Tuesday, April 30, 2013

മലയാളം ഓൺലൈൻ

പ്രിയമുള്ളവരേ,

മലയാളത്തിലെ ഓൺലൈൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും പ്രയോജനകരവുമായ വിധത്തിൽ വികസിപ്പിക്കുന്നതിന് അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന കുറെപ്പേരുടെ ഒരു കൂട്ടായ്മ മുൻകൈയെടുക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഭാഷയിൽ ഒരു ഓൺലൈൻ നിഘണ്ടു തയാറാക്കേണ്ടതുണ്ട്. മലയാളം വിക്കി 30000 എന്ന കടമ്പ കടന്നു. എന്നിരുന്നാലും അത് ഇനിയും ഉൾക്കൊള്ളേണ്ട മേഖലകൾ അതിവിപുലമാണ്; ചെയ്തുകഴിഞ്ഞവയിൽത്തന്നെ തിരുത്തുകൾ വരുത്തേണ്ടതായും ധാരാളമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ കൂട്ടായ ചിന്തയും പ്രവർത്തനവും ആവശ്യമാണെന്ന ബോധത്തോടെ കുറെ ചെറുപ്പക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. ഈ സംരംഭത്തിൽ ചിന്ത കൊണ്ടും നിർദ്ദേശങ്ങൾകൊണ്ടു പ്രവർത്തനം കൊണ്ടും സഹകരിക്കാൻ കഴിയുന്നവർ ഒത്തുചേരണമെന്ന് ആഗ്രഹിക്കുന്നു.
                     
സ്നേഹപൂർവം,
ഡോ.എസ്.രാജശേഖരൻ
drrajanonline@gmail.com
9447246652
http://pakalirangumpol.blogspot.com

