Friday, June 6, 2014

പിൻവിചാരങ്ങൾ പ്രകാശനം

ഡോ. എസ്.രാജശേഖരൻ രചിച്ച പിൻവിചാരങ്ങൾ എന്ന പുസ്തകം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രകാശനം ചെയ്തു. ആദ്യപ്രതി ആർ.പാർവതീദേവി ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. വി.എൻ.മുരളി അധ്യക്ഷത വഹിച്ചു.വി.എസ്.ബിന്ദു പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന സാംസ്ക്കാരിക സംവാദത്തിൽ പിരപ്പൻകോട് മുരളി, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ.കെ.എൻ. ഗംഗാധരൻ, ഡോ.പി.സോമൻ എന്നിവർ പങ്കെടുത്തു. വിനോദ് വൈശാഖി സ്വാഗതവും പി.എൻ.സരസമ്മ നന്ദിയും പറഞ്ഞു.

Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

‘ജനാ‘ധിപത്യം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിജയമെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നുമൊക്കെ പറയുമ്പോൾ, അതിലെത്രമാത്രം അർഥമുണ്ട് എന്ന ചോദ്യം ശക്തമായുയർത്തുന്നതാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതവും അവരുടെ ഒരുമിപ്പും അവരുടെയെല്ലാം ശ്രേയസ്സുമായിരിക്കണം പ്രധാനം. ജനങ്ങളെയാകെ വംശീയതയുടെയും മതപരതയുടെയും ജാതീയതയുടെയും പേരിൽ തമ്മിലകറ്റിയും പോരടിപ്പിച്ചും അഴിമതിക്കാരെയും ക്രിമിനലുകളെയും മുന്നിൽ നിരത്തിയും നേടുന്ന വിജയവും ജനാധിപത്യവും തമ്മിൽ എന്ത് ഹൃദയബന്ധമാണുള്ളത്? വംശീയതയുടെ പേരിൽ വലിയൊരു ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തുകയും അതിൽ തെല്ലൊരു പശ്ചാത്തപം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നൊരാൾക്ക് / കക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാനെങ്ങനെയാണ് അവകാശമുണ്ടാവുക? അങ്ങനെയുള്ളവരെ നിശ്ശങ്കം അധികാരത്തിലേറ്റുന്നവരുടെ രാഷ്ട്രീയബോധത്തെ നാം എങ്ങനെയാണ് മതിക്കേണ്ടത്? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭീതിദമായ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനവും.

Wednesday, May 14, 2014

സ്ഥാനമാനങ്ങൾ ചൊല്ലി....

നല്ലനിലയിൽ പ്രവർത്തിച്ച് മികവിലേക്ക് വന്ന മഹത്മാ ഗാന്ധി സർവകലാശാലയ്ക്ക് വലിയൊരു മാനക്കേടുണ്ടാക്കുന്നതിന് എ.വി,ജോർജിന്റെ വൈസ് ചാൻസിലർ നിയമനവും തുടർന്നുണ്ടായ സംഭവങ്ങളും വഴിവച്ചു.  നമ്മുടെ അക്കാദമിക രംഗത്തോട് ചാൻസിലർ അടക്കമുള്ള അധികാരികളും രാഷ്ട്രീയമേലാളന്മാരും പുലർത്തിവരുന്ന അവഗണനയ്ക്കും, വളർന്നുവരുന്ന സ്ഥാനമോഹങ്ങൾക്കും ഉപജാപങ്ങൾക്കുമുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇത്.                                                            എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. അർഹതയില്ലാത്തൊരാൾ എന്ന് ഉന്നത കോടതിമുതൽ ചാൻസിലറും സർക്കാരും വരെ സമർഥിച്ചുറപ്പിച്ച ഒരു വ്യക്തിയെ വൈസ് ചാൻസിലറായി നിയമിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിയമനം നൽകിയ ചാൻസിലറും അതിന് ശുപാർശനൽകിയ കമ്മിറ്റിയും അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള മന്ത്രിസഭയും ഇതിൽ കുറ്റക്കാരല്ലേ? അവർക്കെതിരെയും നടപടി വരേണ്ടതില്ലേ? എ.വി.ജോർജ് അനർഹനായെന്നിരുന്നാലും കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് നിലനിൽക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അനർഹനായ ഒരാൾക്കായി ശുപാർശ ചെയ്ത കമ്മിറ്റിയുടെ ലിസ്റ്റ് എങ്ങനെയാണ് സാധുവാകുക? കമ്മിറ്റിയുടെ നടപടിക്രമങ്ങളും അന്വേഷണവിധേയമാകേണ്ടതല്ലേ? ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ചൊന്നും ആരുംതന്നെ ആശങ്കപ്പെട്ടുകാണുന്നില്ല!                                                                      ഇതിനെക്കാളും പ്രധാനമായ മറ്റൊന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയവിദ്വേഷത്തിന്, വ്യക്തിവിദ്വേഷത്തിന് ഇരയാക്കി പന്താടനുള്ളതാണോ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകേണ്ട  സർവകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനം?                                                                                               ഇങ്ങനെ പോയാൽ നമ്മുടെ അക്കാദമികരംഗത്തിന്റെ ഗതി??????

