Sunday, July 29, 2012

അന്വേഷണവും കണ്ടെത്തലും

അന്വേഷണവും  കണ്ടെത്തലും

അടിമസമൂഹത്തിൽനിന്നുയരേണ്ട ആക്രന്ദനമായ വന്ദനത്തിന്റെ, പ്രാർഥനയുടെ,  പ്രത്യയശാസ്ത്രം സമൂഹവിരുദ്ധമാണ്.    ദാനം എന്നത് അതേ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു ‘ദാനം’ മാത്രം. ദാനം സ്വീകരിക്കാൻ ഭൂരിപക്ഷത്തെ തയാറാക്കി നിർത്തുന്നിടത്താണ് തങ്ങളുടെ ആർഭാടജീവിതത്തിനിടയ്ക്ക്  മറ്റുള്ളവർക്ക് ഇത്തിരി ദാനം നൽകി കേമരാകാൻ ചിലർക്ക് അവസരം ലഭിക്കുന്നത്. സമൂഹത്തിൽ നിലനിന്ന അടിമ-ഉടമബന്ധത്തിന്റെ സന്താനമാണ് ഈ സങ്കല്പം. മതങ്ങളെല്ലാം ഈ സമൂഹസങ്കല്പത്തിൽനിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. സക്കാത്തും നോമ്പുതുറയുമൊന്നും ഇതിൽനിന്ന് വിട്ടുനിൽക്കുന്നില്ല. 
 ഓരോ വ്യക്തിക്കും അയാളുടെ വിശ്വാസം വച്ചുപുലർത്താൻ അവകാശമുള്ളപ്പോൾത്തന്നെ ആ വിശ്വാസവും ആചാരങ്ങളും രൂപംകൊണ്ടതെങ്ങനെയെന്ന് ചരിത്രപരമായി അന്വേഷിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്. ‘ശ്രീ മുരളീധരാ ഭജനസമിതി‘യുടെ കാര്യദർശിയും ഭക്തിഗാനരചയിതാവും പ്രാർഥനാസംഘാടകനുമായിരുന്ന രാജശേഖരൻ ഇതെഴുതാൻ കഴിയുന്ന എസ്. രാജശേഖരനായി വളർന്നത് ഇങ്ങനെയൊരു അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയുമാണ്.   അതിവിദൂരഭാവിയിലെങ്കിലും സമൂഹത്തിന് ഈ തിരിച്ചറിവുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് മനുഷ്യനിൽ വിശ്വാസമുണ്ട്.

Saturday, July 28, 2012

കുരുതിക്ക് ആളാരെന്നറിക


കുരുതിക്ക് ആളാരെന്നറിക
      
കതിര് പൂട്ടിയോ കതിരവൻ? നാളെ-
ക്കുരുതിക്കാളാരെന്നറിക സഞ്ജയാ,    
അറിവുമാഴവുമഴിയുമീ രണ-
നിണമൊഴുക്കിനെന്നറുതി? ചൊല്ലുക.

കൊടിയ ശാപത്താലെരിയും നാടിന്റെ
നിലവിളിയല്ലോ ചെവി നിറയെ,-
ന്നരുമകൾ മക്കൾ, ചുടലച്ചാമ്പലാൽ
                        കുറി തൊടുന്നവർ , സഹജാതർ ചിന്നും
ചുടുനിണം മാറിൽ കളഭമാക്കുവോർ
കുടൽമാല ചൂടി ഞെളിയുവോർ, പെണ്ണിൻ
സിരകളിൽ ദർപ്പത്തെരുക്കൂത്താടുവോർ,
സിരകളിൽ ക്രൌര്യം പതയുവോർ, മദ-
ലഹരി കുങ്കുമതിലകമാക്കുവോർ
അവരെന്തുചെയ്വൂ സമരഭൂവിൽ?
പുതിയ സോദരപ്പകയാളും പോരിൽ?

