Wednesday, September 11, 2013

വിദ്യാർഥിനികൾക്ക് പ്രസവാവധി

വിദ്യാർഥിനികൾക്ക് പ്രസവാവധി- തേൻ പുരട്ടിയ കൂരമ്പ്
\
പെൺകുട്ടികളെ അമിതമായി സ്നേഹിച്ചും ലാളിച്ചുംവളർത്തുന്നതിലൂടെ അവരെ സമൂഹ ത്തിനും നാടിനും കൊള്ളാത്തവരാക്കി വീട്ടിനുള്ളിലൊതുക്കിക്കെട്ടിയിടുന്ന ഒരു പുരുഷതന്ത്രമുണ്ട്. കുട്ടികൾക്കുവേണ്ടി അവർക്കാവശ്യമുള്ളതെല്ലാം കൃത്യമായി അവരുടെ മുന്നിലെത്തിച്ചുകൊടുക്കും. അവർക്ക് ഒന്നിനും തേടിപ്പോകേണ്ട, പുറത്തേക്കെങ്ങും ഇറങ്ങേണ്ട, ആരെയും കാണേണ്ട, ജീവിതവും ലോകവും എന്തെന്ന് അറിയേണ്ട. അവൾ വീട്ടിലെ കാര്യങ്ങളും സുഖസൌകര്യങ്ങളും നോക്കി അടങ്ങി യൊതുങ്ങി കഴിയുകയേ വേണ്ടൂ. സ്ത്രീയെ അബലയെന്നും ദേവിയെന്നും ഒരേ സമയം വിശേഷിപ്പിച്ച് ചുരുട്ടിക്കൂട്ടി മൂലയ്ക്കിരുത്തുന്ന ഈ പുരുഷകേന്ദ്രിത രാഷ്ട്രീയത്തിന്റെ പ്രയോഗമാണ് നൂറ്റാണ്ടുകളായി നാം തുടർന്നുപോരുന്നത്. നീ ചൊല്പടിക്ക് അടിമയായിത്തുടർന്നോളൂ എന്നാണ് ഈ അമിത സ്നേഹ ലാളനകളുടെ അന്തർഹിത സന്ദേശം.
വിദ്യാർഥിനികളോടുള്ള സ്നേഹ പരിലാളനകൾ മൂത്ത് അവർക്ക് പ്രസവാവധി അനുവദിച്ചു കൊണ്ടുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിചിത്രമായ തീരുമാനം ഇതിന്റെ മറ്റൊരു പതിപ്പാണ്. സ്ത്രീകളെ സഹായിക്കാനെന്ന് കൊട്ടിഗ്ഘോഷിച്ചുകൊണ്ട് കൈക്കൊള്ളുന്ന സ്ത്രീവിരുദ്ധനടപടി കളുടെ ഏറ്റവും പുതിയ ഉദാഹരണം.
പെൺകുട്ടികളെ ഒമ്പതും പത്തും വസ്സാകുമ്പോഴേക്ക് തന്നെ വിവാഹം കഴിപ്പിക്കുന്ന പതിവാണ് കേരളത്തിലുണ്ടായിരുന്നത്. അവർക്ക് അക്ഷരാഭ്യാസം ആവശ്യമായിരുന്നില്ല. എഴുതാനും വായിക്കാനും അവസരം ലഭിച്ച നന്നെ ചുരുക്കം പേർ തന്നെ അത് വീട്ടിൽ വച്ച് നേടുകയാണ് ചെയ്തിരുന്നത്. പെൺകുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം അത്യാവശ്യമാണെന്ന ബോധം സമൂഹത്തിൽ പടർന്നു വന്നതിനെത്തുടർന്ന്, ശക്തമായിവന്ന ആവശ്യങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും സമരങ്ങളി ലൂടെയും പിന്നീട് ആ നില മാറ്റി, അവർക്കും സ്ക്കൂൾ പ്രവേശനം സാധ്യമാക്കി.. അടുക്കളയുടെ പുകയിലും കരിയിലും നിന്ന് ഇങ്ങനെ പെൺകുട്ടികളെ പുറംവെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരെ സാമൂഹികപ്രതിനിധാനങ്ങളാക്കുന്നതിനുവേണ്ടി