Friday, April 26, 2013

മാതൃഭാഷാസമീപനം


ഇന്ത്യൻ സർഗാത്മകതയുടെയെന്നല്ല, ഏത് സാംസ്ക്കാരികതയുടെയും സർഗാത്മകതയ്ക്കുംഅനുസ്യൂതവികാസത്തിനും അടിസ്ഥാനം ബഹുഭാഷാത്വവും ബഹുസാംസ്ക്കാരികതയുമാണ്. അതിന്റെ അഭാവത്തിൽഅതിപ്രാചീനമായ ഒരു സംസ്ക്കാരം എങ്ങനെ മുരടിക്കുകയും അധിനിവേശത്തിനുകീഴടങ്ങി നാമാവശേഷതയിലേക്ക്നീങ്ങുകയും ചെയ്യുന്നുവെന്ന് നേരിൽക്കണ്ട് അനുഭവിച്ചിട്ട് ഞാനെത്തിയതേയുള്ളു. (കഷ്ടം, ആ രാജ്യത്തിനോഭൂഖണ്ഡത്തിനോ സ്വന്തമായൊരു പേര് പോലുമില്ല; റോമാക്കാരൻ അയാളുടെ നാട്ടിൽനിന്ന് ചൂണ്ടി വിളിച്ചുപറഞ്ഞ‘തെക്കേത്’ –Australis- എന്നതാണ് അവർക്ക് ‘അഭിമാനപൂർവം‘ സ്വന്തം രാജ്യപ്പേരായി ചുമ്മേണ്ടിവന്നത്! Australis-Australia)
ബഹുഭാഷാത്വത്തിന്റെയും സാംസ്ക്കാരികബഹുലതയുടെയും കാര്യത്തിൽ കേരളം സ്വീകരിച്ചുവരുന്ന തുറന്നസമീപനത്തിൽ ഞാൻ തികച്ചും അഭിമാനിക്കുന്നു. കേരളത്തിന് മറ്റ് നാടുകളുടെ മുന്നിലെത്താൻ കഴിഞ്ഞതിന് കാരണംആസമീപനമാണ്. അത് നമ്മുടെ സാംസ്ക്കാരികതയുടെ കൊടിയടയാളം തന്നെയാണ്. നാം ആംഗലേയത്തിന് അടിപണിഞ്ഞതും ഈ സാംസ്ക്കാരിക ബഹുസ്വരതയുമായി യാതൊരു ബന്ധവുമില്ലെന്നും അപ്പോൾ ഓർമ്മിക്കേണ്ടിവരുന്നു.
മാതൃഭാഷാസമീപനത്തിന്റെ കാര്യത്തിൽ നാം സ്വീകരിച്ചുപോരുന്ന ലജ്ജാകരമായ കീഴടങ്ങലിനെ ഇതൊന്നുംന്യായീകരിക്കുന്നില്ല. സ്വന്തം ആവശ്യങ്ങൾക്ക് പ്രാഥമികമായും സ്വന്തം ഭാഷ ഉപയോഗിക്കുകയെന്നത് ഏതൊരുനാട്ടിലും സ്വാഭാവികമായ കാര്യമാണ്; ഭാഷയുടെ കാര്യം മാത്രമല്ല, എല്ലാക്കാര്യങ്ങളിലും പൊതുവെ എല്ലാവരുംസ്വീകരിച്ചുപോരുന്ന ജീവിതസമീപനമാണത്. സാധാരണ ആവശ്യങ്ങൾക്ക് സ്വന്തം കൈപ്പാടുള്ള  വിഭവങ്ങൾഉപയോഗിക്കുക, പോരാതെ വരുമ്പോൾ മറ്റുവഴി തേടുകയെന്നത്. എന്നാൽ അധിനിവേശവഴിയിലൂടെ മാത്രംവളർന്നുവന്ന നമ്മുടെ വിദ്യാഭ്യാസവും സംസ്ക്കാരവും ഭാഷാബോധത്തെ അടിയറ വയ്ക്കാനാണ് ആദ്യം തന്നെശീലിപ്പിച്ചത്. എന്തിനെന്നറിയാതെ നാം എല്ലാറ്റിനും ഇംഗ്ലീഷിനെ ആശ്രയിക്കുന്നു. അവിടെ ഒരു ഔചിത്യവും നമുക്ക്പ്രശ്നമേയല്ല. സ്വന്തം ഭാഷകൊണ്ട് കാര്യം നടക്കുന്നിടത്ത് അത്, പോരാത്തിടങ്ങളിൽ അപ്പോൾ ആവശ്യമായവയുംഎന്ന വിവേകം നമുക്ക് ഒരിക്കലും ഒരിടത്തും ഉണ്ടാവുന്നില്ല. എന്നുമാത്രമല്ല, മറിച്ചുള്ള ന്യായങ്ങൾ തേടാൻ നമ്മിലെഅധിനിവേശബോധം എപ്പോഴും പിന്നിലിരുന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. മാതൃഭാഷാവിരുദ്ധമായന്യായവാദങ്ങൾ നാമല്ല; നമ്മെ നയിക്കുന്ന ആ ബോധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഭാഷയെക്കുറിച്ചുപറയുന്നത്പൈങ്കിളിക്കാര്യമാവുന്നത് അങ്ങനെയാണ്. ഇങ്ങനെയൊരു പരാമർശം മലയാളത്തിൽനിന്നല്ലാതെ മറ്റെങ്ങും നിന്നുണ്ടാവില്ലെന്നും ഓർക്കേണ്ടതുണ്ട്. ഒരു കാര്യം ആവർത്തിച്ചുകൊള്ളട്ടെ, ഇംഗ്ലിഷിന് പ്രാധാന്യമരുതെന്നല്ലപറഞ്ഞുവരുന്നത്. മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നതുപോലെ അത് അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി പഠിക്കുകയുംപഠിപ്പിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് തന്നെയാണ്. പക്ഷേ ഇതൊന്നും നാം ആവശ്യമില്ലാതെ ആഭാഷയെ ഇട്ടുരുട്ടുന്നതിന് ന്യായീകരണമാവുന്നില്ല. അധിനിവേശഭാവങ്ങളുടെ മൂഢസ്വർഗത്തിലല്ലാത്ത ഏതൊരാൾക്കുംസ്വന്തം ആശയങ്ങളുടെ സ്വാഭാവികാവിഷ്ക്കാരത്തിന് സ്വന്തം ഭാഷ തന്നെയാവും നാവിലും പേനത്തുമ്പിലും(കീബോർഡിലും) ആദ്യം വരുക. ഇത് വൃത്തികെട്ട തറവാടിത്തഘോഷണമല്ല, ഏതൊരു ജനതയ്ക്കും ഉണ്ടാവുന്ന ആത്മാഭിമാനത്തിന്റെ തേട്ടലാണ്. 
              (ഒരു ഓൺലൈൻ സംവാദത്തിൽനിന്ന്)