പറക സഞ്ജയാ, മിഴികളിൽ കരി-
മഷിയൊഴിച്ചൊരീ പകലുകൾ, കാളും
പകതന്നഗ്നിയിൽ ജ്വലിച്ചുരുകുമീ-
യിരവുകൾ, നാവും നഖവും നീട്ടി നാ-
ടലയും ക്രൌര്യങ്ങൾ, ഇരവിൻ മേലാപ്പിൽ
തലകീഴായ് തൂങ്ങും കരിനാഗങ്ങൾ,
പാഴിടിയും കോടക്കാർനിരകളും മൂടും
ജനപദങ്ങൾ, തന്നനുജനെച്ചതി
ക്കുഴിയിലാഴ്ത്തുവാനിരവിലും പക-
ലൊളിയിലും വെള്ളച്ചിരി തൂകി ക്രൌര്യ-
നഖരം കൂർപ്പിക്കും നഗരികൾ, എങ്ങെൻ
നിനവുകൾ, കർമ്മപരിപാകങ്ങൾ,
ഞാനെവിടൊളിപ്പിച്ചീപ്പകയാളും പോരിൻ
കഥകൾ കേൾക്കേണ്ടൂ, പറക സഞ്ജയാ.

കതിരുപൂട്ടിയോ കതിരവൻ? രാവിൽ
പടകുടീരങ്ങളെരിഞ്ഞുതീരുന്നോ?
ഒരമ്മ നൊന്തുപെറ്റവർ തമ്മിൽക്കുത്തി-
ക്കുടലെടുത്തവരണിയുന്നോ മാറിൽ?
എരിയുമഗ്നിയിൽ നഗരപർവങ്ങ-
ളുരുകി വീഴുന്നോ? ചുടലയായ് പേറ്റു-
പുരയെരിയുന്നോ? ശരണമറ്റവർ,
കിടാങ്ങൾ, പെണ്ണുങ്ങ,ളബ,ലരാർത്തന്മാ-
രലറിക്കേണോടിത്തിരയുന്നോ ചുറ്റും?

ജനമൊഴിഞ്ഞൊരീ ജനപദത്തിൽ
                   നാമിനിയാരെച്ചൊല്ലിക്കരയണം നാളെ?
                   കുരുതിക്കാളില്ലെന്നറികെ വാതുവ,-
                   ച്ചവരവർ നെഞ്ചം പിളരണോ നമ്മൾ?
                                                                                                                       *

Monday, July 23, 2012

നമ്മുടെ വിദ്യാഭ്യാസവും ജീവിതവും

പഠിച്ച മലയാളികളിലേറെയും കേരളത്തിനുപുറത്തെന്ന് പഠനങ്ങ
ൾ. അതിൽ അസ്വാഭാവികതയൊന്നും കാണുന്നില്ലെന്നല്ല, അതിൽ നാം അഭിമാനിക്കുകയും ചെയ്യും. പിറക്കുന്ന ഓരോ കുട്ടിയെയും ഡോക്ടറോ എഞ്ചിനീയറോ ആക്കി നാടുകടത്താനുള്ള വ്യഗ്രതയിലാണ് മാതാപിതാക്കളിന്ന്. നമ്മുടെ ജീവിതത്തെയും നാടിനെയും മക്കളെയും മറന്ന് നാം എന്താണ് തേടുന്നത്? നേടുന്നത്?

