Sunday, July 29, 2012

അന്വേഷണവും കണ്ടെത്തലും

അന്വേഷണവും  കണ്ടെത്തലും

അടിമസമൂഹത്തിൽനിന്നുയരേണ്ട ആക്രന്ദനമായ വന്ദനത്തിന്റെ, പ്രാർഥനയുടെ,  പ്രത്യയശാസ്ത്രം സമൂഹവിരുദ്ധമാണ്.    ദാനം എന്നത് അതേ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു ‘ദാനം’ മാത്രം. ദാനം സ്വീകരിക്കാൻ ഭൂരിപക്ഷത്തെ തയാറാക്കി നിർത്തുന്നിടത്താണ് തങ്ങളുടെ ആർഭാടജീവിതത്തിനിടയ്ക്ക്  മറ്റുള്ളവർക്ക് ഇത്തിരി ദാനം നൽകി കേമരാകാൻ ചിലർക്ക് അവസരം ലഭിക്കുന്നത്. സമൂഹത്തിൽ നിലനിന്ന അടിമ-ഉടമബന്ധത്തിന്റെ സന്താനമാണ് ഈ സങ്കല്പം. മതങ്ങളെല്ലാം ഈ സമൂഹസങ്കല്പത്തിൽനിന്നാണ് രൂപം കൊണ്ടിട്ടുള്ളത്. സക്കാത്തും നോമ്പുതുറയുമൊന്നും ഇതിൽനിന്ന് വിട്ടുനിൽക്കുന്നില്ല. 
 ഓരോ വ്യക്തിക്കും അയാളുടെ വിശ്വാസം വച്ചുപുലർത്താൻ അവകാശമുള്ളപ്പോൾത്തന്നെ ആ വിശ്വാസവും ആചാരങ്ങളും രൂപംകൊണ്ടതെങ്ങനെയെന്ന് ചരിത്രപരമായി അന്വേഷിക്കാൻ അയാൾ ബാധ്യസ്ഥനുമാണ്. ‘ശ്രീ മുരളീധരാ ഭജനസമിതി‘യുടെ കാര്യദർശിയും ഭക്തിഗാനരചയിതാവും പ്രാർഥനാസംഘാടകനുമായിരുന്ന രാജശേഖരൻ ഇതെഴുതാൻ കഴിയുന്ന എസ്. രാജശേഖരനായി വളർന്നത് ഇങ്ങനെയൊരു അന്വേഷണത്തിലൂടെയും കണ്ടെത്തലിലൂടെയുമാണ്.   അതിവിദൂരഭാവിയിലെങ്കിലും സമൂഹത്തിന് ഈ തിരിച്ചറിവുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് മനുഷ്യനിൽ വിശ്വാസമുണ്ട്.

No comments:

Post a Comment