Saturday, July 28, 2012

കുരുതിക്ക് ആളാരെന്നറിക


കുരുതിക്ക് ആളാരെന്നറിക
      
കതിര് പൂട്ടിയോ കതിരവൻ? നാളെ-
ക്കുരുതിക്കാളാരെന്നറിക സഞ്ജയാ,    
അറിവുമാഴവുമഴിയുമീ രണ-
നിണമൊഴുക്കിനെന്നറുതി? ചൊല്ലുക.

കൊടിയ ശാപത്താലെരിയും നാടിന്റെ
നിലവിളിയല്ലോ ചെവി നിറയെ,-
ന്നരുമകൾ മക്കൾ, ചുടലച്ചാമ്പലാൽ
                        കുറി തൊടുന്നവർ , സഹജാതർ ചിന്നും
ചുടുനിണം മാറിൽ കളഭമാക്കുവോർ
കുടൽമാല ചൂടി ഞെളിയുവോർ, പെണ്ണിൻ
സിരകളിൽ ദർപ്പത്തെരുക്കൂത്താടുവോർ,
സിരകളിൽ ക്രൌര്യം പതയുവോർ, മദ-
ലഹരി കുങ്കുമതിലകമാക്കുവോർ
അവരെന്തുചെയ്വൂ സമരഭൂവിൽ?
പുതിയ സോദരപ്പകയാളും പോരിൽ?

പറക സഞ്ജയാ, മിഴികളിൽ കരി-
മഷിയൊഴിച്ചൊരീ പകലുകൾ, കാളും
പകതന്നഗ്നിയിൽ ജ്വലിച്ചുരുകുമീ-
യിരവുകൾ, നാവും നഖവും നീട്ടി നാ-
ടലയും ക്രൌര്യങ്ങൾ, ഇരവിൻ മേലാപ്പിൽ
തലകീഴായ് തൂങ്ങും കരിനാഗങ്ങൾ,
പാഴിടിയും കോടക്കാർനിരകളും മൂടും
ജനപദങ്ങൾ, തന്നനുജനെച്ചതി
ക്കുഴിയിലാഴ്ത്തുവാനിരവിലും പക-
ലൊളിയിലും വെള്ളച്ചിരി തൂകി ക്രൌര്യ-
നഖരം കൂർപ്പിക്കും നഗരികൾ, എങ്ങെൻ
നിനവുകൾ, കർമ്മപരിപാകങ്ങൾ,
ഞാനെവിടൊളിപ്പിച്ചീപ്പകയാളും പോരിൻ
കഥകൾ കേൾക്കേണ്ടൂ, പറക സഞ്ജയാ.

കതിരുപൂട്ടിയോ കതിരവൻ? രാവിൽ
പടകുടീരങ്ങളെരിഞ്ഞുതീരുന്നോ?
ഒരമ്മ നൊന്തുപെറ്റവർ തമ്മിൽക്കുത്തി-
ക്കുടലെടുത്തവരണിയുന്നോ മാറിൽ?
എരിയുമഗ്നിയിൽ നഗരപർവങ്ങ-
ളുരുകി വീഴുന്നോ? ചുടലയായ് പേറ്റു-
പുരയെരിയുന്നോ? ശരണമറ്റവർ,
കിടാങ്ങൾ, പെണ്ണുങ്ങ,ളബ,ലരാർത്തന്മാ-
രലറിക്കേണോടിത്തിരയുന്നോ ചുറ്റും?

ജനമൊഴിഞ്ഞൊരീ ജനപദത്തിൽ
                   നാമിനിയാരെച്ചൊല്ലിക്കരയണം നാളെ?
                   കുരുതിക്കാളില്ലെന്നറികെ വാതുവ,-
                   ച്ചവരവർ നെഞ്ചം പിളരണോ നമ്മൾ?
                                                                                                                       *

3 comments:

  1. സഞ്ജയന്‍ മൌനമവലംബിക്കുന്നു
    പറയാനില്ല, പറഞ്ഞിട്ട് കാര്യവുമില്ല

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ജനമൊഴിഞ്ഞൊരീ ജനപദത്തിൽ
    നാമിനിയാരെച്ചൊല്ലിക്കരയണം ?

    ReplyDelete