Monday, November 18, 2013

ജർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4 പ്രകൃതിജീവിതം

ർമ്മനിയിൽ ഒരു വേനൽക്കാലത്ത് – 4
പ്രകൃതിജീവിതം

ഹരിതാഭ കലർന്ന പ്രകൃതിയെന്നത് ജർമ്മനിയുടെ മുഖമുദ്രയാണ്. (ശൈത്യകാലത്തൊ ഴിച്ച് എന്ന് ഒരു മേൽക്കുറിപ്പ് തന്നെ വേണം!) എങ്ങും കാണുന്ന മേപ്പിൾ മരങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.  വെഗ്(വഴി)കളിലും ആലി(തെരുവ്)കളിലും റിങ്ങു(സർക്കിൾ)കളിലും പ്ലാറ്റ്സു (സ്ക്വയർ)കളിലും സ്റ്റ്ട്രാസ്സെ(സ്ട്രീറ്റ്)കളിലുമായിക്കിടക്കുന്ന അതിദീർഘവും ശൃംഖലിതവു മായ പാതയോരങ്ങളിൽ തണൽമരങ്ങളായി ഏറെയും കാണുന്നത് മേപ്പിളുകൾ തന്നെഅതിനോടൊപ്പം വിവിധതരം മരങ്ങൾ തൊടികളിലും മറ്റുമായി നിറഞ്ഞു നിൽക്കുന്നുനമുക്ക് പരിചിതമല്ലാത്തതരം മരങ്ങളാണ് ഏറെയും. പ്രത്യേകം ശ്രദ്ധയാകർഷിച്ചത് ഇവിടത്തെ ബ്ലുട് ബുഹെ ആണ്. അടിമുടി വൈലറ്റ് വർണത്തിൽ, ‘ഞാനൊന്ന് വേറെ എന്ന് ഭാവിച്ച് നിൽക്കുന്ന മരം. വീട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം ചിലേടത്ത് ഈ മരങ്ങൾ കണ്ടു. എല്ലാംതന്നെ ചെറുമരങ്ങൾ. എന്നാൽ സ്റ്റാൺബെർഗിലെത്തിയപ്പോൾ അവിടെ കാട്ടിലെ വന്മരങ്ങൾക്കിടയിൽ അവയെപ്പോലെതന്നെ ചിലത് കാണാൻ കഴിഞ്ഞു. ചില എൻസൈമുകളുടെ അഭാവം നിമിത്തമാണ് വൃക്ഷങ്ങളുടെ സഹജമായ ഹരിതാഭ ഇവയ്ക്ക് നഷ്ടപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു. ഏതായാലും, കാഴ്ചയ്ക്ക് ഉത്സവം തരുന്നതാണ് ഈ മരങ്ങൾ. ക്യാമറ അവയുടെ പല ദൃശ്യങ്ങളും പകർത്തിയെടുത്തു.  അടിമുടി നന്നെ ചുവന്നുനിൽക്കുന്ന വേറെ ചില ചെടികൾകൂടി അവിടെ കണ്ടതും കൌതുകകരമായി.
കൂറ്റൻ പ്രൌഢമന്ദിരങ്ങൾ നിറഞ്ഞ നഗരമധ്യങ്ങളിൽപ്പോലും തെല്ലൊരിടം കിട്ടുന്നു ണ്ടെങ്കിൽ അവിടെയെല്ലാം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ ശ്രദ്ധിച്ചിരിക്കുന്നതായിക്കാണാം. പട്ടണത്തെ വെറും കോൺക്രീറ്റ് കാടാക്കിമാറ്റാതിരിക്കുക എന്ന കാഴ്ചപ്പാടിലുറച്ചതാണ് ഇവിടത്തെ നഗരസംവിധാനം. നഗരമധ്യത്തിലും കാണാം പാർക്കുകളും ഉദ്യാനങ്ങളും വൃക്ഷത്തോട്ടങ്ങളും മറ്റും. ഒരു ‘കുട്ടിവനത്തെ ഉള്ളിലൊതുക്കിയാണ് നഗരങ്ങളുൾപ്പെടെ ഇവിടത്തെ ഒട്ടെല്ലാ പ്രദേശങ്ങളും നിലകൊള്ളുന്നതെന്ന് പറയാംഅവിടെ വിവിധതരം മരങ്ങളും ചെടികളും വള്ളികളും നിറഞ്ഞിരിക്കും. അവയിൽ മിക്കവയും തന്നെ പാർക്കുകളോടും തുറസ്സായ മൈതാനങ്ങളോടും കൂടിയവയുമായിരിക്കുംകുട്ടികളുടെ കളിപ്പാർക്കുകൾ ഇത്രയേറെയുള്ള സ്ഥലം വേറേ കാണുമോ എന്നറിയില്ല, അവയും വൃക്ഷങ്ങൾ നിറഞ്ഞവ തന്നെഞങ്ങൾ താമസിക്കുന്ന നിയൂ പെർലാഹ് സ്യൂദിലെ നീമ്യുള്ളർ ആലി എന്ന ചെറിയൊരു സ്ഥലത്ത് തന്നെയുണ്ട് തൊട്ടുതൊട്ടുപോകുന്ന അനേകം കളിപ്പാർക്കുകൾ.  വൈകുന്നേരങ്ങളിലും മറ്റ് ഇടവേളകളിലും കുട്ടികൾ അവിടെ വന്ന് കളിക്കുന്നതും മുതിർന്നവർ ശിശുക്കളെ കൊണ്ടുവന്ന് കളിപ്പിക്കുന്നതും കാണാം. ചിലപ്പോൾ അവിടം മുതിർന്നവരുടെവിശേഷിച്ചും പുരുഷന്മാരുടെ കൂടിച്ചേരൽ സ്ഥാനമായും മാറാറുണ്ട്ബിയറും മദ്യവിഭവങ്ങളും നിത്യഭക്ഷണത്തിന്റെതന്നെ ഭാഗമായി മാറുന്ന യൂറോപ്യൻ സാഹചര്യങ്ങളിൽ ആ കൂടിച്ചേരലുകൾക്ക് അങ്ങനെ ചില അകമ്പടികളും ഉണ്ടായിക്കൂടായ്കയില്ല.