Tuesday, March 18, 2014

പുലരി

പുലരി
കത്തിയെരിഞ്ഞുരുകിത്തിളച്ചുമറിയുന്ന
വേനൽത്താപത്തിൽ,
ഈരിലയിട്ടുവിരിഞ്ഞ മോഹങ്ങളെയെല്ലാം
മരവിപ്പിച്ചുമയക്കുന്ന
ഹേമന്തശീതത്തിൽ,
സങ്കടപ്പെയ്ത്തുകൾ മത്സരിച്ചിരമ്പിയാർക്കുന്ന
കൊടും വർഷപാതത്തിൽ,
അരിമുല്ല പൂത്തുലർന്ന വാസന
അയലോരങ്ങളെ
ആമോദം കൊള്ളിച്ചുമദിക്കുന്ന
വാസന്തത്തിൽ, …..
ഋതുഭേദങ്ങളുടെ തിരക്കിട്ട കടന്നുപാച്ചിലിലും
നിറന്നുലർന്നൊരു കുളിർവെളിച്ചം
അകം പുറങ്ങളിലാകെ ചൂടി
വിറയാണ്ട മുഖമുയർത്തിയുയർത്തി
നിന്നുചിരിക്കുന്ന സൂര്യകാന്തിപ്പൂവ്.
വിരിഞ്ഞുയരുന്ന വാസരദലങ്ങളിലാകെ
നാളെയുടെ നിറസ്നേഹമൊതുക്കി
പുതുപുലരിയിലേക്ക്
വീണ്ടും കണ്ണെറിയുന്നു.

Tuesday, December 10, 2013

കറുപ്പ്

കറുപ്പ്
(നെൽസൺ മണ്ടേലയ്ക്ക്)

