Wednesday, June 18, 2014

പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി
പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം


പ്രശസ്ത സാഹിത്യകാരനും അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനും സാഹിത്യചരിത്രകാരനും പുരോഗമനപ്രസ്ഥാന നേതാവും സംഘാടകനും സാംസ്ക്കാരികസഞ്ചാരിയുമായിരുന്ന പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ളയെക്കുറിച്ച് ഒരു സ്മാരകഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. പ്രൊഫ. എരുമേലിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള സാംസ്ക്കാരിക പ്രവർത്തകർക്ക് ഇതിലേക്ക് സഹായകമായ ലേഖനങ്ങൾ, കുറിപ്പുകൾ, നിർദ്ദേശങ്ങൾ തുടങ്ങിയവ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.  താത്പര്യമുള്ള സാംസ്ക്കാരികപ്രവർത്തകർ ഈ സംരംഭവുമായി സഹകരിക്കണമെന്നും ലേഖനങ്ങളോ കുറിപ്പുകളോ നിർദ്ദേശങ്ങളോ കഴിയുന്നത്ര വേഗത്തിൽ ഈ വിലാസത്തിൽ അയച്ചുതരണമെന്നും അഭ്യർഥിക്കുന്നു. ഡോ.എസ്.രാജശേഖരൻ, എഡിറ്റർ, പ്രൊഫസർ എരുമേലി പരമേശ്വരൻ പിള്ള ഓർമ്മപ്പുസ്തകം, സാഹിതി, തൈക്കാട്, തിരുവനന്തപുരം - 695014.  ഫോൺ 9447246652 ഇ-മെയിൽ  drrajanonline@gmail.com

Friday, June 6, 2014

പിൻവിചാരങ്ങൾ പ്രകാശനം

ഡോ. എസ്.രാജശേഖരൻ രചിച്ച പിൻവിചാരങ്ങൾ എന്ന പുസ്തകം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രകാശനം ചെയ്തു. ആദ്യപ്രതി ആർ.പാർവതീദേവി ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. വി.എൻ.മുരളി അധ്യക്ഷത വഹിച്ചു.വി.എസ്.ബിന്ദു പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നടന്ന സാംസ്ക്കാരിക സംവാദത്തിൽ പിരപ്പൻകോട് മുരളി, ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ.കെ.എൻ. ഗംഗാധരൻ, ഡോ.പി.സോമൻ എന്നിവർ പങ്കെടുത്തു. വിനോദ് വൈശാഖി സ്വാഗതവും പി.എൻ.സരസമ്മ നന്ദിയും പറഞ്ഞു.

Friday, May 16, 2014

‘പ്രബുദ്ധകേരളം’

കേരളത്തിൽ എൽ.ഡി.എഫിന് നാല് സീറ്റുണ്ടായിരുന്നത് നേരെ ഇരട്ടിപ്പിക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് കണക്ക് കൊണ്ട് പറയാം. എന്നാൽ അത് തെല്ലും ആശ്വാസം തരുന്നില്ല. വ്യക്തമായ രാഷ്ട്രീയദർശനം മുന്നോട്ടുവച്ച് അതിൽ ഒറ്റക്കെട്ടായുറച്ചുനിന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഷ്ട്രീയവും അരാഷ്ട്രീയ കലാപങ്ങളും തമ്മിലുള്ള മത്സരമായിരുന്നു ഇത്. അഴിമതിക്കും അധാർമികതയും അസാന്മാർഗികതയും എല്ലാവിധ സമൂഹവിരുദ്ധപ്രവണതകളുടെയും കൂടാരമായിമാറിയ യു.ഡി.എഫിനെതിരെയാണ് അവർ മത്സരിച്ചത്. നിഷേധാത്മകവശങ്ങളുടെ പെരുമഴപ്പെയ്ത്തിൽ നേട്ടമെന്നെടുത്ത് പറയാനായി ഒന്നും തന്നെയില്ലാത്ത വലതുപക്ഷാവസ്ഥ. ജനജീവിതത്തെയാകെ ദുസ്സഹമാക്കുന്ന വിലക്കയറ്റമുൾപ്പെടെയുള്ളവയെല്ലാം ഉച്ചസ്ഥായിയിൽ നിന്നപ്പോഴുള്ള ഒരു വിധിയെഴുത്ത്. മത-ജാതി വികാരങ്ങൾക്കതീതമായി, രാഷ്ട്രീയമായിനോക്കിയാൽ വലതുപക്ഷത്തുനിന്ന് ഒരാൾ പോലും ജയിച്ചുവരാനാവാത്ത സാഹചര്യങ്ങൾ. എന്നിട്ടും അവർ ജയിച്ചു, പന്ത്രണ്ട് പേർ. പ്ര’ബുദ്ധകേരള’ത്തിന്റെ രാഷ്ട്രീയബോധത്തെക്കുറിച്ചും ജനാധിപത്യബോധത്തെക്കുറിച്ചും നാമെന്താണ് മനസ്സിലാക്കേണ്ടത്?