ചെറുതെങ്കിലും ഒരു പൂന്തോട്ടം ഇവിടെ എല്ലാ വീടുകളോടും ചേർന്ന് നിർബന്ധമായും കാണാം. ഒരുപക്ഷേ മുറ്റമില്ലെങ്കിൽ, ബഹുനിലമന്ദിരങ്ങളിൽ, മട്ടുപ്പാവിലായാലും അങ്ങനെ യൊന്ന് ഉണ്ടാക്കിയിരിക്കും. ഞങ്ങളുടെ താമസം താഴത്തെ നിലയിലായതുകൊണ്ട് ചെറുതെ ങ്കിലും നല്ലൊരു മുറ്റമുണ്ട്. മുകൾനിലകളിലെ താമസക്കാരെല്ലാം അവരുടെ മട്ടുപ്പവുകളിൽ ചെടികൾ നട്ടുവളർത്തുന്നു. മിക്കവയും തന്നെ കടുംവർണങ്ങളിലുള്ള പൂക്കളോടുകൂടിയവ; ആ കടുംനിറം കണ്ട് പ്ലാസ്റ്റിക് പൂക്കളോ എന്ന് പലപ്പോഴും സംശയിച്ചുനോക്കിനിന്നു! അങ്ങനെ ഇവിടത്തെ ഫ്ലാറ്റുകൾ പലതും വെറും ബഹുനിലക്കെട്ടിടങ്ങളായല്ല, വിവിധവർണങ്ങളിലുള്ള പൂക്കളും ചെടികളും കൊണ്ട് ഓരോ നിലയും തിരിച്ച് അലങ്കരിച്ച് പോകുന്ന ശില്പങ്ങളായാണ് കാണപ്പെടുക! നിറഞ്ഞ വൃക്ഷങ്ങളും ഈ രീതിയിലുള്ള പാർപ്പിടസംവിധാനവുംകൊണ്ട് കാഴ്ചയ്ക്ക് ഉല്ലാസമെന്നതിനെക്കാളുമേറെയായി പരിസര-അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനും സാധിക്കുന്നു. അത് മറ്റൊരു വിഷയമാണ്.
എപ്പോഴും കൌതുകമുണർത്തുന്നവയാണ് ഇവിടത്തെ ചുറ്റുമതിലുകൾ. വീടുകളുടെ മതിലുകൾ സാധാരണയായി നമ്മുടേത്പോലെ കല്ലും മണ്ണുംകൊണ്ടല്ല, തിങ്ങിവളരുന്ന ചെടികളോ ചെറുമരങ്ങളോ ആണ് ഇവിടെ മതിലുകളുടെ ധർമ്മം നിർവഹിക്കുക. ഭംഗിയായി വെട്ടിയൊരുക്കി പരിപാലിക്കുന്ന ഈ മതിലുകൾകാഴ്ചയ്ക്കിമ്പം നൽകുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദപരവുമാണ്. ചിലേടത്ത് രണ്ടോ മൂന്നോ അടിയുയരത്തിൽ കന്മതിൽ കെട്ടി അതിന് മുകളിലേക്ക് ഇപ്പറഞ്ഞപോലെ ചെടികൾ വളർത്തിയതായും കണ്ടു; മതിലിന് മുകളിലേക്ക്, മതിലിന്റെ പുറംനിരപ്പിൽ വെട്ടിവളർത്തിയ ചെടികൾ. സൌന്ദര്യബോധ ത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും ജീവിതപ്രായോഗികതയുടെയും ഒത്ത്ചേരലാണ് ഞാൻ ഈ മതിലുകളിൽ കണ്ടത്.  നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങൾ നിർബന്ധമായും അനുവർത്തിക്കേണ്ട ഒരു രീതി. പക്ഷേ ആ വഴികളെക്കുറിച്ച് ചിന്തിക്കാനല്ല, പാർപ്പിടത്തെയും പരിസരങ്ങളെയും കല്ലും മണ്ണും സിമന്റും കൊണ്ടുള്ള ആഘോഷ/ കോലാഹലമാക്കി മാറ്റാനാണ് നമ്മുടെ ഉത്സാഹം!
