേർന്നുതന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദൈവത്തിന്റെയും മനുഷ്യന്റെയും ശരിയായ റോൾ വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. ആശ്രിതരെയെന്നല്ല തന്നെപ്പോലും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം! ഇത് നിരന്തരം നാം കാണുന്നതാണ്, അനുഭവിക്കുന്നതാണ്; സുനാമിയിൽ ദൈവങ്ങളും മനുഷ്യരും പെട്ട പാട് നമുക്ക് മറക്കാറായിട്ടില്ലല്ലോ. പക്ഷേ ഇത് മാത്രം മനുഷ്യൻ ഇനിയും പഠിക്കുന്നില്ല!!!

Tuesday, July 3, 2012

                                                                    നമ്മുടെ വിദ്യാഭ്യാസം
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ പ്രൊ വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് ഇന്ന് പടിയിറങ്ങി. വളരെയേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഒരു പ്രൊ വൈസ് ചാൻസിലർക്ക് സർവകലാശാലയിൽ ചെയ്യാൻ കഴിയുന്നത് വളരെ പരിമിതമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. ചുമതല നൽകപ്പെട്ട പരീക്ഷയുടെ കാര്യത്തിലും ചുമതലയില്ലാതിരുന്ന അക്കാദമിക കാര്യങ്ങളിലും കാര്യമായിത്തന്നെ പലതും ചെയ്യാൻ കഴിഞ്ഞു.അവ്യവസ്ഥകൾക്ക് അറുതി വരുത്തി വ്യവസ്ഥാപിതവും സമകാലികവും കഴിയുന്നത്ര ആധുനികവുമാക്കാൻ തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും സാധിച്ചു എന്നത് വലിയനേട്ടമായി അഭിമാനപൂർവം കരുതുന്നു. ഒരു സർവകലാശാല എന്തായിരിക്കണമെന്ന ബോധം പൊതുവെ എല്ലാവരിലും ഉണ്ടാക്കാൻ ഒരു പരിധി വരെ കഴിഞ്ഞെന്നതും നേട്ടമാണ്. സർവകലാശാലകൾ നിർവഹിക്കേണ്ട ദൌത്യമെന്താണ്? ഒരു ജനതയുടെ വൈജ്ഞാനിക സാംസ്ക്കാരിക ജീവിതത്തിന് രൂപംനൽകുക.അത് നാടിന്റെ ആവശ്യങ്ങളും സാധ്യതകളും വിഭവങ്ങളും കണക്കിലെടുത്തും അവയെ പ്രയോജനപ്പെടുത്തിയും വേണം പ്രാവർത്തികമാക്കുക. എന്നാൽ നമ്മുടെ വിദ്യാഭ്യാസസങ്കല്പത്തിൽ ആ കാഴ്ചപ്പാട് ഇനിയും നമ്മുടെ ചിന്തയിലേക്കെത്തിയിട്ടില്ല. നമ്മുടെ ഗവേഷണപ്രവർത്തനങ്ങളുടെ കാര്യം പറയുകയും വേണ്ട. വിദ്യാഭ്യാസസങ്കല്പം അടിമുടി അഴിച്ചൂ പരിശോധിച്ചേ പറ്റൂ.