‘ജനാ‘ധിപത്യം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം ജനാധിപത്യത്തിന്റെ വിജയമെന്നും ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നുമൊക്കെ പറയുമ്പോൾ, അതിലെത്രമാത്രം അർഥമുണ്ട് എന്ന ചോദ്യം ശക്തമായുയർത്തുന്നതാണ് പതിനാറാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനാധിപത്യത്തിൽ ജനങ്ങളുടെ ഹിതവും അവരുടെ ഒരുമിപ്പും അവരുടെയെല്ലാം ശ്രേയസ്സുമായിരിക്കണം പ്രധാനം. ജനങ്ങളെയാകെ വംശീയതയുടെയും മതപരതയുടെയും ജാതീയതയുടെയും പേരിൽ തമ്മിലകറ്റിയും പോരടിപ്പിച്ചും അഴിമതിക്കാരെയും ക്രിമിനലുകളെയും മുന്നിൽ നിരത്തിയും നേടുന്ന വിജയവും ജനാധിപത്യവും തമ്മിൽ എന്ത് ഹൃദയബന്ധമാണുള്ളത്? വംശീയതയുടെ പേരിൽ വലിയൊരു ജനവിഭാഗത്തെ കൂട്ടക്കുരുതി നടത്തുകയും അതിൽ തെല്ലൊരു പശ്ചാത്തപം പോലും ഇല്ലാതിരിക്കുകയും ചെയ്യുന്നൊരാൾക്ക് / കക്ഷിക്ക് ജനാധിപത്യത്തെക്കുറിച്ച് പറയാനെങ്ങനെയാണ് അവകാശമുണ്ടാവുക? അങ്ങനെയുള്ളവരെ നിശ്ശങ്കം അധികാരത്തിലേറ്റുന്നവരുടെ രാഷ്ട്രീയബോധത്തെ നാം എങ്ങനെയാണ് മതിക്കേണ്ടത്? രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഭീതിദമായ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനവും.

Wednesday, May 14, 2014

സ്ഥാനമാനങ്ങൾ ചൊല്ലി....