ശ്രീനാരായണഗുരുവും അയ്യങ്കാളിയും പിന്നീട് ദേശീയ-പുരോഗമന പ്രസ്ഥാനങ്ങളും നടത്തിയ സുഘടിതമായ പ്രവർത്തനങ്ങളിലൂടെയും സമരങ്ങളിലൂടെയു മാണ് കേരളം പഴമയുടെ സ്ത്രീവിരുദ്ധമാറാലകൾ ഒട്ടേറെ തൂത്തെറിഞ്ഞത്. ഇന്ന് ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യാപകരിലും വിദ്യാർഥികളിലും മാത്രമല്ല, പൊതുവെ ജീവനക്കാരിൽത്തന്നെ ഭൂരിപക്ഷ വും സ്ത്രീകളായി മാറിയെങ്കിൽ അത് സ്ത്രീകൾക്ക് മറ്റുള്ളവർ നൽകിയ ആനുകൂല്യങ്ങളിലൂടെയല്ല, അവർ നേടിയെടുത്ത അവകാശങ്ങളിലൂടെയും അതുവഴി കൈവരിച്ച അവസരങ്ങളിലൂടെയുമാണ്. ഇക്കാര്യങ്ങ ളൊന്നും മനസ്സിലാക്കാൻ കഴിയായ്കയെന്നതിനെക്കാൾ അങ്ങനെ തുടർന്നുവന്ന സ്വച്ഛന്ദമായ ഗതിക്ക് തടയിടാനുള്ള ആസൂത്രിതശ്രമമാണ് സർവകലാശാലയുടെ ഈ പുതിയ പ്രസവാവധിനിയമത്തിലൂടെ വെളിവാകുന്നത്.
പ്രായപൂർത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനെ വരിക്കാനും പ്രസവിക്കാനും അവകാശ മുണ്ട്. പ്രസവകാലത്ത് സ്ത്രീയുടെ ശാരീരികമായ അവശതകൾ പരിഹരിക്കുന്നതിനും നവജാത ശിശുവിന് അത്യാവശ്യമായ പരിചരണവും പരിപാലനവും നൽകുന്നതിനും അവൾക്ക് അവളുടെ പ്രവൃത്തിമേഖലയിൽ അവധി ലഭിക്കേണ്ടത് അനിവാര്യവുമാണ്. വിദ്യാർഥിനിയായാലും, ഉദ്യോഗസ്ഥ യായാലും തൊഴിലാളിയായാലും ഐ.ടി.മേഖലയിലുൾപ്പെടെ മറ്റ് ഏതൊരു രംഗത്തുള്ളവരായാലും അവരെല്ലാം ഇങ്ങനെയുള്ള അവധിക്ക് അർഹരായിരിക്കണമെന്നതിലും സംശയമില്ല. പ്രസവിച്ച സ്ത്രീക്ക് വികസിതസമൂഹത്തിൽ അതിലേക്ക് ഒരു വർഷത്തെ അവധി ലഭിക്കേണ്ടതാണ് എന്ന് ഈ ലേഖകൻ മുന്നേ ഉന്നയിച്ച അഭിപ്രായം ഇവിടെ ആവർത്തിക്കട്ടെ. അത് ഇന്നല്ലെങ്കിൽ നാളെ നടപ്പാകുകതന്നെ ചെയ്യും.
സ്ത്രീക്ക് മാത്രമല്ല, ശിശുവിന്റെ പിതാവിനും അത് സംബന്ധിച്ച് അവധി ലഭിക്കേണ്ടതാണ്. മാതാവിന്റെയും ശിശുവിന്റെയും പരിചരണത്തിനും പരിപാലനത്തിനും അത് സംബന്ധമായ സൌകര്യങ്ങളൊരുക്കുന്നതിനും ഇത് അനിവാര്യമാണെന്നതിനാൽ വികസിത പാശ്ചാത്യ രാജ്യങ്ങൾ ഈ ആവശ്യം അംഗീകരിച്ച് പിതാവിന് രണ്ട് മാസത്തെ അവധി നൽകുന്നുണ്ട്. ഇത് നമ്മുടെ നാട്ടിലും നടപ്പാക്കേണ്ടതാണ്. അയാൾ പ്രവൃത്തിയെടുക്കുന്ന മേഖലയേത് എന്ന വിവേചനമില്ലാതെതന്നെ നടപ്പാക്കേണ്ടതാണ് ഇതെന്ന കാര്യത്തിലും തർക്കമില്ല.