പ്രകൃതിവിഭവങ്ങളിലെന്നതുപോലെ മനുഷ്യവിഭവങ്ങളിലും മുന്നിട്ടുനിൽക്കുന്ന നാടാണ് കേരളം. എന്നാൽ ഈ വിഭവസമൃദ്ധിയെ വേണ്ടവണ്ണം ഉപയോഗിക്കാൻ നമ്മുടെ വിദ്യ്യാഭ്യാസത്തിനോ ജീവിതക്രമത്തിനോ കഴിയുന്നില്ല. അവയുടെ സംവിധാനത്തിൽ ഇങ്ങനെയൊരു ചിന്ത കടന്നുവരുന്നതേയില്ല! നമ്മുടെ സമ്പത്തും മനുഷ്യശക്തിയാകെയും വിനിയോഗിച്ച് പരമപ്രാധാന്യം നൽകി നാം നിർവഹിക്കുന്ന വിദ്യാഭ്യാസം അല്പലാഭത്തിനുവേണ്ടി മറുനാടുകൾക്ക് വിൽക്കുമ്പോൾ നാം നമ്മെത്തന്നെയും നാടിനെയും നമ്മുടെ മക്കളെയും ശൂന്യതയിൽത്തള്ളുകയാണ് ചെയ്യുന്നത്. നമ്മുടെ നാടിനും നമുക്കും കിട്ടേണ്ട അപാരമായ സാധ്യകൾ അവഗണിക്കുകയും ചെയ്യുന്നു.

ഇതിന് അറുതിവന്നേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസവും ജീവിതവും മറ്റാർക്കും വേണ്ടിയല്ല, നമുക്കുവേണ്ടിത്തന്നെ നാം രൂപപ്പെടുത്തണം.
നമ്മുടെ ആവശ്യം കഴിഞ്ഞുള്ളവർ മാത്രമാകണം വെളിയിൽ പോകുന്നത്.തൊഴിൽതെണ്ടിപ്പടയെ പടയ്ക്കുകയല്ല, നാടിന്റെ സാധ്യകൾകണ്ട് പണിയെടുക്കാൻ പ്രാപ്തരായവരെ സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടത്.

Thursday, July 19, 2012

കവിത  


            ഇടങ്ങൾ.

ഇടത്ത് നിന്നവൻ
വലംതിരിയുമ്പോഴും
വലത്ത് നിന്നവൻ
ഇടം തിരിയുമ്പോഴും
ഇടംതിരിവിന്റെ കൂട്ടിയിടി
ഒഴിവാക്കാനാവില്ല.
അതിൽനിന്ന് ചിതറിത്തെറിക്കുന്ന തരികൾ
മിന്നിക്കൊണ്ടേയിരിക്കും;
ഉടനെ ചാരമാകുംവരെ.

ഇടത്തുനിന്നവന്റെ ഇടത്തിലും
വലത്തുനിന്നവന്റെ വലത്തിലും
ഇടങ്ങളിടിയുന്നത്
അവരറിയാതെയല്ല.
ഇടച്ചിലിന്റെ ചെന്നിനായകങ്ങളിൽ
മുട്ടയിട്ടുപെരുകുന്ന ആവിലതകൾ
ചൂടേറ്റുവിരിഞ്ഞ്
പറക്കമുറ്റുമ്പോൾ
ഇടംവലംതിരിക്കാൻ
അവസരങ്ങളുടെ ശബളവാദങ്ങൾ
കൂടുകൾ നിരത്തിയിരിക്കും.
കൂട്ടിൽ,
ഇടംവലങ്ങൾ മറന്ന്
ഇടയാതെ
ഇണങ്ങിയിണങ്ങിത്തന്നെ കിടക്കും;
അവനെന്നപോലെ
അവളും.

Wednesday, July 18, 2012

                                                മനുഷ്യബോധത്തിന്റെ കാളിമ

ഇന്ന് കർക്കിട്കവാവ്. കേരളത്തിൽ ലക്ഷങ്ങൾ വാവുബലിയിട്ടു. മാധ്യമങ്ങൾ അവ ആഘോഷമാക്കി ജനങ്ങളുടെ ‘ദർശനപുണ്യം’ നേടി. മാധ്യമങ്ങൾക്കും ജനത്തിനും അന്ധവിശാസങ്ങൾക്കും കുശാൽ!
വളർന്നുവരുന്ന വിവേകരാഹിത്യത്തിനും.
മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാനസ്വഭാവമാണ് യുക്തിബോധം. ഓരോന്ന് ചെയ്യുമ്പോഴും അതെന്തിന് അതിന്റെ അർഥമെന്ത്, പ്രയോജനമെന്ത് എന്നിങ്ങനെ ചിന്തിക്കുക മനുഷ്യസ്വഭാവമാണ്. എന്നാൽ മതവും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവൻ/അവൾ അതെല്ലാം കൈയൊഴിയുന്നു. എന്നുവച്ചാൽ മനുഷ്യൻ മനുഷ്യനല്ലാതാകുന്നു.