നല്ലനിലയിൽ പ്രവർത്തിച്ച് മികവിലേക്ക് വന്ന മഹത്മാ ഗാന്ധി സർവകലാശാലയ്ക്ക് വലിയൊരു മാനക്കേടുണ്ടാക്കുന്നതിന് എ.വി,ജോർജിന്റെ വൈസ് ചാൻസിലർ നിയമനവും തുടർന്നുണ്ടായ സംഭവങ്ങളും വഴിവച്ചു.  നമ്മുടെ അക്കാദമിക രംഗത്തോട് ചാൻസിലർ അടക്കമുള്ള അധികാരികളും രാഷ്ട്രീയമേലാളന്മാരും പുലർത്തിവരുന്ന അവഗണനയ്ക്കും, വളർന്നുവരുന്ന സ്ഥാനമോഹങ്ങൾക്കും ഉപജാപങ്ങൾക്കുമുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി ഇത്.                                                            എന്നാൽ ഇവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു കാര്യമുണ്ട്. അർഹതയില്ലാത്തൊരാൾ എന്ന് ഉന്നത കോടതിമുതൽ ചാൻസിലറും സർക്കാരും വരെ സമർഥിച്ചുറപ്പിച്ച ഒരു വ്യക്തിയെ വൈസ് ചാൻസിലറായി നിയമിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിയമനം നൽകിയ ചാൻസിലറും അതിന് ശുപാർശനൽകിയ കമ്മിറ്റിയും അതിന് വഴിയൊരുക്കിയ വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള മന്ത്രിസഭയും ഇതിൽ കുറ്റക്കാരല്ലേ? അവർക്കെതിരെയും നടപടി വരേണ്ടതില്ലേ? എ.വി.ജോർജ് അനർഹനായെന്നിരുന്നാലും കമ്മിറ്റി തയാറാക്കിയ ലിസ്റ്റ് നിലനിൽക്കുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. അനർഹനായ ഒരാൾക്കായി ശുപാർശ ചെയ്ത കമ്മിറ്റിയുടെ ലിസ്റ്റ് എങ്ങനെയാണ് സാധുവാകുക? കമ്മിറ്റിയുടെ നടപടിക്രമങ്ങളും അന്വേഷണവിധേയമാകേണ്ടതല്ലേ? ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ചൊന്നും ആരുംതന്നെ ആശങ്കപ്പെട്ടുകാണുന്നില്ല!                                                                      ഇതിനെക്കാളും പ്രധാനമായ മറ്റൊന്നുണ്ട്. ഏതെങ്കിലും രാഷ്ട്രീയവിദ്വേഷത്തിന്, വ്യക്തിവിദ്വേഷത്തിന് ഇരയാക്കി പന്താടനുള്ളതാണോ രാജ്യത്തിന്റെ ഭാവിക്ക് രൂപം നൽകേണ്ട  സർവകലാശാലയിലെ വൈസ് ചാൻസിലർ സ്ഥാനം?                                                                                               ഇങ്ങനെ പോയാൽ നമ്മുടെ അക്കാദമികരംഗത്തിന്റെ ഗതി??????

Tuesday, March 18, 2014

പുലരി

പുലരി
കത്തിയെരിഞ്ഞുരുകിത്തിളച്ചുമറിയുന്ന
വേനൽത്താപത്തിൽ,
ഈരിലയിട്ടുവിരിഞ്ഞ മോഹങ്ങളെയെല്ലാം
മരവിപ്പിച്ചുമയക്കുന്ന
ഹേമന്തശീതത്തിൽ,
സങ്കടപ്പെയ്ത്തുകൾ മത്സരിച്ചിരമ്പിയാർക്കുന്ന
കൊടും വർഷപാതത്തിൽ,
അരിമുല്ല പൂത്തുലർന്ന വാസന
അയലോരങ്ങളെ
ആമോദം കൊള്ളിച്ചുമദിക്കുന്ന
വാസന്തത്തിൽ, …..
ഋതുഭേദങ്ങളുടെ തിരക്കിട്ട കടന്നുപാച്ചിലിലും
നിറന്നുലർന്നൊരു കുളിർവെളിച്ചം
അകം പുറങ്ങളിലാകെ ചൂടി
വിറയാണ്ട മുഖമുയർത്തിയുയർത്തി
നിന്നുചിരിക്കുന്ന സൂര്യകാന്തിപ്പൂവ്.
വിരിഞ്ഞുയരുന്ന വാസരദലങ്ങളിലാകെ
നാളെയുടെ നിറസ്നേഹമൊതുക്കി
പുതുപുലരിയിലേക്ക്
വീണ്ടും കണ്ണെറിയുന്നു.