എന്നാൽ വിദ്യാർഥിനികളുടെ പ്രസവാവധിക്ക് നിയമപരമായ പ്രാബല്യം നൽകുന്നതിൽ മറ്റുചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്. വിദ്യാഭ്യാസകാര്യങ്ങളിൽ സ്ത്രീകൾ വളരെ മുന്നിലെത്തിയ കേരളത്തിൽ, ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസപ്രായം ഏതാണ്ട് ഇരുപത്തഞ്ച് വയസ്സുവരെയാണ്. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തഞ്ചും ആൺകുട്ടികളുടേത് ഇരുപത്തെട്ടും ആക്കിയുയർത്തണമെന്ന് കേരള വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനുമുമ്പ് നടക്കുന്ന വിവാഹം ഈ വിദ്യാർഥികളെ വിദ്യാഭ്യാസ ത്തിൽനിന്നും തുടർന്നുള്ള പൊതുജീവിതത്തിൽനിന്നും പിൻതിരിയാനും ഭർത്താവിലും കുടുംബത്തിലും കുട്ടികളിലുമായി അവരെ കെട്ടിയിടനുമുള്ള ചരടായിത്തീരുന്നതാണ് അനുഭവത്തിൽ കാണുന്നത്. വളരെ കാര്യക്ഷമമായി വിദ്യാഭ്യാസവും ഗവേഷണവും നടത്തിവന്നിരുന്നവർ പോലും വിവാഹ ത്തോടെ അതിൽനിന്നെല്ലാം പിൻതിരിയാൻ നിർബന്ധിതരാവുകയും പിന്നീട് എത്രതന്നെ ആഗ്രഹി ച്ചിട്ടും പലതവണ ശ്രമിച്ചിട്ടും പോലും അത് പൂർത്തിയാക്കാൻ കഴിയാതെ, ജീവിതം തുലഞ്ഞുപോയ തിൽ പരിതപിച്ച് കഴിയേണ്ടിവരുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ കണ്മുന്നിൽത്തന്നെ ഒട്ടേറെയുണ്ട്. അതാകട്ടെ അവർക്ക് പ്രസവാവധി അനുവദിക്കാതെപോയതുകൊണ്ടല്ല, അകാലത്ത് വിവാഹത്തിലേക്കും പ്രസവത്തിലേക്കും എടുത്തെറിയപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട്, സ്ത്രീ സംരക്ഷണപരവും സ്ത്രീവിമോചനപരവുമായ പ്രവർത്തനമെന്നത് വിദ്യാർഥിനികൾക്ക് പ്രസവാവധി യനുവദിക്കലല്ല, വിവാഹവും പ്രസവവുമെല്ലാം വിദ്യാഭ്യാസാനന്തരം എന്ന കാഴ്ചപ്പാട് അവരിലേക്കും സമൂഹത്തിലേക്കാകെത്തന്നെയും പകർന്നെത്തിക്കലാണ്. അതിന് സമർഥമായി തടയിടുന്നു എന്നിടത്താണ് ഈ പ്രസവാവധിനിയമത്തിന്റെ ദൂരവ്യാപകമായ അപകടം പതിയിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സാഹചര്യം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. കേരളത്തിലെ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം പതിനാറ് ആക്കിക്കൊണ്ട് കേരളസർക്കാർ കഴിഞ്ഞയിടെ ഒരു വിവാദ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സാമാന്യബോധമുള്ള എല്ലാവരിൽനിന്നും കക്ഷിഭേദമില്ലാതെ ഇതിന്നെതിരെ ശബ്ദമുയർന്നപ്പോൾ സർക്കാർ ഒരു വിശദീകരണം നൽകി, മുന്നേ നടന്ന വിവാഹങ്ങൾ നേരിടുന്ന നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമാണ് ആ ഉത്തരവെന്ന്. എന്നാൽ അങ്ങനെയുള്ള വിവാഹങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നും അത് ചെയ്തവർ ശിക്ഷാർഹരാണെന്നും, അവയുടെ കുരുക്കിൽപ്പെട്ട മുസ്ലീം പെൺകുട്ടികൾ മാത്രമല്ല പരിഹാരത്തിന് അർഹരായതെന്നുമുള്ള വസ്തുതകൾ അവിടെ മറച്ചുവയ്ക്ക പ്പെടുകയാണുണ്ടായത്. പെൺകുട്ടികൾ പതിനാറ് വയസ്സിലേ വിവാഹിതരാകണമെന്നും എങ്കിലേ അവർക്ക് ജീവിതസുഖവും കുടുംബസുഖവും വേണ്ടവണ്ണം അനുഭവിക്കാൻ കഴിയൂ എന്നും മറ്റുമുള്ള വിചിത്ര വാദങ്ങളുയർത്താൻ ഇത് ചില സമുദായസംഘടനകൾക്ക് അവസരം നൽകുകയും ചെയ്തു.