പുലരി വടക്കാണ് വിരിഞ്ഞത് 
പനിനീർപ്പൂ നിറമോടെ, 
മരം കോച്ചുന്ന ജാഡ്യത്തെയും
ഉരുകിത്തിളയ്ക്കുന്ന ക്രൌര്യത്തെയും
മന്ദോഷ്ണമാക്കി മാറ്റി,
കൽക്കരിയായി ഖനിയിൽ മുങ്ങുന്ന
മാലിന്യങ്ങളെ പൊന്നാക്കിയൂതിത്തെളിച്ച്,
പാടത്തെ പണിയാളരെയും
തെരുവിലെ പെണ്ണാളരെയും
സമ്രാട്ടില്ലാത്ത സാമ്രാജ്യത്തിന്റെ
അവകാശികളാക്കിയൊരുക്കി ……..
പുലരി വടക്കാണ് വിരിഞ്ഞത്.
ഉരുകിത്തുടങ്ങിയ പൊന്നിനെയും
കരിക്കട്ടയാക്കി
ഉരുകിത്തെളിഞ്ഞ മനസ്സുകളിലും
അവിശ്വാസത്തിന്റെ ചാമ്പൽ നിറച്ച്
വിരിപൌരുഷങ്ങളെയും
നിറഞ്ഞ പെണ്മകളെയും
പകയും ഭീതിയും കൊണ്ട് പുകയുന്ന
കൊള്ളികളാക്കി
മാനവത്വമഹാസാമ്രാജ്യത്തെ
ദുരയുടെ നീർപ്പോളകൾ പുളയുന്ന
എച്ചിൽക്കുളമാക്കി
സൌഭ്രാത്രത്തിനും സൌഹാർദ്ദത്തിനും
മാത്രം നീണ്ടിരുന്ന തുടുത്ത കൈകളെ
പിച്ചക്കൈകളായി നീട്ടിച്ചുകൊണ്ട്
എവിടെനിന്നോ
ഒളിഞ്ഞും പതുങ്ങിയും
വോഡ്കയിൽ നുരഞ്ഞും പെട്ടെന്നൊരിരുൾ വീണു
എല്ലാം അടങ്ങിയെന്ന
കുത്തിച്ചുടുവെട്ടിച്ചുടുകൾക്കിടയിലാണ്
പടിഞ്ഞാറ് സൂര്യനുദിച്ചത്.
കറുത്ത സൂര്യൻ.
കത്തിയെരിയുന്ന നട്ടുച്ചയുടെ തേജസ്സോടെ,
ഉരുകിത്തെളിച്ച കാരിരുമ്പിന്റെ കരുത്തോടെ,
വർണങ്ങളുടെ എല്ലാ കുടിയിരിപ്പുകളെയും
വിഴുങ്ങുന്ന ഗരിമയോടെ,
ചെറുതിലും ചെറുതും വലുതിലും വലുതുമായ
ഒരു കറുത്ത സൂര്യൻ.
പാതിരാകളിൽ വെളിച്ചമായി
ഇരവുകളെല്ലാം ഉണർവിന്റേതായിരിക്കണമെന്നോതുന്ന
കറുത്ത സൂര്യൻ
കറുപ്പിന്റെ സത്യത്തെയും സൌന്ദര്യത്തെയും
പുലർവെട്ടത്തിൽ കാട്ടുന്ന
ചിരിക്കുന്ന സൂര്യൻ.
ഏതിരുളിനും മറയ്ക്കാനരുതാത്തതിനുവേണ്ടി
കറുത്ത സൂര്യൻ
പകലുകളുടെ പഴുതുകൾക്കിടയിലൊളിക്കുന്ന
ഇരുളിന്റെ ലോകത്ത്
ഇനി സൂര്യന് നിറം മാറിയേ കഴിയൂ.
പകലുകൾക്ക് വർണമൌഢ്യങ്ങളുടെ തൊങ്ങലുകളഴിച്ച്
ഇനി പുതുതായേ പറ്റൂ.

(പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിലെ കവിത, 1994)

Monday, November 18, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4 പ്രകൃതിജീവിതം





ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4
പ്രകൃതിജീവിതം

ഹരിതാഭ കലർന്ന പ്രകൃതിയെന്നത് ജർമ്മനിയുടെ മുഖമുദ്രയാണ്. (ശൈത്യകാലത്തൊ ഴിച്ച് എന്ന് ഒരു മേൽക്കുറിപ്പ് തന്നെ വേണം!) എങ്ങും കാണുന്ന മേപ്പിൾ മരങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.  വെഗ്(വഴി)കളിലും ആലി(തെരുവ്)കളിലും റിങ്ങു(സർക്കിൾ)കളിലും പ്ലാറ്റ്സു (സ്ക്വയർ)കളിലും സ്റ്റ്ട്രാസ്സെ(സ്ട്രീറ്റ്)കളിലുമായിക്കിടക്കുന്ന അതിദീർഘവും ശൃംഖലിതവു മായ പാതയോരങ്ങളിൽ തണൽമരങ്ങളായി ഏറെയും കാണുന്നത് മേപ്പിളുകൾ തന്നെ.  അതിനോടൊപ്പം വിവിധതരം മരങ്ങൾ തൊടികളിലും മറ്റുമായി നിറഞ്ഞു നിൽക്കുന്നു. നമുക്ക് പരിചിതമല്ലാത്തതരം മരങ്ങളാണ് ഏറെയും. പ്രത്യേകം ശ്രദ്ധയാകർഷിച്ചത് ഇവിടത്തെ ‘ബ്ലുട് ബുഹെ’ ആണ്. അടിമുടി വൈലറ്റ് വർണത്തിൽ, ‘ഞാനൊന്ന് വേറെ’ എന്ന് ഭാവിച്ച് നിൽക്കുന്ന മരം. വീട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം ചിലേടത്ത് ഈ മരങ്ങൾ കണ്ടു. എല്ലാംതന്നെ ചെറുമരങ്ങൾ. എന്നാൽ സ്റ്റാൺബെർഗിലെത്തിയപ്പോൾ അവിടെ കാട്ടിലെ വന്മരങ്ങൾക്കിടയിൽ അവയെപ്പോലെതന്നെ ചിലത് കാണാൻ കഴിഞ്ഞു. ചില എൻസൈമുകളുടെ അഭാവം നിമിത്തമാണ് വൃക്ഷങ്ങളുടെ സഹജമായ ഹരിതാഭ ഇവയ്ക്ക് നഷ്ടപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു. ഏതായാലും, കാഴ്ചയ്ക്ക് ഉത്സവം തരുന്നതാണ് ഈ മരങ്ങൾ. ക്യാമറ അവയുടെ പല ദൃശ്യങ്ങളും പകർത്തിയെടുത്തു.  അടിമുടി നന്നെ ചുവന്നുനിൽക്കുന്ന വേറെ ചില ചെടികൾകൂടി അവിടെ കണ്ടതും കൌതുകകരമായി.
കൂറ്റൻ പ്രൌഢമന്ദിരങ്ങൾ നിറഞ്ഞ നഗരമധ്യങ്ങളിൽപ്പോലും തെല്ലൊരിടം കിട്ടുന്നു ണ്ടെങ്കിൽ അവിടെയെല്ലാം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രദ്ധിച്ചിരിക്കുന്നതായിക്കാണാം. പട്ടണത്തെ വെറും കോൺക്രീറ്റ് കാടാക്കിമാറ്റാതിരിക്കുക എന്ന കാഴ്ചപ്പാടിലുറച്ചതാണ് ഇവിടത്തെ നഗരസംവിധാനം. നഗരമധ്യത്തിലും കാണാം പാർക്കുകളും ഉദ്യാനങ്ങളും വൃക്ഷത്തോട്ടങ്ങളും മറ്റും. ഒരു ‘കുട്ടിവന’ത്തെ ഉള്ളിലൊതുക്കിയാണ് നഗരങ്ങളുൾപ്പെടെ ഇവിടത്തെ ഒട്ടെല്ലാ പ്രദേശങ്ങളും നിലകൊള്ളുന്നതെന്ന് പറയാം. അവിടെ വിവിധതരം മരങ്ങളും ചെടികളും വള്ളികളും നിറഞ്ഞിരിക്കും. അവയിൽ മിക്കവയും തന്നെ പാർക്കുകളോടും തുറസ്സായ മൈതാനങ്ങളോടും കൂടിയവയുമായിരിക്കും. കുട്ടികളുടെ കളിപ്പാർക്കുകൾ ഇത്രയേറെയുള്ള സ്ഥലം വേറേ കാണുമോ എന്നറിയില്ല, അവയും വൃക്ഷങ്ങൾ നിറഞ്ഞവ തന്നെ. ഞങ്ങൾ താമസിക്കുന്ന നിയൂ പെർലാഹ് സ്യൂദിലെ നീമ്യുള്ളർ ആലി എന്ന ചെറിയൊരു സ്ഥലത്ത് തന്നെയുണ്ട് തൊട്ടുതൊട്ടുപോകുന്ന അനേകം കളിപ്പാർക്കുകൾ.  