വാസഗൃഹസമുച്ചയങ്ങളോ ഓഫീസ് സമുച്ചയങ്ങളോ വ്യവസായശാലകളോ കടന്ന് അല്പമൊന്ന് മാറിയാൽ വിസ്തൃതമായ പാടശേഖരങ്ങളാണ് കാണുക. ഗോതമ്പും ചോളവും പൂവിനങ്ങളും മറ്റും കൃഷി ചെയ്യുന്നവ. ഈ വേനലിൽ വിളഞ്ഞുപഴുത്തും വിളയാറായും കിട ക്കുന്നൂ ഗോതമ്പ് പാടങ്ങൾ. പലേടവും നമ്മുടെ പാലക്കാട്ടെയോ കുട്ടനാട്ടിലെയോ പാടശേഖര ങ്ങൾ പോലെ. അവയ്ക്കിടയിലൂടെയുള്ള ഉന്മേഷപ്രദമായ നടപ്പ് നമ്മെ ജർമ്മനിയുടെ കാർഷികലോകത്തേക്കെത്തിക്കുന്നു. ചോളപ്പാടങ്ങളിൽ ചെടികൾ വിളഞ്ഞുവരുന്നതേയുള്ളു. നിറഞ്ഞ് സമൃദ്ധമായവയാണ് പാടങ്ങളെല്ലാം. പാഴ്കൃഷിയുടെ സൂചനകൾ എങ്ങും കണ്ടില്ല. ജൂലൈ മധ്യത്തോടെ ഗോതമ്പ് പാടങ്ങളിൽ കൊയ്ത്തായി. വൻറോളുകളായിച്ചുറ്റി, പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വച്ചിരിക്കുന്ന വയ്ക്കോൽക്കൂട്ടമാണ് പല പാടങ്ങളിലും പിന്നീട് അവശേഷിക്കുന്നത്.
ഒരിക്കൽ ഞങ്ങൾ പെർലാഹ് വനത്തോട് ചേർന്ന ചില ഭാഗങ്ങളിൽ പോയി. ഒരു വശത്ത് വനം. അതിനോട് ചേർന്ന് ഗതാഗതത്തിരക്കേറിയ ഗുസ്താവ് വോൺ മില്ലർ ദേശീയപാത, പാതയുടെ മറുഭാഗത്ത് കളിസ്ഥലങ്ങളും കൃഷിയിടങ്ങളുമെല്ലാം. ഞങ്ങൾ വനത്തിലേക്കല്ല, മറുഭാഗത്തേക്കാണ് നടന്നത്; ഞങ്ങളുടെ ചെറുമകളായ ആർദ്രയെന്ന തുമ്പിക്കുട്ടിക്ക് കളിക്കാനിടം തേടി. കുഞ്ഞുങ്ങൾക്ക് മുതൽ പ്രായമെത്തിയവർക്ക് വരെ കളിക്കാൻ പാകത്തിൽ വ്യത്യസ്തമായ ഒട്ടേറെ കളിയിടങ്ങൾ, പാർക്കുകൾ അവിടെയുണ്ട്. മണ്ണ് വാരിക്കളിക്കാൻ മുതൽ സൈക്കിൾ, സ്ക്കേറ്റിങ്, ബാസ്ക്കറ്റ് ബോൾ, വോളി ബോൾ എന്നിവയ്ക്ക് വരെ വിവിധതരത്തിൽ ആധുനികമായ കളിസ്ഥലങ്ങൾ. കോൺക്രീറ്റ് കൊണ്ട് കുളത്തിന്റെ ആകൃതിയിൽ നിർമ്മിച്ച് അതിൽ അനേകം കുന്നുകളും കുഴികളും തീർത്ത ഒരു കളിയിടം; കായികവിനോദങ്ങളിൽ അത്ര തത്പരനല്ലാത്തത് കൊണ്ടാവാം, ഞാനാദ്യമായാണ് അങ്ങനെയൊന്ന് കാണുന്നത്. കുട്ടികൾ അതിൽ സൈക്കിൾ സവാരിയും റോളർ സ്ക്കേറ്റിങ്ങും മറ്റും സാഹസികമായി നടത്തുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും റോളർ സ്ക്കേറ്റിങ്ങും തറയിൽ ഒരു കാൽ ചവിട്ടിയൂന്നി തെന്നിയോടിക്കുന്ന ചെറുവീൽ സൈക്കിളും ഇവിടെ നിരത്തുകളിലെ പതിവ് കാഴ്ച്ചയാണ്; കുട്ടികളും മുതിർന്നവരും ഉപയോഗിക്കുന്നത് കാണാം.