Tuesday, April 23, 2013

ഭാഷയും നമ്മളും



ഭാഷയും നമ്മളും



“പഠിച്ചത് മറക്കുന്ന ഒരു പ്രവർത്തനമാണ് എന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. ഞാൻ എന്താണെന്നോ എന്റെ പ്രാപ്യസ്ഥാനമെന്താണെന്നോ ഇവിടെനിന്ന് ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നോ എനിക്കറിവില്ല. ........ഈ കുറിപ്പ് ഞാൻ ഇംഗ്ലീഷിലാണെഴുതുന്നതെന്നതു തന്നെ എന്തദ്ഭുതമാണ്! എത്ര നേരത്തേതന്നെ എന്റെ ചിന്ത തലതിരിഞ്ഞിരിക്കുന്നു! ഞാനെതൊരു സങ്കരസൃഷ്ടിയാണ്‌ എന്റെ ഏറ്റവും ആന്തരികമായ ചിന്തകൾ കുറിക്കുവാൻ തുടങ്ങുമ്പോൾ എന്റെ നാവിലുദിക്കുന്നത്  ഒരു വിദേശഭാഷയാണ്. ഞാനൊരു ചഞ്ചലമനസ്കനാണ്.”

                     എം. പി. പോൾ, ഗദ്യഗതി, 1954.


ആ വിവരം കെട്ട ഇംഗ്ലിഷ് പ്രൊഫസറെയൊക്കെ നാം എന്നേ നമ്മുടെ പൊങ്ങച്ചപ്പാച്ചിലിൽ ഒഴുക്കി ദൂരെക്കളഞ്ഞു! ആറ് പതിറ്റാണ്ടാണ് വീണ്ടും നാം മുന്നേറിയത്!!!