വൈകുന്നേരങ്ങളിലും മറ്റ് ഇടവേളകളിലും കുട്ടികൾ അവിടെ വന്ന് കളിക്കുന്നതും മുതിർന്നവർ ശിശുക്കളെ കൊണ്ടുവന്ന് കളിപ്പിക്കുന്നതും കാണാം. ചിലപ്പോൾ അവിടം മുതിർന്നവരുടെ, വിശേഷിച്ചും പുരുഷന്മാരുടെ കൂടിച്ചേരൽ സ്ഥാനമായും മാറാറുണ്ട്, ബിയറും മദ്യവിഭവങ്ങളും നിത്യഭക്ഷണത്തിന്റെതന്നെ ഭാഗമായി മാറുന്ന യൂറോപ്യൻ സാഹചര്യങ്ങളിൽ ആ കൂടിച്ചേരലുകൾക്ക് അങ്ങനെ ചില അകമ്പടികളും ഉണ്ടായിക്കൂടായ്കയില്ല.
ചെറുതെങ്കിലും ഒരു പൂന്തോട്ടം ഇവിടെ എല്ലാ വീടുകളോടും ചേർന്ന് നിർബന്ധമായും കാണാം. ഒരുപക്ഷേ മുറ്റമില്ലെങ്കിൽ, ബഹുനിലമന്ദിരങ്ങളിൽ, മട്ടുപ്പാവിലായാലും അങ്ങനെ യൊന്ന് ഉണ്ടാക്കിയിരിക്കും. ഞങ്ങളുടെ താമസം താഴത്തെ നിലയിലായതുകൊണ്ട് ചെറുതെ ങ്കിലും നല്ലൊരു മുറ്റമുണ്ട്. മുകൾനിലകളിലെ താമസക്കാരെല്ലാം അവരുടെ മട്ടുപ്പവുകളിൽ ചെടികൾ നട്ടുവളർത്തുന്നു. മിക്കവയും തന്നെ കടുംവർണങ്ങളിലുള്ള പൂക്കളോടുകൂടിയവ; ആ കടുംനിറം കണ്ട് പ്ലാസ്റ്റിക് പൂക്കളോ എന്ന് പലപ്പോഴും സംശയിച്ചുനോക്കിനിന്നു! അങ്ങനെ ഇവിടത്തെ ഫ്ലാറ്റുകൾ പലതും വെറും ബഹുനിലക്കെട്ടിടങ്ങളായല്ല, വിവിധവർണങ്ങളിലുള്ള പൂക്കളും ചെടികളും കൊണ്ട് ഓരോ നിലയും തിരിച്ച് അലങ്കരിച്ച് പോകുന്ന ശില്പങ്ങളായാണ് കാണപ്പെടുക! നിറഞ്ഞ വൃക്ഷങ്ങളും ഈ രീതിയിലുള്ള പാർപ്പിടസംവിധാനവുംകൊണ്ട് കാഴ്ചയ്ക്ക് ഉല്ലാസമെന്നതിനെക്കാളുമേറെയായി പരിസര-അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സാധിക്കുന്നു. അത് മറ്റൊരു വിഷയമാണ്.
എപ്പോഴും കൌതുകമുണർത്തുന്നവയാണ് ഇവിടത്തെ ചുറ്റുമതിലുകൾ. വീടുകളുടെ മതിലുകൾ സാധാരണയായി നമ്മുടേത്പോലെ കല്ലും മണ്ണുംകൊണ്ടല്ല, തിങ്ങിവളരുന്ന ചെടികളോ ചെറുമരങ്ങളോ ആണ് ഇവിടെ മതിലുകളുടെ ധർമ്മം നിർവഹിക്കുക. ഭംഗിയായി വെട്ടിയൊരുക്കി പരിപാലിക്കുന്ന ഈ ‘മതിലുകൾ’ കാഴ്ചയ്ക്കിമ്പം നൽകുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദപരവുമാണ്. ചിലേടത്ത് രണ്ടോ മൂന്നോ അടിയുയരത്തിൽ കന്മതിൽ കെട്ടി അതിന് മുകളിലേക്ക് ഇപ്പറഞ്ഞപോലെ ചെടികൾ വളർത്തിയതായും കണ്ടു; മതിലിന് മുകളിലേക്ക്, മതിലിന്റെ പുറംനിരപ്പിൽ വെട്ടിവളർത്തിയ ചെടികൾ. സൌന്ദര്യബോധ ത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും ജീവിതപ്രായോഗികതയുടെയും ഒത്ത്ചേരലാണ് ഞാൻ ഈ മതിലുകളിൽ കണ്ടത്.  നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങൾ നിർബന്ധമായും അനുവർത്തിക്കേണ്ട ഒരു രീതി. പക്ഷേ ആ വഴികളെക്കുറിച്ച് ചിന്തിക്കാനല്ല, പാർപ്പിടത്തെയും പരിസരങ്ങളെയും കല്ലും മണ്ണും സിമന്റും കൊണ്ടുള്ള ആഘോഷ/ കോലാഹലമാക്കി മാറ്റാനാണ് നമ്മുടെ ഉത്സാഹം!
