Sunday, December 4, 2011

ഹരിജൻ, സീഡിയൻ, ദളിതൻ.......


പാർശ്വവത്കൃത വിഭാഗങ്ങളുടെ സ്വയംസ്ഥാപനശ്രമങ്ങളുടെയും സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും കേരളീയ നാൾവഴിയിൽ പതിഞ്ഞ ചില പേരുകളാണിത്. പാർശ്വവത്കൃതജനങ്ങളോടൊപ്പം ജീവിതത്തിന്റെ ആരംഭകാലം മുതൽ പ്രവർത്തിക്കകയും സീഡിയൻ വാരികയുടെ ആദ്യകാലത്ത് പത്രം നടത്തിപ്പിന്റെ എല്ലാ വിശദാംശങ്ങളിലും വാരികയുമായി സഹകരിക്കകയും ചെയ്ത ഒരാളെന്നനിലയിൽ ചില കാര്യങ്ങൾ ഇവിടെ പറയുന്നത് സംഗതമാണെന്നു തോന്നന്നു.(ഞങ്ങളുടെ താമസസ്ഥലമായ സാഹിതിയായിരുന്നു സീഡിയന്റെ ഓഫീസ്. എ.അയ്യപ്പൻ - അന്ന് അറിയപ്പെട്ടിരുന്നത് കവിയായല്ല, അക്ഷരം മാസികയുടെ പേരിലാണ്‌.-പ്രവൃത്തിയെടുത്തിരുന്ന നവയുഗം പ്രസ് അതിന്റെ അച്ചടിശാലയും).

പാർശ്വവത്കൃതജനവിഭാഗങ്ങളുടെ ഹരിജൻ എന്ന അംഗീകരിക്കപ്പെട്ട പേര്‌ അപര്യാപ്തവും അവഹേളനനപരവുമാണെന്ന ബോധത്തിൽ നിന്ന്, പുതിയൊരു പേര്‌ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ്‌ അന്ന് സീഡിയൻ എന്ന പേരിലെത്തിയത്. പട്ടികജാതി,പട്ടികവർഗത്തിൽപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പേരാണിതെന്നും കാർഷികോത്പാദനത്തിന്റെ മുഖ്യാംശമായ വിത്തിനെ ഉൾക്കൊള്ളുന്ന ഈ പേര്‌ സാർവത്രികമായ അംഗീകാരം നേടി സ്ഥിരപ്രതിഷ്ഠയാർജിക്കമെന്നും വാരികയുടെ പ്രവർത്തകർ അന്ന് സ്വപ്നം കണ്ടിരുന്നു .എന്നാൽ ഇതിനോട് എനിക്ക് യോജിക്കാനായില്ല. ആ പേരിന്‌ ഇങ്ങനെയൊരു ജനതയുടെ സ്വത്വത്തെയുൾക്കൊള്ളാനാവില്ലെന്ന അഭിപ്രായം അന്നു തന്നെ ഞാൻ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല,അധഃസ്ഥിതവിഭാഗത്തിന്റെ മാത്രമായ ഏകീകരണത്തിലൂടെ അവർക്ക് മോചനം സാധ്യമല്ലെന്നും എനിക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷെ കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ പാതയിൽനിന്ന് സ്വത്വരാഷ്ട്രീയത്തിലേക്കള്ള സഞ്ചാരത്തിലായിരന്ന സീഡിയൻ പ്രവർത്തകർക്ക് അത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സൂക്ഷ്മരാഷ്ട്രീയത്തിന്റെ വികാസഘട്ടമായിരന്നു അത്. സ്വത്വരാഷ്ട്രീയമെന്ന സങ്കല്പനമോ പ്രയോഗമോ കടന്നെത്തിയിരുന്നില്ല അന്ന്.

മറ്റെല്ലാറ്റിനെയും അന്യമായി കാണുകയും അന്യമായതെല്ലാം ശത്രുവണെന്ന് കരുതുകയും ചെയ്യുന്ന നിലയിലേക്ക് സ്വത്വരാഷ്ട്രീയം വളരകുയും ഓരോന്നം അതിന്റെ തനത് കോട്ടകൾ തീർത്ത് അപരങ്ങളെയെല്ലാം പുറംതള്ളുകയും ചെയ്യുന്ന സ്ഥിതിയാണ്‌ പിന്നീടുണ്ടായത്.‘സീഡിയൻ’ ലക്ഷ്യം വച്ചിരന്ന അധഃകൃതമോചനം സാധ്യമായില്ലെങ്കിലും അതിന്റെ പ്രവർത്തനശൈലി, പാർശ്വവത്കൃതവിഭാഗങ്ങളുടേതുമാത്രമായ ഏകീകരണശ്രമങ്ങൾ, പിന്നീട് കൂടുതൽ ദൃഢമാവുകയാണണ്ടായത്. ‘ദളിത്’നാമസ്വീകാരത്തോടെ അത് മുന്നേറാൻ ശ്രമിക്കകയും ചെയ്തു. ജനതയുടെ മോചനത്തിനല്ല, സാമുദായികതയുടെയും വൻശീയതയുടെയും താവളങ്ങൾ ബലപ്പെടുത്താൻ മാത്രമാണ്‌ അത് സഹായിച്ചത്. ഏതെങ്കിലും സാമുദായികസംഘടനയുടെയോ സാമുദായിക-വംശീയകൂട്ടായ്മയുടെയോ ശ്രമഭലമായല്ല, അവശതയനഭവിക്കന്ന ജനതയുടെയും അവരോട് അനുഭാവം കൊള്ളുന്നവരുടെയും കൂട്ടായ, കരുത്തുറ്റ സമരങ്ങളുടെ ഫലമായാണ്‌ കേരളം ഇന്നത്തെ പൊതുമണ്ഡലം തീർക്കുകയും അവശവിഭാഗങ്ങൾക്ക് (പരിമിതമെങ്കിലും) അവകാശങ്ങളും താരതമ്യേന മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിയെടുക്കകയും ചെയ്തത്. ഈ ചരിത്രസത്യത്തെ ബോധപൂർവം മറയ്കാനാണ്‌ സ്വത്വരാഷ്ട്രീയം ശ്രമിച്ചുവരന്നത്.

‘സീഡിയൻ’ എന്ന പേര്‌ കണ്ടെത്തുന്നതിന്‌ പിന്നിൽ ആത്മബോധത്തിന്റെയും ആത്മാർഥതയുടെയും കരുത്തുണ്ടായിരന്നെങ്കിൽ അതൊന്നും അവകാശപ്പെടാനില്ലാത്ത വെറുമൊരു പിന്തിരിപ്പൻപദം മാത്രമാണ്‌ ‘ദളിത്’ എന്നം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഈയിടെയായി ഏറെ മേനിയോടെയും അഭിമാനം ഭാവിച്ചും കൊണ്ടാടപ്പെടുന്ന ഈ പേര്‌ സൂക്ഷാർത്ഥത്തിൽ അധ:കൃതൻ, ഹരിജൻ തുടങ്ങിയ പേരുകളെക്കാളും അവഹേളനപരമാണ്‌. ‘തർക്കപ്പെട്ടവൻ’,‘പിളർക്കപ്പെട്ടവൻ’ തുടങ്ങിയ അർത്ഥവിശേഷങ്ങളാണ്‌ അതിനള്ളത്. സമൂഹത്തിന്റെ സമ്പത്തിനെയാകെ സൃഷ്ടിക്കകയും നിർമ്മാണാത്മകമായ പ്രവർത്തനങ്ങളിലൂടെ സകല ഭൂതികൾക്കം ആധാരമായി നിൽക്കകയും ചെയ്യുന്ന ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സ്വത്വസിദ്ധികളെയും ആത്മാഭിമാനത്തെയും നിരാകരിക്കുകയാണ്‌ ദളിത് എന്ന പദം ചെയ്യുന്നത്. ആ ജനതയുടെ ആത്മബോധവും വീറും സൃഷ്ട്യുന്മുഖതയും ഉൾക്കൊള്ളാൻ കഴിയുന്ന പേരാണ്‌ അവരെ കുറിക്കേണ്ടത്. അതുകൊണ്ട് ദളിത് എന്ന പേര്‌ വലിച്ചെറിയുകയും പകരം സർഗാത്മമകവും ആത്മബോധപ്രഖ്യാപനപരവുമായ മറ്റൊരു പേര്‌ കണ്ടെത്തുകയുമാണ്‌ വേണ്ടത്.

7 comments:

 1. രാജശേഖരൻ സാർ ,ബ്ലോഗിലുണ്ടന്നതറിഞ്ഞിരുന്നില്ല.താങ്കളുടെ പഴയ സഹമുറിയൻ പത്മനാഭൻ സാർ ,ഒരാനുകാലികത്തിന്റെ വായനക്കാരുടെ പേജിൽ.പഴയ ‘സീഡിയനെ’ പരാമർശിക്കുകയുണ്ടായി.
  ഇപ്പോൾ താങ്കൾ പരാമർശിച്ചതിന്റെ പിന്നിൽ ,ഹരിജൻ,സീഡിയൻ,ദളിത്-എന്നീവാക്കുകളുടെ പരിമിതി മാത്രമല്ല,അതു മുന്നോട്ടുവെയ്ക്കുന്ന പ്രത്യശാസ്ത്രത്തിന്റെ പരിമിതി കൂടിയാണ്.
  പകരം താങ്കൾക്ക് വെയ്ക്കാവുന്നതാകട്ടെ,മാർക്സിസ്റ്റ് പാർട്ടിബോധവും.എഴുപതുകളിൽ,മാർക്സിസം-ലെനിനിസം ചോദ്യം ചെയ്യപ്പെടാനോ,അതിന്റെ വികസിതരൂപമെന്നും,ഇന്ത്യനവസ്ഥയെ
  തിരിച്ചറിഞ്ഞ ,കാർഷികകലാപത്തിന്റെ പ്രയോഗക്ഷമായ പ്രത്യശാസ്ത്രമായി ഗണിച്ചിരുന്ന മാവോ ചിന്തകളേയോ തള്ളികളയാമായിരുന്നില്ല.എന്നാൽ ഇന്നതല്ല സ്ഥിതി.
  ഇന്ന് ഇന്ത്യയിലെ പാർശ്വവത്കൃത ജനസമൂഹം(പേരിന്റെ പരിമിതി മറികടന്നാലുമില്ലങ്കിലും)സജീവമായ സാമൂഹ്യനിർമിതിയിൽ തന്നെയാണ്.സായുധ സമരത്തിന്റെ വഴിയായാലും,
  ജനാധിപത്യത്തിന്റെ വഴിയായാലും,മുഖ്യാധാരാ കമ്മ്യൂണിസ്റ്റുപാർട്ടികളെ തള്ളികളയുന്നുണ്ട്.നവ ജനാധിപത്യത്തിന്റെ വഴിയിൽ,എല്ലാ പീഡിത ജനസമൂഹങ്ങൾക്കും ഐക്യപ്പെടാൻ
  ഇടമുണ്ട്.മാർക്സിസ്റ്റു പദാവലിയിൽ ‘അടിസ്ഥാന വർഗ്ഗം’ ,‘കർഷകതൊഴിലാളി’എന്നീ വാക്കുകളാണ് ഉപയോഗിക്കാറ്.ഇതിൽ എന്തെങ്കിലും തകരാറുള്ളതായി ,സാറിനു തോന്നുന്നുവെങ്കിൽ
  സംവാദം തുടരാവുന്നതാണ്.

  ReplyDelete
 2. കേരളത്തിലെ കമ്മ്യൂണിസ്റ്റു ബുദ്ധിജീവികൾ അവകാശപ്പെടുന്ന ഒരുവാദഗതിയാണിത്,ആധുനിക കേരള സമൂഹത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാൻ,കീഴാള ജാതിസമുദായങ്ങളുടെ സാമൂഹ്യ ഇടപെടൽ പാർട്റ്റിയുടേതാക്കുക.സത്യത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടികളുടെ സവർണ്ണ നേതൃത്വത്തിന് അങ്ങനെയൊരജണ്ടായായിരുന്നില്ല.മറിച്ച് വിപ്ലവം നടത്താനുള്ള രാഷ്ട്രീയ ഇന്ധനം തൊഴിലാളികളാവുമ്പോൾ,കാർഷിക മേഖലയിലെ കൂലിവേലക്കാരായ തൊഴിലാളികൾ മൊത്തം കീഴാള/അയിത്തജാതികളായതിനാൽ അവരേയും അണിചേർക്കേണ്ടിവന്നു.ചുരുക്കത്തിൽ ഒരു’കൊടുക്കൽ-വാങ്ങൽ’തന്ത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾ വിതച്ചു കൊയ്തത്.ഇതിനെ മാർക്സിസ്റ്റ്-മാനവികതയിലേക്ക് പരാവർത്തനം ചെയ്ത് വായിക്കുന്ന ബുധിജീവികളെ വിചാരണചെയ്യേണ്ടതുണ്ട്.

  ReplyDelete
 3. 'ഒരു പേരിലെന്തിരിക്കുന്നു?!' മച്ചിപ്പശുവിനെ തൊഴുത്തു മറ്റിക്കെട്ടുന്നതു പോലെ, മര്‍ദ്ദിത ജനവിഭാഗത്തെ എന്തു പേരിട്ടു വിളിച്ചാലും – ഇനിയിപ്പോ 'ബ്രാഹ്മണര്‍' എന്നുതന്നെ വിളിച്ചാലും, അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല. പ്രശ്നം തീര്‍ച്ചയായും പേരിന്റേതല്ല തന്നെ. അതുകൊണ്ട്, തങ്ങള്‍ക്ക് ഒരു പുതിയ പേരു കണ്ടുപിടിക്കാനല്ല അവര്‍ ഇനി തല പുണ്ണാക്കേണ്ടത്.

  മാറിയ കാലത്ത്-- അല്ല, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, അതിജീവനം എങ്ങനെ സാധ്യമാക്കാമെന്ന് അന്വേഷിക്കട്ടെ അവര്‍. മര്‍ദ്ദിതാവസ്ഥ, മര്‍ദ്ദകരുടെ മിടുക്കു കൊണ്ടു മാത്രമല്ല മര്‍ദ്ദിതരുടെ പരിമിതി കൊണ്ടു കൂടിയാണെന്ന് മനസ്സിലാക്കട്ടെ.

  ReplyDelete
 4. മർക്സിസ്റ്റ്,കമ്യുണിസ്റ്റ് ഇവ ശകാര പദങ്ങളാവുന്നതിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്.
  പേര്‌ മാറുന്നതു പ്രശ്നപരിഹാരമല്ല. പക്ഷെ പേരാണ്‌ അപകടമെന്ന നിലവിലുള്ള ധാരണയെക്കുരിച്ചാണ്‌ ഞാൻ പറഞ്ഞത്.
  അതിജീവനം എങ്ങനെയെങ്കിലും സാധ്യമാക്ക്ലല്ല, അവകാശബോധത്തോടെ ജീവിക്കാനും സമൂഹപുനർനിർമ്മിതിയിൽ അർഹമായ പങ്കും അംഗീകാരവും നേടുകയെന്നതാണ്‌ പ്രധാനം.

  അതിന്‌ ഒത്തുചേർന്ന പോരാട്ടം മാത്രമാണ്‌ ഒരേയൊരു വഴി.

  ReplyDelete
 5. സർ,മാർക്സിസ്റ്റ്,കമ്മ്യൂണിസ്റ്റ് എന്നിവ ശകാരപദങ്ങളായി ആരാണിവിടെ പറഞ്ഞത്.മറിച്ച് ഹരിജൻ,സീഡിയൻ,ദലിത് എന്നീ പ്രയോഗങ്ങളുടെ അർത്ഥരാഹിത്യം താങ്കൾ തന്നെയാണ് ഉന്നയിക്കുകയും,ബ്ലോഗ് പോസ്റ്റുകയും,മാതൃഭൂമിയിൽ വായനക്കാരുടെ പ്രതികരണത്തിൽ കൊടുക്കുകയും ചെയ്തത്.പകരം അർത്ഥസമ്പുഷ്ഠമായ എന്തെങ്കിലും താങ്കൾക്ക് പറയാൻ ഉണ്ടാകുമെന്നു കരുതി.അതുണ്ടായില്ല.
  എന്നാൽ താങ്കളുടെ മറുപടിയിൽ ഒരു’കറ്റ്’മണക്കുന്നുണ്ട്.പറയൂ,സർ.എന്താണ് താങ്കളുടെ ആശയം.സംവാദമാകുമ്പോൾ മറുപടി പറയാനുള്ള ബാധ്യതയുണ്ടന്ന അടിസ്ഥാന തത്വം താങ്കൾക്ക് അറിയാം എന്ന് കരുതുന്നു.

  ReplyDelete
 6. ഡിസംബർ 5ന്റെ താങ്കളുടെ പോസ്റ്റിൽത്തന്നെ ഇതിന്‌ മറുപടി കാണാം

  വെറും പേരുകൾക്ക് പിന്നാലെ പായാതെ വ്യവസ്ഥിതിയോട് സക്രിയമായി പ്രതികരിക്കുക,കൂട്ടായി പോരാടുക ആണ്‌ പോംവഴി.

  ReplyDelete
 7. സാറ് എന്തായാലും ഒരു മഹാൻ തന്നെ.ഇന്ത്യയിലെ മർദിത-ജനതയുടെ സംഘാടനത്തിന്റെ ഭാഗമായി,സ്വയം നിർവചിക്കാൻ പേരിട്ടു വിളിക്കുകയും,അതിന്റെ പ്രത്യശാസ്ത്രം രൂപീകരിക്കുന്നവരെ പുറത്തുനിന്നു പരിഹസിക്കുകയും,എന്നാൽ ഭാഷാ പണ്ട്ഡിതനായിട്ടും പറ്റിയൊരു പേര് നിർദ്ദേശിക്കാതിരിക്കുകയും,അവസാനം ദാ..ഇങ്ങനെ.>>>വെറും പേരുകൾക്ക് പിന്നാലെ പായാതെ വ്യവസ്ഥിതിയോട് സക്രിയമായി പ്രതികരിക്കുക,കൂട്ടായി പോരാടുക ആണ്‌ പോംവഴി.<<<<പറഞ്ഞ് മാറിനിൽക്കുന്നത് മഹാന്റെ ലക്ഷണം തന്നെ.

  ReplyDelete