ഈ സർക്കാരുത്തരവിന്റെ ഒരു തുടർനടപടിയെന്ന നിലയിൽ മാത്രമേ കാലിക്കറ്റ് യൂണി വേഴ്സിറ്റിയുടെ വിചിത്രമായ വിദ്യാർഥിനീപ്രസവാവധിത്തീരുമാനത്തെ കാണാൻ കഴിയൂ. വിദ്യാർഥിനി കൾക്ക് പ്രസവാവധി ആവശ്യാനുസരണം എല്ലാ സർവകലാശാലകളും കാലാകാലമായി നൽകിവരു ന്നതാണ്. ഒരപേക്ഷയുടെയും സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിൽ വൈസ് ചാൻസിലർക്ക് തീരുമാനമെടുക്കാവുന്ന കാര്യം മാത്രം. എന്തെങ്കിലും സങ്കീർണത വന്നാൽത്തന്നെ അതിന് സിൻഡി ക്കേറ്റിന്റെ അംഗീകാരം വരെ പോകേണ്ടിവരാമെന്നേയുള്ളൂ. പ്രസവമായാലും പരീക്ഷയായാലും എടുപിടീന്ന് പൊട്ടിവീഴുന്നതല്ലെന്നതിനാൽ ഇതിലേക്ക് യഥാസമയം അപേക്ഷിക്കാനും തീരുമാന മെടുക്കാനും സമയം കിട്ടുകയും ചെയ്യും.
ഇതെല്ലാം ‘ഏത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും‘ നടക്കുന്നതാണെന്നിരിക്കെ ഇവിടെമാത്രം ഒരു നിയമനിർമ്മാണം ആവശ്യമായിവന്നതിലെ സാഹചര്യം തീർച്ചയായും വിവാദാസ്പദമാണ്. പതിനേഴോ അതിനുമുകളിലോ പ്രായം വരുന്നവരാണ് ഇന്ന് സർവകലാശാലാവിദ്യാർഥികൾ. അവർക്ക് കൈമൈയനങ്ങാതെ പ്രസവാവധി കിട്ടുമെന്ന് വരുന്നത് വിദ്യാർഥിനികളുടെ അകാലവിവാഹത്തിനുള്ള വ്യക്തമായ പ്രേരണയാണ് നൽകുന്നത്. ‘പതിനാറുവയസ്സുകാരികളേ, നിങ്ങൾ വിവാഹിതരായിക്കൊള്ളൂ, നിങ്ങൾക്കുള്ള അവസരങ്ങളുടെ വാതിൽ ഇതാ തുറന്നിട്ടിരിക്കുന്നു‘ എന്ന് തന്നെയാണ് അതിലൂടെ നൽകുന്ന സന്ദേശം.