കർക്കിടകവാവ് മനുഷ്യബോധത്തിന്റെ കാളിമയുടെ പ്രതിനിധാനമാണ്.

Tuesday, July 17, 2012


                                                    എന്നാണാവോ നമ്മുടെ കണ്ണ്തെളിയുക

സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ.
ഇന്ത്യയ്ക്ക്, ലോകത്തിനുതന്നെ അഭിമാനം.
 സ്ത്രീ എന്തിനും പോന്നവളാണെന്നും അവളെ പിന്നിലാക്കാൻ ആവില്ലെന്നും വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്.ശാസ്ത്രം മനുഷ്യന്റെ ചൊല്പടിയിലാണെന്നും ഇത് ഒരിക്കൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. സുനിത വില്യംസും സംഘവും എല്ലാം നേടിയത് മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും അജയ്യതയിലൂടെയാണ്.

എന്നാൽ നമ്മുടെ മധ്യമങ്ങൾക്ക് ഈ സത്യം കാണാൻ കണ്ണില്ല. സുനിതയ്ക്കുവേണ്ടി ഉന്ത്യ മുഴുവനും പ്രർഥിക്കുകയാണത്രേ. ഇന്ത്യക്കാരുടെയെല്ലം ആഗ്രഹമാണത് എന്നുപറയുന്നതിനുപകരം പ്രാർഥന എന്ന് പറയുന്നതിലൂടെ ഇന്ത്യക്കാരെയാകെ ശാസ്ത്രബോധത്തിന്റെ സീമയിൽനിന്ന് അകറ്റിക്കളയുകയും അവഹേളിക്കുകയുമാണ് നമ്മുടെ മാധ്യമങ്ങൾ ചെയതത്.
എന്നാണാവോ നമ്മുടെ കണ്ണ്തെളിയുക!!!!!!!!!!!!!

Sunday, July 15, 2012

                                                          പ്രണയം, മതം, സംസ്ക്കാരം

സ്ത്രീക്ക് പ്രണയം പാടില്ലെന്ന് തീർപ്പ് വന്നിരിക്കുന്നു! യു.പി.യിലെ അസര ജാതിപ്പഞ്ചായത്തിന്റെ വിധിയാണിതെന്ന് പത്രങ്ങൾ ഘോഷിക്കുന്നു.

സ്ത്രീക്കും പുരുഷനും കിട്ടിയഏറ്റവും അമൂല്യവും ശക്തവും സുന്ദരവുമായ സിദ്ധിയാണ് പ്രണയം. പ്രപഞ്ചത്തിൽ മറ്റൊരു ജീവിക്കും കിട്ടാത്ത ഈ അസുലഭസിദ്ധിക്ക് മനുഷ്യവംശത്തിന്റെതന്നെ പഴക്കവും മനുഷ്യസംസ്ക്കാരം കൈവരിച്ച കരുത്തും സൌന്ദര്യവുമുണ്ട്. ഒരാളുടെ ഏറ്റവും മാനുഷികവും ഏറ്റവും വൈയക്തികവുമായ ശക്തിവിശേഷം. പ്രണയത്തെ നിഷേധിക്കാൻ ഒരു പഞ്ചായത്തിനെന്നല്ല, രാഷ്ട്രപരമാധികാരിക്കുപോലും അധികാരമില്ല.

