Sunday, October 14, 2012

.ദേശീയസെമിനാർ



പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സന്ദർഭത്തിൽ പ്രസ്ഥാനത്തിന്റെ ഇന്നുവരെയുള്ള പ്രവർത്തനങ്ങളെ, നേട്ടങ്ങളെയും പരിമിതികളെയും സാധ്യതകളെയുമെന്നപോലെ ഏറ്റെടുക്കേണ്ട കടമകളെയും കുറിച്ച് സമഗ്രമായൊരു വിലയിരുത്തൽ നടത്തണമെന്ന് സംഘം ആഗ്രഹി ക്കുന്നു. ഇതിലേക്കായി രൂപം നൽകിയിട്ടുള്ള ദേശീയസെമിനാറിൽ ഇന്ത്യയിലാകെയും വിവിധ പ്രാദേശിക ഭാഷകളിലും സംസ്കൃതികളിലും പ്രത്യേകമായും, ഇപ്റ്റ (IPTA) യുടെ നേതൃത്വത്തിലും അല്ലാതെയും നടന്നിട്ടുള്ള കലാരംഗത്തെ പ്രവർത്തനങ്ങളും സെമിനാറിൽ വിശകലനത്തിന് വിധേയമാക്കുന്നു. സമീപകാലത്ത് സൂക്ഷ്മരാഷ്ട്രീയമായി വികസിച്ചുവേർപെട്ടിട്ടുള്ള സ്ത്രീപരിസ്ഥിതികീഴാള പഠനങ്ങളും ഇക്കര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും പരിശോധനാവിഷയമാക്കുന്നു. (ജീവിതത്തെ സംബന്ധിച്ച സമഗ്രശാസ്ത്ര മാണ് മാർക്സിസമെന്ന തിനാൽ, വേറിട്ട ഊന്നലുകൾ നൽകിയിരുന്നില്ലെന്നാൽപ്പോലും ഇവ മാർക്സിയൻ സമീപനങ്ങൾക്ക് അന്യമായിരുന്നില്ല. പരിസ്ഥിതിസ്ത്രീ പഠനങ്ങൾ മാത്രമല്ല, ദളിത് പഠനങ്ങൾപോലും മാർക്സിയൻ വിശകലനങ്ങളുടെ അടിത്തറയിലാണ് വികസിച്ചിട്ടുള്ളത്.)
            2012 നവംബർ 30, ഡിസംബർ 1, 2 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സെമിനാർ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നു.ദേശീയസെമിനാർ ഡോ.ഐജാസ് അഹമ്മദ്  ഉദ്ഘാടനം ചെയ്യുന്നു. .എൻ.വി.കുറുപ്പിന്റെ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡോ. കെ.എൻ.പണിക്കർ മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിൽ അഖിലേന്ത്യാ തലത്തിലുള്ള പ്രമുഖ സാംസ്ക്കാരികപ്രവർത്തകരും എഴുത്തുകാരും പങ്കെടുക്കുന്നു.
            കലയെയും സാഹിത്യത്തെയും സ്നേഹിക്കുകയും ഗൌരവമായെടുക്കുകയും ചെയ്യുന്ന എല്ലാവരുടെയും ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു.

Thursday, October 11, 2012

ഫെലോഷിപ്പ്

പാലാ സെന്റ് തോമസ് കോളെജിലെ മലയാളം പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഡോ.എസ്. രാജശേഖരൻ ഫെലോഷിപ്പ്, പ്രൊഫ. ആർ.എസ്.വർമ്മജി എൻഡോവ്മെന്റ്,  പ്രൊഫ. ഡി.ജോസഫ് എൻഡോവ്മെന്റ് എന്നിവ വിവിധ വിദ്യാർഥികൾക്കായി എസ്. രാജശേഖരൻ വിതരണം ചെയ്തു.    ഡോ.എസ്. രാജശേഖരൻ ഫെലോഷിപ്പിന് അർഹയായ കെ.ആർ.ആതിരയെയും മറ്റുവിജയികളെയും എസ്. രാജശേഖരൻ അഭിനന്ദിച്ചു. യോഗത്തിൽ പ്രൊഫ. ആർ.എസ്.വർമ്മജി, കോളെജ് പ്രിൻസിപ്പലിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ, മലയാളവിഭാഗം അധ്യക്ഷൻ തുടങ്ങിയവർ സംബന്ധിച്ചു.

Sunday, September 30, 2012

മക്കൾ



മക്ക
          നരകത്തിൽനിന്ന് കരകേറ്റണേ ശിവശംഭോ
                                         എന്നു കേണപ്പോൾ
                                         തിരുവൈക്കത്തപ്പൻ പറഞ്ഞു:
                                         നിന്നെ കരകേറ്റേണ്ടത്
                                         നിന്റെ മക്കളാണ്,
                                         പുന്നരകത്തിൽനിന്ന് രക്ഷിക്കുന്നവൻ പുത്രൻ.