Wednesday, March 27, 2013

മാതൃഭാഷാമാധ്യമം


വ്യത്യസ്ത അഭിപ്രായങ്ങൾ, പലപ്പോഴും വിരുദ്ധമായവ പോലും, വിലമതിക്കേണ്ടവയാണ്.
പക്ഷേ നമ്മുടെ വിദ്യാഭ്യാസത്തിൽ അങ്ങനെയൊന്നിന് ഇടമില്ലായിരുന്നു എന്ന വസ്തുതപോലും നമുക്ക് അജ്ഞാതമാണ്. കാരണം, നമ്മൂടെ ആധുനികവിദ്യാഭ്യാസം ഒരിക്കലും നമ്മുടേതായിരുന്നില്ല. അധിനിവേശശക്തികൾ അവരുടെ സങ്കുചിതതാത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ വിദ്യാഭ്യാസമൂശയിൽ മത്രമാണ് നാം, നമ്മുടെ ചിന്തകളും വികാരങ്ങളും, രൂപപ്പെടുത്തപ്പെട്ടത്. അതുകൊണ്ട് ഇങ്ങനെയുള്ള അഭിപ്രായങ്ങളുയരുന്നതിൽ ഒട്ടും ആശ്ചര്യമോ നിരാശയോ ഇല്ല. ബ്രിട്ടീഷുകാരെ ഇറക്കിവിട്ട 1947-ന് ശേഷമാണല്ലോ നാം അവരുടെ ഭാഷയ്ക്കും സംസ്ക്കാരത്തിനും പൂർണമായും കീഴടങ്ങാൻ തയാറെടുത്തത്. (ഇതൊക്കെ ഞാൻ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്; വെറുതെ ആവർത്തിക്കുന്നു എന്നുമാത്രം.) അങ്ങനെ മെക്കാളെയുടെ ദർശനത്തിന് എങ്ങനെയൊക്കെ ആവിഷ്ക്കാരം നൽകാമെന്ന് നാം ഇന്നും ഗവേഷണം നടത്തുന്നു!
ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്; അത് നമുക്ക് അംഗീകരിക്കാനവാത്തതിന്റെ സാഹചര്യമാണ് മുകളിൽ സൂചിപ്പിച്ചത്. ചൈനയും റഷ്യയും ഇംഗ്ലണ്ടും വിവിധ യൂറോപ്യൻ രാജ്യങ്ങളും കൊച്ചുക്യൂബയുമടക്കം ഇത് വ്യക്തമാക്കുന്നുണ്ട്.
പരിമിതികളെക്കുറിച്ച് പറയുന്നിടത്ത് നമ്മുടെ വലിയൊരു ധാരണപ്പിശക് ഉയർന്നുനിൽക്കുന്നു. ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനവും ഇംഗ്ലീഷ് പഠനവും ഒന്നല്ല. ഇംഗ്ലീഷ് പഠനം വിദ്യാഭ്യാസത്തിൽ അനിവാര്യമാണ്. പ്രൈമറി തലത്തിൽ അത് ഏത് ക്ലാസ്സിൽ തുടങ്ങണമെന്നത് കാര്യമായ വിചിന്തനത്തിനുശേഷം നിർണയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിപ്പിക്കേണ്ടതുമുണ്ട്. ഇത് വിദ്യാഭ്യാസത്തെയും അതിന്റെ ആഗോള സമ്പത്തികബന്ധങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളു.
ഇവിടെ എന്റെ വ്യക്തിപരമായ അനുഭവം സക്ഷ്യപ്പെടുത്താനുണ്ട്. എന്റെ മക്കളെ, അവരുടെ അധ്യാപകരുടെ പ്രേരണകളെയും താക്കീതുകളെയും അവഗണിച്ചാണ് സർക്കാർ-പൊതു വിദ്യാലയങ്ങളിലെ മലയാളമാധ്യമക്ലാസുകളിൽ പഠിപ്പിച്ചത്. അതിന് ഏറെ പരിഹാസവും ഏറ്റു. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പവുമവർക്ക് പറ്റിയതായി കണ്ടില്ല. അവർ സ്വയം തിരഞ്ഞെടുത്ത എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്, ഒരു കോച്ചിങ് ക്ലാസിനും പോകാതെതന്നെ അവർ നല്ല നിലയിൽ വിജയം നേടി. ഒരാൾ ജർമ്മനിയിലും ഒരാൾ ആസ്ട്രേലിയയിലും ഇപ്പോൾ ജോലി ചെയ്യുന്നു. (മെൽബണിലിരുന്നാണ് ഞാനിത് കുറിക്കുന്നത്.)
മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ആരുടെ താത്പര്യങ്ങൾക്കാണ് തടസ്സ്മാവുന്നത്?