Tuesday, December 10, 2013

കറുപ്പ്

കറുപ്പ്
(നെൽസൺ മണ്ടേലയ്ക്ക്)

പുലരി വടക്കാണ് വിരിഞ്ഞത് 
പനിനീർപ്പൂ നിറമോടെ, 
മരം കോച്ചുന്ന ജാഡ്യത്തെയും
ഉരുകിത്തിളയ്ക്കുന്ന ക്രൌര്യത്തെയും
മന്ദോഷ്ണമാക്കി മാറ്റി,
കൽക്കരിയായി ഖനിയിൽ മുങ്ങുന്ന
മാലിന്യങ്ങളെ പൊന്നാക്കിയൂതിത്തെളിച്ച്,
പാടത്തെ പണിയാളരെയും
തെരുവിലെ പെണ്ണാളരെയും
സമ്രാട്ടില്ലാത്ത സാമ്രാജ്യത്തിന്റെ
അവകാശികളാക്കിയൊരുക്കി ……..
പുലരി വടക്കാണ് വിരിഞ്ഞത്.
ഉരുകിത്തുടങ്ങിയ പൊന്നിനെയും
കരിക്കട്ടയാക്കി
ഉരുകിത്തെളിഞ്ഞ മനസ്സുകളിലും
അവിശ്വാസത്തിന്റെ ചാമ്പൽ നിറച്ച്
വിരിപൌരുഷങ്ങളെയും
നിറഞ്ഞ പെണ്മകളെയും
പകയും ഭീതിയും കൊണ്ട് പുകയുന്ന
കൊള്ളികളാക്കി
മാനവത്വമഹാസാമ്രാജ്യത്തെ
ദുരയുടെ നീർപ്പോളകൾ പുളയുന്ന
എച്ചിൽക്കുളമാക്കി
സൌഭ്രാത്രത്തിനും സൌഹാർദ്ദത്തിനും
മാത്രം നീണ്ടിരുന്ന തുടുത്ത കൈകളെ
പിച്ചക്കൈകളായി നീട്ടിച്ചുകൊണ്ട്
എവിടെനിന്നോ
ഒളിഞ്ഞും പതുങ്ങിയും
വോഡ്കയിൽ നുരഞ്ഞും പെട്ടെന്നൊരിരുൾ വീണു
എല്ലാം അടങ്ങിയെന്ന
കുത്തിച്ചുടുവെട്ടിച്ചുടുകൾക്കിടയിലാണ്
പടിഞ്ഞാറ് സൂര്യനുദിച്ചത്.
കറുത്ത സൂര്യൻ.
കത്തിയെരിയുന്ന നട്ടുച്ചയുടെ തേജസ്സോടെ,
ഉരുകിത്തെളിച്ച കാരിരുമ്പിന്റെ കരുത്തോടെ,
വർണങ്ങളുടെ എല്ലാ കുടിയിരിപ്പുകളെയും
വിഴുങ്ങുന്ന ഗരിമയോടെ,
ചെറുതിലും ചെറുതും വലുതിലും വലുതുമായ
ഒരു കറുത്ത സൂര്യൻ.
പാതിരാകളിൽ വെളിച്ചമായി
ഇരവുകളെല്ലാം ഉണർവിന്റേതായിരിക്കണമെന്നോതുന്ന
കറുത്ത സൂര്യൻ
കറുപ്പിന്റെ സത്യത്തെയും സൌന്ദര്യത്തെയും
പുലർവെട്ടത്തിൽ കാട്ടുന്ന
ചിരിക്കുന്ന സൂര്യൻ.
ഏതിരുളിനും മറയ്ക്കാനരുതാത്തതിനുവേണ്ടി
കറുത്ത സൂര്യൻ
പകലുകളുടെ പഴുതുകൾക്കിടയിലൊളിക്കുന്ന
ഇരുളിന്റെ ലോകത്ത്
ഇനി സൂര്യന് നിറം മാറിയേ കഴിയൂ.
പകലുകൾക്ക് വർണമൌഢ്യങ്ങളുടെ തൊങ്ങലുകളഴിച്ച്
ഇനി പുതുതായേ പറ്റൂ.

(പകലിറങ്ങുമ്പോൾ എന്ന സമാഹാരത്തിലെ കവിത, 1994)