                                         കാലം മറിഞ്ഞുപോയാറെ
                                         സ്വർഗം നരകവും
                                         നരകം സ്വർഗവുമായി ഇടം തിരുത്തപ്പെട്ടു.
                                         പിതാക്കളെ രക്ഷിക്കേണ്ടത് പിതൃച്ഛേദനം കൊണ്ടാണെന്ന്
                                        തിരിച്ചറിവുണ്ടായി.
                                        പള്ളിമതത്തിന്റെ അന്ത്യം കാത്തുകിടന്നവനെ
                                        പള്ളിക്ക് കൂട്ടിക്കൊടുത്തും
                                        തൊഴിലിന്റെ വിയർപ്പ് തീർത്ഥത്തിലും പവിത്രമെന്ന് കരുതിയവനെ
                                        തീർത്ഥങ്ങളുടെ മാലിന്യത്തിളാറാടിച്ചും
                                        ഇങ്ക്വിലാബിന്റെ ചുടലച്ചാമ്പലിന്
                                        വേദമോതിക്കൊടുത്തും
                                        അവർ പിതാക്കളോട് പകരം വീട്ടി.
                                        മക്കൾ
                                        ശത്രുക്കളുടെ പുനരവതാരമത്രേ.
                                                                      ജൂൺ, 2004
                            (‘കുട്ടികൾ ഉറങ്ങുന്നില്ല’ എന്ന സമാഹാരത്തിൽ നിന്ന്)

മക്കൾ തിലകം

മലയാളത്തിന്റെ മഹാനടൻ തിലകൻ വിശ്വാസിയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് എന്ന് അഭിമാനിച്ചിരുന്നു.
ജീവിച്ചിരുന്നപ്പോൾ അവശതയിലും മക്കളാരും തിരിഞ്ഞുനോക്കിയതായി അറിവില്ല(അറിവുകേടെങ്കിൽ ക്ഷമിക്കുക).
ഇപ്പോൾ മരിച്ചുകഴിഞ്ഞ്  മരണാനന്തര പിതൃപിണ്ഡത്തിനും തർപ്പണത്തിനും ഷമ്മിയും മറ്റും
മത്സരിക്കുന്നു.
(ശത്രുക്കൾ മക്കളായി ജനിക്കുന്നു എന്ന ചൊല്ല് സത്യമാക്കാൻ)
ഇവർ മത്സരിക്കുന്നു.!

Thursday, September 13, 2012

മാധ്യമമര്യാദ

മാധ്യമങ്ങൾ സെൻസേഷണലിസത്തിലേക്ക് താഴരുത് - മന്മോഹൻ സിങ്.
ഇന്നത്തെ മലയാളമാധ്യമപ്രവർത്തകരോട്  ഇത് പറയാൻ മാത്രം സിങ്എന്നാണ് വളരുക? കേരളത്തിന് എന്നും അഭിമാനമായ മാധ്യമങ്ങൾ ഇന്ന് എവിടെയാണ് വീണുകിടക്കുന്നത്!

Saturday, September 8, 2012

ദൈവത്തിനെന്താണ് പണി?

                                                     ദൈവത്തിനെന്താണ് പണി?
ദൈവത്തിനെന്താണ് പണി? ദൈവം എന്ന സങ്കല്പത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നാം, വിശേഷിച്ചും നമ്മുടെ ചെറുപ്പക്കാർ ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവം എവിടെഉആണ്? സകലനിയന്താവും സ്രഷ്ടാവുമായ ദൈവം ഇതുവരെ എന്തുചെയ്തു? എന്ത് സൃഷ്ടിച്ചു?
വെറും വിശാസത്തിന്റെ വഴിയിലല്ല, ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വഴിയിലാണ് ഇതിന് ഉത്തരം തേടേണ്ടത്. മനുഷ്യന്റെ ഇതുവരെയുള്ള യാത്രയുടെ വഴി ശാസ്ത്രത്തിന്റേതാണ്. അതിന്റെ ഇതുവരെയുള്ള രേഖയാണ്  ചരിത്രം.
ഇത് നാം ഇനിയെങ്കിലും തിരിച്ചറിയണം. ഈതിരിച്ചറിവില്ലാതെ എന്ത് ജീവിതമാണ് നമ്മുടെ യുവാക്കൾ ജീവിച്ചുകൊണ്ടിരിക്കുന്നത്?
രണ്ടുകാലിൽ നടന്ന കുരങ്ങനെ ഇന്നത്തെ മനുഷ്യനാക്കിയത് ദൈവമല്ല. ഇന്നുവരെയുള്ള എല്ലാ കണ്ടുപിടുത്തങ്ങൾക്കും നേട്ടങ്ങൾക്കും അവകാശി മനുഷ്യനാണ്. ഈശ്വരവാദികളല്ല, നിരീശ്വരവാദികളാണ് ഇന്നത്തെ ലോകത്തിന്റെ സ്രട്ടാക്കൾ.