Sunday, July 15, 2012

                                                          പ്രണയം, മതം, സംസ്ക്കാരം

സ്ത്രീക്ക് പ്രണയം പാടില്ലെന്ന് തീർപ്പ് വന്നിരിക്കുന്നു! യു.പി.യിലെ അസര ജാതിപ്പഞ്ചായത്തിന്റെ വിധിയാണിതെന്ന് പത്രങ്ങൾ ഘോഷിക്കുന്നു.

സ്ത്രീക്കും പുരുഷനും കിട്ടിയഏറ്റവും അമൂല്യവും ശക്തവും സുന്ദരവുമായ സിദ്ധിയാണ് പ്രണയം. പ്രപഞ്ചത്തിൽ മറ്റൊരു ജീവിക്കും കിട്ടാത്ത ഈ അസുലഭസിദ്ധിക്ക് മനുഷ്യവംശത്തിന്റെതന്നെ പഴക്കവും മനുഷ്യസംസ്ക്കാരം കൈവരിച്ച കരുത്തും സൌന്ദര്യവുമുണ്ട്. ഒരാളുടെ ഏറ്റവും മാനുഷികവും ഏറ്റവും വൈയക്തികവുമായ ശക്തിവിശേഷം. പ്രണയത്തെ നിഷേധിക്കാൻ ഒരു പഞ്ചായത്തിനെന്നല്ല, രാഷ്ട്രപരമാധികാരിക്കുപോലും അധികാരമില്ല.

പക്ഷേ തങ്ങൾക്ക് അവകാശമില്ലാത്തിടത്ത് അധികാരം സ്ഥാപിക്കുകയാണ് മതത്തിന്റെയും ജാതിയുടെയും എന്നത്തെയും രീതി. മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും വിവേകത്തിനും മേൽ നടത്തിയ കുതിരകയറ്റത്തിന്റെ കഥയാണ് മതത്തിനും ജാതിക്കും ഇന്നുവരെ പറയാനുള്ളത്. അത് ഏറിയേറി വരുന്നത് സമകാലയാഥാർഥ്യം. മതത്തിലും ജാതിയിലുംനിന്ന് മോചനം നേടുമ്പോഴേ സ്ത്രീയും പുരുഷനുമടങ്ങിയ സമൂഹത്തിന് സ്വാതന്ത്ര്യവും ശക്തിയും നിരുപാധികസൌന്ദര്യവും കൈവരിക്കാൻ കഴിയൂ.

പ്രണയമല്ല, സ്ത്രീ തന്നെയാണ് ഇവിടത്തെ ഇരയെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.അവൾ കടയിൽ പോയിക്കൂടാ, പുറത്തിറങ്ങിക്കൂടാ, മറ്റുള്ളവരെ കണ്ടുക്കൂടാ,......അവൾ വീട്ടുപകരണമായും പേറ്റുപകരണമായും കഴിയേണ്ടവളാണ്.

പുരുഷാധിഷ്ഠിത മത സമൂഹത്തിന്റെ ഇച്ഛകളെ മറികടക്കാൻ അവൾ ശ്രമിച്ചിട്ടുള്ളപ്പോഴെല്ലാം അവളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും മേൽ കത്തി കയറിയിട്ടുണ്ട്.
ആധുനികസമൂഹം ഒരു നൂറ്റാണ്ടൂമുമ്പെങ്കിലും കുടഞ്ഞെറിഞ്ഞുകളഞ്ഞ സങ്കല്പങ്ങളാ ണിത്. അവ വീണ്ടും കെട്ടിക്കയറ്റാൻ ശ്രമങ്ങളുണ്ടാവുമ്പോൾ പുരുഷനും സ്ത്രീയുമടങ്ങുന്ന മുഴുവൻ സമൂഹവും ഒന്നായി അതിനെ ചെറുക്കേണ്ടതുണ്ട്.

2 comments:

  1. മുഴുവൻ സമൂഹവും ഒന്നായി അതിനെ ചെറുക്കേണ്ടതുണ്ട്.

    ReplyDelete
  2. എല്ലാവരും അതിന് ഒന്നുചേരുക.

    ReplyDelete