വാസഗൃഹസമുച്ചയങ്ങളോ ഓഫീസ് സമുച്ചയങ്ങളോ വ്യവസായശാലകളോ കടന്ന് അല്പമൊന്ന് മാറിയാൽ വിസ്തൃതമായ പാടശേഖരങ്ങളാണ് കാണുക. ഗോതമ്പും ചോളവും പൂവിനങ്ങളും മറ്റും കൃഷി ചെയ്യുന്നവ. ഈ വേനലിൽ വിളഞ്ഞുപഴുത്തും വിളയാറായും കിട ക്കുന്നൂ ഗോതമ്പ് പാടങ്ങൾ. പലേടവും നമ്മുടെ പാലക്കാട്ടെയോ കുട്ടനാട്ടിലെയോ പാടശേഖര ങ്ങൾ പോലെ. അവയ്ക്കിടയിലൂടെയുള്ള ഉന്മേഷപ്രദമായ നടപ്പ് നമ്മെ ജർമ്മനിയുടെ കാർഷികലോകത്തേക്കെത്തിക്കുന്നു. ചോളപ്പാടങ്ങളിൽ ചെടികൾ വിളഞ്ഞുവരുന്നതേയുള്ളു. നിറഞ്ഞ് സമൃദ്ധമായവയാണ് പാടങ്ങളെല്ലാം. പാഴ്കൃഷിയുടെ സൂചനകൾ എങ്ങും കണ്ടില്ല. ജൂലൈ മധ്യത്തോടെ ഗോതമ്പ് പാടങ്ങളിൽ കൊയ്ത്തായി. വൻറോളുകളായിച്ചുറ്റി, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന വയ്ക്കോൽക്കൂട്ടമാണ് പല പാടങ്ങളിലും പിന്നീട് അവശേഷിക്കുന്നത്.
ഒരിക്കൽ ഞങ്ങൾ പെർലാഹ് വനത്തോട് ചേർന്ന ചില ഭാഗങ്ങളിൽ പോയി. ഒരു വശത്ത് വനം. അതിനോട് ചേർന്ന് ഗതാഗതത്തിരക്കേറിയ ഗുസ്താവ് വോൺ മില്ലർ ദേശീയപാത, പാതയുടെ മറുഭാഗത്ത് കളിസ്ഥലങ്ങളും കൃഷിയിടങ്ങളുമെല്ലാം. ഞങ്ങൾ വനത്തിലേക്കല്ല, മറുഭാഗത്തേക്കാണ് നടന്നത്; ഞങ്ങളുടെ ചെറുമകളായ ആർദ്രയെന്ന തുമ്പിക്കുട്ടിക്ക് കളിക്കാനിടം തേടി. കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമെത്തിയവർക്ക് വരെ കളിക്കാൻ പാകത്തിൽ വ്യത്യസ്തമായ ഒട്ടേറെ കളിയിടങ്ങൾ, പാർക്കുകൾ അവിടെയുണ്ട്. മണ്ണ് വാരിക്കളിക്കാൻ മുതൽ സൈക്കിൾ, സ്ക്കേറ്റിങ്, ബാസ്ക്കറ്റ് ബോൾ, വോളി ബോൾ എന്നിവയ്ക്ക് വരെ വിവിധതരത്തിൽ ആധുനികമായ കളിസ്ഥലങ്ങൾ. കോൺക്രീറ്റ് കൊണ്ട് കുളത്തിന്റെ ആകൃതിയിൽ നിർമ്മിച്ച് അതിൽ അനേകം കുന്നുകളും കുഴികളും തീർത്ത ഒരു കളിയിടം; കായികവിനോദങ്ങളിൽ അത്ര തത്പരനല്ലാത്തത് കൊണ്ടാവാം, ഞാനാദ്യമായാണ് അങ്ങനെയൊന്ന് കാണുന്നത്. കുട്ടികൾ അതിൽ സൈക്കിൾ സവാരിയും റോളർ സ്ക്കേറ്റിങ്ങും മറ്റും സാഹസികമായി നടത്തുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും റോളർ സ്ക്കേറ്റിങ്ങും തറയിൽ ഒരു കാൽ ചവിട്ടിയൂന്നി തെന്നിയോടിക്കുന്ന ചെറുവീൽ സൈക്കിളും ഇവിടെ നിരത്തുകളിലെ പതിവ് കാഴ്ച്ചയാണ്; കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്നത് കാണാം.