വിദ്യാഭ്യാസം ജീവിതത്തിന്റെ എല്ലാക്കാലത്തേക്കുമുള്ള പടവുകൾ താണ്ടാനായിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ പെൺകുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ പഠനകാലത്തെ വിവാഹം, പ്രസവം എന്നിവ നിയമപരമായി തടയേണ്ടതാണ്. കാരണം വിവാഹിതരാകുന്നതോടെ ഒട്ടേറെപ്പേർ പഠനം മതിയാക്കുന്നു. പഠന കാലത്ത് ഗർഭിണികളാകുന്നവർ പഠനം തീർച്ചയായും മുടക്കുന്നു. പിന്നെ തുടർന്നാലും രണ്ടുവർഷ മെങ്കിലും കഴിഞ്ഞിട്ടേയുള്ളൂ. അങ്ങനെ പഠനം കൊണ്ടുണ്ടാകേണ്ട അവസരങ്ങൾ അവർക്ക് പരിമിതപ്പെടുന്നു. മാത്രമല്ല, പഠനം മുടക്കുകയോ മതിയാക്കുകയോ ചെയ്യുന്നവർ വാസ്തവത്തിൽ, അവർക്ക് പിന്നിൽ പഠനാവസരം കാത്തുനിന്നവരെ പരിഹസിക്കുകയാണ്. ഇടയ്ക്കുവച്ചു തരംകിട്ടിയാൽ പഠനം മുടക്കാമെന്ന് കരുതി വരുന്നവർ കിട്ടിയ അവസരം പ്രയോജനപ്പെടു ത്താതെ പോകുന്നതോടെ പഠനപ്രവേശനം കാത്തുനിന്നവരുടെ അവസരം നഷ്ടപ്പെടുത്തുന്നു. പഠിക്കുന്നവർക്കായി സർക്കാർ ചെയ്യുന്ന സൌകര്യങ്ങളും മറ്റും ചുരുങ്ങിയ കാലമെങ്കിലും വ്യർഥമായിപ്പോകുന്നു. വിവാഹം, പ്രസവം എന്നിവ കൊണ്ട് ഇടയ്ക്കുവച്ചു പഠനം നിർത്തുന്നവരിൽ നിന്ന് അക്കാരണങ്ങളാൽ നല്ലൊരു പിഴ ഈടാക്കേണ്ടതാണ്.” ഒരു ഓൺലൈൻ സംവാദത്തിൽ കേട്ട ഈ അഭിപ്രായം അല്പം കടന്നതാണെന്ന് തോന്നാമെങ്കിലും നമ്മുടേതുപോലൊരു രാജ്യം ഗൌരവപൂർവം പരിഗണിക്കേണ്ട ഒട്ടേറേ യാഥാർഥ്യങ്ങൾ അത് ഉൾക്കൊള്ളുന്നുണ്ട്.

അമ്പ് എത്രതന്നെ തേൻ പുരട്ടി മധുരിപ്പിച്ചാലും അത് കൊള്ളുന്നവർക്ക് മുറിവേൽക്കുക തന്നെ ചെയ്യും. അതുകൊണ്ട് ഈ തേൻഭരണികൾ ശരിക്കും ഭീതിസംഭരണികൾ തന്നെ.

3 comments:

  1. എന്തൊക്കെ പഠിപ്പിച്ചാലും പഠിച്ചു ഇറങ്ങുന്നത് ഒരു ഹിന്ദു അല്ലെങ്കിൽ ഒരു മുസ്ലിം അല്ലെങ്കിൽ ഒരു ക്രിസ്ത്യൻ തൊഴിൽ അന്വേഷകൻ അല്ലെങ്കിൽ ഇതിൽ തന്നെ ജാതി തിരിച്ചു ഒരു വധു
    എന്ത് പഠിച്ചാലും പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നത് മതമുള്ള ഒരു ഉല്പന്നം മാത്രം. പുതു തലമുറ കൂടുതലും പഠിച്ചു ഇറങ്ങുന്നത് മതം തന്നെയാണ് തൊഴിൽ അല്ല. ഇന്ത്യയിലേക്ക്‌ ഇന്ത്യക്കാരനും ഇന്ത്യക്ക് വെളിയിലേക്ക് ഒരു അന്താരാഷ്ട്ര പൗരനും പഠിച്ചിറങ്ങുന്ന ദിവസം ഇവിടെ നല്ല സർവകലാശാലകൾ വരും എന്ന് ആശിക്കാം

    ReplyDelete
  2. അച്ഛന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രസവശുശ്രൂഷാവധിയും കൂടെ തരാക്കാര്‍ന്നു!

    ReplyDelete