                                 (ഒരു ഓൺലൈൻ സംവാദത്തിൽ നിന്ന്)

Monday, March 25, 2013

മലയാളസർവകലാശാല



മലയാളസർവകലാശാലയെക്കുറിച്ചുള്ള മാതൃഭൂമിലേഖനം.
മലയാളസർവകലാശാലയ്ക്ക് കേരളത്തിലെ മറ്റേത് സർവകലാശാലയെക്കാളും ഏറിയ ദൌത്യങ്ങൾ നിർവഹിക്കാനുണ്ട്.
അക്കാര്യം അതിന്റെ വൈസ് ചാൻസിലർക്കോ പല മുൻ വൈസ് ചൻസിലർമാരടക്കമുള്ള പണ്ഡിതർക്കോ മനസിലാവില്ലെന്നതാണ് കേരളത്തിന്റെ ദൌർഭാഗ്യം. കേരളത്തിന്റേതായ ഒരു വിദ്യാഭ്യാസമാതൃകയും അതിന്റെ നിർവഹണരീതിയും സ്വരൂപിച്ചെടുക്കുക യെന്നത് അതിന്റെ അടിയന്തിരകർത്തവ്യങ്ങളിൽ പ്രധാനമാണ്.
വിദ്യാഭ്യാസം പ്രാഥമികതലം മുതൽ ഗവേഷണതലംവരെ മതൃഭാഷയിലാക്കുകയെന്നത് വളരെ അത്യാവശ്യ്യമായ കാര്യമാണ്. അതിലേക്ക് ഭാഷയെ സജ്ജമാക്കുക സർവകലാശാലയുടെ ലക്ഷ്യമാവേണ്ടതുണ്ട്. ആധുനിക, കമ്പ്യൂട്ടർയുഗത്തിനനുസരിച്ച് ഭാഷയെ നവീകരിക്കുകയെന്നതും.
ഇതൊന്നും കണക്കിലെടുക്കാതെ അഭിപ്രായം പറയുന്നതിൽ കാര്യമില്ല. സർവകലാശാലയെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽക്കെട്ടാനുള്ള ശ്രമം മലയാളസർവകലാശാലാ സങ്കല്പത്തെത്തന്നെ ഞെരിച്ചു കൊല്ലലാണ്.

Monday, March 18, 2013

മെൽബണിലെ ഒരു പത്രത്തിൽ നിന്ന്, 18.മാർച്ച്, 2013

Friday, March 15, 2013

പോപ്പും ക്രിസ്തുവും

പുതിയ പോപ്പിന്റെ വരവിനെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചാഘോഷം.

നസ്രേത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടെന്നത് ഒരു പഴയ ചൊല്ലാണ്. പോപ്പ് പോപ്പായിരി ക്കുന്നിടത്തോളം യാഥാസ്ഥികത്വത്തിന്റെ പഴകിയ ചുമരുകൾക്ക് ബലമേറ്റിക്കൊണ്ടിരിക്കുക എന്നല്ലാതെ മറ്റുവഴിയില്ല.
     റോമൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലിരുന്ന സമൂഹത്തിലെ ജനവിരുദ്ധതയ്ക്കെതിരെ പോരാടി യതിന് ആ ഭരണകൂടം കുരിശിലേറ്റിയ ക്രിസ്തുവിനെ പിന്നീട് സ്ഥാപനവത്കരിക്കപ്പെട്ട സഭ ഏറ്റെടുക്കുകയും അത് സ്വന്തം സാമ്രാജ്യത്വതാത്പര്യങ്ങൾക്ക് അനുരോധമാണെന്നുകണ്ടതോടെ റോമൻ ഭരണകൂടം സഭയെയും ക്രിസ്തുവിനെയുംതന്നെഏറ്റെടുക്കുകയും ചെയ്തത് പഴയ ചരിത്രം.  ക്രിസ്തുവിന്റെ ജീവിതസമീപനങ്ങൾക്കും ദർശനങ്ങൾക്കും എതിരായ നിലപാടെടുക്കുകയും അതിന് കൃത്യമായും ആക്കം കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്തതാണ് പിൽക്കാലചരിത്രം.
     അതിൽ നിന്ന് മാറുന്നതോടെ സഭ സഭയല്ലാതാവുന്നു, പോപ്പ് പോപ്പല്ലാതാവുന്നു. അവിടെ ആരുവന്നാലും സമൂഹത്തിന് നന്മ പ്രതീക്ഷിക്കേണ്ടതില്ല.