Sunday, November 20, 2011

ടി .എം. ജേക്കബ് ഹോസ്റ്റൽ ജീവിതത്തിലെ അയല്‍ക്കാരന്‍


സഭാതലത്തിലും ഭരണതലത്തിലും മികച്ചുനിന്ന ടി .എം. ജേക്കബ് ചേതനയറ്റ ശരീരമായി എറണാകുളം ടൌണ്‍ ഹാളില്‍ തിങ്ങിക്കൂടിയ ജനാവലിക്കുനടുവില്‍ കിടക്കുന്നത് കണ്ടപ്പോള്‍ നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഞങ്ങളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ ദിനങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. അന്ന് ഞങ്ങളോടൊപ്പം ഹോസ്റ്റലിലുണ്ടായിരുന്ന ഇന്നത്തെ സാംസ്കാരിക വകുപ്പുമന്ത്രി കെ. സി. ജോസഫിന്റെ സാന്നിധ്യം ആ നഷ്ടബോധത്തെ തീവ്രമാക്കി.

1968-70 കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോഴാണ് ഞാന്‍ തിരുവനന്തപുരത്തെ നായര്‍ യൂണിയന്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. മഹാകവി ചങ്ങമ്പുഴ മലയാളം എം. എക്ക് പഠിക്കാൻ ഈ ഹോസ്റ്റലിലാണ് താമസിച്ചിരുന്നതെന്നത് ഞങ്ങള്‍ മേനി പറയാറുണ്ടായിരുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന ജേക്കബും സഹോദരന്‍ ജോണും ഹോസ്റ്റലിലെ രണ്ടാം നിലയില്‍ എന്റെ അടുത്ത മുറികളിലായിരുന്നു. രണ്ടുപേരില്‍ മുന്നില്‍ നിന്നത് മൂത്തയാളായ ജോണായിരുന്നു. അവരുടെ രാഷ്ട്രീയമൊന്നും അന്ന് പൊന്തി വന്നിരുന്നില്ല. ഹോസ്റ്റലിലെ ചൂടുപിടിച്ച വിദ്യാർത്ഥിരാഷ്ട്രീയച്ചർ‌ച്ചകളിലേക്കും അവര്‍ കടന്നുവന്നിരുന്നില്ല. എന്നാല്‍ കെ. സി. ജോസഫ് അന്നുതന്നെ കെ.എസ്.യു.നേതാവായിരുന്നു. തലേക്കുന്നില്‍ ബഷീറടക്കമുള്ള യുവനേതാക്കള്‍ ജോസഫിനെക്കാണാന്‍ പതിവായി ഞങ്ങളുടെ ഹോസ്റ്റലിലെത്തിയിരുന്നു. താരതമ്യേന കൂടുതല്‍ സ്വാതന്ത്ര്യമനുഭവിച്ചിരുന്ന ഞങ്ങളുടെ ഹോസസ്റ്റലിൽ ഏറെയും ലോകൊളെജ് വിദ്യാർ‌ത്ഥികളായിരുന്നു.കുറുപ്പംതറയിലെ തലോടി പാപ്പന്റെ മകന്‍ അലക്സ് തലോടി ലോകൊളെജ് വിദ്യാർ‌ത്ഥിയായി ഒന്നാം വര്‍ഷത്തില്‍ എന്റെ മുറിയിലുണ്ടായിരുന്നു.

ജോണ്‍-ജേക്കബ് സഹോദരന്മാര്‍ ബിരുദതലത്തിലും ഞാന്‍ ബിരുദാനന്തരതലത്തിലും പരീക്ഷയെഴുതി 1970-ല്‍ പിരിഞ്ഞു. പിന്നീടാണ് ജേക്കബ് രാഷ്ട്രീയത്തിലും വാര്‍ത്തകളിലും നിറയുന്നത്. വിസ്മയകരമായ ആ വളര്‍ച്ച എന്നെ ഒട്ടല്ല ആഹ്ലാദിപ്പിച്ചത്. ഞാന്‍ പട്ടാമ്പി കോളേജില്‍ പ്രവർത്തിയെടുക്കുന്ന കാലത്ത് ജേക്കബ് ആദ്യമായി എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ ആഹ്ലാദം അറിയിക്കാന്‍ ഞാന്‍ ഒരു കത്തെഴുതി. ഉടനെ വന്നു ഹൃദ്യമായൊരു മറുപടി. അന്ന് മന്ത്രിയായിരുന്ന പി. ജെ. ജോസഫിന്‍റെ ലെറ്റർ‌പാഡിലായിരുന്നു മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന അത്. പിന്നിട് ജേക്കബ് പലതവണ എം എല്‍ എയും മന്ത്രിയും ആയി. അദ്ധ്യാപികവൃത്തിയുടെയും സാംസ്കാരികപ്രവര്‍ത്തനത്തിന്റെയും മേഖലയില്‍ മറ്റൊരു വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രം കണ്ടു. ജോണിനെ പിന്നീട്ട് ഒരിക്കല്‍ പോലും കാണാന്‍ കഴിഞ്ഞതുമില്ല. ടൌണ്‍ ഹാളില്‍ മന്ത്രി കെ. സി. ജോസഫിന്‍റെ സാന്നിധ്യത്തില്‍ ജേക്കബിന്റെ ഭൌതികസരീരം കണ്ടപ്പോള്‍ ഹോസ്റ്റലിലെ കോമ്പൌണ്ടും മെസ് ഹാളും കുളിമുറിയുമെല്ലാം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളെ തേടി എത്തുന്നതായി തോന്നി.

എന്നെ സംബന്ധിച്ചിടത്തോളം ജേക്കബിന്‍റെ വേർ‌പാട് തികച്ചും ആകസ്മികമായിരുന്നു. കാലടിയില്‍ നിന്ന് ഏറെ അകലെയല്ലാതെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ അദ്ദേഹം ചികൽ‌സയിലായിരുന്ന വിവരം തന്നെ മരണദിവസം മാത്രമാണ് അറിഞ്ഞത്.ഒന്ന് കാണാനുള്ള അവസരവും അത് നഷ്ടപ്പെടുത്തി.

1 comment:

  1. "പിന്നിട് ജേക്കബ് പലതവണ എം എല്‍ എയും മന്ത്രിയും ആയി. അദ്ധ്യാപികവൃത്തിയുടെയും സാംസ്കാരികപ്രവര്‍ത്തനത്തിന്റെയും മേഖലയില്‍ മറ്റൊരു വഴിയിലൂടെയാണ് ഞാന്‍ സഞ്ചരിച്ചത്. ഇക്കാലത്തിനിടയില്‍ ഞങ്ങള്‍ രണ്ടോ മൂന്നോ തവണ മാത്രം കണ്ടു...."

    ഒരുമിച്ചുണ്ടുറങ്ങിയ ഒരു നല്ല സൗഹ്റിദം എത്ര മനോഹരമായി സൂക്ഷിച്ചു!

    ReplyDelete