പക്ഷേ തങ്ങൾക്ക് അവകാശമില്ലാത്തിടത്ത് അധികാരം സ്ഥാപിക്കുകയാണ് മതത്തിന്റെയും ജാതിയുടെയും എന്നത്തെയും രീതി. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും വിവേകത്തിനും മേൽ നടത്തിയ കുതിരകയറ്റത്തിന്റെ കഥയാണ് മതത്തിനും ജാതിക്കും ഇന്നുവരെ പറയാനുള്ളത്. അത് ഏറിയേറി വരുന്നത് സമകാലയാഥാർഥ്യം. മതത്തിലും ജാതിയിലുംനിന്ന് മോചനം നേടുമ്പോഴേ സ്ത്രീയും പുരുഷനുമടങ്ങിയ സമൂഹത്തിന് സ്വാതന്ത്ര്യവും ശക്തിയും നിരുപാധികസൌന്ദര്യവും കൈവരിക്കാൻ കഴിയൂ.

പ്രണയമല്ല, സ്ത്രീ തന്നെയാണ് ഇവിടത്തെ ഇരയെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.അവൾ കടയിൽ പോയിക്കൂടാ, പുറത്തിറങ്ങിക്കൂടാ, മറ്റുള്ളവരെ കണ്ടുക്കൂടാ,......അവൾ വീട്ടുപകരണമായും പേറ്റുപകരണമായും കഴിയേണ്ടവളാണ്.

പുരുഷാധിഷ്ഠിത മത സമൂഹത്തിന്റെ ഇച്ഛകളെ മറികടക്കാൻ അവൾ ശ്രമിച്ചിട്ടുള്ളപ്പോഴെല്ലാം അവളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും മേൽ കത്തി കയറിയിട്ടുണ്ട്.
ആധുനികസമൂഹം ഒരു നൂറ്റാണ്ടൂമുമ്പെങ്കിലും കുടഞ്ഞെറിഞ്ഞുകളഞ്ഞ സങ്കല്പങ്ങളാ ണിത്. അവ വീണ്ടും കെട്ടിക്കയറ്റാൻ ശ്രമങ്ങളുണ്ടാവുമ്പോൾ പുരുഷനും സ്ത്രീയുമടങ്ങുന്ന മുഴുവൻ സമൂഹവും ഒന്നായി അതിനെ ചെറുക്കേണ്ടതുണ്ട്.

Wednesday, July 11, 2012

അങ്ങനെ അവസാനം പ്രോ-വൈസ്-ചാൻസിലറുടെ മേലങ്കി അഴിഞ്ഞുവീണ് ഞാൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. എല്ലാം അഴിച്ചുവച്ച് മടങ്ങാൻ ഒരു മൂന്നുവർഷം മുന്നേ ഞാനാഗ്രഹിച്ചതാണ്. പക്ഷേ ഒരു വ്യക്തിയുടെയും സ്വാതന്ത്ര്യം അവന്റെ നിയ ന്ത്രണത്തിലല്ലോ. ഞാൻ ഒരു നിയോഗത്തിന്റെ കൈകാര്യക്കാരൻ മാത്രം.
ഇനി, പഴയതുപോലെ, വായന, എഴുത്ത്, സാംസ്ക്കാരികപ്രവർത്തനം.......