ഈ കളിസ്ഥലത്ത് നിന്ന് തെല്ലകലത്തായി മെർസിഡസ് ബെൻസിന്റെയും സീമെൻ
സിന്റെയും വമ്പൻ വ്യവസായശാലകൾ തലയുയർത്തിനിൽക്കുന്നു. അവയ്ക്ക് പറയാനുള്ളത് ജർമ്മനിയുടെ മറ്റൊരു ജീവിതമാണ്.
പറഞ്ഞുവന്നത് കൃഷിയിടങ്ങളുടെ കാര്യമാണ്. കളിസ്ഥലത്തിന്റെ ഒരു വശത്തെ വിസ്തൃതമായ ഭാഗങ്ങളിൽ അനേകം ഫാം ഹൌസുകൾ. അതിനുമപ്പുറത്തായി, നിറയെ കൃഷിസ്ഥലങ്ങളാണ്. ഗോതമ്പ്പാടങ്ങൾ. അവിടെ നിന്നപ്പോൾ കണ്ടു, ദൂരെയൊരിടത്ത് കുറെപ്പേർ നിന്ന് കൃഷികാര്യങ്ങൾ നോക്കുന്നു. ഞങ്ങൾ അങ്ങോട്ട് നടന്നു. അവിടെ പാടങ്ങ ളിൽ വിവിധതരം പച്ചക്കറിയിനങ്ങളാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ നാലഞ്ച് സംഘങ്ങൾ അതിൽ അവിടവിടെയായി നിൽക്കുന്നു. അവരിൽനിന്ന് കായ്കറിക ളെന്തെങ്കിലും വാങ്ങിനോക്കാമെന്ന് കരുതി ഞങ്ങൾ സമീപിച്ചു. അന്വേഷണത്തിന് മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങൾ സ്ഥലമുടമയെക്കണ്ട് കുറച്ച് സ്ഥലം വാങ്ങി കൃഷിയെടുക്കൂഎന്ന്. അവർ അങ്ങനെ വാങ്ങിയ പല കണ്ടങ്ങളിലായി കൃഷി ചെയ്യുന്നവരാണ്. (വീട്ടിൽ ടെറസ് തന്നെ കൃഷിയിടമാക്കിയ സീതയ്ക്ക്, ഇവിടെ അതുകൂടി ഒന്ന് പരീക്ഷിച്ചാലോ എന്ന് തോന്നിക്കൂടായ്കയില്ല!)
 അവിടെയെല്ലാം നടന്ന് നോക്കിയപ്പോൾ, പല കണ്ടങ്ങളും വേർതിരിച്ച് ‘90 ചതുരശ്ര മീറ്റർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടു. നമ്മുടെ നാട്ടിലെ പഴയ പാട്ട,’‘വാരക്കൃഷികളുടെ കാര്യം അപ്പോഴോർത്തു. നാട്ടിനാവശ്യമായ ഒട്ടെല്ലാ പച്ചക്കറിയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. വെള്ളം നനയ്ക്കുന്നതിനും വളമിടുന്നതിനും മറ്റുമുള്ള ആധുനിക സംവിധാനങ്ങൾ അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൃഷിയോട് അവർ കാണിക്കുന്ന താത്പര്യത്തിലും അർപ്പണഭാവത്തിലും ഏറെ മതിപ്പ് തോന്നി.
ആധുനിക സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ എല്ലാ നേട്ടങ്ങളെയും പ്രയോജന പ്പെടുത്താൻ ത്വരിക്കുമ്പോഴും ഇവിടത്തെ ജനങ്ങൾ മണ്ണിലും കൃഷിയിലുംനിന്ന് തെല്ലും അകലുന്നില്ല! ഏതായാലും, പ്രകൃതിയോടിണങ്ങിയ ജീവിതം എന്ന ഏറെ മുന്നേ തോറ്റിവളർത്തിയ എന്റെയൊരു സങ്കല്പം ഇവിടെയെത്തിയശേഷം മനസ്സിൽ എപ്പോഴും തേട്ടി നിൽക്കുന്നു. പലേടത്തും അത് നേരിട്ട് അനുഭവിക്കാനും കഴിയുന്നു.
                                 (മാതൃകാന്വേഷി, നവംബർ,2013)

1 comment: