Wednesday, March 27, 2013

മാതൃഭാഷാമാധ്യമം


വ്യത്യസ്ത അഭിപ്രായങ്ങൾ, പലപ്പോഴും വിരുദ്ധമായവ പോലും, വിലമതിക്കേണ്ടവയാണ്.
പക്ഷേ നമ്മുടെ വിദ്യാഭ്യാസത്തിൽ അങ്ങനെയൊന്നിന് ഇടമില്ലായിരുന്നു എന്ന വസ്തുതപോലും നമുക്ക് അജ്ഞാതമാണ്. കാരണം, നമ്മൂടെ ആധുനികവിദ്യാഭ്യാസം ഒരിക്കലും നമ്മുടേതായിരുന്നില്ല. അധിനിവേശശക്തികൾ അവരുടെ സങ്കുചിതതാത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ വിദ്യാഭ്യാസമൂശയിൽ മത്രമാണ് നാം, നമ്മുടെ ചിന്തകളും വികാരങ്ങളും, രൂപപ്പെടുത്തപ്പെട്ടത്. അതുകൊണ്ട് ഇങ്ങനെയുള്ള അഭിപ്രായങ്ങളുയരുന്നതിൽ ഒട്ടും ആശ്ചര്യമോ നിരാശയോ ഇല്ല. ബ്രിട്ടീഷുകാരെ ഇറക്കിവിട്ട 1947-ന് ശേഷമാണല്ലോ നാം അവരുടെ ഭാഷയ്ക്കും സംസ്ക്കാരത്തിനും പൂർണമായും കീഴടങ്ങാൻ തയാറെടുത്തത്. (ഇതൊക്കെ ഞാൻ പലതവണ സൂചിപ്പിച്ചിട്ടുള്ളതാണ്; വെറുതെ ആവർത്തിക്കുന്നു എന്നുമാത്രം.) അങ്ങനെ മെക്കാളെയുടെ ദർശനത്തിന് എങ്ങനെയൊക്കെ ആവിഷ്ക്കാരം നൽകാമെന്ന് നാം ഇന്നും ഗവേഷണം നടത്തുന്നു!
ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്; അത് നമുക്ക് അംഗീകരിക്കാനവാത്തതിന്റെ സാഹചര്യമാണ് മുകളിൽ സൂചിപ്പിച്ചത്. ചൈനയും റഷ്യയും ഇംഗ്ലണ്ടും വിവിധ യൂറോപ്യൻ രാജ്യങ്ങളും കൊച്ചുക്യൂബയുമടക്കം ഇത് വ്യക്തമാക്കുന്നുണ്ട്.
പരിമിതികളെക്കുറിച്ച് പറയുന്നിടത്ത് നമ്മുടെ വലിയൊരു ധാരണപ്പിശക് ഉയർന്നുനിൽക്കുന്നു. ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനവും ഇംഗ്ലീഷ് പഠനവും ഒന്നല്ല. ഇംഗ്ലീഷ് പഠനം വിദ്യാഭ്യാസത്തിൽ അനിവാര്യമാണ്. പ്രൈമറി തലത്തിൽ അത് ഏത് ക്ലാസ്സിൽ തുടങ്ങണമെന്നത് കാര്യമായ വിചിന്തനത്തിനുശേഷം നിർണയിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിപ്പിക്കേണ്ടതുമുണ്ട്. ഇത് വിദ്യാഭ്യാസത്തെയും അതിന്റെ ആഗോള സമ്പത്തികബന്ധങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളു.
ഇവിടെ എന്റെ വ്യക്തിപരമായ അനുഭവം സക്ഷ്യപ്പെടുത്താനുണ്ട്. എന്റെ മക്കളെ, അവരുടെ അധ്യാപകരുടെ പ്രേരണകളെയും താക്കീതുകളെയും അവഗണിച്ചാണ് സർക്കാർ-പൊതു വിദ്യാലയങ്ങളിലെ മലയാളമാധ്യമക്ലാസുകളിൽ പഠിപ്പിച്ചത്. അതിന് ഏറെ പരിഹാസവും ഏറ്റു. പക്ഷേ അതുകൊണ്ട് ഒരു കുഴപ്പവുമവർക്ക് പറ്റിയതായി കണ്ടില്ല. അവർ സ്വയം തിരഞ്ഞെടുത്ത എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്, ഒരു കോച്ചിങ് ക്ലാസിനും പോകാതെതന്നെ അവർ നല്ല നിലയിൽ വിജയം നേടി. ഒരാൾ ജർമ്മനിയിലും ഒരാൾ ആസ്ട്രേലിയയിലും ഇപ്പോൾ ജോലി ചെയ്യുന്നു. (മെൽബണിലിരുന്നാണ് ഞാനിത് കുറിക്കുന്നത്.)
മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ആരുടെ താത്പര്യങ്ങൾക്കാണ് തടസ്സ്മാവുന്നത്?

                                 (ഒരു ഓൺലൈൻ സംവാദത്തിൽ നിന്ന്)

1 comment:

  1. മലയാലം അരിയുന്നത് കുറച്ചിലാണ് ചിലര്‍ക്ക്
    അവരെ പ്രതീക്ഷിച്ച് ചില വിദ്യാവണിക്കുകളുണ്ട്
    അവരുടെ താല്പര്യങ്ങള്‍ക്ക് തടസ്സം

    ReplyDelete