Thursday, July 5, 2012

                                       പഠിക്കുന്ന മനുഷ്യൻ, പ്പഠിക്കാത്ത മനുഷ്യൻ
പ്രപഞ്ചത്തിന് ആധാരമയി ഒരു ദൈവമില്ലെന്ന് സമർഥിക്കാൻ പോന്ന ‘ദൈവകണ’ത്തിനടുത്ത് എത്തിയ കണ്ടുപിടുത്തത്തിന്റെ ദിവസമായിരുന്നു ഇന്നലെ .പ്രപഞ്ചരഹസ്യങ്ങൾ മനുഷ്യന് അന്യമല്ലെന്നും എല്ലാത്തിനെയും അപഗ്രഥിക്കാനും ഉൾക്കൊള്ളാനും പോന്ന കഴിവും സാമർഥ്യവും അവനുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു. കല്ലൂപ്പാറ ഭഗ്ഗവതിക്ഷേത്രത്തിലെ അന്തേവാസിയെ കൊന്ന് സ്വർണം പൊതിഞ്ഞ താഴികക്കുടം മോഷ്ടിച്ചതിന്റെയും മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവാന്റെ സ്വർണക്കിരീടവും മറ്റൂ‍ൂം കവർന്നതിന്റെയും വാർത്ത ഇതിനോട് ചേർന്നുതന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദൈവത്തിന്റെയും മനുഷ്യന്റെയും ശരിയായ റോൾ വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. ആശ്രിതരെയെന്നല്ല തന്നെപ്പോലും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം! ഇത് നിരന്തരം നാം കാണുന്നതാണ്, അനുഭവിക്കുന്നതാണ്; സുനാമിയിൽ ദൈവങ്ങളും മനുഷ്യരും പെട്ട പാട് നമുക്ക് മറക്കാറായിട്ടില്ലല്ലോ. പക്ഷേ ഇത് മാത്രം മനുഷ്യൻ ഇനിയും പഠിക്കുന്നില്ല!!!

Tuesday, July 3, 2012

                                                                    നമ്മുടെ വിദ്യാഭ്യാസം
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ പ്രൊ വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് ഇന്ന് പടിയിറങ്ങി. വളരെയേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഒരു പ്രൊ വൈസ് ചാൻസിലർക്ക് സർവകലാശാലയിൽ ചെയ്യാൻ കഴിയുന്നത് വളരെ പരിമിതമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. ചുമതല നൽകപ്പെട്ട പരീക്ഷയുടെ കാര്യത്തിലും ചുമതലയില്ലാതിരുന്ന അക്കാദമിക കാര്യങ്ങളിലും കാര്യമായിത്തന്നെ പലതും ചെയ്യാൻ കഴിഞ്ഞു.അവ്യവസ്ഥകൾക്ക് അറുതി വരുത്തി വ്യവസ്ഥാപിതവും സമകാലികവും കഴിയുന്നത്ര ആധുനികവുമാക്കാൻ തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലും സാധിച്ചു എന്നത് വലിയനേട്ടമായി അഭിമാനപൂർവം കരുതുന്നു. ഒരു സർവകലാശാല എന്തായിരിക്കണമെന്ന ബോധം പൊതുവെ എല്ലാവരിലും ഉണ്ടാക്കാൻ ഒരു പരിധി വരെ കഴിഞ്ഞെന്നതും നേട്ടമാണ്. സർവകലാശാലകൾ നിർവഹിക്കേണ്ട ദൌത്യമെന്താണ്? ഒരു ജനതയുടെ വൈജ്ഞാനിക സാംസ്ക്കാരിക ജീവിതത്തിന് രൂപംനൽകുക.അത് നാടിന്റെ ആവശ്യങ്ങളും സാധ്യതകളും വിഭവങ്ങളും കണക്കിലെടുത്തും അവയെ പ്രയോജനപ്പെടുത്തിയും വേണം പ്രാവർത്തികമാക്കുക. എന്നാൽ നമ്മുടെ വിദ്യാഭ്യാസസങ്കല്പത്തിൽ ആ കാഴ്ചപ്പാട് ഇനിയും നമ്മുടെ ചിന്തയിലേക്കെത്തിയിട്ടില്ല. നമ്മുടെ ഗവേഷണപ്രവർത്തനങ്ങളുടെ കാര്യം പറയുകയും വേണ്ട. വിദ്യാഭ്യാസസങ്കല്പം അടിമുടി അഴിച്ചൂ പരിശോധിച്ചേ പറ്റൂ.