ഈ കളിസ്ഥലത്ത് നിന്ന് തെല്ലകലത്തായി മെർസിഡസ് ബെൻസിന്റെയും സീമെൻ
സിന്റെയും വമ്പൻ വ്യവസായശാലകൾ തലയുയർത്തിനിൽക്കുന്നു. അവയ്ക്ക് പറയാനുള്ളത് ജർമ്മനിയുടെ മറ്റൊരു ജീവിതമാണ്.
പറഞ്ഞുവന്നത് കൃഷിയിടങ്ങളുടെ കാര്യമാണ്. കളിസ്ഥലത്തിന്റെ ഒരു വശത്തെ വിസ്തൃതമായ ഭാഗങ്ങളിൽ അനേകം ഫാം ഹൌസുകൾ. അതിനുമപ്പുറത്തായി, നിറയെ കൃഷിസ്ഥലങ്ങളാണ്. ഗോതമ്പ്പാടങ്ങൾ. അവിടെ നിന്നപ്പോൾ കണ്ടു, ദൂരെയൊരിടത്ത് കുറെപ്പേർ നിന്ന് കൃഷികാര്യങ്ങൾ നോക്കുന്നു. ഞങ്ങൾ അങ്ങോട്ട് നടന്നു. അവിടെ പാടങ്ങ ളിൽ വിവിധതരം പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നാലഞ്ച് സംഘങ്ങൾ അതിൽ അവിടവിടെയായി നിൽക്കുന്നു. അവരിൽനിന്ന് കായ്കറിക ളെന്തെങ്കിലും വാങ്ങിനോക്കാമെന്ന് കരുതി ഞങ്ങൾ സമീപിച്ചു. അന്വേഷണത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങൾ സ്ഥലമുടമയെക്കണ്ട് കുറച്ച് സ്ഥലം വാങ്ങി കൃഷിയെടുക്കൂ’ എന്ന്. അവർ അങ്ങനെ വാങ്ങിയ പല കണ്ടങ്ങളിലായി കൃഷി ചെയ്യുന്നവരാണ്. (വീട്ടിൽ ടെറസ് തന്നെ കൃഷിയിടമാക്കിയ സീതയ്ക്ക്, ഇവിടെ അതുകൂടി ഒന്ന് പരീക്ഷിച്ചാലോ എന്ന് തോന്നിക്കൂടായ്കയില്ല!)
 അവിടെയെല്ലാം നടന്ന് നോക്കിയപ്പോൾ, പല കണ്ടങ്ങളും വേർതിരിച്ച് ‘90 ചതുരശ്ര മീറ്റർ‘ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടു. നമ്മുടെ നാട്ടിലെ പഴയ ‘പാട്ട,’‘വാര’ ക്കൃഷികളുടെ കാര്യം അപ്പോഴോർത്തു. നാട്ടിനാവശ്യമായ ഒട്ടെല്ലാ പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. വെള്ളം നനയ്ക്കുന്നതിനും വളമിടുന്നതിനും മറ്റുമുള്ള ആധുനിക സംവിധാനങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയോട് അവർ കാണിക്കുന്ന താത്പര്യത്തിലും അർപ്പണഭാവത്തിലും ഏറെ മതിപ്പ് തോന്നി.
ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ എല്ലാ നേട്ടങ്ങളെയും പ്രയോജന പ്പെടുത്താൻ ത്വരിക്കുമ്പോഴും ഇവിടത്തെ ജനങ്ങൾ മണ്ണിലും കൃഷിയിലുംനിന്ന് തെല്ലും അകലുന്നില്ല! ഏതായാലും, പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ഏറെ മുന്നേ തോറ്റിവളർത്തിയ എന്റെയൊരു സങ്കല്പം ഇവിടെയെത്തിയശേഷം മനസ്സിൽ എപ്പോഴും തേട്ടി നിൽക്കുന്നു. പലേടത്തും അത് നേരിട്ട് അനുഭവിക്കാനും കഴിയുന്നു.




                                 (മാതൃകാന്വേഷി, നവംബർ,2013)